ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 മാര്‍ച്ച് 06 1442 റജബ് 22

(ഭാഗം 12)

മനസ്സ് സ്വസ്ഥമായി. ആത്മവിശ്വാസവും ആത്മധൈര്യവും പ്രതീക്ഷകളുമെല്ലാം ഇതാ പരിശുദ്ധ ഇസ്ലാമിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു! പത്തു പന്ത്രണ്ടു വര്‍ഷത്തെ അധ്വാനഫലം തുച്ഛമായ ആറേഴുമാസം കൊണ്ടു നിവൃത്തിച്ചിരിക്കുന്നു!

ഈശ്വരനെ തേടി ഞാന്‍ നടന്നു; നഗരങ്ങളിലൂടെ,ഗ്രാമങ്ങളിലൂടെ... എവിടെയും കണ്ടെത്തിയില്ല. ഇപ്പോള്‍ ഇതാ യഥാര്‍ഥ ഈശ്വരനെ കണ്ടെത്തിയിരിക്കുന്നു; ഇസ്ലാമിലൂടെ. ആ ദൈവത്തിലേക്ക് ഒരു മധ്യസ്ഥനില്ല, മറയില്ല, ശുപാര്‍ശക്കാരില്ല! ആ ദൈവത്തിന് ജനനമില്ല, മരണമില്ല, വിശപ്പും ദാഹവുമില്ല, ഉറക്കമില്ല, ക്ഷീണമില്ല, ഇണയില്ല, മക്കളില്ല! അവന്‍ പരമപരിശുദ്ധനായ അല്ലാഹു!

ഊരില്‍ ഇരുചെവിയറിയാതെ ഇവിടെ വരെയെത്തി. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ആശങ്കയായി. എങ്ങനെ ഇസ്ലാമില്‍ പ്രവേശിക്കും. കര്‍മങ്ങള്‍ ചെയ്യണമല്ലോ! ആരോട് പറയും? വളരെ ദൂരെയുള്ള മുസ്ലിം പള്ളികള്‍ക്ക് സമീപം പാത്തും പതുങ്ങിയുമൊക്കെ പല ദിവസങ്ങളിലും ചുറ്റിക്കറങ്ങി. പള്ളിപ്പരിസരത്ത് തൊപ്പിയും പുസ്തകങ്ങളും സുഗന്ധവുമൊക്കെ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടു.

