ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

(ഭാഗം 16)

രണ്ടാഴ്ചകൊണ്ട് ഒരു ചെറിയ നമസ്കാരപ്പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പണി നടക്കുമ്പോള്‍ പലരും ചോദിച്ചു; എന്താണ് പണിയുന്നത്, പള്ളിയോ മറ്റോ ആണോ എന്നൊക്കെ. ഒരു കൊച്ചുവീടാണെന്നു പറഞ്ഞു.

അടുത്ത ലക്ഷ്യം ഒരു മൈക്ക് സെറ്റ് സംഘടിപ്പിക്കുക എന്നതായിരുന്നു. പലരെയും രഹസ്യമായി സമീപിച്ചു; രക്ഷയുണ്ടായില്ല. അവസാനം കട്ടയും സിമന്‍റും സംഭാവന ചെയ്ത വ്യക്തിയെ വിളിച്ചു. അദ്ദേഹം എരുമേലി വലിയ പള്ളിയിലെ കമ്മിറ്റി അംഗമാണ്. ആലോചിച്ചു പറയാം എന്നായിരുന്നു മറുപടി.

ഇതിനോടകം ഇസ്ലാം സ്വീകരിച്ച പത്തു കുടുംബങ്ങള്‍ കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലും ഞെരിഞ്ഞമര്‍ന്നു. യാതൊരു തൊഴിലുമില്ല. ഇതില്‍ ഒന്‍പതു കുടുംബത്തിന്‍റെയും ഏക വരുമാനമാര്‍ഗം വനത്തില്‍ വ്യാജവാറ്റും ചാരായം വില്‍പനയുമായിരുന്നു. ഇസ്ലാമിലായതോടെ ഈ വഴി അടഞ്ഞു. മതം മാറിയതിന്‍റെ പേരില്‍ പലര്‍ക്കും കൂലിപ്പണിപോലും നിഷേധിക്കപ്പെട്ടു. ദാരിദ്ര്യം സഹിക്കവയ്യാതെ രണ്ടു കുടുംബങ്ങള്‍ പഴയതിലേക്ക് മടങ്ങിപ്പോയി.

ഒരാഴ്ച പിന്നിട്ടു. പഴയ ഒരു മൈക്ക്സെറ്റും അനുബന്ധ സാധനങ്ങളും അയാള്‍ തരാമെന്നേറ്റു. ഇതു പരസ്യമായി ഊരിലെത്തിക്കുക എന്നത് അപകടമാണ്. രാത്രിയില്‍ തലച്ചുമടായി എത്തിച്ചു. ഫിറ്റിംഗ് സുലൈമാന് അറിയാമായിരുന്നതിനാല്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. രാത്രിയില്‍ തന്നെ കോളാമ്പികള്‍ പ്ലാവിന്‍റെ മുകളില്‍ കെട്ടി. ഫിറ്റിംഗ്സ് എല്ലാം പൂര്‍ത്തീകരിച്ചു.

കോളനിയില്‍ ഒരു മുസ്ലിം പള്ളി ഉയര്‍ന്നു എന്നറിയുമ്പോള്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങള്‍ എല്ലാവരെയും ആശങ്കയിലാക്കി. 1985ല്‍ ഏതാനും ക്രൈസ്തവ വിശ്വാസികള്‍ ഇവിടെ ആരാധനക്കായി ചെറിയൊരു പള്ളിഷെഡും കുരിശും സ്ഥാപിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അത് ഊരുവാസികള്‍ ചേര്‍ന്ന് അടിച്ചുപൊളിച്ചു നശിപ്പിച്ചുകളഞ്ഞു. പോലീസ് കേസായി. കേസ് തീര്‍പ്പുകല്‍പിച്ചത് ഇപ്രകാരം:

'ആദിവാസികളുടെ സങ്കേതത്തില്‍ അവരുടെ ആചാരത്തിനും വിശ്വാസത്തിനും എതിരായി, യാതൊരു മതവിശ്വാസത്തിനും സ്ഥാപനത്തിനും അനുവാദം നല്‍കുവാന്‍ പാടില്ല.'

