പൊഴിയുന്ന പുണ്യങ്ങൾ 4

ഷാസിയ നസ്‌ലി

2023 ഫെബ്രുവരി 11, 1444 റജബ് 19

നീണ്ടകഥ

(വിവ: ഇബ്നു അലി എടത്തനാട്ടുകര)

ജമാഅത്ത് നമസ്‌കാരം നിങ്ങളെ അടുപ്പിക്കും. അത് നിങ്ങളിൽ സമത്വബോധം ഉണ്ടാകും’’-ഫഹദ് സാർ തുടർന്നു.

“സഹോദരൻമാരും സഹോദരിമാരുമെന്ന പോലെ അത് നമ്മെ അടുപ്പിക്കും. നമസ്‌കരിക്കുമ്പോൾ നാം തോളോട് തോൾ ചേർന്ന് കാലുകൾ അടുപ്പിച്ച് നിൽക്കുന്നത് എന്തിനാണെന്ന് ആർക്കെങ്കിലും പറയാമോ?’’

“ഞാൻ പറയാം. നമുക്കിടയിലേക്ക് ശൈത്വാൻ വന്ന് നമ്മുടെ ശ്രദ്ധ തെറ്റിക്കാതിരിക്കാൻ വേണ്ടിയാണത്’’-ആദിൽ വിളിച്ച് പറഞ്ഞു.

“ശരിയാണ്. പക്ഷേ, മറ്റൊരു കാരണം കൂടിയുണ്ട്. ഒരാളും മറ്റൊരാളെക്കാളും മികച്ചവൻ അല്ലെന്നും എല്ലാവരും തുല്യരാണെന്നും നമ്മൾ ഓരോരുത്തരുമായും അടുപ്പമുള്ളവരാണെന്നും കൂടി വിളംമ്പരം ചെയ്യാനാണിത്. പുതിയ ആളുകളെ കണ്ടെത്താനുള്ള അവസരം കൂടിയാണ് ജമാഅത്ത് നമസ്‌കാരം. പതിവായി നിങ്ങളുടെ തൊട്ടടുത്ത് നിന്ന് നമസ്‌കരിക്കാനുള്ള ഒരാളെ കാണാതായാൽ എന്താണദ്ദേഹം നമസ്‌കാരത്തിനെത്താതിരുന്നതെന്ന് നിങ്ങൾ ചിന്തിക്കും. അത് നമ്മളെ പരസ്പരം സ്‌നേഹിക്കാൻ പഠിപ്പിക്കുന്നു. സർവോപരി ധാരാളം പ്രതിഫലങ്ങൾ നേടാൻ അവസരമൊരുക്കി നമ്മെയത് സഹായിക്കുന്നു. ഒറ്റക്കുള്ള നമസ്‌കാരത്തെക്കാൾ ഇരുപത്തിയേഴ് മടങ്ങ് പ്രതിഫലമാണ് ഒത്തൊരുമിച്ച് നമസ്‌കരിച്ചാൽ എന്നോർക്കണം. അല്ലാഹുവിൽനിന്ന് കൂടുതൽ പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ എന്റെ വിദ്യാർഥികൾ എത്ര തൽപരരാണ് എന്ന കാര്യം എന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ഓർമിപ്പിച്ച് ഞാൻ നിർത്തട്ടെ’’- ഒരു പുഞ്ചിരി സമ്മാനിച്ച് ഫഹദ് സാർ പിൻവാങ്ങി.

വീട്ടിലേക്ക് മടങ്ങാനുള്ള നേരമായി. ഇല്യാസ് ഉസാമയെ വരാന്തയിൽ കാത്തുനിൽക്കുകയാണ്. തൻസാർ നടന്നുപോകുന്നത് കണ്ടപ്പോൾ അവൻ കൈവിശീ കാണിച്ചു.

“ഏയ് അപരിചിതാ! അസ്സലാമു അലൈക്കും. എവിടെയായുരുന്നു നീ?’’-തൻസാർ കൂട്ടുകാരന്റെ അടുത്തെത്തി ചോദിച്ചു.

“വ അലൈക്കുമസ്സലാം. ആകട്ടെ, നീ എവിടെയായിരുന്നു?’’-ഇല്യാസിന്റെ മറുപടി.

“എന്തുണ്ട് വിശേഷങ്ങൾ?’’ദിവസങ്ങളായി കാണാതിരുന്ന സുഹൃത്തിനോട് തൻസാറിന്റെ ചോദ്യം.

“ഹാരിസ് ഇസ്മാഈലിനെയും സുഹൈലിനെയും അവരുടെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുകയാണ്. ഞാൻ ഉസാമയെ കാത്തുനിൽക്കുകയാണ്. ഞങ്ങൾ പാർക്കിൽ സ്‌ക്വാഷ് കളിക്കാൻ പോകുകയാണ്’’-ഇല്യാസ് പറഞ്ഞു.

“സ്‌ക്വാഷോ? ഉസാമയോടൊപ്പമോ!’’-തൻസാറിന് അത്ഭുതം.

“എന്നാണ് നീ സ്‌ക്വാഷ് കളിക്കാൻ തുടങ്ങിയത്. എന്നുമുതൽക്കാണ് നീ ഉസാമയുമായി കൂട്ടുകൂടാൻ തുടങ്ങിയത്?’’

“ഇന്നലെ ജമാഅത്തുനമസ്‌കാരത്തിന് ശേഷമാണ് ഞാൻ അവനോട് മിണ്ടാൻ തുടങ്ങിയത്. ഞങ്ങൾക്കിടയിൽ പൊതുവായ കുറെ കാര്യങ്ങൾ ഉണ്ട് എന്ന് നിനക്കറിയാമല്ലോ. ഞാൻ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്. അവനാണെങ്കിൽ ആവശ്യത്തിനേ വായതുറക്കൂ. ഫഹദ് സാർ പറഞ്ഞത് ഓർക്കുന്നില്ലേ? ആളുകളെ പരസ്പരം അടുപ്പിക്കുക എന്നത് കൂടി ജമാഅത്ത് നമസ്‌കാരത്തിന്റെ ലക്ഷ്യമാണ്.’’

വീട്ടിലേക്ക് പോകുന്ന നേരത്ത് കൂട്ടുകാരൻ പറഞ്ഞതിനെക്കുറിച്ച് തൻസാർ കുറേ ആലോചിച്ചു. അവന് വിഷമം ഉണ്ടാകാതിരുന്നില്ല. അവന്റെ മറ്റു കൂട്ടുകാരെല്ലാം കൂട്ടായി കാര്യങ്ങൾ നിർവഹിക്കുകയും ധാരാളം പ്രതിഫലം വാരിക്കൂട്ടുകയും ചെയ്യുന്നു. അവനാകട്ടെ ഫുട്‌ബോളും കമ്പ്യൂട്ടറും ഇന്റർനെറ്റുമായി നടക്കുകയാണ്.

അന്ന് വെള്ളിയാഴ്ചയായിരുന്നു. സന്നക്കും തൻസാറിനും ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാനായി. വൈകുന്നേരം ക്ലാസിന് അവധിയായിരുന്നു. അടുത്തുള്ള എല്ലാ മുസ്‌ലിം സ്‌കൂളുകൾക്കും ഇത്തരം അവധിയുണ്ടായിരുന്നു.

സ്‌കൂളിൽനിന്ന് വുദൂഅ് ചെയ്ത് പള്ളിയിൽ പോകാനായി സ്‌കൂൾ ഗേറ്റിൽ തൻസാറിനെ കാത്ത് നിൽക്കുകയാണ് സന്നയുടെ പതിവ്.