ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

(ഭാഗം 4)

സര്‍വവ്യാപിയായ ഈശ്വരരൂപം കണ്ടെത്തുക സാധ്യമല്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ മനുഷ്യന്റെ ഉത്ഭവവും ജാതിവ്യവസ്ഥയുടെയും ഉറവിടം തേടി ഒരു അന്വേഷണംകൂടി അനിവാര്യമാണെന്നു തോന്നി. ചിലതൊക്കെ മനസ്സിലാക്കന്‍ കഴിഞ്ഞു. മനുഷ്യന്റെ ഉത്ഭവം, ചെറിയൊരു അണുവില്‍നിന്നും ജലത്തില്‍ നിന്നുമാണെന്നും മത്സ്യത്തില്‍ (കൂര്‍മം) നിന്നുമാണെന്നും മനസ്സിലായി. എന്നാല്‍ കുരങ്ങ് പരിണമിച്ചാണ് മനുഷ്യരൂപം പ്രാപിച്ചതെന്ന് ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു!

ഈ രണ്ടു കാര്യങ്ങളും വിശ്വസനീയമായി തോന്നിയില്ല. കാരണം ജലവും അണുവും മത്സ്യവും കുരങ്ങും ഇപ്പോഴും എല്ലായിടത്തുമുണ്ട്. ഒരിടത്തും പരിണമിച്ച് പുതിയ മനുഷ്യര്‍ ഉണ്ടായതായി അറിയുന്നില്ല. സംശയം ബാക്കിനില്‍ക്കെ ജാതിവ്യവസ്ഥയെ തേടിയിറങ്ങി.

ജാതിവ്യവസ്ഥ ഭാരതത്തില്‍ മാത്രമേയുള്ളുവെന്നും ലോകത്തിലെ ഏറ്റവും നിന്ദ്യവും നീചവുമായ സാമൂഹിക വിവേചനമായിട്ടാണ് ഇന്ത്യാചരിത്ര ഗവേഷകരായ പണ്ഡിതന്മാര്‍ അതിനെ വിശേഷിപ്പിക്കുന്നത്. (ഇന്ത്യാ ചരിത്രം, പേജ് 1-7).

ക്രിസ്തുവര്‍ഷം 3000നു മുമ്പ് ആര്യന്മാരുടെ ആഗമനത്തോടുകൂടിയാണ് ഇന്ത്യാചരിത്രം ഉടലെടുക്കുന്നത്. സിന്ധുനദി തടങ്ങളില്‍ താമസിച്ചിരുന്ന സിന്ധു സംസ്‌കാരമുള്ള ആര്യപണ്ഡിതന്മാര്‍ നാലു വേദങ്ങള്‍ നിര്‍മിക്കുന്നു. ഋഗ്വേദം, സാമവേദം, യജുര്‍വേദം, അഥര്‍വവേദം എന്നിവയാണ് അവ. ഈ വേദങ്ങളുടെ അടിസ്ഥാനത്തില്‍ ക്ഷത്രിയര്‍, ബ്രാഹ്മണര്‍, ശൂദ്രര്‍ എന്നിങ്ങനെ ജാതികളും ഉപജാതികളുമായി മനുഷ്യസമൂഹം വിഭജിക്കപ്പെട്ടു.  ബ്രാഹ്മണര്‍ക്ക് ദേവപൂജയും ക്ഷത്രിയര്‍ക്കു ഭരണവും ശൂദ്രര്‍ക്ക് പാദസേവയും (അടിമ) നിര്‍ണയിക്കപ്പെട്ടു. തുടര്‍ന്ന് മനുഷ്യസമൂഹത്തിന്റെ നിറവും ചെയ്യുന്ന തൊഴിലും അടിസ്ഥാനമാക്കി ജാതിപ്പട്ടിക നീളുന്നു.