ഇതു ഞങ്ങളെയും ബാധിക്കില്ലേയെന്നുള്ള ഉള്‍ഭയം ശരിക്കും ഉണ്ടായിരുന്നു. അല്ലാഹു കാര്യങ്ങള്‍ നിയന്ത്രിക്കട്ടെ. അടിയുറച്ച വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ബാപ്പയോടും ഉമ്മയോടും അനുവാദം ചോദിച്ചു. പള്ളിയില്‍ കയറി; നുറുങ്ങുന്ന ഹൃദയത്തോടും ഒഴുകുന്ന ചൂടുകണ്ണീരോടും രണ്ടുറക്അത്ത് നമസ്കരിച്ചു, പ്രാര്‍ഥിച്ചു: "അല്ലാഹുവേ, ബലഹീനരും ദരിദ്രരും നിരാശ്രയരുമായ ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതിന്‍റെ പിന്നില്‍ വരാന്‍ പോകുന്നത് എന്തൊക്കെയെന്ന് ഞങ്ങള്‍ക്കറിയില്ല. നിനക്കു മാത്രമെ എല്ലാം അറിയുകയുള്ളൂ. ഹൃദയത്തിന്‍റെ മിടിപ്പുപോലും നിയന്ത്രിക്കുന്നവനും എത്രയെന്നു കൃത്യമായി അറിവുള്ളവനും ഏകനായ നീ മാത്രമാണ്. നാഥാ, ഏകസത്യത്തിന്‍റെ മാറ്റൊലി, കൊടുംവനത്തിനുള്ളില്‍ അടിയന്‍ വിളിച്ചോതുകയാണ്. കലാപങ്ങളും രക്തച്ചൊരിച്ചിലുമില്ലാതെ ലോകാവസാനംവരെ ബാങ്കുവിളി ഇവിടെ നിലനിര്‍ത്തേണമേ..."

മനസ്സിലും ശരീരത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന സകല വിഭ്രാന്തികളെയും നിയന്ത്രിച്ചുകൊണ്ട് ബാങ്കുവിളിച്ചു...

'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍...'

1998 ആഗസ്റ്റ് 5, തിങ്കളാഴ്ച ദിവസം അസ്വ്ര്‍ ബാങ്കിന്‍റെ ശബ്ദം വനത്തില്‍ പ്രകമ്പനമുണ്ടാക്കി. ആ ശബ്ദം കോളനിക്കുള്ളിലും പരിസരഗ്രാമത്തിലുമുള്ള ഓരോ കാതുകളിലുമെത്തി. നായ്ക്കള്‍ കൂട്ടത്തോടെ ഓലിയിട്ടു നാനാഭാഗത്തേക്കും ചിതറിയോടി. കെട്ടിയിട്ടിരുന്ന ചില മൃഗങ്ങള്‍ കയര്‍ പൊട്ടിച്ചുകൊണ്ടോടി. എന്തോ കുഴപ്പം സംഭവിക്കുന്നു! ജനങ്ങള്‍ പരിഭ്രാന്തരായി.

മഗ്രിബ്, ഇശാഅ് ബാങ്കുകൂടിയായപ്പോള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു; ആ പണിതത് ഒരു മുസ്ലിം പള്ളിയായിരുന്നുവെന്ന്. അടുത്തുള്ള ചാത്തന്‍തറ ജമാഅത്ത് പള്ളിക്കാര്‍ അന്തംവിട്ടു. ഇത് എങ്ങനെ സംഭവിച്ചു? ഇവന്‍മാര്‍ക്ക് പള്ളിപണിയാനും മൈക്കു വാങ്ങാനും എവിടെനിന്നാ പണം കിട്ടിയത്? ആരാ സഹായിച്ചത്? ഇനിയും എന്തെല്ലാം പ്രശ്നങ്ങള്‍ നമ്മുടെയൊക്കെ തലയില്‍ വന്നുകേറും? പള്ളി വേണ്ടെന്നു പറഞ്ഞത് അവന്‍മാര്‍ കേട്ടില്ല അല്ലേ!

