ഉണങ്ങിക്കിളിര്‍ത്തത്

വിനോദ് ചെത്തല്ലൂര്‍

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

പാരിലാകവേ ഭീതി പടര്‍ത്തുന്ന

മാരകാണുവെന്നുള്ളില്‍ നിറയുന്നു

ചാരെ ഭീതിതമായ് മൃത്യുവിന്‍ ഗന്ധം

ചേരുമീയാതുരാലയക്കാഴ്ചകള്‍!

പേടി,യുള്ളം കരണ്ടു തിന്നീടവെ  

മൂടി നേത്രങ്ങള്‍, ചിന്തയിലാണ്ടുപോയ്!

ഓര്‍ത്തുപോകുന്നു മധ്യവയസ്സിതില്‍

ആര്‍ത്തുപാടിയോരുല്ലാസ നാളുകള്‍.

ചേര്‍ത്തുവച്ചുള്ള സ്വത്തും കുടുംബവും

കാത്തുസൂക്ഷിച്ച പേരും പദവിയും

ഇന്നിതാ ദൈന്യം രോഗക്കിടക്കയില്‍

ഒന്നു ശ്വാസമെടുക്കാന്‍ പിടയ്ക്കുന്നു.

വന്നു ജീവനെ മുങ്ങാതെ കാക്കുന്നു

എന്നും നിന്ദ്യരായ്ക്കണ്ട മാലാഖമാര്‍!

എന്തഹങ്കാരി, മര്‍ത്ത്യനവനിന്നു

സ്വന്തമാക്കിയീ ഭൂതലമൊന്നാകെ,

മുന്തിനിന്നവന്‍ കാല്‍ക്കീഴിലാക്കിയോ-

രന്തമില്ലാത്ത ജീവജാലങ്ങളെ,

ഇത്ര സൂക്ഷ്മമാമണുവിനെപ്പേടിച്ചു  

എത്ര ഭീരുവായ് കേഴുന്നു മാനവന്‍!

സത്യസാക്ഷ്യമായ് കണ്‍തുറപ്പിക്കുവാന്‍

കൃത്യമായ് നാഥനെത്തി നിശ്ചയം!

വേണ്ട, ഇനിയൊരൊറ്റയാഢംബരം

വേണ്ട വാഹനം, മാളിക, തോട്ടങ്ങള്‍

വേണ്ട മൃഷ്ടാന്നം, പട്ടുവസ്ത്രങ്ങള്‍

വേണ്ടതമൂല്യമാമെന്റെ ജീവിതം!

ഒത്തു കിട്ടിയാല്‍ ജീവനിനിയൊരു

പുത്തനാം സ്‌നേഹ സൗവര്‍ണമേകണം  

മര്‍ത്ത്യനെന്നൊരാ പേരിനു ചേരുന്ന

നിത്യ നന്മയാല്‍ പൂവിട്ടു നില്‍ക്കണം!