ഒരു ദിവസം കൃത്രിമ മുസ്ലിം വേഷത്തില്‍ പോയി വില്‍പനക്കാരനില്‍നിന്നും ഏതാനുംപുസ്തകങ്ങള്‍ വാങ്ങി. പുസ്തകം തിരയുന്ന സമയത്ത് എന്നെ നോക്കി അയാള്‍ പറഞ്ഞു: 'അസ്സലാമു അലൈക്കും.' എനിക്ക് മനസ്സിലായില്ല. ഞാന്‍ പറഞ്ഞു: 'അത് ഇങ്ങെടുക്കൂ, നോക്കട്ടെ.' അന്നേരം അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു: 'പേരെന്താ?' ഞാന്‍ പറഞ്ഞു: 'ബിലാല്‍.' മറുചോദ്യം: 'ബിലാലോ?' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അബ്ദുല്ല.' അപ്പോഴും അയാള്‍ ചിരിച്ചു. കള്ളം പൊളിഞ്ഞെന്നു ബോധ്യപ്പെട്ടപ്പോള്‍ പോകാന്‍ ധൃതികൂട്ടി. പുസ്തകം പിന്നെ മതി എന്നായി. എന്‍റെ വെപ്രാളം കണ്ടപ്പോള്‍ താടി നീട്ടിവളര്‍ത്തിയ പ്രായമുള്ള ആ മനുഷ്യന്‍ പറഞ്ഞു: 'സഹോദരാ.. നിന്നെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ കരുതി ഒരു മുസ്ലിം ആയിരിക്കുമെന്ന്. ഇപ്പോള്‍ മനസ്സിലായി മുസ്ലിമല്ലെന്ന്. എന്താണ് നിന്‍റെ ആവശ്യം? പറയൂ.' ആദ്യം ഓടിപ്പോകാനാണ് തോന്നിയത്. പക്ഷേ, ആ മനുഷ്യന്‍റെ വിടര്‍ന്ന പുഞ്ചിരിയും ഹൃദ്യമായ സമീപനവും കണ്ടപ്പോള്‍ ഞാന്‍ സത്യം പറഞ്ഞു: 'ഞാന്‍ ഇസ്ലാമിനെക്കുറിച്ചു പഠിക്കാന്‍ വേണ്ടിയാണ് പുസ്തകം തിരഞ്ഞത്.' വീടും സ്ഥലവും ചോദിച്ചു. പക്ഷേ, ഞാന്‍ മാറ്റിപ്പറഞ്ഞു. ആ നല്ല മനുഷ്യന്‍ വേറെ മൂന്ന് പുസ്തകങ്ങള്‍കൂടി എടുത്തു പൊതിഞ്ഞുതന്നു. പുസ്തകം തരുമ്പോള്‍ അയാള്‍ പറഞ്ഞു: 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം.' എനിക്കു കാര്യം മനസ്സിലായില്ല. ഞാന്‍ കാശ് കൊടുത്തു. അയാള്‍ അത് വാങ്ങി എന്‍റെ പോക്കറ്റില്‍തന്നെ വച്ചുതന്നിട്ടു പറഞ്ഞു: 'ഇത് എന്‍റെ വകയായി വണ്ടിക്കൂലിക്ക് ഇരിക്കട്ടെ. നിങ്ങള്‍ കൊണ്ടുപോയി പഠിക്കൂ. പഠിച്ച് സ്വര്‍ഗം കരസ്ഥമാക്കൂ. അല്ലാഹു നിങ്ങളെ സഹായിക്കും.' ഇതാണ് മുസ്ലിംകളുമായുള്ള സാഹോദര്യബന്ധത്തിന് വഴിതുറന്ന കഥ.

ഇസ്ലാമിന്‍റെ അടിത്തറ, നിസ്ക്കാരത്തിന്‍റെ രൂപങ്ങള്‍, ബാങ്കും ഇഖാമത്തും, സത്യത്തിലേക്കുള്ള പാത, പ്രപഞ്ച രഹസ്യം എന്നീ പുസ്തകങ്ങളുമായി ഞാന്‍ വീട്ടിലെത്തി. എല്ലാം പരിശോധിച്ചു; പഠിച്ചു. ഇസ്ലാമിന്‍റെ അടിത്തറ, നിസ്ക്കാരത്തിന്‍റെ രൂപങ്ങള്‍ എന്നിവ വളരെ സൂക്ഷ്മമായി വായിച്ചു മനസ്സിലാക്കി.

ഒരാള്‍ ഇസ്ലാമിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ശുദ്ധിയാകണം, പിന്നെ ശഹാദത്ത് കലിമ ചൊല്ലണം. ഉള്ളിലൊരു ശങ്കയുയര്‍ന്നു. ശുദ്ധി ചെയ്തു വന്നശേഷം ശഹാദത്ത് കലിമ ആര് പറഞ്ഞുതരും? ഒരെത്തും പിടിയും ഇല്ല. ഒരു വഴി ഉറപ്പിച്ചു. വരുന്നതു വരട്ടെ.