കമ്മിറ്റിക്കാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോള്‍ ഉസ്താദ് പറഞ്ഞു: 'ഇതിന്‍റെ പേരില്‍ നിങ്ങളാരും ഭിന്നതയുണ്ടാക്കേണ്ട. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നത് എനിക്കും അറിയില്ല. അല്ലാഹുവിന്‍റെ ഭവനം എവിടെ എപ്പോള്‍ ഉയരണം എന്നൊക്കെ തീരുമാനിക്കുന്നത് അല്ലാഹുവാണ്. നമ്മുടെ ഉപദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഒരു ചെറിയ സംഘം ഇത്ര ധൃതിയില്‍ പള്ളി നിര്‍മിച്ച് ബാങ്കും നമസ്കാരവും തുടങ്ങിയെങ്കില്‍ അതിന്‍റെ പിന്നില്‍ എന്തോ ദൃഷ്ടാന്തമുണ്ട്. വരുന്നതെന്തും അവര്‍ തന്നെ നേരിട്ടുകൊള്ളും. നിങ്ങളാരും അതില്‍ ഇടപെടേണ്ട."

മൂന്നു നേരത്തെ ബാങ്കുവിളി കഴിഞ്ഞു. രാത്രിയില്‍ എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ഞങ്ങളെല്ലാം ഉറക്കമിളച്ച് പള്ളിയില്‍ കഴിഞ്ഞു.

ആദിവാസി കോളനിയില്‍ മുസ്ലിം പള്ളിയും ബാങ്കുവിളിയും! വാര്‍ത്ത നാടെങ്ങും പ്രചരിക്കുകയായി. കൊച്ചുമലവേലനും (അമ്മാവന്‍) ചില ബന്ധുക്കളും ഉറഞ്ഞുതുള്ളി.

നാനാഭാഗത്തുനിന്നും തീവ്രഹൈന്ദവ പ്രവര്‍ത്തകര്‍ കോളിനിയിലേക്ക് ഒഴുകാന്‍ തുടങ്ങി. ചര്‍ച്ചകള്‍ നടത്തി. പരാജയപ്പെട്ടപ്പോള്‍ വധഭീഷണിയായി.

നേതാക്കളോടും പ്രവര്‍ത്തകരോടും ഞാന്‍ പറഞ്ഞു നോക്കി: "ഞങ്ങള്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഞങ്ങളെ വെറുതെ വിട്ടേക്കൂ."

സുലൈമാന്‍ കര്‍ക്കശ രൂപത്തില്‍തന്നെ പറഞ്ഞു: 'ഒരു പ്രാവശ്യം ഞങ്ങള്‍ക്ക് മര്‍ദനമേറ്റു. ഇനി അടിച്ചാല്‍ തിരിച്ചടിക്കും.' അവനെയും കാര്യങ്ങള്‍ പറഞ്ഞു പിന്തിരിപ്പിച്ചു.

എപ്പോള്‍ വേണമെങ്കിലും ഒരു കടന്നാക്രമണം ഉണ്ടാകും എന്ന ഉറപ്പില്‍ കഴിയുന്ന സമയം. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഇളയ മകന്‍ (യൂസഫ്) സ്കൂള്‍ വിടുന്ന സമയത്തിനുമുമ്പ് ഓടിക്കിതച്ചു വീട്ടിലെത്തി. മകന്‍റെ കിതപ്പും പേടിയും കണ്ട് ഞാന്‍ കാരണം തിരക്കി.

"ഇന്നു രാത്രി ബാപ്പച്ചിയെ കൊല്ലും" ഭയത്തോടെ അവന്‍ പറഞ്ഞു.

"നിന്നോടിത് ആരാ പറഞ്ഞത്?"

"എന്‍റെ കൂട്ടുകാരന്‍."

"അവന്‍ നിന്നോട് എന്തൊക്കെയാ പറഞ്ഞത്?"

"ഇന്നലെ രാത്രി അവരുടെ വീട്ടില്‍ മൂന്നുപേര്‍ വന്നുവത്രെ. വന്നവരും അച്ഛനും കൂടി പറയുന്നത് അവന്‍ കേട്ടു; ഇന്ന് ബാപ്പച്ചിയെ കൊല്ലുമെന്ന്. നമ്മുടെ പള്ളി പൊളിച്ചുകളയുമെന്നും അവന്‍ പറഞ്ഞു. ഇതു പറയാന്‍ വേണ്ടി ഞാന്‍ സ്കൂള്‍ വിടും മുമ്പ് കളിക്കാന്‍ വിട്ടപ്പോള്‍ ആരും കാണാതെ പുസ്തകമെടുത്ത് ഒറ്റക്ക് ഓടിപ്പോന്നതാ. നമുക്ക് എങ്ങോട്ടെങ്കിലും ഇപ്പോള്‍ത്തന്നെ പോകാം ബാപ്പച്ചീ. എനിക്കു പേടിയാ..."

