ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

(ഭാഗം 6)

സംഭവം ഇങ്ങനെ: ഒരിക്കല്‍ യേശുവിന്റെ ശിഷ്യന്‍മാര്‍ യേശുവിന്റെ അടുത്തുചെന്നു പറയുന്നു: 'ഗുരൂ, നീ ഞങ്ങളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചാലും.' ഉത്തരമായി യേശു പറഞ്ഞു: 'നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും വരേണമേ. ഞങ്ങള്‍ക്കു ദിവസവുമുള്ള ആഹാരം തരേണമേ. ഞങ്ങളോടു കുറ്റംചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുമ്പോലെ ഞങ്ങളോടും ക്ഷമിക്കേണമേ.' (നിങ്ങള്‍ ദിവസേന ഇങ്ങനെ പ്രാര്‍ഥിപ്പിന്‍).

ഉറക്കം കെടുത്തുന്ന ദിനരാത്രങ്ങള്‍... ഹോ, ഇതെന്തു മറിമായം! ജിജ്ഞാസയോടെ സഭാധ്യക്ഷനെ സമീപിച്ചു. ആരാധനാദിവസമല്ലായിരുന്നതിനാല്‍ മറ്റാരും ഇല്ല.

ചോ: 'പാസ്റ്ററേ, നമ്മുടെ പാട്ടും പ്രാര്‍ഥനയും സമര്‍പ്പണവുമെല്ലാം യേശുവിനോടാണല്ലോ? (ബൈബിള്‍ തുറന്നു കാണിച്ചുകൊണ്ടു ചോദിച്ചു). ഇതാ, ഇതു കണ്ടോ; യേശു ശിഷ്യന്‍മാരോട് പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുന്നത്? യാതൊരു സൃഷ്ടികളെയും ദൈവസ്ഥാനത്ത് അര്‍പ്പിച്ച് പൂജിക്കുകയോ, പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നു താങ്കള്‍ തന്നെ സഭയില്‍ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഇതെന്താണ്?' എന്റെ ചോദ്യത്തിന് അല്‍പം ഗൗരവമേറിയിരുന്നു.

ഉ: 'എടാ അഹങ്കാരീ, യേശു മനുഷ്യനല്ല; ദൈവമാണ്. അതൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ആവശ്യമില്ലാത്ത ചോദ്യങ്ങളും തര്‍ക്കങ്ങളുമായി എനിക്ക് തലവേദന ഉണ്ടാക്കുകയാണ് താന്‍. സഭയില്‍ വന്നിട്ട് ആറുമാസമായി; ഒന്നും പഠിക്കാതെ, പഠിക്കാന്‍ ശ്രമിക്കാതെ ദൈവദൂഷണവും കുതന്ത്രങ്ങളും തലയില്‍ കയറ്റി നിരങ്ങുകയാണ്. അഞ്ചുവര്‍ഷം ബൈബിള്‍ കോളേജില്‍ പഠിച്ചിട്ടാ ഞാനീ കോട്ട് ഇട്ടിരിക്കുന്നത്. (പള്ളിയിലേക്ക് ചൂണ്ടിക്കൊണ്ട്) ഇത് ദൈവത്തിന്റെ ആലയമാണ്. ഒരു വയസ്സു മുതല്‍ 90 വയസ്സുവരെയുള്ള ദൈവവിശ്വാസികള്‍ ഈ സഭയിലുണ്ട്. വിശ്വാസികളെ മാത്രമെ സഭയ്ക്ക് ആവശ്യമുള്ളൂ. അവിശ്വാസികള്‍ക്ക് ഇവിടെ സ്ഥാനമില്ല. തന്നോടു സംസാരിക്കാനും തര്‍ക്കിക്കാനും എനിക്ക് താല്‍പര്യമില്ല. തനിക്കു പോകാം.'