എല്ലാവരും ഉറങ്ങിയശേഷം മണ്ണെണ്ണ വിളക്കുമായി മുറ്റത്തിറങ്ങി. പുസ്തകം നിവര്‍ത്തിവച്ചു. അതില്‍ എഴുതിയതിന്‍ പ്രകാരം വുദൂഅ് ചെയ്തു. മുറിയില്‍ കയറി. പുസ്തകം വിളക്കു വെളിച്ചത്തില്‍ നിവര്‍ത്തിവച്ചു; പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, നീ എന്‍റെ കണ്ഠനാഡിയെക്കാള്‍ അടുത്തുണ്ടല്ലോ. എനിക്ക് കലിമ പറഞ്ഞുതരാന്‍ ആരുമില്ല. നാഥാ, ഇതു നിനക്കറിയാമല്ലോ. നാഥാ, ഞാന്‍ ചെയ്യാന്‍ പോകുന്നതിന്‍റെ ഗുണദോഷ വശങ്ങള്‍ നിനക്കു മാത്രമെ അറിയുകയുള്ളൂ. തമ്പുരാനേ... തെറ്റാണെങ്കില്‍ എന്നെ തടയുകയും ശരിയാണെങ്കില്‍ എന്നെ സഹായിക്കുകയും ചെയ്യണമേ. അല്ലാഹുവേ. ഞാന്‍ വായിച്ചു മനസ്സിലാക്കിതുപ്രകാരം ഞാനിതാ കലിമചൊല്ലുന്നു. അറബി അക്ഷരങ്ങള്‍ മൊഴിയേണ്ടപ്രകാരം മൊഴിയാന്‍ പഠിച്ചിട്ടില്ല; എങ്കിലും ഞാനിതാ എന്‍റെ അറിവിന്‍റെ പരിമിതിയില്‍നിന്നുകൊണ്ട് ശഹാദത്ത് ചൊല്ലുന്നു:

"അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്; ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്‍റെ തിരുദൂതനാണെന്നും ഞാന്‍ വിശ്വസിച്ച്, ഹൃദയത്തില്‍ ഉറപ്പിച്ച്, നാവുകൊണ്ട് വെളിവാക്കുന്നു."

പിന്നീട് നമസ്കാരത്തിന്‍റെ ഓരോ രൂപവും മനസ്സിലാക്കി പ്രാവര്‍ത്തികമാക്കി; ചൊല്ലേണ്ട കാര്യങ്ങള്‍ മലയാളത്തിലുള്ള പുസ്തകം നോക്കിയാണ് ചൊല്ലിയത്. അങ്ങനെ 1995 ഡിസംബര്‍ 5ന് രാത്രി 11 മണിക്കുശേഷം ലോകരക്ഷിതാവിന്‍റെ മുമ്പില്‍, സമൂഹം അവഹേളിക്കുന്ന ഒരു ഗോത്രവര്‍ഗ ശിശു സുജൂദ് ചെയ്ത് നമസ്കരിച്ചു. ഏത് പ്രതിസന്ധികളെയും നേരിടാമെന്നൊരു തോന്നലും ആത്മധൈര്യവും കിട്ടിയതുപോലെ!

പാത്തും പതുങ്ങിയും, അവസരങ്ങള്‍ നോക്കിയുള്ള നമസ്കാരവും ഇസ്ലാം പഠനങ്ങളുമായി ഒരു വര്‍ഷം തികയാറായി.

ഒരുദിവസം രാത്രി എട്ടുമണി; വീടിനുള്ളില്‍ നല്ല അനുകൂല സാഹചര്യം. ഇന്നു പതിനൊന്നു മണി വരെ കാത്തിരിക്കേണ്ട. കിട്ടിയ അവസരം ഉപയോഗിക്കാമെന്നു കരുതി. മക്കള്‍ നാലുപേരും പഠിക്കുകയും കഥകള്‍ പറഞ്ഞ് രസിക്കുകയുമാണ്. ഭാര്യ അത്താഴം തയ്യാറാക്കുന്ന ശ്രദ്ധയില്‍. അച്ഛനും അമ്മയും കിടക്കുകയാണ്. കിട്ടിയ അവസരം പെട്ടെന്നു വിനിയോഗിക്കാമെന്നു കരുതി. വുദൂഅ് ചെയ്തു. കതകടച്ച് നമസ്കാരം തുടങ്ങി. ഒന്നാമത്തെ റക്അത്തില്‍ സുജൂദില്‍ കിടക്കുമ്പോള്‍ ആരോ കതകുതുറന്നു. സലാം വീട്ടി എഴുന്നേല്‍ക്കുന്നതിനു മുമ്പ് മകളുടെ വിളി: 'എടാ, ഓടി വാടാ. ഒരു സൂത്രം കാണാന്‍.' അമ്മയും  ഭാര്യയും മക്കളുമെല്ലാം അടുത്തുവന്നു.

