ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 ഫെബ്രുവരി 27 1442 റജബ് 15

(ഭാഗം 11)

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും അതിവേഗം കടന്നുപോയത് അറിഞ്ഞില്ല. ക്രൈസ്തവതയില്‍ നിന്നും പടിയിറങ്ങി നിരീശ്വരവാദ വഞ്ചിയില്‍ ഉറച്ചിരുന്നു മുന്നേറുകയാണ്. നഷ്ടബോധവും കുറ്റബോധവുമെല്ലാം ഇടയ്ക്കിടെ തലപൊക്കുന്നുണ്ട്.

മുമ്പ് ചെയ്തുകൊണ്ടിരുന്ന, വനത്തിലെ ജോലിയിലേക്കുതന്നെ മടങ്ങി. പതിനഞ്ചു ജോലിക്കാരുമായി ഊരില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലേക്ക് പോയി. രണ്ടും മൂന്നും ആഴ്ചകള്‍ കഴിയുമ്പോഴേ വീട്ടില്‍ തിരിച്ചെത്തുകയുള്ളൂ. വനത്തില്‍ ഷെഡ് കെട്ടി താമസിച്ചു. ജോലികള്‍ ആരംഭിച്ചു. പകല്‍ സമയങ്ങളില്‍ ഒന്നും ഓര്‍ക്കുകയില്ല. എന്നാല്‍ രാത്രിയാകുമ്പോള്‍ (ഏകാന്തതയില്‍) എന്‍റെ അനുവാദം കൂടാതെ പഴയകാല സംഭവങ്ങള്‍ ഓടിയെത്തി ഉറക്കത്തെ ഓടിക്കുക പതിവായി.

വനത്തില്‍ താമസിക്കുമ്പോള്‍ ഒരു ആചാരമുണ്ട്; മലദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ നേര്‍ച്ച കഴിക്കല്‍. വെറ്റില മുറുക്കാന്‍, മദ്യം എന്നിവയാണ് നേര്‍ച്ച വസ്തുക്കള്‍. കാട്ടുപിശാചുക്കളുടെയും മൃഗങ്ങളുടെയും ഉപദ്രവത്തില്‍നിന്നുള്ള  കാവലിനാണ് ഈ നേര്‍ച്ച കഴിക്കുന്നത്.

അന്ന് ഒരു വെള്ളിയാഴ്ച ദിവസം. ഇരുട്ടുവ്യാപിച്ചു. ഞാന്‍ ഒരു നിരന്ന പാറപ്പുറത്ത് ആകാശ വിതാനത്തില്‍ കണ്ണുംനട്ട് ചിന്താകുലനായി മലര്‍ന്നുകിടക്കുകയാണ്. അപ്പോള്‍ നേര്‍ച്ചവയ്ക്കാന്‍ ഒരു ബന്ധുവിന്‍റെ വിളിവന്നു. അയാളോട് അന്നത്തെ കര്‍മം ചെയ്തുകൊള്ളാന്‍ പറഞ്ഞു. ഈ സമയങ്ങളില്‍ ചിന്തകളുടെ ആക്കം കൂടിവരികയാണ്.

'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന് യേശു പറഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന ഒരു 'സത്യാത്മാവി'നെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആരായിരിക്കും അത്?

മതങ്ങളില്‍ തപ്പിയാലല്ലേ ദൈവത്തെക്കുറിച്ചറിയൂ. ഏതാണ് ഇനി തിരയേണ്ട മതം? ജൈനമതം, ബുദ്ധമതം, ഇസ്ലാം മതം എന്നീ പ്രബല മതങ്ങള്‍ ബാക്കിയുണ്ട്. ജൈന, ബുദ്ധ മതങ്ങള്‍ കേരളത്തിലുള്ളതായി അറിയില്ല. എണ്ണപ്പെട്ട അനുയായികള്‍ ഉണ്ടായിരിക്കാം. പിന്നുള്ളത് ഇസ്ലാം മതം. ഹോ, ചിന്താക്കാന്‍ പോലും പാടില്ലാത്ത ഭീകരജീവി മതം!

