എന്റെ മതം

സുലൈമാന്‍ പെരുമുക്ക്

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

എന്തു തിന്നണം?
ഞാന്‍ എന്തു കൂടിക്കണം?
എന്ത് ഉടുക്കണം?
ഞാന്‍ എങ്ങനെയുറങ്ങണം?
എനിക്ക്
എല്ലാറ്റിലും
എന്റെതായ മതമുണ്ട്.
അതെ, എനിക്ക്
എന്റെ അഭിപ്രായമുണ്ട്.
എന്റെ മതം
പറയുന്നതൊന്നും
മറ്റുള്ളവര്‍ക്ക്
ഉപദ്രവകരമായതല്ല.
എന്റെ ഇഷ്ടങ്ങളൊന്നും
ആരുടെയും കഷ്ടമല്ല,
ആരുടെയും കഷ്ടം
എന്റെ ഇഷ്ടങ്ങളുമല്ല.
ആരുടെ ഇഷ്ടത്തിലും
ആരുടെ കഷ്ടത്തിലും
എന്റെ മതത്തിന്
കണ്ണുരുട്ടലില്ല,
വാളോങ്ങലില്ല.
എന്റെ ഇഷ്ടം
ആരിലും
അടിച്ചേല്‍പിക്കില്ല ഞാന്‍
ആരെങ്കിലും
ഇഷ്ടം
അടിച്ചേല്‍പിച്ചാല്‍
അതു വകവെക്കില്ല ഞാന്‍.
എനിക്ക്
എന്റെ ഇഷ്ടം,
നിനക്കു നിന്റെ ഇഷ്ടം.
മതഭ്രാന്തിനോടു ഞാന്‍
അടുത്തിരിക്കില്ല,
മതനിരാസ ഭ്രാന്തിനോടും
അടുത്തിരിക്കില്ല.
അതും വേണം
ഇതും വേണം,
വേണ്ടെങ്കില്‍ ഒന്നും വേണ്ട
എന്നുള്ള പാട്ടിനോട്
എനിക്ക്
പുച്ഛമാണ്, പുച്ഛം!