സഭാധ്യക്ഷന്റെ മറുപടികേട്ട് അകമൊന്നുവെട്ടി വിയര്‍പ്പു മുളക്കാന്‍ തുടങ്ങി. നാവ് ഉള്ളിലേക്ക് വലിയുകയാണ്. നാണംകെട്ടു തലകുനിച്ചു ലജ്ജിതനായി റോഡിലിറങ്ങി. തിരിച്ചുവരാനിടയില്ലാത്ത യാത്ര. ആറുമാസം പ്രായമുള്ള എല്ലാ പ്രതീക്ഷകളും മരിച്ചുവീണല്ലോ! നിരാശയോടെ ഊരിലെത്തി.

വല്ലാത്ത അസ്വസ്ഥതയും കുറ്റബോധവും ശരീരമാസകലം വരിഞ്ഞുമുറുക്കുന്ന ദിനരാത്രങ്ങള്‍. വല്ലാത്ത ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുന്നു. എങ്ങനെ കരകയറും? പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഈ പ്രപഞ്ചത്തില്‍ ഒരു മഹാശക്തി എവിടെയോ മറഞ്ഞിരിപ്പുണ്ട്; നിലകൊള്ളുന്നുണ്ട്. എങ്ങനെയും ആ സത്യം കണ്ടുപിടിക്കണം. ഏതുവഴി സഞ്ചരിച്ചാല്‍ കണ്ടെത്താന്‍ കഴിയും?

ദിവസേന രാവിലെ 5.30ന് റേഡിയോ പ്രഭാഷണം നടത്തുന്ന ബൈബിള്‍ പണ്ഡിതന്‍ ഡോ. കെ.പി. യോഹന്നാന്റെ പ്രഭാഷണം ദിവസവും സൂക്ഷ്മമായി ശ്രദ്ധിച്ചു. വിശ്വാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയുന്നു.

രണ്ടും കല്‍പിച്ച് 70 കിലോമീറ്റര്‍ യാത്രചെയ്ത് ഒരു ദിവസം അദ്ദേഹത്തെ നേരില്‍ കാണാന്‍ പോയി. അദ്ദേഹം സ്ഥലത്തില്ലായിരുന്നു. നിരാശപ്പെട്ടില്ല. എനിക്കുള്ള സംശയങ്ങള്‍ (25 ചോദ്യങ്ങള്‍) എഴുതിത്തയ്യാറാക്കി അദ്ദേഹത്തിന് അയച്ചുകൊടുത്തു. ദയവായി മറുപടി അയക്കണമെന്നും അറിയിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മറുപടി ലഭിച്ചു.

1. യേശു ദൈവമോ, മനുഷ്യനോ?

2. പരിശുദ്ധാത്മാവ് എന്താണ്? ദൗത്യം എന്താണ്?

3. സ്വര്‍ഗവും നരകവും ഉള്ളതോ? എന്തിനുവേണ്ടി?

4. ആദവും ഹവ്വയും രണ്ടു പുത്രന്‍മാരും മാത്രമുണ്ടായിരുന്ന ഭൂമിയില്‍ മനുഷ്യപരമ്പര എങ്ങനെ വര്‍ധിച്ചു?

5. മരിച്ചു മണ്ണായിത്തീരുന്ന മനുഷ്യരെ, പിന്നീട് എങ്ങനെ ശിക്ഷിക്കും?

6. ഏകനായ ഈശ്വരനെ (യഹോവയെ, ദൈവത്തെ) കണ്ടെത്തുന്നതിന് ഏതു മാര്‍ഗം സഞ്ചരിക്കണം?

7. പുനര്‍ജന്മം ഉണ്ടോ? എന്തിനുവേണ്ടി?