ഉദാഹരണം പറയാം: തണ്ടന്മാര്‍: രാജാപ്രതിനിധികളെ തണ്ടില്‍ (പല്ലക്കില്‍) കയറ്റി ചുമക്കുന്നവര്‍. കൊല്ലന്മാര്‍: ആയുധങ്ങള്‍ പണിയുന്നവര്‍. ഷവരക്കാര്‍: മുടി വെട്ടുന്നവര്‍. പുലയന്‍മാര്‍: (പുലം= കൃഷിസ്ഥലം) കൃഷി ചെയ്യുന്നവര്‍. ആദിവാസികള്‍: ആദ്യകാലം മുതല്‍ വനങ്ങളില്‍ വസിച്ചവര്‍.

തൊഴിലും നിറവും ദേശവും പരിഗണിച്ച് ജാതിവ്യവസ്ഥ മെനഞ്ഞുണ്ടാക്കി അത് തലമുറകളിലേക്ക് ഉറപ്പിച്ചു നിര്‍ത്തുന്നത് ഈശ്വരഹിതമോ ദേവീദേവന്മാരുടെ സൃഷ്ടിപ്പോ അല്ലെന്നും കുബുദ്ധികളായ മനുഷ്യനിര്‍മിതിയാണെന്നും മനസ്സിലായി. ഇതിനെല്ലാം അപ്പുറത്ത് ഒരു പരമസത്യം മറഞ്ഞിരിപ്പുണ്ട്. പക്ഷേ, അത് കണ്ടെത്താനുള്ള ഒരു കാട്ടുമനുഷ്യന്റെ ശ്രമം കടലില്‍പോയ മൊട്ടുസൂചി തുപ്പുന്നതു പോലെയാണെന്ന വിചാരം തികഞ്ഞ നിരാശയുണ്ടാക്കി.

ഈ മഹാപ്രപഞ്ചം നിലകൊള്ളുന്നത് അനേകം ദേവീദേവന്മാരാല്‍ ആണ് എന്നാണ് ഹൈന്ദവവിശ്വാസം. അങ്ങനെ വിശ്വസിക്കുമ്പോള്‍ ചില സംശയങ്ങള്‍ മുളക്കുകയാണ്. ദേവലോകത്തു തന്നെ ദേവന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നതായി കാണാം. ആ നിലയ്ക്ക് സൂര്യദേവനും ചന്ദ്രദേവനും അഭിപ്രായഭിന്നത ഉണ്ടായാലുള്ള പ്രപഞ്ചസ്ഥിതി എന്താകും? കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷിയുടെ മുമ്പില്‍പെട്ടു വായുപുത്രന് വല്ല ശാപവും കിട്ടിയാല്‍ സ്ഥിതി അതീവ ഗുരുതരമാവില്ലേ? ശ്വാസംകിട്ടാതെ ജീവജാലങ്ങള്‍ ഒന്നടങ്കം മരിക്കില്ലേ? ചിന്താമണ്ഡലം നീറിപ്പുകയുകയായി.

ഭൂമിയില്‍ അവതരിച്ചിട്ടുള്ള ദേവീദേവന്മാരെല്ലാം തപസ്സ് അനുഷ്ഠിക്കുന്നതും പ്രാര്‍ഥിക്കുന്നതും ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ പ്രപഞ്ചനാഥന്മാരോടാണെന്നു വിശ്വസിക്കാം. എന്നാല്‍ ശക്തരായ ത്രിമൂര്‍ത്തി ദേവന്മാര്‍ തപസ്സുചെയ്യുന്നത് ആരോടാണ്? അപ്പോള്‍ അവര്‍ മൂവര്‍ക്കും അപ്പുറത്ത് (മുകളില്‍) അതീവ ശക്തനായ ഒരു മഹാശക്തിയുണ്ട്. അതായിരിക്കാം ഈശ്വരന്‍! പക്ഷേ, ഏതു വഴിയിലൂടെ ഈസ്വരസന്നിധിയിലെത്തും? ഏതുവഴി ചെന്നാലും 'മറ്റു പല ഈശ്വരന്മാരും' പ്രത്യക്ഷപ്പെടുകയാണ്!