മുസ്ലിം മതത്തെക്കുറിച്ചുള്ള കേട്ടറിവും വിശ്വാസവും ഇപ്രകാരം: മുഹമ്മദ് എന്നൊരാള്‍ ദൈവം.വാള്‍ പൂജാ (ആരാധന) വസ്തുവും. എവിടെയും മുസ്ലിംകള്‍ കൂട്ടമായി മാത്രമെ താമസിക്കുകയുള്ളൂ. മറ്റാര്‍ക്കും മനസ്സിലാകാത്ത കോഡ്ഭാഷയില്‍ എന്നും എല്ലാവരെയും വിളിച്ചുകൂട്ടും. ഇവരെ ഏതു വിധത്തിലെങ്കിലും എതിര്‍ക്കുന്നവരെയോ, ഉപദ്രവിക്കുന്നവരെയോ രണ്ടുവിധത്തില്‍ ഉന്മൂലനം ചെയ്യും. ഒന്നുകില്‍ വാള്‍ കൊണ്ട്. ഇല്ലെങ്കില്‍ കൂടോത്രം (മന്ത്രവാദം) കൊണ്ട്.

മുസ്ലിംകളോടു സഹകരിക്കുന്നതുപോലും ഭയന്നുകൊണ്ടാണ്. പഴമക്കാരില്‍നിന്നു ലഭിച്ചിട്ടുള്ള ഈ 'അറിവ്' ഇപ്പോള്‍ വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വിട്ടുകളയാത്തവര്‍ ധാരാളമുണ്ട്.

യുദ്ധവും കലാപങ്ങളും സൃഷ്ടിക്കുന്നതിനും ഇഷ്ടാനുസരണം സ്ത്രീകളെ മാറി മാറി വിവാഹം കഴിച്ച് ഉപേക്ഷിക്കുന്നതിലും മുന്‍പന്തിയില്‍ മുസ്ലിം തന്നെ! വേണ്ടാ, മുസ്ലിം മതത്തെക്കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയുമൊന്നും വേണ്ടാ...!  

വനത്തില്‍ താമസിക്കുമ്പോള്‍ ഒരു വ്യവസ്ഥയുണ്ട്. ആന, കടുവ, പുലി, ഇഴജന്തുക്കള്‍ പോലുള്ളവധാരാളമുള്ള കൊടുംവനമാണ്. എല്ലാവരും ഒരേസമയം കിടന്നുറങ്ങാന്‍ പാടില്ല. ഓരോരുത്തരായി മാറി മാറി ഉറങ്ങാതിരിക്കണം. അന്നത്തെ ദൗത്യം എനിക്കാണ്. ഷെഡിനടുത്തുള്ള പാറപ്പുറത്ത് ചാക്ക് വിരിച്ചു കിടന്നു. മനസ്സ് വിദൂരതയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. കാട്ടാനക്കൂട്ടം ചിന്നംവിളിച്ച് കലഹംകൂടി ഈറക്കാടുകള്‍ ഇളക്കിമറിക്കുന്ന ഭീകരശബ്ദം! കൂവി വിളിക്കുന്ന നെടുവിളിയാന്‍ കാനപ്പക്ഷി. രാപ്പരുന്തിന്‍റെയും ചീവീടുകളുടെയും ഒച്ചകള്‍... ഇവയെല്ലാം ശ്രവിച്ചുകൊണ്ട് ആകാശ വിതാനത്തിലേക്ക് കണ്ണുംനട്ട് കിടന്നു.

