ഒലീവ് ഇനിയും തളിര്‍ക്കും

അര്‍ഷദ് താനൂര്‍

2021 മെയ് 15 1442 ശവ്വാല്‍ 03

കേള്‍ക്കാത്ത ശബ്ദങ്ങള്‍

ഇനിയെന്റെതാണ്.

പൊരുതുന്ന കൂട്ടില്‍

ഞാന്‍, ഒരു ശബ്ദമാണ്.

പൊട്ടിച്ചിരിക്കുക,

ഇനിയും ചിരിക്കുക,

തോക്കിന്‍ കുഴലിന്റെ

മുന്നില്‍ ചിരിക്കുക!

ചിതറിത്തെറിച്ച

കബന്ധങ്ങള്‍ക്കു കാവലായ്

ചിതറാതെ, പതറാതെ

കരം ചേര്‍ത്ത് നില്‍ക്കുക

പിഞ്ചു കുഞ്ഞിന്റുടല്‍

കണ്ണീര്‍ പുരട്ടാതെ

മണ്ണിന്റെ മാറില്‍

മനഃസാക്ഷി നാട്ടുക.

പാതി വെന്തുരുകിയ

കവിള്‍ത്തടം ചുംബിച്ച്

ധീരമായ് കണ്ണുകള്‍

തഴുകിയുറക്കുക.

ഇത് ക്വുദ്‌സിന്റെ ഭൂമി;

കാരുണ്യം കരയുന്ന

ഗസ്സയുടെ ഭൂമി!

ഇരുളു കീറി

പകലു തെളിയുംവരേക്കും

നീ പോരാളിയാവുക,

പടവെട്ടി നില്‍ക്കുക.

ശ്വാസം നിലച്ചാല്‍

ജനിച്ച മണ്ണിനെ

പുണര്‍ന്നു കിടക്കുക.

ക്വുദ്‌സിന്റെ മണ്ണില്‍

ഒലിവിനിയും തളിര്‍ക്കും

അവസാന വിജയം

നമ്മള്‍ വരിക്കും!