ഇങ്ങനെ തുടങ്ങിയ 25 സംശയങ്ങളായിരുന്നു ചോദിച്ചിരുന്നത്. അതിനു കിട്ടിയ മറുപടി:

'പ്രിയ സഹോദരാ, താങ്കളുടെ കത്തു വായിച്ചു. സന്തോഷം. ദൈവവചനം ശ്രദ്ധിച്ചാലും മൂഢന്‍ തന്റെ ഹൃദയത്തില്‍ ദൈവമില്ലായെന്നു വിശ്വസിക്കകൊണ്ട് ദൈവം ശപിക്കുകയും സാത്താന്റെ വലയത്തില്‍പ്പെട്ടു നഷ്ടപ്പെട്ടവനായിത്തീരുകയും ചെയ്യും. താങ്കള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ പെട്ടു പോകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ആദര്‍ശമായ വിഷയങ്ങള്‍ അന്വേഷിച്ചു ആത്മാവിനെ നഷ്ടത്തിലാക്കാതെ സത്യം ഉള്‍ക്കൊണ്ടു വിജയിക്കുക. കര്‍ത്താവായ യേശുവിനെ തന്റെ ദൈവവും രക്ഷകനുമായി ഹൃദയത്തില്‍ ഉറപ്പിച്ചു വിശ്വസിച്ചു സ്‌നാനം ഏല്‍ക്കുകയും ചെയ്യുക. എങ്കില്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.'

ബൈബിള്‍ പണ്ഡിതന്റെ ഈ ചുരുങ്ങിയ മറുപടി തീര്‍ത്തും നിരാശനാക്കി. യേശു പറഞ്ഞു: 'നിങ്ങള്‍ അന്വേഷിക്കുവിന്‍; കണ്ടെത്തും. മുട്ടുവിന്‍; തുറക്കപ്പെടും. യാചിപ്പിന്‍; കിട്ടപ്പെടും.'

ബൈബിള്‍ പണ്ഡിതന്‍ പറയുന്നു; അന്വേഷിക്കാതെ ഉറച്ചുവിശ്വസിക്കുക. അന്വേഷിക്കാതെ വിശ്വസിക്കാന്‍ പണ്ഡിതനും അന്വേഷിച്ചു കണ്ടെത്താന്‍ യേശുവും പറയുന്നു. ഇവരില്‍ ആരെ പിന്‍പറ്റണം?

മാസങ്ങള്‍ കഴിഞ്ഞു. പഴയ അവസ്ഥയിലേക്ക് ജീവിതദിശ തെന്നിമാറുകയാണ്. പമ്പാനദിയിലെ വഞ്ചി (വള്ളം) കടത്തുകാരനായി ജോലിയുമുണ്ട്. ചില സുഹൃത്തുക്കള്‍ ഇടയ്ക്കു ചോദിക്കാറുണ്ട്: 'ദൈവത്തിന്റെ കുഞ്ഞാടേ, എന്താ പള്ളിയില്‍പോക്കെല്ലാം മതിയാക്കിയോ? തലമുടിയൊക്കെ വല്ലാതെ പൊഴിഞ്ഞു വെളുക്കുന്നുണ്ടല്ലോ, എന്തുപറ്റി?' ജാള്യത കലര്‍ന്ന ചിരിയില്‍ മറുപടിയൊതുക്കും.

കാലം കുറെ പിന്നിട്ടപ്പോള്‍ കുറുമ്പന്റെ ഊരിന്റെ മുഖഛായ ദൈനംദിനം മാറുകയാണ്. പഴമക്കാരെല്ലാം മണ്‍മറയുകയും പുതുതലമുറ പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോള്‍ മുന്‍ വിശ്വാസ, ആചാരാനുഷ്ഠാനങ്ങളെല്ലാം നാമമാത്രമായി ചുരുങ്ങിക്കൊണ്ടിരുന്നു.

പല ജാതി, മതത്തില്‍പ്പെട്ടവര്‍ കൃഷിക്കും മറ്റുമായി കടന്നുവരികയും സ്ഥിരതാമസമാക്കുകയും ചെയ്തപ്പോള്‍, ഒരു മിശ്രിത ഊരായി മാറിയ കുറുമ്പന്‍ മൂഴിയില്‍ റോഡ് വന്നു. ജനസമ്പര്‍ക്കം മൂലം പുറംലോകവുമായുണ്ടായ ബന്ധങ്ങള്‍ പുതുതലമുറക്ക് സ്‌കൂള്‍ വിദ്യാഭ്യാസം, പുതിയ ഭക്ഷണരീതി, ഭവനജീവിതം തുടങ്ങിയ ഒട്ടനവധി പുതുമകള്‍ സമ്മാനിച്ചു.