മണല്‍ത്തരികള്‍പോലെ ആകാശപ്പരപ്പില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍. ഹോ... എന്തൊരു ഭംഗി! മരിച്ചുപോയ  ബന്ധുക്കള്‍ ഭൂമിയിലേക്ക് നോക്കി കണ്ണുചിമ്മുന്നു (ഹിന്ദു വിശ്വാസം). ഈ ആകാശം എവിടെ ഉറപ്പിച്ചിരിക്കുന്നു? തൂണുകള്‍ വല്ലയിടത്തും ഉണ്ടോ? യഹോവ തമ്പുരാന്‍റെ പൂന്തോട്ടമായിരിക്കും. യഹോവയ്ക്ക് അഗ്നിയുടെ ശോഭയുള്ളതായി ബൈബിളില്‍ പറയുന്നുണ്ട്.

ഇങ്ങനെ ആവശ്യമില്ലാത്ത പലതും ചിന്തിച്ചു. കാട്ടാനക്കൂട്ടം താമസസ്ഥലത്തേക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്തി. സമയം നാലുമണിയോട് അടുക്കുന്നു. ഉറക്കക്ഷീണം വര്‍ധിച്ചു. അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു.

ജഡം നിശ്ചലമായി. ആത്മാവ് എവിടേക്കോ സഞ്ചാരം തുടങ്ങി. ഒരു ഭീകരസ്വപ്നം  കാണുന്നു. ഒരു പുരുഷന്‍ ബലപ്രയോഗത്തിലൂടെ എന്‍റെ ജനനേന്ദ്രിയം ഛേദിച്ചുകളയുന്നു; രണ്ടു സ്ത്രീകളുടെ സഹായത്തോടെ. എന്‍റെ കുടുംബം (ഭാര്യ, കുഞ്ഞുങ്ങള്‍) വലിയൊരു വീട്ടില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്‍റെ ഏകമകള്‍ കറുത്ത മൂടുപടം ധരിച്ച തിരഞ്ഞുനടക്കുന്നു. സ്വന്തം അമ്മാവന്‍ (കൊച്ചുവേലന്‍) ഊരിപ്പിടിച്ച വാളുമായി  വീട്ടില്‍വന്നു വെട്ടുന്നു. ഞാനും കുടുംബവും ജീവരക്ഷാര്‍ഥം ഓടിപ്പോകുന്നു.

ഷെഡ്ഡിലെ ഒച്ചയും സംസാരവും കേട്ട് ഞെട്ടിയുണര്‍ന്നു. ഹോ...! ഒന്നും സംഭവിച്ചില്ല!! സ്വപ്നമായിരുന്നു. ഈ സ്വപ്നക്കഥ ഒരു രസമായി കൂടെയുള്ളവരോടു പറഞ്ഞു. ചിലര്‍ ചിരിച്ചു. ചിലര്‍ പറഞ്ഞു; സൂക്ഷിച്ചോ, വെളുപ്പിനു കണ്ട സ്വപ്നമാ... ഫലിച്ചേക്കും. കൊച്ചുവേലന് തന്നോട് കടുത്ത വൈരാഗ്യമുണ്ട്. (അത് എനിക്കും അറിവുള്ളതാണ്).

ഞങ്ങളുടെ ക്രിസ്തീയ കൂട്ടായ്മയിലുണ്ടായിരുന്ന ഒരു ബന്ധുവും കൂടെയുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: 'ആ പാസ്റ്റര്‍മാരുടെ കൈയിലെങ്ങാനും കിട്ടിയാല്‍ നിന്നെ വലിച്ചുകീറി തിന്നും. അവര്‍ക്ക് അത്ര വൈരാഗ്യമുണ്ട്. അവര്‍ ചിലരോട് പറഞ്ഞിട്ടുണ്ട്; അവന്‍റെ നാശം കണ്ടേ ഞങ്ങള്‍ അടങ്ങൂവെന്ന്.' എല്ലാവരുടെയും സംസാരം കേട്ടപ്പോള്‍ ചെറിയൊരു ഉള്‍ഭയം.