മകളുടെ വിശദീകരണം: 'ഞാന്‍ വന്നപ്പോ ചാച്ച കുനിഞ്ഞു കമിഴ്ന്നുകിടക്കുവാരുന്നു. ഞാന്‍ വിളിച്ചപ്പോ പെട്ടെന്ന് ഇരുന്ന് തല ഇടംവലം തിരിച്ചുകാണിച്ചുകൊണ്ട് ഇങ്ങനെ, ഇങ്ങനെ കാണിച്ച് എഴുന്നേറ്റൂ.'

ഭാര്യ: 'ശരിയാ... മുമ്പ് ഒന്നുരണ്ട് പ്രാവശ്യം ഞാനും കണ്ടിട്ടുണ്ട് കുനിഞ്ഞു കിടക്കുന്നതും നിവരുന്നതും. ഞാന്‍ ചോദിച്ചപ്പോള്‍ കട്ടിലിനടിയില്‍ എന്തോ അനക്കം കേട്ടു നോക്കിയതാണെന്നാ പറഞ്ഞത്.'

'എന്തു പറ്റി മോനേ നിനക്ക്?' എന്ന ചോദ്യത്തോടൊപ്പം അമ്മ രണ്ടു കൈയും തലയില്‍വെച്ച് അലമുറ കൂട്ടാന്‍ തുടങ്ങി.

'അയ്യോ! എന്‍റെ ദൈവങ്ങളേ... എന്‍റെ കുഞ്ഞിനെന്തു പറ്റിയാവോ...'

രംഗം ശാന്തമാക്കാന്‍ ഞാന്‍ ശ്രമിച്ചു: 'അമ്മേ, ബഹളം വയ്ക്കാതെ. ഈ കൊച്ച് ചുമ്മാതെ പറയുന്നതാ. ലൈറ്റിട്ടു കട്ടിലിനടിയില്‍ ഒരു സാധനം നോക്കയാരുന്നു.'

'അതിനെന്തിനാ തോര്‍ത്ത് തറയില്‍ വിരിച്ചിരിക്കുന്നത്?' മറുചോദ്യം.

മകള്‍ വീണ്ടും: 'അല്ല... അല്ല... ഞാന്‍ കണ്ടത് തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നതാ.'

അടുത്ത ബോംബുമായി ഭാര്യ: 'കുറെ നാളായി എന്തെല്ലാം പുതിയ പുതിയ കാര്യങ്ങളാ എന്നോടു പറയുന്നത്. തലമുടി ഒരു തുണികൊണ്ട് മറക്കണം. കൈക്ക് ഇറക്കമുള്ള ബ്ലൗസ് തയ്പ്പിക്കണം. മൂത്രം ഒഴിച്ചാല്‍ വെള്ളംകൊണ്ട് ശുദ്ധിചെയ്യണം...ചില ദിവസം ഉറങ്ങാതിരുന്നു രാത്രി ഒത്തിരിസമയം വായിക്കുന്നതു കാണാം. ചിലപ്പോള്‍ രണ്ടു കൈയും മലര്‍ത്തിപ്പിടിച്ചു പിറുപിറുത്തുകൊണ്ട് എന്തോ മന്ത്രം പറയുന്നതും കണ്ണുനീരു തുടക്കുന്നതുമൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.'

ഇതുകൂടി കേട്ടപ്പോള്‍ അമ്മയുടെ നിയന്ത്രണംവിട്ടു. വാവിട്ടു കരഞ്ഞു: 'ഇവനെ ഏതോ അഴുക്കുപിശാചു കൂടിയതാ...'

ഭാര്യ: 'ആ ഉപദേശിമാരെ പിണക്കിവിട്ടതില്‍ പിന്നാ ഇതൊക്കെ തുടങ്ങിയത്. നേരത്തെ ഞാന്‍ പറയണമെന്ന് ഓര്‍ത്തതാ. വല്ലതും കഴിക്കുന്നതിനു മുമ്പും കഴിച്ചശേഷവും മിക്കവാറും മറുഭാഷ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.'

'എന്താടീ ഇവന്‍ മറുഭാഷ പറയുന്നത്?' അമ്മ.

'എനിക്കറിയില്ല. എന്നോടല്ല. തന്നെത്താന്‍ പറയുന്നതാ.'