എന്നാല്‍ ചില ദേവീദേവ അവതാരങ്ങളെക്കുറിച്ചു കൂടി ചിന്തിച്ചാല്‍ മറ്റൊരു സത്യം കണ്ടെത്താന്‍ കഴിയും. ഈശ്വരഹിതം വെടിഞ്ഞ്, ധര്‍മത്തെ അടിച്ചമര്‍ത്തുകയും അധര്‍മം വര്‍ധിക്കുകയും ചെയ്യുന്ന കാലം വരുമ്പോള്‍ ധര്‍മം നിലനിര്‍ത്താന്‍ പല അവതാരങ്ങളും പ്രത്യക്ഷപ്പെടും. ഉദാഹരണത്തിന് ശ്രീ അയ്യപ്പസ്വാമിയുടെ അവതാരം തന്നെ. ശ്രീ അയ്യപ്പന്റെ അവതാര വിശ്വാസം: മഹഷിയെന്ന രാക്ഷസസ്ത്രീ ബ്രഹ്മദേവനെ തപസ്സ് ചെയ്തു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ മഹഷി ആവശ്യപ്പെട്ട വരം സ്ത്രീയില്‍ നിന്നും ജനിക്കുന്നവരാരും എന്നെ വധിക്കരുത് എന്നതായിരുന്നു. ബ്രഹ്മദേവന്‍ വരം കൊടുത്തു. ഭൂലോകത്തോ ദേവലോകത്തോ ആരും തന്നെ വധിക്കുകയില്ലെന്ന് ഉറപ്പായ മഹഷി ഈശ്വരഭക്തരെയെല്ലാം ഉപദ്രവിക്കാനും കൊല്ലാനും തുടങ്ങി. ഭൂലോകത്തുനിന്നും ദേവലോകത്തേക്ക് മഹഷി താണ്ഡവമാടി. ഗത്യന്തരമില്ലാതെ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ അടുത്തുചെന്നു സങ്കടം ബോധിപ്പിക്കുന്നു. ഭക്തരുടെ ദുരവസ്ഥ മനസ്സിലാക്കിയ വിഷ്ണുദേവന്‍ തന്ത്രം മെനയുന്നു. സ്ത്രീരൂപം പ്രാപിക്കുന്നു. അതീവ സുന്ദരിയും നര്‍ത്തകിയുമായി  മഹേശ്വരന്റെ (ശിവന്‍) മുമ്പില്‍ പോയി നൃത്തം ചെയ്യുന്നു. നൃത്തത്തിലും സൗന്ദര്യത്തിലും ആകര്‍ഷിതനായ മഹാദേവന്‍ മഹാവിഷ്ണുവില്‍ പ്രാപിക്കുന്നു. പ്രസവ അവയവം ഇല്ലാത്തതിനാല്‍ വിഷ്ണുദേവന്റെ തുട പിളര്‍ന്ന് ശ്രീ അയ്യപ്പന്‍ ഭൂജാതനാകുന്നു. പന്തളം കൊട്ടാരത്തില്‍ അസ്ത്ര വിദ്യ പഠിച്ചുകൊണ്ടിരിക്കെ, അയ്യപ്പസ്വാമി എരുമേലി എന്ന സ്ഥലത്ത് വന്നു; മഹഷിയെ വധിക്കാന്‍. മഹഷി എരുമയുടെ രൂപം പ്രാപിച്ചു അയ്യപ്പനുമായി യുദ്ധം ചെയ്യുന്നു. അയ്യപ്പന്റെ ശരം ഏറ്റു മഹഷി മരിക്കുന്നു. പില്‍ക്കാലത്ത് എരുമകൊല്ലി എന്ന സ്ഥലപ്പേര് എരുമേലി എന്നായി. ഇന്നാണ് ഭക്തരുടെ വിശ്വാസ പ്രമാണം.