"മോന്‍ പേടിക്കുകയൊന്നും വേണ്ടാ. ഒന്നും സംഭവിക്കില്ല. അല്ലാഹു നമ്മളെ രക്ഷിക്കും" ഞാന്‍ അവനെ ആശ്വസിപ്പിച്ചു.

സന്ധ്യ കഴിഞ്ഞപ്പോള്‍ ഇളയ സഹോദരിയുടെ ഭര്‍ത്താവ് വളരെ രഹസ്യമായി എന്നെ വന്നു വിളിച്ചു. എന്നോട് അവന് കടുത്ത വൈരാഗ്യവും, പിണക്കവും ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിച്ചില്ല.

"ഞാന്‍ ഒരു വിവരം പറയാനാ വിളിച്ചത്. എന്തു പിണക്കമുണ്ടെങ്കിലും നിങ്ങളുടെ സഹോദരി എന്‍റെ ഭാര്യയായതുകൊണ്ടു മാത്രമാണ് ഞാന്‍ വന്നത്. ഞാന്‍ പറയുന്ന വിവരം പുറത്തു പറയരുത്. അറിഞ്ഞാല്‍ എന്‍റെ തലപോകുന്ന കേസാ..."

"ഇല്ല, സത്യമായിട്ടും ഞാന്‍ ആരോടും പറയില്ല. എന്താണ് പ്രശ്നം?"

"ഇന്ന് ഇവിടെ കിടക്കരുത്. അധികം രാത്രിയാകുന്നതിനുമുമ്പ് സുരക്ഷിതമായ എങ്ങോട്ടെങ്കിലും പോകണം. കുറെ കാലത്തേക്ക് നിങ്ങള്‍ ഇവിടുന്നു പോകുന്നതാ കൂടുതല്‍ നല്ലത്. പിള്ളേര്‍ക്ക് അച്ഛനുണ്ടാകണമെങ്കില്‍..."

"എന്താണ് കാരണം?"

"അതു ഞാന്‍ പറയാതെ അറിയത്തില്ലേ? പ്രശ്നം നിങ്ങള്‍ പിടിക്കുന്നിടത്തു നിക്കില്ല കേട്ടോ. ഞാന്‍ പോകുവാ..."

രഹസ്യവാര്‍ത്തയറിഞ്ഞ മാതാപിതാക്കളും ഭാര്യയും കുട്ടികളും ഭയന്നുവിറച്ചു. ആരും ഭക്ഷണം പോലും കഴിക്കുന്നില്ല. എല്ലാവരോടുമായി ഒരു മുന്നറിയിപ്പും ആശ്വാസവാക്കും എന്നോണം ഞാന്‍ പറഞ്ഞു: "ഇന്ന് ഒരു ചുക്കും സംഭവിക്കില്ല. അല്ലാഹു അറിയാതെ ഒരു ഉറുമ്പുപോലും ജനിക്കില്ല; മരിക്കില്ല. അഥവാ വല്ലതും സംഭവിച്ചാല്‍ അത് അല്ലാഹുവിന്‍റെ അറിവോടും സമ്മതത്തോടും കൂടിയാണെന്നു വിശ്വസിച്ചു സമാധാനിക്കണം. സമയം പത്തുമണിയായി. നിങ്ങള്‍ ധൈര്യമായി കിടന്ന് ഉറങ്ങിക്കൊള്ളുക."

ജീവനും ജീവിതവും ഉടമസ്ഥനില്‍ ഭരമേല്‍പിച്ചുകൊണ്ട് ഞാനും കിടന്നുറങ്ങി. സമയം രാത്രി ഒരു മണിയായിട്ടുണ്ടാകും. ആരോ കതകില്‍ ശക്തിയായി മുട്ടുന്നു.  

ഞാന്‍ എഴുന്നേറ്റു വാതില്‍ക്കല്‍ ചെന്നു: "ആരാ.. ആരാ...?"

"തുറക്കെടോ വാതില്‍. ഞങ്ങള്‍ പോലീസുകാരാണ്."

ചതിയാണോ എന്നറിയില്ല. രണ്ടും കല്‍പിച്ച് ഞാന്‍ വാതില്‍ തുറന്നു. ബാഗും തോളിലിട്ടുകൊണ്ട് രണ്ടു പോലീസുകാര്‍.