 (ബിസ്മില്ലാഹ്, അല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്- ഇതൊക്കെയാണ് ഭാര്യ കേട്ട മറുഭാഷ).

ഈ കോലാഹലത്തിനിടയില്‍ മലവേലനെ(അമ്മാവനെ) വിളിച്ചുകൊണ്ടുവരാന്‍ ആളയച്ചത് ഞാനറിഞ്ഞില്ല. ശംഖ് ഉണര്‍ത്തിക്കൊണ്ട് മലവേലന്‍ രംഗപ്രവേശം ചെയ്തു.

അമ്മാവന്‍: 'എന്താ കൊച്ചേ പ്രശ്നം?'

ഭാര്യ: 'അമ്മാവാ, കുഞ്ഞിച്ചന് (ഭര്‍ത്താവ്) എന്തോ വല്യപ്രശ്നം ഉണ്ട്. പാതിരാത്രിയാവുമ്പോഴൊക്കെ നിലത്ത് തോര്‍ത്തുവിരിച്ച് കുനിഞ്ഞ് കിടക്കുകയും കുത്തിയിരിക്കുകയും തല ഉയര്‍ത്തിപ്പിടിച്ച് കുശു കുശുക്കുകയും ചെയ്യും. മിക്കപ്പോഴും രാത്രി ഉറക്കമില്ല. മിനക്കെട്ടിരുന്നു വായനയാ. അതും കൂടോത്രക്കാരായ മുസ്ലിംകളുടെ പുസ്തകമാണെന്നു തോന്നുന്നു. എന്തോ വല്യ കുഴപ്പമുണ്ട്. എനിക്കാകെ പേടിയാകുന്നു. ആ ഉപദേശിമാര് കൂടോത്രം വല്ലതും ചെയ്തതായിരിക്കുമോ?'

മലവേലന്‍റെ പരിപാടികള്‍ തുടങ്ങി. എണ്ണത്തിരി കത്തിച്ചു. ശംഖ് ഊതി,

'99 മലവില്ലന്മാരേ, മലവേലന്മാരേ... കൊമ്പൂഞ്ഞ്, ശാശ്, മാടന്‍, മര്‍ദ, ക്രിസ്ത്യാനികളായ ചുടലപ്പിശാചുക്കള്‍, ഏതു കാലമാടനാണെങ്കിലും ശരി, ഈ നിമിഷം എന്‍റെ ഉണ്ണിയെ വിട്ടുപൊക്കോണം. ഹും... ഒഴിഞ്ഞു പോകാനല്ലേ പറഞ്ഞത്.'

ശേഷം കുറച്ച് ഭസ്മം എന്‍റെ തലയില്‍ വിതറുകയും നാക്കില്‍ തരികയും ചെയ്തു. എണ്ണത്തിരി തലയ്ക്ക് മൂന്ന് പ്രാവശ്യം ചുറ്റിച്ചശേഷം മുറ്റത്തിറങ്ങി വടക്കോട്ട് എറിഞ്ഞു.

ഞാന്‍ എല്ലാ ക്രിയകളും അംഗീകരിച്ചുകൊണ്ട് കട്ടിലില്‍ കമിഴ്ന്നുകിടക്കുകയാണ്. പല്ലുകള്‍ കടിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്. പൊട്ടിച്ചിരിയെങ്ങാനും പുറത്തുചാടിയാല്‍ കളി മാറും. മുഴുഭ്രാന്താണെന്നു വിധി പ്രഖ്യാപിക്കും.

കുടുംബക്കാരുടെ അഭിപ്രായങ്ങളും ചര്‍ച്ചകളും നീണ്ടുപോകുമെന്ന് ഉറപ്പായപ്പോള്‍ ഒരു അടവ് പ്രയോഗിച്ചു. പെട്ടെന്ന് ചാടി എഴുന്നേറ്റു. വെള്ളം വാങ്ങിക്കുടിച്ചു.

'ഹോ, ആഹോ... രക്ഷപ്പെട്ടു. എന്തോ ദേഹത്തുനിന്നും ഇറങ്ങിപ്പോയതുപോലെ. ഭാരം കുറഞ്ഞതുപോലെ തോന്നുന്നു. ആശ്വാസമായി. രക്ഷപ്പെട്ടു' എന്നു പറഞ്ഞ് പുഞ്ചിരിച്ചു.