അധര്‍മത്തെ നിഗ്രഹിച്ച് ധര്‍മം നിലനിര്‍ത്താനാണ് ശ്രീ അയ്യപ്പന്റെ നിയോഗമെന്ന് ശ്രീ അയ്യപ്പന്‍ പന്തളം രാജാവിനോട് പറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. അപ്പോള്‍ ദേവീദേവന്മാരുടെ നിയോഗം ഭൂലോകത്ത് ധര്‍മം നിലനിര്‍ത്താനാണെന്നും ഇവരൊന്നും യഥാര്‍ഥ ഈശ്വരന്മാരല്ലെന്നും ചിന്തിച്ചുകൂടേ?  പില്‍ക്കാലത്ത് മനുഷ്യര്‍ 'അരൂപിയായ' ഈശ്വരനെ മറച്ച് പ്രത്യക്ഷരായ ദേവീദേവന്മാരെ ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചുവന്നതാണെന്നും വിശ്വസിക്കാമല്ലോ!

പ്രപഞ്ചത്തിന്റെ ഉടമസ്ഥനായൊരു ഈശ്വരന്‍ ഉണ്ടോയെന്നറിയാനും ജാതിയുടെ ഉറവിടം കണ്ടെത്താനും തപ്പിയും തടഞ്ഞും നടന്നപ്പോള്‍ കാലം കടന്നുപോയതറിഞ്ഞില്ല. ചിന്താമണ്ഡലം പൂര്‍വകാലങ്ങളിലേക്ക് കണ്ണോടിച്ച് കണ്ടതും അറിഞ്ഞതുമെല്ലാം ഒന്നുകൂടി അയവിറക്കി. സത്യത്തിന്റെ മുഖം മറയപ്പെട്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും ദൈവവിശ്വാസങ്ങളും കെട്ടുപിണഞ്ഞ് ഊരാക്കുടുക്കായി കിടക്കുകയല്ലേ? ഞാനെന്തിന് ഇതൊക്കെ തിരയുകയും ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നു? ഞാന്‍ സ്വയം ചോദിച്ചു!

'തലപ്പാറമല വില്ലാളി വീരന്‍ കൊച്ചുവേലന്‍' എന്ന, (മരുമക്കത്തായ പ്രകാരം എനിക്ക് ലഭിക്കാനിരിക്കുന്ന) പാരമ്പര്യാചാരം നിലനിര്‍ത്തുക ബാധ്യതയാണ്. ഈ ആചാരവും വിശ്വാസവും ആര്‍ക്കുവേണ്ടി? ഇതു നിലനിര്‍ത്താന്‍ അനുഭവിക്കുന്ന കഷ്ടതയും പീഡനങ്ങളും എന്തു നേട്ടത്തിനുവേണ്ടി? മുന്‍കഴിഞ്ഞുപോയ നാല് മലദേവ വില്ലാളി കൊച്ചുദേവന്മാരുടെയും കുടുംബ പശ്ചാത്തലം നേരിട്ടു കണ്ടു ബോധ്യപ്പെട്ടതാണല്ലോ! പട്ടിണി മാറ്റാന്‍ ആഹാരമോ നല്ല ഉടുവസ്ത്രമോ പാര്‍പ്പിടമോ ഇല്ല. ശബരിമല ഉത്സവകാലം (രണ്ടുമാസം) കഴിഞ്ഞാല്‍ അടുപ്പില്‍ തീ പുകയണമെങ്കില്‍ വനത്തില്‍ അലഞ്ഞുതിരിഞ്ഞ് വനവിഭവങ്ങള്‍ തേടണം.

ശബരിമല ശ്രീ അയ്യപ്പന്റെ കാനന അച്ഛന്‍ എന്ന പേരും പദവിയും മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു വാര്‍ത്ത സൃഷ്ടിക്കുന്നു. ക്ഷേത്രവിശ്വാസത്തെയും ആചാരത്തെയും സംരക്ഷിച്ചുപോരുന്ന ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും മണിമാളികകളില്‍ സ്വര്‍ഗീയ ജീവിതം അനുഭവിക്കുമ്പോള്‍ യഥാര്‍ഥ അവകാശികള്‍ കഷ്ടതകളിലും പട്ടിണിയിലുമായി നട്ടംതിരിയുന്നു.