"എന്താണു സാര്‍ പാതിരാത്രിയില്‍?"

"നിനക്കൊക്കെ എന്തു തോന്ന്യാസവും കാണിക്കാം. ഞങ്ങളാ കഷ്ടപ്പെടുന്നത്. എത്ര ദൂരം നടന്നാ വന്നതെന്നറിയുമോ?"

ഞാന്‍ ഒന്നും മിണ്ടിയില്ല. കുടിക്കാന്‍ എന്തെങ്കിലും വേണം എന്നായി. ഞാന്‍ പച്ചവെള്ളം എടുത്തുകൊടുത്തു. അവര്‍ പെട്ടെന്നു വെളിയിലിറങ്ങി. വീടിനു ചുറ്റും ടോര്‍ച്ചടിച്ചു കറങ്ങിനടന്നു. തിരിച്ചുവന്നു ചോദിച്ചു:

"എവിടെയാ നിങ്ങള്‍ പള്ളി വച്ചിരിക്കുന്നത്?"

കാണിച്ചുകൊടുക്കാന്‍ ഞാന്‍ ഇറങ്ങിയപ്പോള്‍ 'വേണ്ട, താന്‍ വരേണ്ട. സ്ഥലം പറഞ്ഞാല്‍ മതി' എന്നായി. സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു. അധികദൂരമില്ല; വീടിനടുത്താണ്.

എന്നോട് അകത്തുകയറി വാതില്‍ അടക്കാന്‍ പറഞ്ഞു. 'ഞങ്ങളല്ലാതെ ആരു വിളിച്ചാലും വാതില്‍ തുറക്കരുത്' എന്ന് കര്‍ശനമായി പറഞ്ഞ് അവര്‍ പള്ളി ലക്ഷ്യമാക്കി നടന്നു.

പള്ളിക്കു സമീപത്ത് ആരോടോ ദേഷ്യപ്പെടുന്നതും വാഗ്വാദം നടക്കുന്നതുമായി ബോധ്യപ്പെട്ടു. പക്ഷേ, മുറിക്കുള്ളിലായതിനാല്‍ ഒന്നും വ്യക്തമല്ല. ഈ സമയം വീട്ടില്‍ എല്ലാവരും ഉണര്‍ന്നു. എന്തോ അനിഷ്ടസംഭവം നടക്കുന്നതായ പ്രതീതി.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ തിരിച്ചുവന്നു.  

"എന്താണു സാര്‍? എനിക്കൊന്നും മനസ്സിലായില്ല."

"മനസ്സിലാക്കിത്തരാം. നിങ്ങള്‍ വച്ചിരിക്കുന്ന പള്ളിയും അതിനുള്ളിലെ മൈക്കും എല്ലാം രാവിലെ തന്നെ പൊളിച്ചു മാറ്റിക്കോണം."

"എന്തിനാണു സാര്‍? വ്യക്തമായി പറയൂ."

"എടോ, ഞങ്ങള്‍ കൃത്യസമയത്തു വന്നില്ലായിരുന്നെങ്കില്‍ താനും തന്‍റെ കുടുംബത്തിലെ ഒരെണ്ണംപോലും ജീവനോടെ കാണില്ലായിരുന്നു. ഏതാനും മിനുട്ടുകള്‍ക്കുള്ളിലാ നീയൊക്കെ രക്ഷപ്പെട്ടത്. താന്‍ ആരുടെ പ്രേരണ പ്രകാരമാ ഇസ്ലാം മതം സ്വീകരിച്ചത്? എന്തിനാ ഈ കാടിനുള്ളില്‍ മുസ്ലിം പള്ളിവച്ച് മൈക്കില്‍കൂടി ബാങ്കുവിളിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്? എല്ലാത്തിനെയും അകത്താക്കുന്നുണ്ട്. നേരം പുലരട്ടെ."

"ഹോ...ഇസ്ലാമാണോ സാറേ ഇതിനെല്ലാം കാരണം?"

"അതെ! ഇറങ്ങിക്കോളും കുറെ തീവ്രവാദികള്‍. പാവപ്പെട്ടവന് നക്കാപ്പിച്ച കൊടുത്ത് മതംമാറ്റി രാജ്യത്തു കുഴപ്പമുണ്ടാക്കാന്‍."

