പറിച്ചുനടുമ്പോള്‍...

സീനത്ത് അലി എടത്തനാട്ടുകര

2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23

ആഴ്ന്നിറങ്ങിയ വേരുകള്‍

പറിച്ചെടുത്ത്

ആടയാഭരണങ്ങള്‍

അണിയിച്ചെന്നെ

ഇറക്കിവിടുമ്പോള്‍

ഉമ്മയ്‌ക്കൊപ്പം

മുറ്റത്തെ തെച്ചിയും തുമ്പയും

മിഴി തുടയ്ക്കുന്നുണ്ടായിരുന്നു.

പടിയ്ക്കല്‍ കാത്തു-

നില്‍ക്കുന്നു വാഹനം!

പുതുമോടികള്‍ക്കൊരു

പണയസമ്മാനം,

താതന്‍ നല്‍കും

പ്രിയ സമ്മാനം!

യാത്ര തുടങ്ങിയപ്പോള്‍...

നീങ്ങിത്തുടങ്ങിയ

വാഹനത്തിലിരുന്നൊരു

പിന്‍കാഴ്ച കണ്ടു ഞാന്‍;

നുകമിറക്കിവെച്ച

നാല്‍ക്കാലിയെപ്പോലെ

ആരും കാണാതെ

ആഞ്ഞൊരു  ശ്വാസമെടുത്തു

വലിക്കുന്നൊരാളെ...

ഏറെനാളോമനിച്ചൊരു

അരുമക്കിടാവിനെ

ഏല്‍പിച്ചു കൊടുത്തതിന്‍

ദീര്‍ഘനിശ്വാസമാവാം...

അകലെ കാത്തിരിയ്ക്കുന്നുണ്ട്

ഇന്നോളം കാണാത്തൊരു ഭവനം.

കൈപിടിച്ചു കയറ്റുമ്പോള്‍

ഉഴിഞ്ഞുരുക്കുന്നു കണ്ണുകള്‍;

മേനിമൂടും പൊന്നിനെ

അളന്നെടുക്കുന്നതാവാം...

ആരോ വളര്‍ത്തി

വലുതാക്കും അരുമമക്കളെ

കൈപിടിച്ചു കയറ്റുമ്പോള്‍

കൊളുത്തണം അകതാരില്‍

ദീനിന്‍ വെളിച്ചം.

നീയാണ് ധനം,

നീ തന്നെയാണ് ധനം

എന്നാവര്‍ത്തിച്ചു പറഞ്ഞീടില്‍

മകളായ് തീരുമവള്‍

മതിയോളം സ്‌നേഹം

തിരികെത്തരാന്‍.