ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 ഫെബ്രുവരി 13 1442 റജബ് 01

(ഭാഗം 9)

ബൈബിള്‍ പഴയനിയമം ഉല്‍പത്തിപുസ്തകം മുതല്‍ പുതിയനിയമം വെളിപാട് പുസ്തകംവരെ അരിച്ചുപെറുക്കിയിട്ടും ത്രിയേകത്വ ദൈവത്തിന്‍റെ ഒരംശംപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാപപരിഹാരത്തിന്‍റെ പേരില്‍ നടന്ന കുരിശുമരണവും പൊതുധാരണകളും വിശ്വാസങ്ങളും വിചിത്രവും ആസൂത്രിതവുമാണ്. സത്യവേദപുസ്തകമെന്നെഴുതിയ പുറംചട്ടയുള്ളതിന്‍റെ ഉള്ളിലുള്ള വൈരുധ്യങ്ങള്‍ അംഗീകരിക്കുക സാധ്യമല്ല.

"ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മിതെ സ്വര്‍ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു..." (പുറപ്പാട് 20: 1-5).

"ഇസ്രായേല്‍ ഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുതു; ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു. ജാതികളുടെ ചട്ടങ്ങള്‍ മിത്ഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അതു ഒരുവന്‍ കാട്ടില്‍നിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ. അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവര്‍ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു. അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവെക്കു നടപ്പാന്‍ വയ്യായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്വാന്‍ അവെക്കു കഴികയില്ല; ഗുണം ചെയ്വാനും അവെക്കു പ്രാപ്തിയില്ല" (യിരെമ്യാവ് 10: 1-5).

യഹോവ; അവന് തുല്യരായി ആരുമില്ല. ഉല്‍പത്തി പുസ്തകം മുതല്‍ മലാഖിവരെ 39 പുസ്തകങ്ങളിലും യഹോവയായ ഏകദൈവം തിളങ്ങി നില്‍ക്കുന്നു. യഹോവയായ ഏക രക്ഷിതാവിലുള്ള വിശ്വാസവും ആരാധനയും ശരിയും സത്യവുമാണെന്നും ഉറച്ചുവിശ്വസിക്കുന്നു.

യേശു; ദൈവദൂതന്‍

ദൈവദൂതന്മാര്‍ എന്നതുകൊണ്ട് ദൈവത്തിന്‍റെ സന്ദേശം വഹിക്കുന്നവര്‍ എന്നാണല്ലോ അര്‍ഥമാക്കേണ്ടത്. യഹോവ ഒഴിച്ചു ഒരു ദൂതനെയും വിഗ്രഹത്തെയും വണങ്ങുകയോ പൂജിക്കുകയോ ചെയ്യരുതെന്നു അതിശക്തമായും കര്‍ശനമായും ദൈവവും ദൈവദൂതന്മാരും വിലക്കിയതായി ബൈബിള്‍ പഴയനിയമ പുസ്തകത്തില്‍നിന്നും ആര്‍ക്കും ബോധ്യപ്പെടാവുന്നതാണ്.

എന്നാല്‍ ബൈബിളില്‍ വിശ്വസിക്കുന്ന ക്രൈസ്തവലോകത്തിന്‍റെ സ്ഥിതി എന്താണ്? ഏതു പള്ളികളില്‍ നോക്കിയാലും അംബരചുംബികളായി പണിതുപൊക്കിയതിന്‍റെ മുകളില്‍ തടികൊണ്ടും ലോഹംകൊണ്ടും രൂപപ്പെടുത്തിയ ആണിന്‍റെയും പെണ്ണിന്‍റെയും രൂപങ്ങള്‍ കാണാം! പള്ളിക്കുള്ളിലും പല രൂപത്തിലുള്ള ആണ്‍, പെണ്‍ പ്രതിമകളും ഈ രൂപങ്ങള്‍ക്ക് മുമ്പില്‍ നേര്‍ചക്കാഴ്ചകള്‍ സമര്‍പ്പിച്ചു പ്രദക്ഷിണം വയ്ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഇത് കര്‍ശനമായി വിലക്കിയ വേദപുസ്തകവും പ്രതിമയ്ക്കു ചുവട്ടില്‍ കാണാം. ഇത് ദൈവ വിശ്വാസമോ ദൈവ നിഷേധമോ? ചിന്തിക്കേണ്ടതില്ലേ?