ഊരില്‍ വല്ല പ്രശ്നവും ഉണ്ടോ? ഒന്നു പോയാലോ? ഘോരവനത്തിലൂടെ മണിക്കൂറുകള്‍ നടക്കണം. എന്തായാലും പോയിവരാം. ഊരിലേക്കു തിരിച്ചു; സന്ധ്യയായപ്പോഴെക്കും ഊരിലെത്തി.

എന്‍റെ നാലു മക്കളില്‍ ജീവനായി സ്നേഹിക്കുന്ന ഏക മകള്‍. എന്നെ കണ്ടയുടന്‍ ഓടിയെത്തി കൈയില്‍ പിടിച്ചു. ഞാന്‍ കൊണ്ടുവന്ന കാട്ടിറച്ചിപ്പൊതിയോ തേനോ ഒന്നും ശ്രദ്ധിക്കാതെ അവള്‍ ഒരു  സ്വപ്നക്കഥ പറയുകയാണ്: 'ചാച്ചേ, ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു.' 'എന്താ? പറ'. 'വല്യ കെട്ടിടങ്ങളുടെ കോര്‍ട്ടില്‍ മുഖവും തലയുമെല്ലാം മൂടികിടക്കുന്ന കറുത്ത ഉടുപ്പുമിട്ട് ഒത്തിരി പിള്ളേരുടെ ഇടയ്ക്ക് നിന്നപ്പോള്‍ ചാച്ച എന്നെ തിരക്കി നടക്കുന്നു. ഞാന്‍ ചാച്ചേ കണ്ടു. ചാച്ച എന്നെ കണ്ടില്ല. പിന്നേം തിരക്കി നടക്കുവാ... ഹോ, പറ്റിച്ചേ...'

ഓമനത്തമുള്ള, പുഞ്ചിരിതൂകുന്ന ആ മുഖത്ത് ഒരു ഉമ്മ കൊടുത്തിട്ട് ഞാന്‍ പറഞ്ഞു: 'പോടീ, നിന്‍റെയൊരു സ്വപ്നം.' അവള്‍ പറഞ്ഞത് ഞാന്‍ മൈന്‍ഡ് ചെയ്തില്ല.

അമ്മാവന്‍ ഇവിടെ വന്നിരുന്നോ എന്ന് ഭാര്യയോടു തിരക്കി.

'ഇല്ല, ഇതിലെ പോയാല്‍ ഇങ്ങോട്ട് നോക്കി കലിച്ചുതുള്ളിയാ പോകുന്നത്' എന്നായിരുന്നു മറുപടി.

'ഉപദേശിമാര് ആരേലും വന്നോ?'

'അവരൊക്കെ ഇവിടെ വന്നിട്ടെത്ര നാളായി. അവര്‍ക്കെല്ലാം നമ്മളോട് നല്ല ഇഷ്ടമാ...! വല്ല ഉപദ്രവവും ചെയ്യാതെ സൂക്ഷിച്ചാ മതി.'

രണ്ടാഴ്ചത്തെ വനവാസത്തിനുശേഷം ഊരിലെത്തിയതല്ലേ; ഒരു ഉന്‍മേഷത്തിനായി വെറുതെ ഒന്നു കറങ്ങി. അല്‍പം മദ്യവും കഴിച്ച് വീട്ടിലെത്തി.

അടിച്ചു ഫിറ്റായി ഇരിക്കുന്നു അച്ഛന്‍! അച്ഛനോട് നേരെനിന്നു സംസാരിക്കാന്‍ വീട്ടുകാര്‍ക്കല്ല നാട്ടുകാര്‍ക്കും പേടിയാണ്. ഒരു പ്രശന്മുണ്ടായാല്‍ നീതിയും ന്യായവും വലിപ്പച്ചെറുപ്പവുമൊന്നും നോക്കില്ല. തോന്നിയവിധമുള്ള മര്‍ദനം നടപ്പാക്കും. അത്രവലിയ ദേഷ്യക്കാരനാണ്.

