സ്നേഹ സമ്മാനം

സ്വാദിഖ് ബിന്‍ സലീം

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

രണ്ടു പൈതങ്ങളെ കയ്യില്‍ ചുമന്നൊരു

മാതാവ് ദൂതര്‍തന്‍ വീട്ടിലെത്തി.

കണ്ടാല്‍ ദരിദ്രരായ് തോന്നുമക്കൂട്ടര്‍ക്ക്

നല്‍കുവാനൊന്നുമേയില്ല വീട്ടില്‍.

പ്രിയപത്നി ആഇശ ശങ്കയിലാകുന്നു

എന്തു കൊടുത്തു പറഞ്ഞയക്കും?

കാരക്ക മൂന്നെണ്ണം മാത്രമാണുള്ളത്

സന്തോഷമോടത് നല്‍കി ബീവി.

രണ്ടു കൂഞ്ഞുങ്ങള്‍ക്കും ഓരോന്നു നല്‍കിയാ

പൊന്നുമ്മ സായൂജ്യമോടെ നില്‍ക്കെ,

അന്നം മുടങ്ങി പശി മുറ്റി നില്‍ക്കുന്ന

കുഞ്ഞുങ്ങള്‍ ആര്‍ത്തിയാല്‍ തിന്നലായി.

ശേഷിച്ച കാരക്ക തിന്നുവാനായ് ഉമ്മ

ശോഷിച്ച കൈകള്‍ ഉയര്‍ത്തിയപ്പോള്‍

കുഞ്ഞുമനസ്സിന്‍റെ തേങ്ങലറിയുന്നു

തെല്ലൊന്ന് ശങ്കിച്ചു നിന്നിടുന്നു.

തിന്നാന്‍ ഉയര്‍ത്തിയ കൈയിലെ കാരക്ക

രണ്ടായി ഭാഗിച്ചവര്‍ക്ക് നല്‍കി.

ഒരു ചീന്തുകാരക്ക പോലുമെ തിന്നാതെ

സ്വന്തം വിശപ്പു സഹിച്ചുനിന്നു.

ആഇശ ബീവിയാള്‍ അത്ഭുതമോടെയീ

വൃത്താന്തം നബിയോട് ചൊല്ലലായി.

മാതൃസ്നേഹത്തിന്‍റെയീ മഹനീയ മാതൃക

കേട്ട പ്രവാചകന്‍ ചൊല്ലിയത്രെ:

'ആഇശാ കേള്‍ക്ക നീ, ഇയൊരു ചെയ്തിയാല്‍

മാതാവവള്‍ നാളെ ധന്യയാകാം.'

അരുമക്കിടാവിനോടുമ്മ കാണിക്കുന്ന

സ്നേഹമതുപോലും പുണ്യമത്രെ.

ജീവിത യാത്രതന്‍ നിമിഷങ്ങളില്‍ നമ്മള്‍

ചൊരിയണം കനിവിന്‍റെ ശാന്തി മന്ത്രം.

അന്തരാത്മാവില്‍ നിറക്കണം നാം നന്മ,

അന്യര്‍ക്ക് കോരിക്കൊടുക്കണം ആ നന്മ;

അല്ലാഹുവിന്‍ തിരുസന്നിധി തന്നിലായ്

വല്ലാത്തൊരനുഭൂതി നുകരുവാനായി നാം.