മുന്‍കാലങ്ങളില്‍ വൃശ്ചികമാസം ഒന്നാം തീയതി തന്നെയും പിന്നീട് 30 ദിവസം മുമ്പും (ഇപ്പോള്‍ രണ്ടാഴ്ച മുമ്പ്) തിരുവാഭരണഘോഷയാത്ര പ്രതീക്ഷിച്ച് മലവേലനും കുടുംബാംഗങ്ങളും കൊടുംവനത്തില്‍ തലപ്പാറമല കോട്ടയില്‍ എത്തിച്ചേരും. തിരുവാഭരണവും അകമ്പടിവരുന്ന ഭക്തരെയും സ്വീകരിച്ചു വിശ്രമിക്കാനുള്ള പര്‍ണശാല വനഉല്‍പന്നങ്ങള്‍കൊണ്ട് കെട്ടിയുണ്ടാക്കി അലങ്കരിച്ചു കാത്തിരിക്കുകയാണ്. തലമുറകള്‍ ആചരിച്ചുപോന്ന ഈ പാരമ്പര്യത്തിന്റെ പൂര്‍ത്തീകരണത്തിനായി പള്ളിപ്പന്തല്‍ (പര്‍ണശാല) പണിയാന്‍ വളരെ ദിവസത്തെ അധ്വാനമുണ്ട്. പണി പൂര്‍ത്തീകരിച്ച പള്ളിപ്പന്തല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചവിട്ടിത്തകര്‍ത്തുകൊണ്ട് വേലനെയും അനുയായികളെയും ചീത്തവിളിച്ച് ആട്ടിയോടിച്ചിട്ടുള്ള സംഭവം ഞാന്‍ നേരിട്ടുകണ്ട് അനുഭവിച്ചിട്ടുണ്ട്. ഇതിനെതിരെ ശബ്ദിക്കാന്‍ ഒരു ഹൈന്ദവവിശ്വാസിയോ, രാഷ്ട്രീയ നേതാക്കളോ ഇന്നുവരെ രംഗത്തു വന്നിട്ടില്ല.

വാര്‍ത്ത: 'തിരുവാഭരണ പൂജക്കായി തലപ്പാറ മലക്കോട്ടയില്‍ മലവേലന്‍ നിര്‍മിച്ച പള്ളിപ്പന്തല്‍ വനംവകുപ്പ് അടിച്ചുപൊളിച്ചു മാറ്റി' (മനോരമ, 2011 ജനുവരി 9, പേജ് 2 -ഫോട്ടോ സഹിതം).

എന്റെ ഓര്‍മയില്‍ നാല് തലമുറക്കാര്‍ അനുഭവിച്ച ദുരന്തസംഭവത്തിന് 2011ല്‍ എങ്കിലും ഒരു പ്രതിഷേധ വാര്‍ത്ത വന്നതില്‍ അഭിമാനിക്കാം. നിരാശ്രയരായ വനവാസി മലവേലന്മാരോട് കാണിക്കുന്ന അനീതിക്കെതിരെ, 1984ല്‍ ഞാന്‍ അമ്മാവനെയും കൂട്ടി ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കേസ് പരിഗണിച്ച ബഹു.ജസ്റ്റിസ് പരിപൂര്‍ണന്‍ ഉത്തരവിട്ടു: 'ശബരിമല ക്ഷേത്രാരംഭം മുതല്‍ ഉള്‍ക്കാടരില്‍പെട്ട മലവേലന്മാര്‍ ആചരിച്ചു വിശ്വസിച്ചുപോരുന്ന തിരുവാഭരണ പൂജാകര്‍മങ്ങള്‍, ശബരിമല ഉള്ളിടത്തോളം കാലം നിലനില്‍ക്കേണ്ടതാണ്. ആയതിന് യാതൊരു തടസ്സവും ആരും സൃഷ്ടിക്കയുമരുത്.' എന്നാല്‍ കോടതിവിധി നിലനില്‍ക്കെ വീണ്ടും 2011ല്‍ ഈ സംഭവം ആവര്‍ത്തിക്കുകയുണ്ടായി. (തുടരും)