കിരീടവും മുഖാവരണവും

നാസര്‍ അടുമാറി, ഐക്കരപ്പടി

2021 ഏപ്രില്‍ 17 1442 റമദാന്‍ 05

എവിടെ നിന്നും

എപ്പോഴും ധരിക്കപ്പെടാം

ഈ കിരീടം.

മെയ്ഡ് ഇന്‍ ചൈന,

ഫ്രം വുഹാന്‍.

എന്നിട്ടും,

ഭംഗിയുള്ള ഈ കിരീടം

ആര്‍ക്കും വേണ്ടാ!

അണിയിക്കപ്പെട്ടവരെ

കണ്ടാല്‍ തിരിച്ചറിയില്ല.

അടുത്താല്‍,

തൊട്ടാല്‍,

മിണ്ടിയാല്‍,

പകര്‍ന്നുതരും

ഈ മുള്‍ക്കിരീടം.

രാജാവും പ്രജകളും

വാതില്‍ അടച്ചിരിപ്പായി

ഈ കിരീടധാരണം ഭയന്ന്!

ഇതിനകം

ധരിച്ചവര്‍ പലരും

വലിമുട്ടി ഒടുങ്ങി.

മിനുക്കിത്തുടച്ച്

മേനിനടിച്ച മുഖത്തിന്ന്

സദാ ആവരണം

കണ്ണില്‍കാണാ കിരീടഭീതി!

മാലിന്യമത്രയും

തന്മുന്നില്‍ നിന്ന്

പൊതുപാതയോരത്ത്

തള്ളുന്ന മാന്യന്‍

കളങ്കക്കൈയും

സാനിറ്റൈസ് ചെയ്യുന്നു.

പുഞ്ചിരിക്കാന്‍ മടിക്കുന്ന

ചില സോഷ്യല്‍വര്‍ക്കര്‍മാര്‍ക്കും

സോഷ്യല്‍ ഡിസ്റ്റന്‍സും

മുഖാവരണവും ഒരു പുതുമറ

കിട്ടിയ ആശ്വാസം.

സോപ്പിട്ടാല്‍

കിരീടം കൂടെ പോരില്ലെന്ന്

ശാസ്ത്ര മതം.

ഇതിനിടയില്‍

ഒരു പ്രധാനി

പാത്രം കൊട്ടി

കീരീടമഴിക്കുന്നതും

കണ്ടു പത്രത്തില്‍!

തിരുത്തലിനുള്ള

ഉണര്‍ത്തലാണെന്ന്

ആത്മീയ മതം.

ഈ മുള്‍ക്കിരീടം

വേണ്ടാ നമുക്ക്.

നഷ്ടപ്പെട്ട പലതും

എടുത്തണിയണം നാം.

ഇപ്പോഴല്ലെങ്കില്‍

പിന്നെ എപ്പോഴെന്ന

ചോദ്യം ബാക്കി.