എന്നാല്‍ എന്റെ സംശയങ്ങള്‍ മാത്രം പരിഹാരമില്ലാതെ, കീറാമുട്ടിയായി കിടന്നു. ഞാനങ്ങനെ നോക്കെത്താദൂരെത്തു കണ്ണുംനട്ടിരിക്കുമ്പോള്‍; ഒരിക്കല്‍ രണ്ടു ക്രിസ്ത്രീയ ഉപദേശികള്‍ ഞങ്ങളുടെ ഊരുകളില്‍ ലഘുലേഖ വിതരണം ചെയ്തുവരവെ എന്റെ വീട്ടിലെത്തി.

ഞങ്ങള്‍ വിശ്വാസപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എന്റെ മുന്‍കാല ചരിത്രങ്ങളെല്ലാം അവരോടു തുറന്നുപറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണ ലക്ഷ്യം അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു:

'സഹോദരാ, ക്രിസ്തുമതത്തെ വികലമാക്കിക്കൊണ്ട് അധികാരത്തിനും പൗരോഹിത്യത്തിനും വേണ്ടി കുബുദ്ധികള്‍ സത്യക്രിസ്തുമതം വിഭിന്നമാക്കി കൈയാളുകയാണ്. താങ്കള്‍ ചെന്നുപെട്ടത് ആ കൂട്ടരിലേക്കാണ്. താങ്കള്‍ അന്വേഷിക്കുന്ന സത്യങ്ങളൊന്നും മറ്റു സഭകളില്‍നിന്നും ലഭിക്കില്ല. യഥാര്‍ഥ സത്യങ്ങളും വിശ്വാസവും ആരാധനയുമെല്ലാം ലോകത്ത് മികച്ചുനില്‍ക്കുന്ന ഏകസഭ ഞങ്ങളുടെ ഐ.പി.സിയാണ്. നേരായമാര്‍ഗം, സത്യമാര്‍ഗം. താങ്കള്‍ ഞങ്ങളുടെ സഭയില്‍ ചേരൂ. എന്തു പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരമുണ്ട്.'

ഒരു മണിക്കൂറോളം സമയം സംസാരിച്ചു പിരിയുമ്പോള്‍ അഞ്ചു മിനിട്ട് എന്റെ കുടുംബത്തിനുവേണ്ടി അവര്‍ പ്രാര്‍ഥിച്ചു. സ്വര്‍ഗസ്ഥനായ പിതാവില്‍ എന്റെ കുടുംബത്തെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയും പാസ്റ്ററന്മാരുടെ കണ്ണില്‍നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണീരുമെല്ലാം കൂടി ശോകമയമായ അന്തരീക്ഷം! ഒരു പിടിവള്ളി കിട്ടിയ ആവേശത്തോടെ ഞാന്‍ അവരില്‍ ആകര്‍ഷിച്ചു ലയിച്ചുചേര്‍ന്നു.

തുടര്‍ന്നുള്ള വെള്ളിയാഴ്ചദിവസങ്ങളില്‍ രണ്ടു പാസ്റ്റര്‍മാരും 7 കിലോമീറ്റര്‍ ദൂരം കൊടുംവനത്തില്‍ കൂടി നടന്ന് എന്റെ വീട്ടില്‍ വരാന്‍ തുടങ്ങി. ആദ്യ ആഴ്ചകളില്‍ ഞാനും കുടുംബവും (6 അംഗങ്ങള്‍). പിന്നീട് സഹോദര കുടുംബങ്ങള്‍. ആഴ്ചകള്‍ കഴിയുംതോറും കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചുവന്നു. പാട്ടും കൈയടിയും ആകര്‍ഷക പ്രസംഗങ്ങളും തിമിര്‍ത്തടിച്ചു കൊഴുക്കുകയാണ്.