പ്രപഞ്ചനാഥനായ ഏകദൈവം (യഹോവ) ബലഹീനനും കളവു പറയുന്നവനുമാണെന്ന് തോന്നിക്കുന്ന പല സന്ദര്‍ഭങ്ങളും ബൈബിളില്‍ കാണാം.

'യഹോവയായ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. സ്വര്‍ഗത്തിലുള്ള ഏദന്‍തോട്ടം സൂക്ഷിക്കാന്‍ നിയമിച്ചു. എന്നിട്ട് യഹോവ പറഞ്ഞു: നിങ്ങള്‍ തോട്ടത്തിന് മധ്യത്തിലുള്ള വൃക്ഷഫലം മാത്രം ഭക്ഷിക്കരുത്. (വിലക്കപ്പെട്ട ഫലം). അത് ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും. ബാക്കി എല്ലാ ഫലങ്ങളും ഭക്ഷിച്ചുകൊള്ളുക.'

'പാമ്പ് സ്ത്രീയോട് (ഹവ്വ) പറഞ്ഞു; നിങ്ങള്‍ മരിക്കില്ല. നിശ്ചയം! ആ ഫലം തിന്നുന്ന നാള്‍ നിങ്ങള്‍ കണ്ണ് തുറന്നു ദൈവത്തെപ്പോലെയാകും. പാമ്പ് പഴം പറിച്ചെടുക്കത്തക്കവിധം മരം ചായ്ച്ചു കൊടുത്തു. രണ്ടുപേരും കഴിച്ചു.'

ഉല്‍പത്തി പുസ്തകം രണ്ടാം അധ്യായത്തില്‍ പറഞ്ഞതിന്‍റെ ചുരുക്കമാണിത്. എന്നിട്ട് എന്തു സംഭവിച്ചു. പഴം തിന്നിട്ട് ദൈവം (യഹോവ) പറഞ്ഞതുപോലെ അവര്‍ (ആദം, ഹവ്വ) മരിച്ചില്ല. പിന്നെയോ, പാമ്പ് പറഞ്ഞതുപോലെ അവര്‍ കണ്ണുകള്‍ തുറന്നു.

അപ്പോള്‍ ദൈവത്തെക്കാള്‍ അദൃശ്യകാര്യങ്ങള്‍ അറിവുള്ളത് പാമ്പിനാണെന്നുവരുന്നു! ദൈവം പറഞ്ഞത് കള്ളവും! പ്രപഞ്ച സ്രഷ്ടാവിന് തന്‍റെ സൃഷ്ടികളോട് നുണ പറയേണ്ട ആവശ്യമില്ല. മാത്രമല്ല പ്രപഞ്ചനാഥന് യോജിച്ചതല്ല നുണ പറയുകയെന്നത്. മനുഷ്യസൃഷ്ടിയായ ഗ്രന്ഥമായതുകൊണ്ടല്ലേ ഈ വീഴ്ച വന്നത്?

യാക്കോബ് തന്‍റെ ഭാര്യ, പുത്രന്മാര്‍, കന്നുകാലികള്‍, സമ്പത്തുകള്‍ എല്ലാമായി ദേശം വിട്ടുപോയി. ഒരു പുഴക്കരയില്‍ എല്ലാ വകകളും മറുകര കടത്തിയശേഷം യാക്കോബ് തനിച്ചായി. അപ്പോള്‍ അവിടെ പ്രത്യക്ഷപ്പെട്ട ഒരു മനുഷ്യന്‍ (പുരുഷന്‍) ഉഷസ്സ് ആകുവോളം യാക്കോബുമായി മല്‍പ്പിടുത്തം നടത്തി. പുരുഷന്‍ ജയിക്കില്ലെന്നു കണ്ടപ്പോള്‍ യോക്കോബിന്‍റെ തുടയില്‍ പിടിച്ചു. തുട ഉളുക്കിപ്പോയി. എന്നിട്ട് പുരുഷന്‍ പറഞ്ഞു: 'എന്നെ വിടുക. ഉഷസ്സ് ഉദിക്കുന്നു.' പുരുഷന്‍ ചോദിച്ചു: 'നിന്‍റെ പേര് എന്താകുന്നു?' 'യാക്കോബ്' എന്നു മറുപടി പറഞ്ഞു. പുരുഷന്‍ പറഞ്ഞു: 'നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ച് ജയിച്ചതുകൊണ്ട് നിന്‍റെ പേര് യാക്കോബ് എന്നല്ല; യിസ്രായേല്‍ എന്നു വിളിക്കപ്പെടും.'