ഒരു ചെറിയ വിഷയത്തിന് ഞാന്‍ ഭാര്യയുമായി ഉച്ചത്തില്‍ സംസാരിച്ചു. ഒച്ചകേട്ടു വന്ന അച്ഛന്‍ വന്നപാടേ, ചെവിക്കല്ലിനു തന്നെ ഒരെണ്ണം പാസ്സാക്കി. തല മരവിച്ചുപോയി. രണ്ടാമത്തതു പാസ്സാകുന്നതിന് മുമ്പ് ഞാന്‍ ഇറങ്ങി ഓടാന്‍ ശ്രമിക്കുമ്പോള്‍ ദയാലുവായ എന്‍റെ അമ്മ രംഗത്തേക്കു കടന്നുവന്നു. വഴി തടസ്സമായി. അപ്പോഴേക്കും രണ്ടാമത്തത് പിടലിക്കുതന്നെ പാസ്സായി!

അമ്മയെ പിടിച്ചു തള്ളിയിട്ടു ഞാന്‍ ഇറങ്ങിയോടി. തള്ളിന്‍റെ ശക്തിയില്‍ അമ്മ കട്ടിളപ്പടിയില്‍ തലയടിച്ചു വീണു, ബോധം മറഞ്ഞു. രക്തം ചിതറി. പിന്നെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടുതിരിഞ്ഞതു കൊണ്ട് കളം ശാന്തമായി.

1995ലെ പുതുവര്‍ഷ പുലരി. യഹോവയായ പ്രപഞ്ചനാഥന്‍റെ കാരുണ്യം എന്നിലേക്കു വന്നുചേര്‍ന്ന ദിവസവും സന്ദര്‍ഭവും. പിറ്റെദിവസം മൂന്നുകിലോമീറ്റര്‍ അപ്പുറമുള്ള ചെറിയൊരു ടൗണില്‍ ബസ്സിറങ്ങിയപ്പോള്‍ ഭയങ്കര മഴ. ഞാന്‍ ഓടിച്ചെന്ന് ഒരു മുറുക്കാന്‍കടയില്‍ കയറി. വലിയ അടുപ്പമൊന്നുമില്ലെങ്കിലും പരിചയക്കാരനായ മുസ്ലിമിന്‍റെ കട. (അന്ന് ബീഡി-മുറുക്കാന്‍ കടയായിരുന്നു. ഇന്നു നല്ല ബേക്കറിയായി പ്രവര്‍ത്തിച്ചുവരുന്നു).

ഒരു സിഗരറ്റ് എടുക്കുന്നതിനുവേണ്ടി അദ്ദേഹം പെട്ടി തുറന്നു. പെട്ടിക്കുള്ളില്‍ ഒരു ചെറുപുസ്തകം കിടക്കുന്നത് ഞാന്‍ കണ്ടു. സിഗരറ്റ് വലിച്ചുകൊണ്ട് അരഭിത്തിയില്‍ ഇരുന്നു. എനിക്ക് അഭിമുഖമായിരിക്കുന്ന ബീഡിപ്പെട്ടിയുടെ ഗ്ലാസില്‍ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്ന ആ പുസ്തകത്തില്‍ പല പ്രാവശ്യം കണ്ണുകള്‍ പതിഞ്ഞു.  

മഴയുടെ ശക്തി കൂടിവരികയാണ്. വെറുതെ കുത്തിയിരുന്നു ബോറടിക്കുന്നു. ഈ സമയം ആ ചെറുപുസ്തകം കൈയിലെടുത്തു; തുറന്നുനോക്കി.

പുറം പേജില്‍ 'തൊട്ടില്‍മുതല്‍ കട്ടില്‍വരെ' എന്നുണ്ട്. താഴെ 'ഇസ്ലാമിക് പ്രിന്‍റിംഗ്, തിരൂരങ്ങാടി'എന്നു കണ്ടു.