സംശയ നിവാരണത്തിനുള്ള അവസരം ലഭിക്കാതെ മാസങ്ങള്‍ കഴിഞ്ഞുപോയി. എന്റെ വീട് ഒരു ക്രിസ്ത്രീയ ദേവാലയമായി വാഴുകയാണ്. ബൈബിള്‍ പഴയനിയമം ഉല്‍പത്തി പുസ്തകം വായിച്ചു ഒരു കീറാമുട്ടി ഉടക്ക് രൂപപ്പെട്ടത് നിവൃത്തിയാക്കാന്‍ വേണ്ടി, അടുത്തയാഴ്ച ആരാധന തുടങ്ങുന്നതിനു മുമ്പ് ഞാന്‍ സംശയം ചോദിച്ചു.

ചോ: 'ആദാമിന്റെ ആകെയുള്ള രണ്ടു ആണ്‍മക്കള്‍; കായേനും ആവേലും. കായേന്‍ കൃഷിക്കാരനുംആവേല്‍ ആട്ടിടയനും. രണ്ടുപേരും ദൈവത്തിനു ബലിയര്‍പ്പിച്ചു. ചീഞ്ഞളിഞ്ഞ, ഉപയോഗശൂന്യമായ ഫലവസ്തുക്കള്‍ കായേന്‍ ബലിയായി സമര്‍പ്പിച്ചു. ആയേന്‍ തന്റെ ആട്ടിന്‍പറ്റത്തില്‍നിന്നും ഏറ്റവും ദൃഢമായ, കൊഴുത്ത, ഭംഗിയുള്ള മൃഗത്തെ ബലിയര്‍പ്പിച്ചു. ദൈവം രണ്ടാമനില്‍ പ്രസാദിച്ചു. ഇതില്‍ അസൂയയും കലിയും പൂണ്ട ജ്യേഷ്ഠന്‍ തന്ത്രപൂര്‍വം അനുജനെ വയലിലേക്കു വിളിച്ചുകൊണ്ടുപോയി കല്ലുകൊണ്ട് തലയില്‍ ഇടിച്ചു കൊന്നുകളഞ്ഞു. സംഭവം അറിഞ്ഞ ദൈവം കോപിഷ്ഠനായി. ഈ ദേശം വിട്ടുപോകാന്‍ കായേനോടു ആജ്ഞാപിക്കുകയും ചെയ്തു. കായേന്‍ ആ ദേശം വിട്ടുപോയി. നോദ് എന്ന ഗ്രാമത്തില്‍ പോയി രാപാര്‍ത്തു. തന്റെ ഭാര്യയെ പരിഗ്രഹിച്ചു. അവള്‍ ഗര്‍ഭം ധരിച്ചു; സന്താനപരമ്പര ഉണ്ടാകുന്നു. ആവേന്‍ മരിച്ചശേഷം ഭൂമിയില്‍ ആകെ മൂന്നുപേരേയുള്ളൂ. വേറെ ആരെയും ദൈവം സൃഷ്ടിച്ചിട്ടുമില്ല. പിന്നെ കായേന്‍ രാത്രിയില്‍ ഇണചേര്‍ന്ന സ്ത്രീ ആരാണ്? എവിടെനിന്നും വന്നു?'

ഉ: 'അതു പഴയനിയമത്തിലെ പഴങ്കഥയാണ്. യേശുവിന്റെ വരവോടുകൂടി പഴയതെല്ലാം അസ്ഥിരപ്പെട്ടുപോവുകയും പുതിയനിയമം ബൈബിള്‍ നിലവില്‍ വരികയും ചെയ്തു. പഴയതൊന്നും പഠിക്കുകയോ വിശ്വസിക്കുകയോ വേണ്ട.'

