പൊഴിയുന്ന പുണ്യങ്ങൾ - 7

ഷാസിയ നസ്‌ലി

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

വിവ: ഇബ്നു അലി എടത്തനാട്ടുകര

വാ... ഉപ്പാ... എന്തിനാണ് ഹംസ വന്നത്, അവന് ഫെലിക്‌സിന്റെ വല്ല വർത്തമാനവുമുണ്ടോ?’’

“അപ്പോൾ നീ അറിഞ്ഞില്ലേ മോളേ?.’’ ഉപ്പ അവളെ പിടിച്ചിരുത്തി. ഒരു കാറിടിച്ച് തൻസാറിന്റെ പൂച്ചക്കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട വിവരം അദ്ദേഹം അവളെ അറിയിച്ചു.

“പൂച്ചക്കുട്ടി ചത്തുവെന്നോ?’’സന്ന ഉറക്കെ ചോദിച്ചു.

“അതെ കുഞ്ഞേ, ഹംസ ആ വാർത്ത അറിയിക്കാനാണ് വന്നത്.’’

“ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഉൗൻ’’ (നിശ്ചയമായും എല്ലാവരും അല്ലാഹുവിൽ നിന്നാണ്. അവനിലേക്ക് തന്നെയാണ് മടക്കവും).

“തൻസാർ ഇതെങ്ങനെ സഹിക്കും ഉപ്പാ..?’’ സന്ന സങ്കടപ്പെട്ടു.

“അതെ, അവന് വിഷമമുണ്ടാകും. പക്ഷേ, ഒന്നോർക്കണം. നാമെല്ലാം അല്ലാഹുവിന്റെതാണ്. ഒരുനാൾ നമുക്കെല്ലാം അവനിലേക്ക് മടങ്ങിയേ പറ്റൂ.’’ ഉപ്പ അവളെ ആശ്വസിപ്പിച്ചു. പെട്ടെന്ന് തൻസാറും ഉമ്മയും വീട്ടിലേക്ക് കടന്നുവന്നു.

“നിങ്ങളവനെ കണ്ടെത്തിയോ?’’തൻസാറിന്റെ ചോദ്യം.

“മോനേ തൻസാറേ...’’ ഉപ്പ അവനെ ചേർത്തുപിടിച്ച് അടുത്തിരുത്തി.

“നിനക്കറിയില്ലേ ലോകത്തുള്ളതെല്ലാം അല്ലാഹുവിന്റെതാണെന്ന്. അതുകൊണ്ട് അല്ലാഹുവിന് അവൻ അഗ്രഹിക്കുന്ന എന്തും എപ്പോഴും തിരികെയെടുക്കാം.’’

“ഉപ്പാ, ഫെലിക്‌സിനെ കാണാതായിട്ടേയുള്ളൂ.’’തൻസാർ ഇടക്ക് കയറിപ്പറഞ്ഞു.

“അല്ല തൻസാർ, ഹംസ ഇപ്പോഴിവിടെ വന്നിരുന്നു.’’

“ഓ ഹംസ ഫെലിക്‌സിനെ കണ്ടെത്തിയോ...?!’’തൻസാർ സന്തോഷത്തോടെ തുള്ളിച്ചാടാൻ തുടങ്ങി.

“അല്ല മോനേ, ഫെലിക്‌സ് ഒരു കാറപകടത്തിൽ....’’

“എന്താണ് ഉപ്പാ? അവന് പരിക്ക് പറ്റിയോ? വൈകേണ്ട, അവനെയുടനെ മൃഗാശുപത്രിയിൽ കൊണ്ടുപോകണം.’’ തൻസാർ ധൃതിപ്പെട്ടു.

“ക്ഷമിക്കണം മോനേ, അവൻ എന്നെന്നേക്കുമായി...’’

തൻസാർ ഉപ്പയെ തുറിച്ചുനോക്കി.

“അവന് പരിക്ക് പറ്റിയതല്ല അല്ലേ? അവൻ മരണപ്പെട്ടുവല്ലേ?..’’ നിറകണ്ണുകളോടെ അവൻ ചോദിച്ചു.

ഉപ്പ ‘അതെ’ എന്ന അർഥത്തിൽ തലയാട്ടി.

“പക്ഷേ, എന്തുകൊണ്ട്...’’ കണ്ണീർ പ്രവാഹത്തിനിടെ അവൻ ചോദിച്ചു.

“അവനൊരു കുഞ്ഞുപൂച്ചയല്ലേ. അവനെങ്ങനെയാണ് ഇത്ര ചെറുപ്പത്തിൽ മരിക്കുക. അവൻ വലിയ പൂച്ചയായി വളരേണ്ടതല്ലേ...?’’

പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ കോണിപ്പടികൾ ഓടിക്കയറി; അവന്റെ മുറിയിലെ കട്ടിലിൽ ചെന്നുവീണു. ഉമ്മയും ഉപ്പയും അവനെ ആശ്വസിപ്പിക്കാൻ ആവത് ശ്രമിച്ചു. ആര് എപ്പോൾ മരിക്കണമെന്നത് തീരുമാനിക്കുന്നത് അല്ലാഹുവാണെന്നും അത് തിരുത്താൻ മറ്റാർക്കും കഴിയില്ലെന്നും അവർ വിശദീകരിച്ചു. പക്ഷേ, തൻസാർ ചോദിച്ചുകൊണ്ടേയിരുന്നു:

“എന്തുകൊണ്ട്? ഫെലിക്‌സ് കൊച്ചുകുട്ടിയല്ലേ, ഒരു കൊച്ചു പൂച്ചയെങ്ങനെയാണ് മരിക്കുക?’’

പിറ്റേന്ന് കാലത്ത് തൻസാർ കുറച്ച് നേരം ടെലിവിഷന് മുമ്പിലായിരുന്നു. എന്നാൽ എന്താണ് കാണുന്നത് എന്ന് അവൻ ശ്രദ്ധിച്ചിരുന്നില്ല. അവനിഷ്ടമില്ലാത്ത പരിപാടികൾ പോലും അവൻ കണ്ടുകൊണ്ടിരുന്നു. സന്ന അവന്റെ കൂടെ കൂടാനൊരുങ്ങി. തലേന്നാളത്തെ ജുമുഅ പ്രശ്‌നത്തെ കുറിച്ച് അവളവനോടൊന്നും ചോദിച്ചിരുന്നില്ല.

“നീ ജുമുഅ നമസ്‌കാരത്തെ പറ്റിയൊന്നും എന്നോട് പറയില്ലെന്ന് ഞാൻ കരുതുന്നു.’’ അടുത്തേക്ക് വന്ന സഹോദരിയോട് അവൻ പറഞ്ഞു.

“ഞാനെന്തെങ്കിലും പറയണമെന്ന് നിനച്ചതല്ല. നീയായിട്ട് പറഞ്ഞതുകൊണ്ട് നീ ഇന്നലെ ജുമുഅക്ക് പോകേണ്ടതായിരുന്നുവെന്ന് ഞാൻ പറയും. നമസ്‌കാരം ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട തൂണുകളിലൊന്നാണ്. നാം മരിച്ച് ചെല്ലുമ്പോൾ അല്ലാഹു നമ്മെ ആദ്യം ചോദ്യം ചെയ്യുന്നത് നമസ്‌കാരത്തെ കുറിച്ചായിരിക്കും.’’ സന്ന വിശദീകരിച്ചു.

(തുടരും)