എത്ര പെട്ടെന്നാണ്...!

സന്തോഷ് മലയാറ്റില്‍

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

എത്ര പെട്ടെന്നാണ്

ഒരു മഴമേഘം

ആകാശത്തിന്റെ

നെഞ്ചില്‍നിന്നും

അടര്‍ന്നുമാറുന്നത്!

എത്ര പെട്ടെന്നാണ്

നമ്മുടെ വരണ്ട-

നിശ്വാസങ്ങളിലേക്ക്

ഒരു കാറ്റ് വീശുന്നത്!

എത്ര പെട്ടെന്നാണ്

പകുതിയെഴുതിയ ചില

ഡയറിക്കുറിപ്പുകള്‍

അനാഥമാകുന്നത്!

എത്ര പെട്ടെന്നാണ്

ഒരു പുഞ്ചിരിയില്‍നിന്നും

കരച്ചിലിന്റെ ആഴങ്ങളിലേക്ക്

നമ്മള്‍ ഊളിയിട്ടിറങ്ങുന്നത്!

എത്ര പെട്ടെന്നാണ്

നമ്മള്‍ ആശ്വസിച്ചിരുന്ന

പ്രതീക്ഷയുടെ കവാടങ്ങള്‍

കൊട്ടിയടയ്ക്കപ്പെടുന്നത്!

ഒരു യാത്രയുടെപകുതി

പലപ്പോഴും

അനാഥമാകുന്നുണ്ട്.

എത്ര പെട്ടെന്നാന്ന്

നമ്മുടെ ഇടയില്‍നിന്നും

ഒരാള്‍ അപ്രത്യക്ഷമാകുന്നത്!

ഇനി മൗനങ്ങളെ

കെട്ടഴിച്ചുവിടൂ...

വരൂ... നമുക്കെന്തെങ്കിലും

അല്‍പനേരം

സംസാരിച്ചിരിക്കാം.