എല്ലാവര്‍ക്കും സന്തോഷവും സമാധാനവുമായി. അമ്മാവന്‍ അഭിമാനത്തോടെ ഒന്ന് ഇളകിയിരുന്നു.

'ങാ... എങ്ങനെ മാറാതിരിക്കാന്‍. എന്നോടാ കളിക്കുന്നത്!'

ഞാന്‍ തലകുലുക്കി സമ്മതിച്ചു. 11 മണിയോടെ സഭ പിരിഞ്ഞു.

ഈ നാടകം അധികനാള്‍ മുന്നോട്ടുപോകില്ല. എങ്ങനെയും ഔദ്യോഗികമായി ഇസ്ലാം സ്വീകരിക്കണം. എങ്ങനെ? ആര് സഹായിക്കും. ഇനിയൊരു മതംമാറ്റത്തെ കുറിച്ച് വീട്ടുകാരെങ്ങാനും അറിഞ്ഞാല്‍ സ്ഥിതി അതീവ ഗുരുതരമാകും. ദുര്‍വാസാവ് മഹര്‍ഷിയുടെ സ്വഭാവമുള്ള സ്വന്തം അച്ഛന്‍ തന്നെ വെട്ടുകത്തിക്ക് പത്ത് പീസാക്കും; ഉറപ്പ്.

എന്താണൊരു പോംവഴി? പരിചയപ്പെട്ട പല മുസ്ലിംകളെയും സമീപിച്ചു ആഗ്രഹം അറിയിച്ചു. അവരെല്ലാം ഒഴിഞ്ഞുമാറി. ചിലര്‍ എന്നെ ഉപദേശിച്ചു.

'നിങ്ങള്‍ ആദിവാസികള്‍, മാത്രമല്ല ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള മലവേലന്മാര്‍. നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചാല്‍ അതിന്‍റെ പിന്നിലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഗൗരവമുള്ളതായിരിക്കും. ആവശ്യമില്ലാത്ത ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.'  

എന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരാള്‍ പറഞ്ഞു: 'രണ്ടു പ്രവര്‍ത്തകരെ പരിചയപ്പെടുത്തിത്തരാം. പക്ഷേ, എന്നെ ഉപദ്രവിച്ചേക്കരുത്.'

അയാള്‍ രണ്ട് പ്രവര്‍ത്തകരെ പരിചയപ്പെടുത്തി തന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ സഹായിക്കാം. പക്ഷേ, പൊന്നാനി ഇസ്ലാം സഭയില്‍ പോയി മൂന്നുമാസം താമസിക്കാതെ യാതൊരു മാര്‍ഗവുമില്ല. നിങ്ങള്‍ നാടും വീടും സ്വത്തുക്കളുമെല്ലാം ഉപേക്ഷിച്ചു പോകാന്‍ തയ്യാറാണോ?'

'അതെ, തയ്യാറാണ്.' കുട്ടികളുടെ പരീക്ഷ കഴിയുന്നതുവരെ (മാര്‍ച്ച്) കാത്തിരിക്കാന്‍ പറഞ്ഞുറപ്പിച്ചു പിരിഞ്ഞു. മൂന്ന് മാസത്തെ ഇടവേളയുണ്ട്.

വെള്ളിയാഴ്ചയിലെ ജുമുഅയുടെ പ്രതിഫലം വായിച്ചു മനസ്സിലാക്കി. ഒരു ജുമുഅ കൂടാന്‍ ആഗ്രഹം തോന്നി. 30 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പള്ളിയില്‍ പോയി. ആരും തിരിച്ചറിയാതിരിക്കാന്‍ വേഷവിധാനത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖുത്വുബ (പ്രസംഗം) കേട്ട് അന്തംവിട്ടുപോയി. ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ ബിലാല്‍ എന്ന അടിമക്കു അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ കഥ! എനിക്കു വേണ്ടിയാണോ ഇന്ന് ഈ പ്രസംഗം നടത്തിയതെന്നു തോന്നിപ്പോയി; ഞാന്‍ പേടിച്ചു പിന്‍തിരിയാതിരിക്കാന്‍!