അന്നത്തെ ആരാധനയില്‍ പാസ്റ്റര്‍മാര്‍ രണ്ടും അതിശക്തമായ പ്രാര്‍ഥനയാല്‍ കൊടുമ്പിരികൊണ്ട്, അന്യഭാഷയില്‍ (മറുഭാഷ) സംസാരിച്ചു. വേലന്മാര്‍ തുള്ളുന്നതുപോലെ ഉറഞ്ഞുതുള്ളിക്കൊണ്ട് എന്റെ ഭാര്യയുടെ തലയില്‍ ഇരുകൈകളും അമര്‍ത്തിവച്ച് സഭാഅംഗങ്ങളോട് പ്രഖ്യാപിച്ചു:

'ഈ സഹോദരിക്ക് പരിശുദ്ധാത്മാവിന്റെ കൃപാവരം ലഭിച്ചിരിക്കുന്നു. ഹോ... ഹല്ലേലുയ്യാ... സ്‌തോത്രം...സ്‌തോത്രം... ഹോ... ങാ... ഭാഗ്യം ലഭിച്ചവള്‍. പരിശുദ്ധാത്മാവിന്റെ കൃപാവരം എല്ലാവര്‍ക്കും ലഭിക്കില്ല.'

എന്നെ നോക്കി അയാള്‍ പറയുകയാണ്: 'സഹോദരാ, ദൈവത്താല്‍ തിരഞ്ഞെടുത്തവന്‍, ആമേന്‍... ആേമന്‍, സ്‌തോത്രം... ഹല്ലേലുയ്യാ...ഞങ്ങള്‍ക്കോ ഞങ്ങളുടെ ഭാര്യമാര്‍ക്കോ ഇതുവരെ ലഭിക്കാത്ത വരദാനം ഈ സഹോദരന്റെ ഭാര്യക്കു ലഭിച്ചതില്‍ എല്ലാവരും സന്തോഷിപ്പിന്‍, ആര്‍ത്തുല്ലസിക്കിന്‍... ഹല്ലേലുയ്യ, സ്‌തോത്രം.'

അരമണിക്കൂറോളം നടന്ന കോലാഹലം! ഹോ, പരലോകത്തേക്കു പറന്നുപോകുകയാണോ എന്നു പോലും തോന്നിപ്പോയി. ഭാര്യയോ അഭിമാനംപൂണ്ടു നിര്‍വൃതിയില്‍ മുറിക്കുള്ളില്‍ ഇരുന്നു തുള്ളുകയും ആടിയുലയുകയുമാണ്. സഭാ അംഗങ്ങള്‍ 'സ്‌തോത്രം, സ്‌തോത്രം, ഹല്ലേലുയ്യാ' എന്ന് ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ടു പ്രോല്‍സാഹനം നല്‍കുകയുമാണ്.

പരിശുദ്ധാത്മാവിന്റെ പ്രഖ്യാപനം തീര്‍ന്നില്ല. അടുത്ത മുന്നറിയിപ്പ്: 'സഹോദരീ, നിങ്ങളെ തിരഞ്ഞെടുത്തത് വെറുതെയല്ല. ഇനിയും ജോലിയുണ്ട്. ഇനിമുതല്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും യേശുവിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുകയും വേണം. സഹോദരിക്കു ലഭിച്ചിരിക്കുന്ന കൃപാവരം ചെറുതൊന്നുമല്ല. രോഗശാന്തിയുണ്ട്. ഏതു രോഗികള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചാലും ഉടന്‍ സൗഖ്യം ലഭിക്കും. വീഴ്ചവരുത്തിയാല്‍ നിങ്ങളുടെ കുടുംബത്തിനു നാശം.'

അട്ടഹാസവും ബഹളവും കേട്ട് അയല്‍വാസികള്‍ വന്നു. എന്താ പ്രശ്‌നമെന്ന് അന്വേഷിച്ചു. രംഗം വീക്ഷിച്ചു നിന്ന ഞാന്‍ അന്തംവിട്ടുപോയി. ഭാര്യയിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവേശനം, ഭവന സന്ദര്‍ശനം, സന്ദേശമെത്തിക്കല്‍... എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ അങ്കലാപ്പ്. ഭാര്യക്ക് അത്ഭുതസിദ്ധി ലഭിച്ചതില്‍ മറ്റു സ്ത്രീകള്‍ക്കെല്ലാം ഭാര്യയില്‍ അത്ഭുതവും ആരാധനയും ഉണ്ടായി.

