രണ്ടു കവിതകള്‍

സുലൈമാന്‍ പെരുമുക്ക്

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

ചതി

അയാള്‍ എന്നെ
ചതിച്ചതിന്റെ
സൂചനയായ
സുഹൃത്തിനോട്
കണ്ണിറുക്കിയത്
ഞാന്‍ കണ്ടു
പക്ഷേ, അത്
ഞാന്‍ കണ്ടത്
അയാള്‍ കണ്ടില്ല;
കാരണം
അതിനുമുമ്പ്
എന്റെ കോങ്കണ്ണ്
അയാളെ ചതിച്ചിരുന്നു!

നല്ല പാഠം

ആറ്റുനോറ്റുണ്ടായതാണ്,
തലയിലും വെച്ചില്ല
തറയിലും വെച്ചില്ല.
ഇന്നു
നടക്കാനായപ്പോള്‍
അവന്‍ തിരിഞ്ഞു
നടന്നു!
ഇന്നലെയും
സ്വന്തം മക്കളെ
തള്ളക്കോഴി
കൊത്തിയാട്ടിയതു കണ്ട്
സങ്കടപ്പെട്ടതാണ്.