പൊഴിയുന്ന പുണ്യങ്ങൾ

ഷാസിയ നസ്‌ലി

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

(നീണ്ടകഥ)

(വിവ: ഇബ്നു അലി എടത്തനാട്ടുകര)

നീണ്ട ദിനത്തിലെ മുഷിഞ്ഞ ക്ലാസ്സിനൊടുവിൽ സന്ന വീട്ടിലേക്ക് പോകാനായി സ്‌കൂൾ ബസിൽ കയറിയിരുന്നു. അവളുടെ കൊച്ചനിയൻ തൻസാർ പഠിക്കുന്ന ബോയ്‌സ് പ്രൈമറി സ്‌കൂളിന് മുമ്പിലൂടെയാണ് സ്‌കൂൾബസ് കടന്നുപോകാറുള്ളത്. പ്രായവ്യത്യാസം മറന്ന് അവരിരുവരും നല്ല സൗഹൃദത്തിൽ ഏറെനേരം ഒരുമിച്ച് ചെലവഴിക്കാറുണ്ട്; തൻസാറിന്റെ അരുമയായ പൂച്ചക്കുട്ടി ‘ഫെലിക്‌സ്’ അവന്റെ സമയത്തിൽ കുറെ കവർന്നെടുക്കാറുണ്ടെങ്കിലും.

പതിവ് പോലെ പുസ്തകങ്ങൾ കൈകളിലേന്തി ഗേറ്റിനരികിൽ നിൽക്കുന്ന അനിയൻ തൻസാറിനെ സ്‌കൂൾ ബസ് കടന്നുപോകവെ സന്ന കണ്ടു. തലയാട്ടി ബസിന്റെ കിളിവാതിലിലൂടെ അനിയനുമായി ചെറുതായി കൈവീശി സന്ന തന്നെത്താൻ പറഞ്ഞു: ‘കമ്പ്യൂട്ടർ റൂമിലേക്കായിരിക്കും...’

അവനും പുഞ്ചിരിച്ച് കൈവിശീ. എന്നൊക്കെ തൻസാർ കമ്പ്യൂട്ടർ റൂമിലേക്ക് പോകാൻ പദ്ധതിയിട്ടോ അന്നൊക്കെ അവൻ സ്‌കൂൾ ഗേറ്റിനരികെ കാത്തുനിന്ന് സന്നക്ക് സൂചന നൽകാറാണ് പതിവ്. തൻസാർ കമ്പ്യൂട്ടറുകളെ ഏറെ സ്‌നേഹിച്ചിരുന്നു. വീട്ടിലൊരെണ്ണം ഉണ്ടായിരുന്നെങ്കിലും പുതുപുത്തനായതുകൊണ്ടും ഇന്റർനെറ്റ് കണക്ഷൻ ഉള്ളതുകൊണ്ടും സ്‌കൂളിലെ വേഗതയേറിയ കമ്പ്യൂട്ടറിനോടായിരുന്നു അവന് ഏറെ പ്രിയം.

സ്‌കൂൾ ബാഗ് അവളുടെ കിടപ്പറയുടെ തറയിലേക്കിട്ട് കട്ടിലിലേക്ക് ചാടിക്കയറവെ സന്ന മന്ത്രിച്ചു. ‘വീട്ടിലിരിക്കാൻ എന്തൊരു സുഖം!’

‘ഹൊ, മറ്റൊരു തിരക്കുപിടിച്ച ദിവസം കൂടി അങ്ങനെ തീർന്നു കിട്ടി’- അവൾ നെടുവീർപ്പിട്ടു. ബാഗിൽ നിന്ന് പുസ്തകങ്ങളെടുത്ത് മേശയിൽ നിരത്തി. സയൻസ്, കണക്ക്, ഐ.ടി... അവൾ ഉറക്കെ പറഞ്ഞു: ‘ബോറിംഗ്!’

അവൾ ഗൃഹപാഠം ചെയ്യാൻ തുടങ്ങി. കൂടുതൽ ചെയ്യാനുള്ളതുകൊണ്ടോ അവൾക്കത് ആസ്വദിക്കാൻ പറ്റിയതുകൊണ്ടോ അല്ല, മറിച്ച് ജോലി പെട്ടെന്ന് പൂർത്തിയാക്കി സ്വസ്ഥമായി ഇരിക്കാമല്ലോ എന്നോർത്താണ്. ഒരു മണിക്കൂർ നീണ്ട കണക്ക് പഠനത്തിനൊടുവിൽ അവസാന ചോദ്യത്തിലെത്തി നിൽക്കുമ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു.

“അസ്സലാമു അലൈക്കും’’-അവളുടെ കൊച്ചനിയൻ റൂമിലേക്ക് കടന്നുവന്നു.

“വ അലൈക്കുമുസ്സലാം’’-അവൾ പ്രതിവചിച്ചു.

“അയ്യോ വയ്യേ, നിന്റെ കണക്ക് ഗൃഹപാഠം ചെയ്യാൻ സഹായിക്കാൻ എന്നെക്കൊണ്ടാവില്ല മോനേ’’- ഒരു കൈയിൽ കണക്ക് ടെസ്റ്റും മറുകൈയിൽ കാൽകുലേറ്ററും ചുണ്ടിൽ കടിച്ചുപിടിച്ച പെൻസിലുമായി വന്ന അനിയനോട് അവൾ പറഞ്ഞു.