ഗത്യന്തരമില്ലാതെ അടുത്ത ദിവസം മുതല്‍ ഭവന സന്ദര്‍ശനത്തിനിറങ്ങി. ഒരു വീട്ടില്‍ പോയി പ്രബോധനവും പ്രാര്‍ഥനയുമെല്ലാം കഴിഞ്ഞു മടങ്ങിവരവെ ഞാന്‍ ഭാര്യയോടു ചോദിച്ചു:

'എടീ, ഈ പരിശുദ്ധാത്മാവ് നിന്നില്‍ പ്രവേശിക്കുന്നത് എങ്ങനെയാ? എന്താണു അനുഭവപ്പെടുന്നത്.'

ഭാര്യ: 'എനിക്കൊന്നും അറിയില്ല. എല്ലാവരും കൂടി കൈയടിച്ചു പാട്ടുപാടി ഉച്ചത്തിലാക്കുമ്പോള്‍ തലക്ക് ഒരു മന്ദത അനുഭവപ്പെടും. അപ്പോള്‍ അറിയാതെ തന്നെ സുബോധം മയങ്ങി ശരീരം ഉലഞ്ഞാടാന്‍ തുടങ്ങും. അല്ലാതെ പരിശുദ്ധാത്മാവ് ഏതിലേയാ വരുന്നതും ശരീരത്തില്‍ കയറുന്നതും എന്നൊന്നും ഞാന്‍ കണ്ടിട്ടില്ല.'

ഭാര്യയും ഒരു പ്രതീക്ഷതരുന്ന മറുപടി നല്‍കിയില്ല. ഒരു കാര്യം ഉറപ്പിച്ചു; ബൈബിള്‍ നന്നായി പഠിക്കുക. മിനക്കെട്ടിരുന്നു പഠനം തുടങ്ങി. പലതവണ ആവര്‍ത്തിച്ചു വായിച്ചു. അതോടെ പഴയതിലേറെ സംശയങ്ങള്‍ പൊങ്ങിവരാന്‍ തുടങ്ങി.

അടുത്തയാഴ്ച പാസ്റ്റര്‍മാരോട് പറഞ്ഞു: 'എനിക്ക് ക്രിസ്തുമതവും ബൈബിളും സംബന്ധിച്ചു പല തെറ്റുധാരണകളും സംശയങ്ങളുമുണ്ട്. അതു പരിഹരിച്ചുതരാമെന്ന വ്യവസ്ഥപ്രകാരമാണു നാം ലയിച്ചു പ്രവര്‍ത്തിക്കുന്നത്. ഇന്നു സഭപിരിഞ്ഞശേഷം നമുക്കു ചര്‍ച്ചചെയ്യണം.' അവര്‍ സമ്മതിച്ചു.

1994ലാണ് ഇത്. ഇതിനിടയില്‍ മറ്റു സഭാഅംഗങ്ങളുമായി മറ്റു ചില ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രണ്ടുമൂന്നു വര്‍ഷമായി എന്റെ വീട്ടില്‍ നടന്നുവരുന്ന ആരാധന മാറ്റണം. സ്ഥലം വാങ്ങി ചെറിയപള്ളി വച്ചു മാറണം. എനിക്കും സമ്മതമാണ്.

അന്നത്തെ സഭ പിരിഞ്ഞു. ഞാന്‍ പാസ്റ്റര്‍മാരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. വേണ്ട എന്നായിരുന്നു മറുപടി. അവര്‍ ഭക്ഷണം നിഷേധിച്ചപ്പോള്‍ എനിക്ക് അമര്‍ഷം തോന്നി.

'നിങ്ങള്‍ 7 കിലോമീറ്റര്‍ വനത്തിലൂടെ നടന്നു പത്തുമണിക്ക് ഇവിടെ വന്നതാണ്. ഇപ്പോള്‍ രണ്ടു മണിയായി. ആഹാരം കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടും നിങ്ങള്‍ ഒഴിഞ്ഞുമാറുന്നു. മൂന്നുവര്‍ഷം കഴിയുന്നു. ഇന്നേവരെ ഒരു ക്ലാസ് കാപ്പിപോലും കഴിച്ചിട്ടില്ല.'

