വീട് പൊളിക്കുമ്പോള്‍

ഉസ്മാന്‍ പി എച്ച്, തിരുവിഴാംകുന്ന്

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

വീട് പൊളിക്കുമ്പോള്‍
കല്ലും മരവും
കഴുക്കോലുകളും മാത്രമല്ല
പൊളിഞ്ഞുവീഴുന്നത്.
ഓര്‍മകളുടെ നിഴല്‍വീണ മുറ്റം
വര്‍ഷങ്ങളുടെ  കാല്‍പാടുകള്‍
പതിഞ്ഞ നടപ്പുവഴി
ഉമ്മമാരുടെ വിയര്‍പ്പും
കണ്ണീരും വീണ അടുക്കള
ആണുങ്ങളുടെ സ്വരമുയര്‍ന്ന ഉമ്മറം
എത്രയോ നിശ്വാസങ്ങള്‍
തേങ്ങലുകള്‍, ചിരി,
ഇണക്കങ്ങള്‍, പിണക്കങ്ങള്‍,
പ്രണയം, വാത്സല്യം,
പരിഭവങ്ങള്‍, വിശപ്പ്,
സ്വപ്‌നങ്ങള്‍, സ്‌നേഹം,
കണ്ണീര്,
എല്ലാമെല്ലാം അടക്കിപ്പിടിച്ച
അകമുറികള്‍...
അനുഭവങ്ങളുടെ ഒരു ലോകം
ഭൂമിയില്‍നിന്ന്
ഇല്ലാതാവുകയാണ്.
അതിന്റെ അവസാന
അവശേഷിപ്പുകള്‍ കൂടി
കാലത്തില്‍
അലിഞ്ഞു ചേരുമ്പോള്‍
ജീവിതത്തില്‍നിന്ന്
ഒരു ഘട്ടം
തിരശ്ശീലക്ക് പിന്നില്‍ മറയും.
പക്ഷേ.
ആര്‍ക്ക് മായ്ക്കാനാകും
മനസിന്റെ ചുവരില്‍
ഒരിക്കലും മായാത്ത
മഷികൊണ്ടു വരച്ച
വര്‍ണ ചിത്രങ്ങളെ?
ആര്‍ക്ക് തകര്‍ക്കാനാകും
ഉള്ളില്‍ ഓര്‍മകളുടെ
കല്ലുകള്‍കൊണ്ട് പടുത്തുവെച്ച
വീടിനെ?
എങ്ങനെ മറക്കാനാകും
വീടൊളിപ്പിച്ച രഹസ്യങ്ങളെ
കണ്ണീരിനെ
ചിരിയെ
അത് തന്ന സുരക്ഷയെ
സുഖങ്ങളെ...?
വീട് പൊളിക്കുമ്പോള്‍
ഉള്ളിലുയരുന്നു
അതേ കല്‍പടവുകള്‍,
വെയില്‍ വീണ മുറ്റം
വാതില്‍
അകത്തളം
അടുക്കള
അതേ വീട്...!