ഇത് ഉല്‍പത്തി പുസ്തകം 32ാം അധ്യായത്തില്‍ പറയുന്നതാണ്.

ഇവിടെ യാക്കോബ് ദൈവത്തെയാണ് മല്‍പിടുത്തത്തില്‍ തോല്‍പിക്കുന്നത്! യഹോവ തന്‍റെ സൃഷ്ടിയുമായി മല്‍പിടുത്തം നടത്തി! രക്ഷയില്ലാതെ വന്നപ്പോള്‍ സൃഷ്ടിയുടെ തുട ഉളുക്കിപ്പിക്കുന്നു. തന്നെ പിടിവിടാന്‍ അപേക്ഷിക്കുന്നു! ദൈവം സൃഷ്ടിയുടെ മുമ്പില്‍ ബലഹീനനായി മാറുന്നു!

ഇത്രയും വിലകുറച്ചും നിസ്സാരനായും പ്രപഞ്ചനാഥനെ ചിത്രീകരിക്കുന്ന ഗ്രന്ഥം ദൈവത്തില്‍ നിന്നുള്ളതോ അതോ മനുഷ്യനിര്‍മിതമോ? ഒരു ദൈവവിശ്വാസിക്ക് എങ്ങനെ ഇത് അംഗീകരിക്കാനാവും?

കോടാനുകോടി സൃഷ്ടികളെ സൃഷ്ടിച്ചിട്ടുള്ള കര്‍ത്താവായ യഹോവയ്ക്ക് സൃഷ്ടിക്കാന്‍ പോകുന്നവയെക്കുറിച്ചും പൂര്‍ണ അറിവ് ഉണ്ടായിരുന്നുവെന്നു ചിന്തിക്കുന്ന മനസ്സുകള്‍ക്ക് കണ്ടെത്താന്‍ കഴിയും.

ഒരു ചെരുപ്പോ കുടയോ പാത്രമോ ധാരാളം ആളുകള്‍ കൂടുന്ന സ്ഥലത്ത് വച്ചിട്ട്  ഒരാള്‍ പോകുന്നു.  തിരിച്ചുവരുമ്പോള്‍ അതുപോലെ അനേകം വസ്തുക്കള്‍ കാണുന്നു. അന്നേരം തന്‍റെ ചെരുപ്പ്, അല്ലെങ്കില്‍ കുട ഏതെന്ന് അയാള്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമാകും. തന്‍റെതെന്ന ധാരണയില്‍ മാറിയെടുത്തു കൊണ്ടുപോകാനും സാധ്യതയുണ്ട്. എന്നാല്‍ ഒരാള്‍ ആള്‍ക്കൂട്ടത്തില്‍ തന്‍റെ ഭാര്യയോ, ഭര്‍ത്താവോ, മകനോ, ബന്ധുവോ ഇടകലര്‍ന്നു പോയാല്‍ മറ്റൊരാളെ സ്വീകരിക്കുകയില്ല. കൈവിട്ടുപോയ ആളെത്തന്നെ തിരിച്ചറിയാന്‍ കഴിയും. കാരണം ചെരുപ്പും കുടയും പാത്രവുമെല്ലാം സൃഷ്ടിച്ചത് മനുഷ്യരും മനുഷ്യനെ സൃഷ്ടിച്ചത് ജ്ഞാനവും പൂര്‍ണമായ അറിവുമുള്ള ദൈവമാണ്.

സത്യവേദപുസ്തകം പഴയനിയമം മാറി പുതിയനിയമം വരുമ്പോഴേക്കും കീഴ്മേല്‍ മറിഞ്ഞ് ഒരു കീറാമുട്ടിയായി നിലകൊള്ളുകയാണ്. യഹോവയായ ഏകദൈവം അപ്രത്യക്ഷനാവുകയും പിതാവും പുത്രനും പിശുദ്ധാത്മാവുമായി  പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ പ്രധാനപ്പെട്ട മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരില്‍കൂടി യേശുവിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിയും.

