പൊഴിയുന്ന പുണ്യങ്ങൾ - 3

ഷാസിയ നസ്‌ലി

2023 ഫെബ്രുവരി 04, 1444 റജബ് 12

നീണ്ടകഥ

(വിവ: ഇബ്നു അലി എടത്തനാട്ടുകര)

പിറ്റേന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഹാരിസ് തൻസാറിനെ കമ്പ്യൂട്ടർ മുറിയിൽ കണ്ടെത്തി. അവൻ ഇന്റർനെറ്റിന്റെ ലോകത്തിലായിരുന്നു.

“ഹലോ! അസ്സലാമു അലൈക്കും കമ്പ്യൂട്ടർ വൈറസേ...’’ ഹാരിസ് കളിയാക്കി.

“വഅലൈക്കുമുസ്സലാം. നീ എന്താ ഇവിടെ?’’- തൻസാറിന്റെ ചോദ്യം.

“നിന്നെ തിരയുകയായിരുന്നു’’-ഹാരിസ്.

“മൽസരത്തിനുള്ള പ്രൊജക്ട് വർക്ക് പൂർത്തിയാക്കാൻ നിനക്ക് ടെക്‌നോളജി റൂമിൽ പോയിക്കൂടേ?’’- തൻസാർ.

“ഞാനത് പൂർത്തിയാക്കും. ധാരാളം സമയമുണ്ടല്ലോ. ഉച്ചഭക്ഷ നേരത്ത് അതിന് സമയം കളയാതെ സ്‌കൂളിന് ശേഷം സമയം കണ്ടെത്തണമെന്നേയുള്ളൂ’’-ഹാരിസ് പറഞ്ഞു.

“നീയത് ആസ്വദിക്കുന്നുണ്ടെന്നും പുരോഗതിയുണ്ടെന്നുമാണ് ഞാൻ കരുതിയത്.’’

“ഞാനത് ആസ്വദിക്കുന്നുണ്ട്. നന്നായി ചെയ്യുകയും ചെയ്യുന്നുണ്ട്’’-ഹാരിസ്.

“പിന്നെയെന്താണ് മാറിയത്?’’-കമ്പ്യൂട്ടർ സ്‌ക്രീനിൽനിന്ന് മിഴിയുയർത്താതെ തൻസാർ ചോദിച്ചു.

“നമസ്‌കാര സമയം...’’ ഹാരിസിന്റെ മറുപടി.

“നിനക്കെന്തുക്കൊണ്ട് പിന്നീട് ഒറ്റക്ക് നമസ്‌കരിച്ചുകൂടാ? അങ്ങനെയാണെങ്കിൽ നിന്റെ പ്രോജക്ടിന് അധികസമയം കണ്ടെത്താനാകും. നിനക്ക് ജയിക്കേണ്ടേ?’’-തൻസാറിന്റെ ചോദ്യം.

“എനിക്ക് ജയിക്കണം. പക്ഷേ, യാതൊരു കാരണവശാലും ഞാൻ ഒറ്റക്ക് നമസ്‌കരിക്കില്ല. ജമാഅത്ത് നമസ്‌കാരത്തിന് എറെ പ്രതിഫലമുണ്ട്. അതിലുപരി ഞാനത് ആസ്വദിക്കുന്നു. സ്‌കൂൾ കഴിഞ്ഞ് ഒരുപാട് നേരം എനിക്ക് ലഭിക്കും. ഞാനൊരിക്കലുമൊന്നും നഷ്ടപ്പെടുത്തില്ല.’’

തൻസാറിന്റെ വിരലുകൾ കമ്പ്യൂട്ടർ കീബോർഡിൽനിന്നുയർന്നു. ഹാരിസ് പറഞ്ഞതാണ് ശരി. പക്ഷേ, കമ്പ്യൂട്ടർ ഉപേക്ഷിച്ച് തൻസാർ ജമാഅത്തിന് പോകുമോ?

“ശരി ഞാൻ പോകട്ടെ. ഫഹദ് സാർ സ്‌പെഷ്യൽ അസംബ്ലി വിളിക്കുന്ന കാര്യം അറിഞ്ഞില്ലേ’’- ഹാരിസ്.

“എന്തിനെക്കുറിച്ചാണ്?’’

“ജമാഅത്ത് നമസ്‌കാരത്തെ കുറിച്ചാണെന്ന് തോന്നുന്നു.’’

ഒരുപാടൊരുപാട് പ്രതിഫലം തൻസാറിന് നഷ്ടപ്പെടുന്നുവെന്ന് അവനറിയാഞ്ഞിട്ടല്ല. ഫുട്‌ബോളിനോടും കമ്പ്യൂട്ടറിനോടുമുള്ള അവന്റെ പ്രേമം അവനെ ആശയക്കുഴപ്പത്തിലാക്കി അവന്റെ പ്രതിഫലം നഷ്ടപ്പെടു ത്തുന്നുവെന്നതാണ് സത്യം.

അന്ന് വൈകുന്നേരം ഹാളിൽ വിദ്യാർഥികളെ ഒരുമിച്ച് കൂട്ടി ഫഹദ് സാർ ജുമുഅ നമസ്‌കാരത്തെ കുറിച്ച് സംസാരിച്ചു: “ജുമുഅ നമസ്‌കാരത്തിൽ നിങ്ങൾ പങ്കെടുക്കുന്നതിൽ എനിക്ക് എന്തുമാത്രം സന്തോഷമുണ്ടെന്ന് അറിയിക്കാൻ ഈ അവസരം ഞാൻ ഉപയോഗിക്കട്ടെ. എന്നാൽ ഇതിനായി നിങ്ങളിൽ ചിലർക്കെങ്കിലും ഇഷ്ടവിനോദങ്ങളും പ്രവർത്തനങ്ങളും ഉപയോഗിക്കേണ്ടി വരുന്നതിൽ വിഷമമുണ്ടെന്നും എനിക്കറിയാം. എന്നാൽ അല്ലാഹു ഉദ്ദേശിച്ചാൽ നിങ്ങളുടെ പ്രയത്‌നങ്ങൾക്കും കഠിന പരിശ്രമത്തിനും പ്രതിഫലം ലഭിക്കും. നന്നായി കുട്ടികളേ... ഈ സൽകർമം നിലനിർത്തുക.’’

സന്ന സഹോദരനൊരു പുഞ്ചിരി സമ്മാനിച്ചു. തന്റെ അവഗണനയിൽ തൻസാറിന് കുറ്റബോധം തോന്നി. എന്നാൽ അവൻ ആശ്വസിച്ചു. താൻ നമസ്‌കാരം ഉപേക്ഷിക്കുന്നില്ല. വൈകിയാണെങ്കിലും ഒറ്റക്ക് നമസ്‌കരിക്കുന്നുണ്ടല്ലോ.

(തുടരും)