'സഹോദരാ, അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, പ്രതിഫലം പറ്റാതെ, ത്യാഗംസഹിച്ചു വേണം ദൈവവചനം ജനങ്ങളിലെത്തിക്കാന്‍. ഞങ്ങള്‍ സഹിക്കുന്ന വിശപ്പിനു കൂലി സ്വര്‍ഗത്തിലാണ്.'

'അല്ല. ശരിയല്ല. ഞാന്‍ ഒരു ആദിവാസി വിഭാഗമായതുകൊണ്ടുള്ള ഐത്തമാണ് ഇതിനു കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

'അയ്യോ! അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. പോട്ടെ, നമുക്കു വിഷയത്തിലേക്കു കടക്കാം.

'ശരി.'

ചോ: 'യേശു ആരാണ്?'

ഉ: 'ദൈവവും ദൈവപുത്രനും.'

ചോ: 'പരിശുദ്ധാത്മാവ് ആരാണ്.'

ഉ: 'യേശു.'

ചോ:''പിതാവ് ആരാണ്?'

ഉ: 'യേശു.'

ചോ: 'ഒരാള്‍ക്ക് മൂന്ന് അസ്തിത്വം! മൂന്നു റോളിലും ഒരാള്‍തന്നെയല്ലേ?'

ഉ: 'അതെ.'

ചോ: 'ദൈവം എന്തിനു ഭൂമിയില്‍ വന്നു?'

ഉ: 'മനുഷ്യരുടെയെല്ലാം പാപം പരിഹരിക്കുന്നതിനുവേണ്ടി മനുഷ്യാവതാരം എടുത്ത് മനുഷ്യനായി മനുഷ്യരുടെ ഇടയില്‍ ദൈവിക നിയമപ്രമാണങ്ങള്‍ പ്രബോധനം ചെയ്തു പൂര്‍ത്തീകരിച്ചു. കുരിശിലേറി രക്തംചിന്തി പാപങ്ങളെല്ലാം പരിഹരിച്ച് മരിച്ചു. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ സിംഹാസനത്തിലേക്ക് മടങ്ങി.'

ചോ: 'ഈ കാണുന്ന മഹാപ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു സംരക്ഷിച്ചു നിലനിര്‍ത്തുന്ന ഏകദൈവം പാപപരിഹാര കര്‍മമായി സ്വയം ക്രൂരമരണത്തിനു വിധേയമാകുന്നു. ഈ സംഭവം എനിക്കു തീരെ വിശ്വസിക്കാനും സമ്മതം മൂളാനും കഴിയില്ല.'

ഉ: 'ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചചെയ്തു ദൈവനാമം വെറുതെ കളങ്കപ്പെടുത്തരുത്. ഇന്നത്തെ ചര്‍ച്ച അവസാനിപ്പിക്കാം. ഞങ്ങള്‍ ബൈബിള്‍ കോളേജില്‍ പഠിച്ച പണ്ഡിതന്‍മാരൊന്നുമല്ല. അടുത്ത ആഴ്ച വരുമ്പോള്‍ സഹോദരന്റെ ഏതു സംശയങ്ങളും പരിഹരിക്കപ്പെടുന്ന ഒന്നോ രണ്ടോ പണ്ഡിതന്‍മാരെ കൂടി കൊണ്ടുവരാം.'

'ശരി, അങ്ങനയാവട്ടെ.'

നിരാശാ മുഖഭാവത്തോടുകൂടി മൂവരും പിരിഞ്ഞു. സംശയങ്ങള്‍ ഉപേക്ഷിച്ചു ബൈബിള്‍ വിദ്യാര്‍ഥിയായി പഠിച്ച് അടുത്ത വെള്ളിയാഴ്ചക്കു വേണ്ടി കാത്തിരുന്നു. (തുടരും)