ശിഷ്യനായ യോഹന്നാന്‍ പറയുന്നു: "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെയായിരുന്നു. വചനം ദൈവമായിരുന്നു. എല്ലാവരെയും പ്രകാശിപ്പിക്കുന്നതിന് ആരുടെയും ഇഷ്ടത്താലുമല്ലാതെ വചനം ജഡമായിത്തീര്‍ന്നു. കൃപയും സമാധാനവും നിറഞ്ഞവനായി മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു."

പരമോന്നതനായ ദൈവം മറിയം എന്ന സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ മനുഷ്യക്കുഞ്ഞായി ജനിച്ചു എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. നാമൊന്നു ചിന്തിച്ചു നോക്കുക. നാലുചക്രത്തില്‍ ഓടുന്ന ഒരു വാഹനത്തിന്‍റെ ഡ്രൈവറുടെ ശ്രദ്ധ ഒരു സെക്കന്‍റ് തെറ്റിയാല്‍ എന്തു സംഭവിക്കും? വണ്ടി ഇടിക്കുകയോ, ഇടിച്ചു മറിയുകയോ ചെയ്യും.

അനേകായിരം ഗോളങ്ങള്‍ ഉപരിലോകത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ ചുറ്റുന്നു. ഇതുപോലെ പ്രപഞ്ചത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രതിഭാസങ്ങളുണ്ട്. ഇതെല്ലാം അണുവിട തെറ്റാതെ സൂക്ഷ്മമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ദൈവം (യഹോവ) എല്ലാ നിയന്ത്രണങ്ങളും വിട്ട് മനുഷ്യവര്‍ഗത്തിന്‍റെ പാപം പരിഹരിക്കുന്നതിന് വേണ്ടി മനുഷ്യ ജന്മം എടുക്കാന്‍ പത്തുമാസം ഒരു സ്ത്രീയുടെ വയറിനുള്ളില്‍ ശിശുവായി കഴിയുന്നു എന്ന് വിശ്വസിക്കാന്‍ ചിന്താശേഷിയുള്ള ഒരാള്‍ക്ക് എങ്ങനെ കഴിയും? ഈ കാലയളവില്‍ ആരായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്?

ദൈവത്തിന്‍റെ വരവിന് മുന്നറിയിപ്പ് നല്‍കാനും സ്നാനം കഴിക്കാനും ആഗതനായ സ്നാപക യോഹന്നാന്‍ പറയുന്നു: 'ഇവന്‍ ദൈവപുത്രന്‍ എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു' (യോഹന്നാന്‍ 1:34).

യേശു കടന്നുപോകുമ്പോള്‍ സ്നാപക യോഹന്നാന്‍ പറയുന്നു:

'ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്' (യോഹന്നാന്‍ 1:29).

യേശു = ദൈവം

യേശു = ദൈവപുത്രന്‍

യേശു = പരിശുദ്ധാത്മാവ്

യേശു = ദൈവത്തിന്‍റെ കുഞ്ഞാട് (ഏതു വിശ്വസിക്കും?)

യേശു സാക്ഷ്യം പറയുന്നത് ശ്രദ്ധേയമാണ്: "എനിക്കു സ്വതേ ഒന്നും ചെയ്വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്വാന്‍ ഇച്ഛിക്കുന്നതുകൊണ്ടു എന്‍റെ വിധി നീതിയുള്ളത് ആകുന്നു" (യോഹന്നാന്‍ 5:30).

"അഞ്ചു യവത്തപ്പത്തില്‍ തിന്നു ശേഷിച്ച കഷണം അവര്‍ ശേഖരിച്ചു പന്ത്രണ്ടുകൊട്ട നിറച്ചെടുത്തു. അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടു; ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു" (യോഹന്നാന്‍ 6:13,14).

 ഇവിടെ നാമം മാറി; പ്രവാചകനായി!

"എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു..."(യോഹന്നാന്‍ 8:40).  

"അവന്‍ അവരോടു പറഞ്ഞതു: 'നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു: (സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; (നിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;) ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ" (ലൂക്കോസ് 11: 2,3).

'സ്വര്‍ഗസ്ഥനായ യേശുവേ' എന്നു വിളിക്കാന്‍ പറഞ്ഞിട്ടും പഠിപ്പിച്ചിട്ടുമില്ല!