"സാര്‍, നിജസ്ഥിതിയറിയാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയികരുത്. ഞാന്‍ ഇപ്പോള്‍ എന്തു ചെയ്യണം? അത് പറയൂ സാര്‍."

"ഒന്നും ചെയ്യേണ്ട ആവശ്യം വേണ്ടിവരില്ല."

ഈ സമയത്ത് അവര്‍ക്ക് കട്ടന്‍കാപ്പി കൊടുത്തു.

"സാര്‍, സമയം മൂന്നു മണിയായി. ഉറക്കം വരുന്നു. കിടന്നാല്‍ കൊള്ളാമായിരുന്നു. ഇവിടെ മാതാപിതാക്കളും കുട്ടികളുമെല്ലാം ഉണ്ട്. നിങ്ങള്‍ക്കു കൂടി കിടന്നുറങ്ങാനുള്ള സൗകര്യം ഇല്ല. മടങ്ങിപ്പോകുകയോ, മറ്റെന്തെങ്കിലും സൗകര്യം നിങ്ങള്‍ കണ്ടെത്തുകയോ ചെയ്യണം."

പോലീസുകാര്‍ കയര്‍ത്തു: "എടോ തന്നെ തീര്‍ക്കാനുള്ള പദ്ധതിയാ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.  ഞങ്ങള്‍ തനിക്ക് സംരക്ഷണത്തിനായി സി.ഐയുടെ അടിയന്തിര നിര്‍ദേശപ്രകാരം വന്നതാണ്."

"സര്‍, എനിക്ക് പേടിയൊന്നുമില്ല. നിങ്ങളുടെ സംരക്ഷണം ആഗ്രഹിക്കുന്നില്ല."

"എടോ, ഇന്ന് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങളാണ് സമാധാനം പറയേണ്ടത്."

"സാര്‍, മരണം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് എങ്ങനെ, എപ്പോള്‍, എവിടെവച്ച് നടക്കണം എന്ന് തീരുമാനിക്കുന്നത് ജീവന്‍റെ ഉടമസ്ഥനായ ദൈവമാണ്. സംഭവിക്കേണ്ടതു മാത്രമെ സംഭവിക്കുകയുള്ളൂ. വിധികര്‍ത്താവായ അല്ലാഹു എന്തു കല്‍പിക്കുന്നുവോ അത് നടക്കും. ഈ രാത്രിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭീകരാന്തരീക്ഷം ചിന്തിച്ച് കിടക്കയില്‍വച്ച് എനിക്ക് അറ്റാക്ക് ഉണ്ടായി മരിച്ചാല്‍ നിങ്ങളെന്തു സമാധാനം പറയും? ഇത് വനപ്രദേശമാണ്. ധാരാളം വിഷപ്പാമ്പുകളുണ്ട്. ഈ രാത്രി ഒരു പാമ്പിന്‍റെ കടിയേറ്റു ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും? ന്യായമല്ലാത്ത ഭയപ്പെടുത്തലും കൂട്ടത്തോടെ കൊല്ലുമെന്നുമുള്ള ഭീഷണിയും മുന്നറിയിപ്പുമൊന്നും സ്വീകരിക്കാനും അനുസരിക്കാനും ഞാന്‍ തയ്യാറല്ല. പിന്നെ പള്ളി, അത് എന്‍റെ അവകാശത്തില്‍പെട്ട ഭൂമിയിലാണ് ഇരിക്കുന്നത്. ആര്‍ക്കും ഒരു ഉപദ്രവവും ഇല്ല. ഞങ്ങള്‍ കുറെപേര്‍ പട്ടിണികിടന്ന്, കഷ്ടപ്പെട്ട് കെട്ടിയുണ്ടാക്കിയതാണ്. അത് പൊളിച്ചുമാറ്റുക സാധ്യമല്ല."

പോലീസുകാര്‍ എഴുന്നേറ്റ് മാറിനിന്നു പിറുപിറുത്തു: "അവന്‍റെ അഹങ്കാരം കണ്ടോ! അവന്‍ ആദിവാസിയൊന്നുമല്ല. അഹങ്കാരിയും തീവ്രവാദിയുമാണ്."

