മൂകത മാറിത്താമസിക്കുന്ന വീടുകള്‍

മുംതസിര്‍ പെരിങ്ങത്തൂര്‍

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

നമ്മള്‍ ഇങ്ങടുത്തൊന്നും

നിരീക്കാത്ത ഒരു നാളുണ്ട്,

എത്രയോ അകലെയെന്ന്

കണക്കുകൂട്ടിയ ഒരു നാള്‍,

നമ്മുടെ ഇഹലോകത്തെ

അവസാന നാള്‍!

അന്ന്,

കവലയിലെ ചായക്കട മുതല്‍

സൈക്കിള്‍ ഷാപ്പുവരെ

അരമണിക്കൂര്‍ അടച്ചിടും,

വീട്ടുകാര്‍ ഏങ്ങലടിച്ചു കരയും,

സുഹൃത്തുക്കളും ബന്ധുക്കളും

കണ്ണീരോടെ, മൂകമായ് നമ്മുടെ

ശവമഞ്ചം തോളിലേറ്റും,

നാട്ടുകാര്‍ നിസ്സംഗതയോടെ പിന്തുടരും.

വീട്ടുമുറ്റത്തെ പൈപ്പിന്‍ ചുവട്ടിലും

അടുപ്പിലുംവരെ മൂകത

തളംകെട്ടി നില്‍ക്കും.

അങ്ങനെയങ്ങനെ...

സ്റ്റാറ്റസ് ചിത്രങ്ങള്‍  

സെല്‍ഫികള്‍ക്ക് വഴിമാറും,

മുറ്റത്തെ കടുംനീല കസേരകളും

വലിച്ചുകെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റും

മെല്ലെ വണ്ടി കയറും,

പിന്നെ മെല്ലെ... മെല്ലെ

നമ്മുടെ മുറിയിലെ വസ്ത്രങ്ങള്‍ക്കും

കുടിച്ചുതീരാത്ത മരുന്നുകുപ്പികള്‍ക്കുമൊപ്പം

മൂകതയും പടിയിറങ്ങും!

അങ്ങനെ മൂകതയും

പുതിയ വീട്ടിലേക്ക് താമസം മാറും...!