"ഞാന്‍ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്" (മത്തായി 5:17).

യേശുവിന്‍റെ ഈയൊരു മുന്നറിയിപ്പു മാത്രം മതി; യേശുവിന് മുമ്പ് ധാരാളം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്നിട്ടുണ്ടെന്നും യേശു ഒരു പ്രവാചകന്‍ മാത്രമാണ് എന്നും മനസ്സിലാക്കാന്‍.

യേശു ദൈവമോ, ദൈവപുത്രനോ, പരിശുദ്ധാത്മാവോ ഒന്നുമല്ല. ദൈവദൂതനായ ഒരു പ്രവാചകന്‍ മാത്രമാണ്. യേശുവിന്‍റെ പ്രവര്‍ത്തനകാലമത്രയും ഉപവാസവും പ്രാര്‍ഥനയും മുടങ്ങാതെ അനുഷ്ഠിച്ചതായി കാണാന്‍ കഴിയും.

യേശുവിനു വിശന്നു, ദാഹിച്ചു, ഉറങ്ങി, വസ്ത്രം ധരിച്ചു, ചെരുപ്പ് ധരിച്ചു; യേശു മനുഷ്യരെ ഉപദേശിച്ചു, ശാസിച്ചു, സ്നേഹിച്ചു. ഇതെല്ലാം ഒരു സാധാരണ മനുഷ്യരില്‍ കണ്ടുവരുന്ന പ്രകൃതി പരമായ കാര്യങ്ങളല്ലേ?

എനിക്ക് ഇത്രയുമൊക്കെ ബോധ്യപ്പെട്ടപ്പോള്‍ യേശുവിന്‍റെ മരണവും സ്വര്‍ഗാരോഹണവും കൂടി ബോധ്യപ്പെടണമെന്ന് ആഗ്രഹമായി. ത്രിയേകത്വവും പാപപരിഹാര കുരിശുമരണവും യേശുവിന്  അറിവുള്ള കാര്യമല്ല എന്നു വ്യക്തമാക്കുന്ന പല തെളിവും കാണാന്‍ കഴിയും.

പ്രധാന നാലു ശിഷ്യന്മാര്‍ എഴുതിയ ലേഖനം (പുസ്തകം) യേശു കണ്ടിരുന്നെങ്കില്‍ അവ ചുരുട്ടി എറിയുമായിരുന്നു. കാരണം യേശുവിന്‍റെ പ്രബോധനകാലത്ത് യേശു അറിയാത്തതും പറയാത്തതും പ്രവര്‍ത്തിക്കാത്തതുമായ പല സംഭവങ്ങളും വിശ്വാസിയും സ്നേഹനിധിയുമായ ആ ദൈവദൂതന്‍റെ മേല്‍ കെട്ടിവച്ച് അവഹേളിക്കുന്നതായി കാണാം.

കാനായില്‍ ഒരു കല്യാണസല്‍ക്കാരത്തിന് വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുകയും ജനങ്ങള്‍ വീഞ്ഞുകുടിച്ചു മദ്യലഹരിയില്‍ നൃത്തമാടുകയും ചെയ്തതായി പുതിയ നിയമത്തില്‍ പറയുന്നു. യേശു ലഹരിയുണ്ടാക്കുന്ന വീഞ്ഞ് ഉല്‍പാദിപ്പിക്കുകയില്ലെന്ന് ഉറപ്പ്.  

യേശു അത്തിമരത്തെ ശപിക്കുന്നു. മരം ക്ഷണത്തില്‍ ഉണങ്ങിപ്പോയി. (മാര്‍ക്കോസ് 11:14).

യേശു ഇസ്രായേല്‍ ജനങ്ങളല്ലാത്തവരെ നായക്കുട്ടികള്‍ എന്നു വിശേഷിപ്പിക്കുന്നു. (മത്തായി 15: 28).

ഇവയൊന്നും യഥാര്‍ഥത്തില്‍ യേശു പറഞ്ഞിട്ടും അറിഞ്ഞിട്ടുമുള്ളവയല്ല. യേശുവിന്‍റെ മേല്‍ ചുമത്തിയിട്ടുള്ളതത്രെ. യേശു പറഞ്ഞതാണെന്നു പറയുന്നവര്‍ യേശുവിനെ അനാദരിക്കുകയാണു ചെയ്യുന്നത്. (തുടരും)