വീണ്ടും പോലീസുകാര്‍ പുറത്തിറങ്ങി. പള്ളിയും വീടും പരിസരവുമെല്ലാം നിരീക്ഷിച്ചു. പിന്നെ മടങ്ങിവന്ന് സംസാരം ആരംഭിച്ചു.

"സോമാ, നമ്മളെല്ലാം ഹിന്ദുക്കളാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. രാജ്യത്തിന്‍റെ ശത്രുക്കളായ മുസ്ലിംകളിലേക്ക് ഒറ്റ ഹിന്ദുവിനെയും അടര്‍ത്തി കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനപ്പുറം പ്രശ്നങ്ങള്‍ വഷളാകും. ഉണ്ടായ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം. വേണ്ടപ്പെട്ടവരോട് സംസാരിച്ചു പോയവരെല്ലാം സ്വന്തം മതത്തിലേക്ക് മടങ്ങിവരണം. നിങ്ങള്‍ സഹകരിക്കണം."

"സാര്‍ ഏത് ജാതിയില്‍പെടും?'

"ഈഴവ സമുദായം."

"സാറോ?"

"ഞാന്‍ ക്രിസ്ത്യാനിയാണ്."

"ക്ഷത്രിയര്‍, ബ്രാഹ്മണര്‍, നമ്പൂതിരി, നായര്‍, പട്ടര്‍ തുടങ്ങിയ ജാതിക്കാരെ സാര്‍ അറിയുമോ?"

"അറിയാം."

"അവരെല്ലാം ഹിന്ദുക്കളല്ലേ? അവരാരുമായെങ്കിലും സാറിനു സ്നേഹബന്ധമുണ്ടോ? ഹിന്ദുവായ സാറിനെ ഒരു സമസൃഷ്ടിയായി അവരാരെങ്കിലും അംഗീകരിക്കുമോ? ഒരു വിവാഹബന്ധം അറിഞ്ഞുകൊണ്ട് നടത്തിത്തരുമോ? അവരുടെ വിവാഹത്തിനോ മറ്റ് ആഘോഷങ്ങള്‍ക്കോ സാറിനെ ക്ഷണിക്കുമോ? രോഗശയ്യയില്‍ സാറിനെ വന്ന് കാണുമോ? സാറിന്‍റെ വീട്ടില്‍നിന്നും തൃപ്തിയോടെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുമോ?"

ഇതിന് ഉത്തരമില്ലായിരുന്നു! ഞാന്‍ തുടര്‍ന്നു:

"ഉള്‍ക്കാടര്‍ വിഭാഗത്തില്‍പെട്ട, മലദേവന്മാരുടെ പട്ടികയിലുള്ള, സ്ഥാനമാനങ്ങളുള്ള പുരാതന ഹിന്ദു കുടുംബാംഗങ്ങളാണ് ഞങ്ങള്‍. ഈഴവ സമുദായത്തില്‍പെട്ട സാറിന്‍റെ മകനെയോ മകളെയോ എന്‍റെ മകനുമായോ മകളുമായോ വിവാഹം നടത്താന്‍ തയ്യാറാകുമോ?"

"അത്...ചിലത് നടക്കുന്നുണ്ടല്ലോ."