ശ്ശെ..! ഇത് മുസ്ലിമിന്‍റെ പുസ്തകം. എന്തു വായിക്കാന്‍. പുസ്തകം കുഴല്‍പോലെ ചുരുട്ടി കൈയില്‍ പിടിച്ചുകൊണ്ട് താളുകള്‍ തെറിപ്പിച്ചുകൊണ്ടിരുന്നു. മഴ അവസാനിക്കുന്ന ലക്ഷണവുമില്ല. താളുകള്‍ തെറിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വെറുതെ ഒരു പേജ് നിവര്‍ത്തി കണ്ണോടിച്ചു.

അതില്‍നിന്നും ആദ്യമായി വായിച്ച വചനം 'മാതാവിനോട് ഛെ എന്നുപോലും പറയരുത്' എന്നതായിരുന്നു. മാതാവിന്‍റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം എന്നും അതേ പേജില്‍ കണ്ടു. അന്നേരം മനസ്സില്‍ ചിരിവന്നു. ഇതെന്തുവാ? അവിടെയും ഉണ്ടോ വേറൊരു സ്വര്‍ഗം! ബാക്കി അറിയാന്‍ വേണ്ടി തുടര്‍ന്നു വായിച്ചു. തുടര്‍ന്ന് ഏതാനും പേജുകള്‍ വായിച്ചപ്പോള്‍ കണ്ടതിലെ മര്‍മം ഇതാണ്: പിതാവിനോടു സൗമ്യമായി സംസാരിക്കണം. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍പെട്ടവനല്ല. നിങ്ങളുടെ എല്ലാ ചെയ്തികളും അണുവിട തെറ്റാതെ അല്ലാഹു സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു സര്‍വജ്ഞനത്രെ...

ആദ്യം ചിന്തയില്‍ വന്നു; ഏതാണീ അല്ലാഹു? മുഹമ്മദ് നബിക്ക് അല്ലാഹുവെന്നും പേരുണ്ടായിരിക്കും!

കുറെക്കൂടി മുന്നോട്ട് വായിച്ചപ്പോള്‍ വിശ്വസനീയമായ പല വചനങ്ങളും കാണാനായി. ഹോ..! ഇത് മുഴുവനുമൊന്നു വായിക്കണമല്ലോ. അപ്പോഴേക്കും മഴമാറി. മൂന്നു കിലോമീറ്റര്‍ നടന്നുവേണം ഇനി വീട്ടിലെത്താന്‍.

പോകാന്‍ നേരം ഈ പുസ്തകം കൊണ്ടുപോകട്ടെയെന്നു കടക്കാരനോടു ചോദിച്ചു. അയാള്‍ കൈയില്‍ നിന്നും പുസ്തകം വാങ്ങി വീണ്ടും ബീഡിപ്പെട്ടിയിലിട്ടുകൊണ്ട് പറഞ്ഞു: 'ഇത് എന്‍റെതല്ല. മറ്റൊരാളുടെതാണ്.' 'ശരി' എന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി. അന്നേരം അയാള്‍ ചെറുപുഞ്ചിരിയോടെ എന്‍റെയും അയാളുടെയും ജാതിപ്പേര് പറഞ്ഞിട്ടു ചോദിച്ചു: 'എന്തിനാണ് ഇത് (പുസ്തകം) നിങ്ങള്‍ക്ക്?' ഞാന്‍ പറഞ്ഞു: 'വെറുതെ വായിക്കാന്‍.' ഇതും പറഞ്ഞ് ഞാന്‍ നടന്നു നീങ്ങി.