എന്നാല്‍ കാര്യങ്ങള്‍ പലരും അറിയാന്‍ തുടങ്ങി.  വീട്ടുകാരിലും ചില സംശയങ്ങള്‍ മുളച്ചിട്ടുണ്ട്.  ഒരു ദിവസം ഒരു പണ്ഡിതന്‍ വീട്ടില്‍ വന്നുകേറുന്നത് പറമ്പില്‍ പണിയെടുത്തുകൊണ്ടിരുന്ന അച്ഛന്‍ കണ്ടു. ചീറി അലറിക്കൊണ്ട് അച്ഛന്‍ വെട്ടുകത്തിയുമായി ഓടിവന്നു.

'പന്ന പാടേ, നീ ആരാടാ' എന്നലറിക്കൊണ്ട് തലക്ക് വെട്ടാന്‍ വെട്ടുകത്തി ഉയര്‍ത്തി. ഞാന്‍ ഇടയ്ക്ക് കയറി വന്നയാളെ തള്ളിമാറ്റി. ഒരു സെക്കന്‍റ് താമസിച്ചുപോയിരുന്നെങ്കില്‍ അയാളുടെ കഥ കഴിയുമായിരുന്നു. പുളിച്ച തെറിയുടെ അഭിഷേകം. പിടിവലിയുമായി ഒരു വിധത്തില്‍ അച്ഛനില്‍നിന്നും അയാളെ രക്ഷിച്ചു പമ്പാനദിയുടെ മറുകര കടത്തിവിട്ടു.

തിരിച്ചു വന്നപ്പോള്‍ പ്രകടനം എന്നോടായി: 'നിന്നെ ഇന്ന് ശരിയാക്കുമെടാ.'

അടുത്തു വന്നപ്പോള്‍ അമ്മ ഇടയ്ക്ക് കയറി. അച്ഛന്‍ കലിതുള്ളി വിറയ്ക്കുകയാണ്.

'നിന്‍റെ തോന്ന്യാസം. അമ്പലോം മലേം പൊക്കിക്കൊണ്ട് നടന്നു, പിന്നെ വീടു പള്ളിയാക്കി. ഇപ്പോള്‍ മന്ത്രവാദികളുടെ (മുസ്ലിം) പുറകെ, നിന്നെ ഞാന്‍ അരിഞ്ഞു തീര്‍ക്കും.'

വിഷയം ഊരുകളില്‍ അറിയാതിരിക്കാന്‍ ഞാന്‍ അച്ഛന്‍റെ കാലില്‍ പിടിച്ചു സത്യം ചെയ്തു: 'ഒരു മുസ്ലിമുമായി മേലില്‍ ഒരു ബന്ധവുമില്ല. ഇന്നത്തോടെ എല്ലാം അവസാനിപ്പിച്ചിരിക്കുന്നു. എന്നെ കാണാന്‍ ഒരു മുസ്ലിമും ഇവിടെ വരില്ല. ഞാനും ആരെയും കാണാന്‍ പോകില്ല.'

'നേരാണോടാ?'

'അതെ, 99 മലദൈവങ്ങളാണ് സത്യം!'

പേടിച്ചുവിറച്ച അമ്മ പറഞ്ഞു: 'അവന്‍ സത്യം ചെയ്തില്ലേ? മതി, നിര്‍ത്തൂ...'

അച്ഛന്‍ പിന്‍വാങ്ങി.