"നടക്കുന്നുണ്ട്; പ്രേമവും ഒളിച്ചോട്ടവും. അല്ലാതെ നേരായ ചടങ്ങിലൂടെ നടക്കില്ല സാറേ. സംസാരത്തില്‍ നാമെല്ലാം ഹിന്ദുക്കള്‍, ഹിന്ദുരാഷ്ട്രം. പ്രവൃത്തിയില്‍ മതിലും അതിര്‍വരമ്പുകളും വിലക്കുകളും കാണ്ടലും തൊടീലും അയിത്തവും. ജാതിപ്പേരും പേറി, താണജാതിയില്‍പെട്ട ഹിന്ദുക്കള്‍ അനുഭവിക്കുന്ന പീഡനങ്ങളും വേദനയും സാറിനറിയുമോ? ഉള്ളാടര്‍, ഊരാളി, കാണി, പറയന്‍, പുലയന്‍, വേട്ടേന്‍, കുറുമന്‍, ചെറുമന്‍, മറവന്‍, മന്നാന്‍ തുടങ്ങി 78 വിഭാഗത്തില്‍പെട്ട ആദിവാസി വിഭാഗങ്ങളുണ്ട് ഇന്ത്യയില്‍. ജാതിസംവരണത്തിന്‍റെ പേരില്‍ കുറെ നക്കാപ്പിച്ച ആനുകൂല്യങ്ങളും എറിഞ്ഞുകൊടുത്ത് ഒരിക്കലും ഒരു മനുഷ്യന്‍ എന്ന പരിഗണന ലഭിക്കാതെ മര്‍ദനവും പീഡനങ്ങളും വേദനകളുമായി മരിച്ചു ജീവിക്കുന്ന കുറെ മനുഷ്യരുണ്ടിവിടെ. ഉയര്‍ന്നജാതിക്കാരന്‍റെ കിണറ്റില്‍നിന്നും കുടിവെള്ളം എടുത്തതിന് തീണ്ടിയെന്നാരോപിച്ച് ഒരു ഗ്രാമം മുഴുവന്‍ ചുട്ടെരിച്ചതും, സ്കൂള്‍വിട്ട് വീട്ടിലേക്ക് പോകുംവഴി മഴ പെയ്തപ്പോള്‍ ഉയര്‍ന്ന ജാതിക്കാരന്‍റെ കടയുടെ വരാന്തയില്‍ കയറി നിന്നതിന് പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ തീണ്ടിയെന്നാരോപിച്ച് തല്ലിക്കൊന്നുകളഞ്ഞതുമായ സംസ്കാരം പേറുന്നവരുടെ സാഹോദര്യത്തെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ല. ഇത്തരം ഭീകരവാര്‍ത്തകളും സംഭവങ്ങളും ഹൃദയമുള്ള മനുഷ്യന്‍റെ ഉള്ളിലെ ഉണങ്ങാത്ത മുറിവുകളാണ്. ദൂരേക്കൊന്നും പോകേണ്ട; രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള സ്കൂളിലേക്ക് ഈ ആദിവാസി കോളനിയില്‍നിന്നും ചെല്ലുന്ന പെണ്‍കുട്ടികളെ മറ്റുള്ള ജാതിക്കാരുടെ കുട്ടികളുമായി ഇടകലര്‍ന്നിരിക്കാന്‍ അനുവദിക്കാതെ വേറെ ബഞ്ചിലാണ് ഇരുത്തുന്നത്. താണജാതിയില്‍പെട്ട ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിച്ചു പ്രാര്‍ഥിക്കാന്‍ അവസരം ലഭിച്ചിട്ട് എത്ര കാലമായി? ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍  നേടിയെടുത്ത ഉന്നത പദവികള്‍ക്ക് കണക്കില്ല. താണജാതിയില്‍ ജനിച്ചുപോയി എന്ന കാരണത്താല്‍ അദ്ദേഹത്തിനു പോലും എത്രയോ പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഒടുവില്‍ അദ്ദേഹം ആയിരം പേരുമായി ബുദ്ധമതം സ്വീകരിച്ച സംഭവം അറിയാമല്ലോ. ഹിന്ദു മതത്തിന്‍റെ ഉള്‍ക്കാമ്പ് കുറെയൊക്കെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ആയതിനാല്‍ ഹിന്ദു ഐക്യത്തേയും സാഹോദര്യത്തെയും കുറിച്ച് പറയേണ്ടതില്ല. മറ്റു വല്ലതും സംസാരിക്കാം. ആര്‍ക്കും വേണ്ടാത്ത ആദിവാസിയായ ഞാന്‍ മതം മാറിയതിന് എന്തിനാണ് എന്നെ കൊല്ലാന്‍ ചിലര്‍ ഒരുങ്ങുന്നത്? കൊലപാതകമോ രാജ്യദ്രോഹ കുറ്റമോ ഞാന്‍ ചെയ്തിട്ടുണ്ടോ? സാറും ഹിന്ദുവാണ്; പക്ഷേ, പുറമ്പോക്കിലാണ് എന്നുള്ളത് തിരിച്ചറിഞ്ഞാല്‍ കൊള്ളാം."

എന്‍റെ ദീര്‍ഘമായ സംസാരം കേട്ടശേഷം ഒരു പോലീസുകാരന്‍ ചോദിച്ചതു കേട്ട് ഞാന്‍ ഞെട്ടിപ്പോയി!

(അവസാനിച്ചില്ല)