ആത്മഗതം

അഫ്‌നാന്‍ അന്‍വര്‍. ഒ, എടത്തനാട്ടുകര

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

പറയുവാനുണ്ട് ഒരുപാട്.
പക്ഷേ, പേന ചാവാറായി!
നാട്ടുകാരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍
ഫൈവ് സ്റ്റാര്‍ വാങ്ങാനുള്ള ഓട്ടം
തത്കാലം നിര്‍ത്തിവെച്ചു.
കുറച്ച് നോട്ട് കംപ്ലീറ്റ് ആക്കാനുണ്ട്.
മഴയോടും കാറ്റിനോടും
പൂക്കളോടും കിളികളോടും
കിന്നാരം പറഞ്ഞിരുന്ന ഞാനിന്ന്
വാട്‌സാപ്പിലും ഗൂഗിള്‍മീറ്റിലുമൊക്കയായി
ചിതറിക്കിടക്കുകയാണ്.
ലോക്ഡൗണില്‍ പലരും
കഥ, കവിതകള്‍ വിരിയിച്ചു
എന്നാല്‍ ഞാനോ?
സാധിക്കുന്നില്ല...
മനസ്സ് ക്ഷയിച്ചിരിക്കുകയാണ്.
നീയിത് കേള്‍ക്കണമെന്റെ കവിതേ,
എന്റെ മനസ്സിലെ 'തിരി' കെട്ടിരിക്കുന്നു.
ഏതുനേരവും ഫോണില്‍ കുത്തിയിരിക്കുന്ന
മടിച്ചിയാണത്രേ ഞാന്‍!
മാസപ്പതിവിന് ചുവന്നപൂക്കള്‍ വിരിയിക്കുന്ന
'പെണ്‍കുട്ടി'യാണത്രേ ഞാന്‍!
എന്തിനുമേതിനും കരഞ്ഞുമുടിക്കുന്ന
തൊട്ടാവാടിയാണത്രേ ഞാന്‍!
അങ്ങനെ എന്തെല്ലാമോ ആണ് ഞാന്‍
ആരോട് പറയാന്‍?
ആര് കേള്‍ക്കാന്‍?
വെറുമൊരു ആത്മഗതമായ് ഈ ശബ്ദം
വായുവിലലിഞ്ഞില്ലാതെയാവും.
ഇനി പറയാന്‍ തത്കാലം വരികളില്ല,
അപ്പോള്‍ നിര്‍ത്തട്ടെ;
ശുഭം, മംഗളം!