എന്‍റെ ജിജ്ഞാസ വര്‍ധിച്ചുവരികയാണ്. ഇതു മുസ്ലിംകളുടെ പുസ്തകംതന്നെയോ? അമ്പതില്‍ താഴെ മാത്രം പേജുകളുള്ള ആ ചെറിയ പുസ്തകം എന്നില്‍ ആവേശം പകരുകയാണ്. ബാക്കി ഭാഗങ്ങള്‍ അറിയാന്‍ വല്ലാത്ത താല്‍പര്യം തോന്നി. പിന്നീട് പുസ്തകങ്ങള്‍ തിരക്കിയിറങ്ങി. മുസ്ലിംകളുമായി അടുപ്പമോ സഹകരണമോ ഇല്ല. അതിനാല്‍ ആരോടു ചോദിക്കാന്‍!

ഒരു മലഞ്ചരക്ക് വ്യാപാരിയുമായി സാധനങ്ങള്‍ കൊടുത്തുള്ള പരിചയമുണ്ട്. അവിടെ ചെന്നു ആവശ്യം വളരെ രഹസ്യമായി പറഞ്ഞു. അയാളും മുറുക്കാന്‍ കടക്കാരന്‍റെ ചോദ്യം ആവര്‍ത്തിച്ചു: 'ഞങ്ങളുടെ മതപുസ്തകം നിങ്ങള്‍ക്കെന്തിന്?'

അയാളുടെ ചോദ്യം കേട്ട് ജാള്യത തോന്നിയെങ്കിലും ഞാന്‍ പറഞ്ഞു: 'ഞാന്‍ കുറെ ബൈബിളൊക്കെ പഠിച്ചിട്ടുണ്ട്. ഇനി നിങ്ങളുടെ മതത്തെക്കുറിച്ച് മനസ്സിലാക്കാനാണ്.'

'ഹോ! ഇത് പുതിയൊരറിവാണല്ലേ' എന്ന പുച്ഛത്തോയെുള്ള മറുപടിയാണ് കിട്ടിയത്. ചെറിയൊരു ലജ്ജയോടുകൂടി ഇറങ്ങി നടന്നു.

കടയില്‍ പോയി വീട്ടുസാധനങ്ങള്‍ വാങ്ങി ഒരു മണിക്കൂറിനുശേഷം അതുവഴി മടങ്ങിവരുമ്പോള്‍ അയാള്‍ എന്നെയും കാത്ത് റോഡുവക്കില്‍ നില്‍ക്കുന്നതാണ് കണ്ടത്. ഒരു പൊതിവച്ച് നീട്ടിയിട്ട് അയാള്‍ പറഞ്ഞു: 'നഷ്ടപ്പെടുത്തരുത്. വായിച്ചശേഷം തിരിച്ചുതരണം.'

'ശരി' എന്നു പറഞ്ഞ് തലയാട്ടി ഞാന്‍ സന്തോഷത്തോടെ പുസ്തകം വാങ്ങി.

വീട്ടിലെത്തി, തുറന്നു നോക്കി. സന്തോഷം. സ്വൈര്യമായി ഇരുന്നു. പുസ്തകങ്ങള്‍ അരിച്ചുപെറുക്കി വായിച്ചു. എന്തൊരു മഹാത്ഭുതങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്!

തടവറയില്‍നിന്നും പള്ളിയിലേക്ക്, അര്‍ഥമുള്ള ഇസ്ലാം, ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം (അബ്ദുല്ല അടിയാര്‍), തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ; ഇത് നാലും വായിച്ചപ്പോള്‍ ഞാനറിയാതെ എന്നില്‍ പരിവര്‍ത്തനത്തിന്‍റെ ആവേശം അലയടിക്കാന്‍ തുടങ്ങി.

മറ്റു പരിപാടികളൊക്കെ ചുരുക്കി ഇസ്ലാമിക പുസ്തകം തിരക്കലായി. ചോദിച്ചതില്‍ ചിലരൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും ചിലര്‍ സഹായിച്ചു. നാലു പുസ്തകങ്ങള്‍ കൂടി ഉടനടി ലഭിച്ചു.

