വെള്ളത്തില്‍ ആണിയടിക്കുന്നവര്‍

ഉസ്മാന്‍ പാലക്കാഴി

2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26

ഇന്നലെകളില്‍ ജീവിച്ചവരുടെ
ജീവിതത്തിന്റെ
ഉപ്പും പുളിയും കയ്പും മധുരവും
ദുഃഖവും സന്തോഷവുമാണ് ചരിത്രം.
പിറന്നമണ്ണിന്റെ സ്വാതന്ത്ര്യത്തിനായി
പോരാട്ടത്തിന്റെ കനല്‍പഥങ്ങള്‍
താണ്ടിയവരുണ്ട്,
അധിനിവേശക്കാര്‍ക്ക്
പാദസേവ ചെയ്ത്
നാടിന്റെ പോരാളികളെ
ഒറ്റുകൊടുത്തവരുണ്ട്...
എല്ലാം ചരിത്രത്തിന്റെ
താളുകളിലുണ്ട്.
ചരിത്രസത്യങ്ങള്‍
മായ്ച്ചാല്‍ മായില്ല.
എന്നിട്ടും അതിന്റെ
ചിലഭാഗം ചുരണ്ടിക്കളയാനും
പുതുതായി ചില
ഏടുകള്‍ തുന്നിച്ചേര്‍ക്കാനും
ശ്രമിക്കുന്നു ഭോഷന്‍മാര്‍!
വെള്ളത്തില്‍ ആണിയടിക്കാന്‍
ശ്രമിക്കുന്ന മണ്ടന്‍മാര്‍!
വെള്ളക്കാരുടെ തോക്കിനെയും
ലാത്തിയെയും പേടിക്കാതെ
പോരാടി വീരമൃത്യുവരിച്ച
രാജ്യസ്‌നേഹികളുടെ പട്ടികയില്‍
തങ്ങളുടെ മുന്‍ഗാമികളില്‍
ഒരാളുടെയും പേരില്ലാത്തതിനാല്‍
ബാക്കിയുള്ളവര്‍ എന്തുപിഴച്ചു?
കണ്ണാടി കുത്തിപ്പൊട്ടിച്ചാല്‍
മുഖത്തിന്റെ വൃത്തികേട് മാറുമോ?
കൂട്ടരേ,
റോസാപൂവിന്റെ സൗരഭ്യം
ശവംനാറിപ്പൂവിനുണ്ടാകില്ല.
പൂക്കളൂടെ പട്ടികയില്‍നിന്ന്
റോസാപൂവിനെ വെട്ടിമാറ്റിയാലും
അതിന്റെ സൗന്ദര്യവും
സൗരഭ്യവും ഇല്ലാതാകില്ല.