1995 മാര്‍ച്ച് 19ന് അര്‍ധരാത്രി കഴിഞ്ഞ് ഏഴുന്നേറ്റ് വുദൂഅ് ചെയ്ത് രണ്ടുറക്അത്ത് നമസ്കരിച്ചു. ലോകത്തിന്‍റെ നാഥനോട് ചുടുകണ്ണീര്‍ സമര്‍പ്പിച്ചുകൊണ്ട് യാചിച്ചു. നാഥാ നിന്‍റെ സന്നിധിയിലെത്താന്‍... പന്ത്രണ്ടു വര്‍ഷത്തോളം ഞാന്‍ അലഞ്ഞുതിരിഞ്ഞത് നിനക്കറിയാമല്ലോ. ഇപ്പോള്‍ എല്ലാം അവസാനിപ്പിച്ചിരിക്കുന്നു. ഞങ്ങളും നിന്‍റെ സൃഷ്ടിയല്ലേ. വനവാസികളായിപ്പോയിയെന്നതിനെ ഒരു കുറവായി നീ കാണുന്നില്ലല്ലോ. നാഥാ, നിന്‍റെ പരിശുദ്ധ ഇസ്ലാമിന്‍റെ സുഗന്ധം അല്‍പമെങ്കിലും അനുഭവിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക്കൂടി തരേണമേ.'

ഒരു സൃഷ്ടിയോടും യാതൊരു വിവേചനവും കാണിക്കാത്ത പ്രപഞ്ചനാഥന്‍റെ അത്ഭുതകരമായ സഹായമാണ് പിന്നീടു ലഭിച്ചത്!

പിറ്റേദിവസം ഉച്ചയോടുകൂടി പതിനഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ സഞ്ചിയും തൂക്കിപ്പിടിച്ച് വീട്ടുമുറ്റത്ത് വന്നു. ചെറുതും വലുതുമായ കുറെ കുപ്പികളില്‍ എണ്ണ നിറച്ചിട്ടുണ്ട്. സംസാരം കേട്ട് ഞാന്‍ ഇറങ്ങിച്ചെന്നപ്പോള്‍ കണ്ടത് വാതത്തിനുള്ള കുഴമ്പിന്‍റ മാഹാത്മ്യത്തെക്കുറിച്ചും ഗുണഗണത്തെക്കുറിച്ചും വാചാലമായി അച്ഛനോടും അമ്മയോടും സംസാരിക്കുന്നതാണ്. സാമ്പിള്‍ രണ്ടുപേര്‍ക്കും ഒഴിച്ചുകൊടുത്തു. എന്നോട് ചോദിച്ചു: 'ചേട്ടനു കുഴമ്പു വേണോ.. നല്ല കുഴമ്പാ, എല്ലാ വേദനയും പറ പറക്കും.'

ഈ കൊച്ചു മിടുക്കന്മാരെ സൂക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക് എന്തോ ചില സംശയങ്ങള്‍ തോന്നാതിരുന്നില്ല.

'നിങ്ങളെന്താ ഇത്രയും കുറച്ച് സാധനവുമായി വന്നത്?' ഞാന്‍ ചോദിച്ചു.

'ചേട്ടാ രാവിലെ അമ്പത് കുപ്പിയുമായി ഇറങ്ങിയതാ. ബാക്കിയെല്ലാം ചൂടപ്പംപോലെ വിറ്റുപോയി. സ്കൂളിന് അവധിയായപ്പോള്‍ വെറുതെ ഇരിക്കാതെ ചില്ലറ കച്ചവടവുമായി ഇറങ്ങിയതാ... ചേട്ടനു വേണമെങ്കില്‍ ബാക്കി പത്തുപന്ത്രണ്ട് കുപ്പിയേയുള്ളൂ. മൊത്തം എടുത്തോ... വില അല്‍പം കുറച്ചുതരാം.'

കുട്ടികള്‍ എന്‍റെ മുഖത്ത് നോക്കി ചിരിക്കുകയും എന്തോ രഹസ്യം പറയുന്ന പോലെ കണ്ണുകൊണ്ട് കാണിക്കുകയും ചെയ്തു. എന്തോ പന്തികേട് എനിക്ക് തോന്നി. രണ്ട് കുപ്പി കുഴമ്പ് വാങ്ങി. നാല്‍പതു രൂപ. ഞാന്‍ 50 രൂപയുടെ നോട്ട് കൊടുത്തു. ഒരാള്‍ പോക്കറ്റില്‍ തപ്പിത്തിരഞ്ഞ് ബാക്കി എന്‍റെ കൈക്കുള്ളില്‍ ചുരുട്ടിവച്ചു തന്നു. നോട്ടിനോടൊപ്പമതാ ഒരു തുണ്ട് കടലാസ്! (തുടരും)