“നിനക്ക് അറിയാമല്ലോ. എനിക്ക് കണക്ക് ഇഷ്ടമേയല്ലെന്ന്. ആകട്ടെ നീ എപ്പോഴാണ് തിരിച്ചെത്തിയത്’’- അവൾ ചോദിച്ചു.

“അഞ്ചു മിനുട്ട് മുമ്പ്. ദയവുചെയ്ത് എന്നെ സഹായിക്കൂ. എന്റെ സുന്ദരി താത്തയല്ലേ... പ്ലീസ്’’- അവൻ കെഞ്ചി. “കുറച്ച് നേരം മതി. എന്റെ ഒരേയൊരു താത്തയല്ലേ... നല്ല താത്തയല്ലേ...’’- തൻസാർ അവളെ സോപ്പിട്ടു.

“ശരി. നിന്റെ ഒരേയൊരു സഹോദരിയാണ്. അതുകൊണ്ട് എനിക്ക് ഏറ്റവും നല്ലവളാകാതെ നിവൃത്തിയില്ലല്ലോ. ശരി, തുടങ്ങാം. ഏകാകൃതയോടെയായിരിക്കണം. കുട്ടിക്കളി പാടില്ല’’-അവൾ പറഞ്ഞു.

സന്ന വേഗത്തിൽ നന്നായി വിശദീകരിച്ചുവെങ്കിലും തൻസാറിന്റെ തലയിൽ പതുക്കെയാണ് കയറുന്നത്.

“അങ്ങനെയല്ല, നീളവും വീതിയും തമ്മിൽ ഗുണിച്ചാലാണ് ദീർഘ ചതുരത്തിന്റെ വിസ്തീർണം കണക്കാക്കാനാവുക’’- വിസ്തീർണം എപ്പോഴും കുഴക്കിയിരുന്ന സഹോദരനോട് അവൾ വിശദീകരിച്ചു.

“അക്കങ്ങളൊക്കെ വലുതും നീണ്ടതുമാണ്. എനിക്കെങ്ങനെയാണ് അത് ഗുണിക്കാൻ സാധിക്കുക?’’-തൻസാറിന്റെ മറുപടി.

നിരങ്ങി നീങ്ങുന്ന ശബ്ദം കേട്ട സന്നയും തൻസാറും പുസ്തകത്തിൽനിന്ന് തലയുയർത്തി. ഫെലിക്‌സ് ആയിരുന്നു അത്. അവൻ വാതിലിന്റെ പിന്നിൽ നിന്ന് പാളിനോക്കുന്നു.

“പൂച്ചക്കുട്ടിയെ എന്റെ ബെഡിൽ കയറ്റരുത്. അവന്റെ രോമം കാണുന്നത് എനിക്ക് അറപ്പാണ്’’- സന്ന എതിർത്തു.

തന്റെ പൂച്ചക്കുഞ്ഞിനോട് സൗഹൃദത്തോടെ കൈവീശി തൻസാർ പറഞ്ഞു: “താത്താ, കണക്കിൽ ശ്രദ്ധിക്ക്. ഫെലിക്‌സ് പാവമാണ്. അവൻ ആരെയും ശല്യപ്പെടുത്തില്ല.’’

“ശരി...ശരി... കണക്കിലേക്ക് വാ! ശാസ്ത്രജ്ഞൻമാർ കാൽകുലേറ്റർ എന്നൊരു സാധനം കണ്ടുപിടിച്ചത് വലിയ തുകകൾ കൂട്ടാനും കിഴിക്കാനും മറ്റുമാണ്’’- സന്ന കാൽകുലേറ്റർ മുകളിലേക്ക് എറിഞ്ഞുപിടിച്ചുകൊണ്ട് പറഞ്ഞു.

“അയ്യേ! പരീക്ഷക്ക് കാൽകുലേറ്റർ കൊണ്ടുപോകുകയോ! ഞങ്ങൾക്കതിന് അനുവാദമില്ല’’-തൻസാർ പറഞ്ഞു.

“നിനക്ക് കാൽകുലേറ്റർ ഉപയോഗിക്കാം. അതിന് പുതിയ നിയമം ഉണ്ട്’’- സന്ന വിശദീകരിച്ചു.

“അത് കലക്കി! പരീക്ഷിൽ ഞാനിനി പറന്നു വെട്ടും’’-തൻസാർ ഉള്ളുതുറന്ന് ചിരിച്ചു.

സദ്യകഴിഞ്ഞ് സന്നയും ഉമ്മയും തൻസാറിന്റെ കൂടി സഹായത്തോടെ ഭക്ഷണം തയാറാക്കി. സത്യത്തിൽ സഹായമെന്ന പേരിൽ തൻസാർ ആകെ വലിച്ചുവാരി കുളമാക്കുകയാണ് ചെയ്തത്. സന്ന സാലഡ് തയാറാക്കി, മേശ ശരിയാക്കി. നമസ്‌കാരം കഴിഞ്ഞെത്തിയ ബാപ്പയും അവസാനം മിനുക്കുപണികൾക്ക് ഒപ്പംകൂടി. അവരെല്ലാവരും ഒരുമിച്ച് ഭക്ഷണത്തിനിരുന്നു.

(തുടരും)