പൊഴിയുന്ന പുണ്യങ്ങൾ 6

ഷാസിയ നസ്‌ലി

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

(വിവ: ഇബ്നു അലി എടത്തനാട്ടുകര)

സഹോദരിയെ അവഗണിച്ചുകൊണ്ട് കോണിപ്പടിക്ക് താഴെ നിന്ന് തൻസാർ വിളിച്ചു: “ഫെലിക്‌സ്!’’

താൻ തെറ്റാണ് ചെയ്തതെന്ന് തൻസാറിന് അറിയാമായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം തന്റെ ജോലികൾ ചെയ്തുതീർക്കേണ്ടതായിരുന്നുവെന്ന് അവന് അറിയാത്തതല്ല.

“പക്ഷേ, എനിക്ക് പത്തു വയസ്സേ ആയിട്ടുള്ളൂ...’’ പൂച്ചക്കുട്ടിയെ തിരഞ്ഞ് കോണിപ്പടി കയറിയപ്പോൾ അവൻ സ്വയം പറഞ്ഞു.

“എനിക്ക് സ്‌കൂളിലെ കാര്യങ്ങളൊക്കെ ചെയ്യേണ്ടതുണ്ട്. കുട്ടികൾ നമസ്‌കാരത്തിന് തയാറാകുന്നതുവരെ കാത്തുനിൽക്കണം. പിന്നെ പള്ളിയിലേക്ക് പോകണം. ഫെലിക്‌സിന്റെ കൂടെ കളിക്കാൻ പോലും ആവശ്യത്തിന് നേരം കിട്ടുന്നില്ല.’’

തൻസാർ വീട് അരിച്ചുപെറുക്കി. ഫെലിക്‌സിന്റെ യാതൊരു ലക്ഷണവുമില്ല. കോണിയിറങ്ങി പൂമുഖത്തെത്തി അവൻ പെങ്ങളോട് പറഞ്ഞു:

“സന്നാ... ഫെലിക്‌സിനെ നഷ്ടപ്പെട്ടെന്നു തോന്നുന്നു.’’

“അവൻ വീടിന്റെ മറ്റെവിടെയെങ്കിലുമുണ്ടാകും’’-സന്ന പറഞ്ഞു. സത്യത്തിൽ അവൾക്കും ആശങ്ക തുടങ്ങിയിരുന്നു.

“അവനിവിടെയില്ല, നോക്കാത്തൊരിടവുമില്ല’’-തൻസാർ.

അവരിരുവരും വീടു മുഴുവൻ ഒരിക്കൽ കൂടി പരിശോധിച്ചു. തിരച്ചിൽ വീടിന് പുറത്തേക്കും വ്യാപിച്ചു.

“ഫെലിക്‌സ്...’’ അവർ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.

പൂച്ചക്കുഞ്ഞിന്റെ യൊതൊരു അടയാളവും അവിടെയുണ്ടായിരുന്നില്ല. “ആ പാവം വല്ലാതെ പേടിച്ചിട്ടുണ്ടാവും. നീ അവിടെ മുൻവശത്ത് പൂന്തോട്ടത്തിൽ തിരയൂ. ഞാൻ പിൻഭാഗത്ത് കുറ്റിച്ചെടികൾക്കിടയിൽ നോക്കാം’’-സന്ന നിർദേശിച്ചു. അവർ വീണ്ടും തിരഞ്ഞു.

“അവൻ അവിടെയുമില്ല’’-തൻസാർ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.

സന്ന വിഷമത്തോടെ ആങ്ങളയെ നോക്കി.

“നീ നിന്റെ കൂട്ടുകാരെ വിളിച്ച് ഫെലിക്‌സിനെ അന്വേഷിക്കാൻ പറ. ഞാൻപോയി ഉമ്മയോടു പറയാം.’’

“നമ്മളവനെ കണ്ടെത്തുകതന്നെ ചെയ്യും അല്ലേ താത്താ?’’-കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരോടെ തൻസാർ ചോദിച്ചു.

“ഇൻശാ അല്ലാഹ്’’-പുഞ്ചിരിച്ച് അവനെ ആശ്വസിപ്പിച്ചുകൊണ്ട് സന്ന പറഞ്ഞു.

സംഭവിച്ച കാര്യങ്ങൾ സന്ന ഉമ്മയോട് വിശദീകരിച്ചു.

“അവന്റെ കഴുത്തിൽ ഒരു ബെൽറ്റുണ്ട്. അതിൽ അവന്റെ പേരും വീടിന്റെ വിലാസവുമുണ്ട്. ആരെങ്കിലും തിരിച്ചെത്തിക്കുമെന്നുറപ്പാണ് മോളേ...’’ സന്നയെ ഉമ്മ ആശ്വസിപ്പിച്ചു.

അവർ മൂന്നുപേരും പുറത്ത് തെരുവിൽ പൂച്ചക്കുട്ടിയെ തിരയാൻ തുടങ്ങി. അവിടെയെവിടെയും ഫെലിക്‌സിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. ഈ പൂച്ചക്കുട്ടി ഒറ്റക്കെവിടെയാണ് പോയത്?

നേരം ഇരുട്ടിത്തുടങ്ങി. ഫെലിക്‌സിനെ എവിടെയും കണ്ടെത്താനിയില്ല. വീട്ടിൽ വല്ല വിവരവുമെത്തിയോ എന്നറിയാൻ സന്ന വീട്ടിലേക്ക് കുതിച്ചു. ഉമ്മയും സഹോദരനും തിരച്ചിൽ നിർത്താതെ തുടർന്നു. സന്ന വീടിനടുത്തെത്തിയപ്പോൾ തൻസാറിന്റെ കൂട്ടുകാരൻ ഹംസ പുറത്തിറങ്ങി പോകുന്നത് കണ്ടു. സന്ന അകത്തേക്ക് ഓടിക്കയറി.

“ഉപ്പാ, അസ്സലാമു അലൈക്കും. ഫെലിക്‌സിന്റെ വിവരം...?’’

“അറിയാം. പക്ഷേ, നീ ഒന്നോർക്കണം. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്.’’

“ഉപ്പാ, ഉമ്മയും തൻസാറും അതിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്നെ...’’

“അവനെ തിരഞ്ഞുകൊണ്ടിരിക്കുകയോ?’’-ആശയക്കുഴപ്പത്തിലായ ഉപ്പ ചോദിച്ചു.

“അതെ, ഞങ്ങളുടെ കൂടെ തിരയാൻ വാ ഉപ്പാ...’’

“പക്ഷേ...’’

(തുടരും)