ആദ്യം പറ്റിയ ഒരു അമളിയുണ്ട്: പരിചയപ്പെട്ട ഒരാളോട് മുഹമ്മദ് നബിയുടെ ഒരു ഫോട്ടോ സംഘടിപ്പിച്ചുതരുമോ എന്ന് ചോദിച്ചു. അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'കൈവശം ഉണ്ടായിരുന്നത് തീര്‍ന്നുപോയി. എവിടെനിന്നെങ്കിലും കിട്ടിയാല്‍ തരാം. നിങ്ങള്‍ ഇസ്ലാമിനെക്കുറിച്ചു നന്നായി പഠിക്കൂ.'

പുതിയതായി ലഭിച്ച നാലു പുസ്തകങ്ങള്‍ ഉണര്‍വും ഉത്സാഹവും ലഭിക്കുന്നതായിരുന്നു.  'വിമോചനത്തിന്‍റെ പാത' എന്ന പുസ്തകംകൂടി വായിച്ചപ്പോള്‍ ഒരു കാര്യം എനിക്കു ബോധ്യപ്പെട്ടു;ഇസ്ലാമും മുസ്ലിമും നിസ്സാരമായി തള്ളിക്കളയേണ്ട കീടങ്ങളാണെന്ന മുന്‍ അറിവും ധാരണയും ശരിയല്ല. ഇസ്ലാമും മുസ്ലിമും ഒരു ഔഷധമാണെന്നു തിരിച്ചറിയാന്‍ വൈകിപ്പോയല്ലോ!

മൂന്നു മാസത്തിനുള്ളില്‍, ഇസ്ലാം ഒരു സത്യമതവും മാര്‍ഗവുമാണെന്ന സത്യം ഹൃദയത്തില്‍ വെളിച്ചമായി പ്രവേശിച്ചുതുടങ്ങി. പക്ഷേ, ഞങ്ങളുടെ സമൂഹം ഒരിക്കലും ഇത് അംഗീകരിക്കില്ല എന്നതിനാല്‍ എങ്ങനെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കും എന്ന ആശങ്കയുണ്ടായി. എന്തുവന്നാലും ശരി, ഇസ്ലാമിന്‍റെ പൂര്‍ണരൂപം കണ്ടെത്തുക തന്നെ എന്ന് ദൃഢനിശ്ചയമെടുത്തു.

ഇസ്ലാമിക പ്രവര്‍ത്തകരായ ചില യുവാക്കളുമായി ബന്ധമുണ്ടാക്കി. ചെറുതും വലുതുമായ പല ലേഖനങ്ങളും വിവരണങ്ങളും വായിച്ചപ്പോള്‍ ഇസ്ലാം സത്യമാര്‍ഗമെന്നു 75 ശതമാനവും വിശ്വസിച്ചുറപ്പിച്ചു. ശേഷിച്ച 25 ശതമാനം ഒറ്റ വിഷയത്തിലായിരുന്നു. അന്വേഷണം ആ ദിശയിലേക്ക് തിരിച്ചു. മുമ്പ് ഒരുപാട് ആളുകളുടെ വാക്കുകളും സ്വാധീനവും പല ചതിക്കുഴികളിലും ചെന്നു ചാടിച്ചിട്ടുണ്ട്. അതിനാല്‍ ഒരു വിഷയവും പ്രസംഗങ്ങളില്‍നിന്നോ വ്യാജ എഴുത്തുകാരുടെ ലേഖനങ്ങളില്‍നിന്നോ മനസ്സിലാക്കാതെ സ്വയം ബോധ്യപ്പെടുകയെന്നതായിരുന്നു ലക്ഷ്യം. മുഹമ്മദ് നബിയെ തിരിച്ചറിയുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. പ്രവാചകനെക്കുറിച്ചുള്ള നാലഞ്ചു പുസ്തകങ്ങള്‍ പഠിച്ചപ്പോള്‍ ഇസ്ലാംമതത്തെക്കുറിച്ച് ഒരണുവിട സംശയവും അവശേഷിച്ചില്ല.

(തുടരും)