ആ പുലരിയെത്തിടും

സാദിഖ് ഇബ്‌നു സലീം, എടത്തനാട്ടുകര

2021 മെയ് 29 1442 ശവ്വാല്‍ 17

ഫോര്‍ക്ക് ചൂണ്ടി,

തോക്കിനെ വെല്ലുന്ന

നോക്കുമായ് നില്‍ക്കുന്നു

പിഞ്ചുബാല്യം!

അകലെ ഫലസ്തീനില്‍

അതിജീവനത്തിനായ്

അടരാടും ജനതയുടെ

നേര്‍ചിത്രമൊന്നിതാ...

മാതാവിന്‍ നെഞ്ചു

പിളര്‍ക്കുവാന്‍

കാഞ്ചിയില്‍ കൈ

ചേര്‍ത്തുവെച്ചൊരാ

ദുഷ്ടന്റെ ദൃഷ്ടിയില്‍

ഭീതിതീര്‍ക്കുന്നിതാ

പിഞ്ചുബാല്യം!

ചൂണ്ടിയത് ഫോര്‍ക്കല്ല,

തോക്കുകള്‍ തോല്‍ക്കുന്ന

കാരിരുമ്പിന്‍ കരു-

ത്തുള്ള ബാല്യം.

ആത്മ ധൈര്യത്തിന്റെ

അസ്തിവാരത്തില്‍,

അസ്വസ്ഥമാവാത്ത

വിസ്മയബാല്യം!

ആകാശ മേലാപ്പിന്‍

താഴെ നിരാലംബര്‍,

ആത്മധൈര്യം മാത്രം

ആയുധമാക്കുവോര്‍!

ദൃഢതയില്‍ ചാലിച്ച

ചിത്തവും ദുഷ്ടത-

ക്കറുതി തേടുന്നൊരു

ഹൃത്തടം മാത്രവും.

അടരാടുകയാണ്

പരിമിതിക്കിടയിലും

അകലത്തിലല്ല

പ്രതീക്ഷതന്‍ പുലരികള്‍.

ലോകം മുഴുക്കെയും

കൂടെയുണ്ട്; നിങ്ങള്‍,

തളരാതെ, തകരാതെ

അടരാടുക.

ഈ രാത്രി പോയിടും

പുതു പുലരിയെത്തിടും

മര്‍ദിതരുടെ പ്രാര്‍ഥനയില്‍

മര്‍ദകര്‍ മാഞ്ഞിടും.