ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

(ഭാഗം 8)

ഈ സമയം, വീട്ടില്‍ വരാറുള്ള ഒരു പാസ്റ്റര്‍ എന്നെ കൈയാട്ടി വിളിച്ചു. ഞാന്‍ ഇറങ്ങിച്ചെന്നപ്പോള്‍ 'വാ, നിങ്ങളെ പാസ്റ്റര്‍ അന്വേഷിക്കുന്നു' എന്നു പറഞ്ഞു. അയാളോടൊപ്പം പള്ളിയിലെ ഓഫീസ് മുറിയിലെത്തി. അവിടെ അപ്രതീക്ഷിതമായ രംഗം അരങ്ങേറുകയായി. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ മുഖ്യപാസ്റ്റര്‍ എന്നെ രൂക്ഷമായി നോക്കി. അടുത്തുചെന്നപ്പോള്‍ ഒരു പൊട്ടിത്തെറിയോടെ കയര്‍ത്തു: 'എടോ, ഇത് നിയമസഭയല്ല, ദൈവസഭയാണ്. താന്‍ ഇഞ്ഞോട്ടു വന്നയുടനെ തോക്കില്‍കയറി വെടിവെക്കുന്നോ? അറിയുക, അനുസരിക്കുക, വിശ്വസിക്കുക... ഇതാണ് ഒരു വിശ്വാസിയുടെ കടമ. ക്രിസ്തുമതവും വിശുദ്ധ ബൈബിളും ഇന്നലെ ഉണ്ടായതല്ല. ഞങ്ങളൊക്കെ ഇത് വിശ്വസിച്ചും ആരാധിച്ചും നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഞങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യവര്‍ഗത്തിന്‍റെ പരിവര്‍ത്തനത്തിനുവേണ്ടിയാണ്.'

പാസ്റ്ററുടെ ശകാരം മൂര്‍ച്ഛിക്കുകയാണ്. എന്‍റെയുള്ളില്‍ വല്ലാത്തൊരു വിറയല്‍ ഉണ്ടായി. നിയന്ത്രണം വിട്ടു; ഉള്ളിലെ വിങ്ങലും തേങ്ങലും കടിഞ്ഞാണ്‍പൊട്ടി കണ്ണുനീരായി ഉതിര്‍ന്നുവീഴാന്‍ തുടങ്ങി. എന്‍റെ ദയനീയാവസ്ഥ കണ്ടു വീട്ടില്‍ വരാറുള്ള ഉപദേശിമാര്‍ കളം ശാന്തമാക്കാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞു: 'പോട്ടെ പാസ്റ്ററേ, ശിശുവല്ലേ; പഠിച്ചു വരുന്നതല്ലേയുള്ളൂ.'

പിന്നെ എന്‍റെ തോളില്‍തട്ടിക്കൊണ്ട് പറഞ്ഞു: 'സാരമില്ല സഹോദരാ, ഈ ദൈവദാസന്‍ അല്‍പം മുന്‍കോപിയാണ്. പക്ഷേ, ആള്‍ ശുദ്ധപാവമാണ്.'

കണ്ണുനീര്‍ തുടച്ചുകൊണ്ട് വളരെ ദയനീയമായി ഞാന്‍ പാസ്റ്ററോട് ചോദിച്ചു: 'സംശയങ്ങള്‍ ചോദിച്ചുകൊള്ളാന്‍ അങ്ങ് പറഞ്ഞതുകൊണ്ടല്ലേ ഞാന്‍ ചോദിച്ചത്?'

കുറ്റബോധം തോന്നിയ പാസ്റ്റര്‍ കസേര ചൂണ്ടിക്കൊണ്ട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു. മേശപ്പുറത്തിരിക്കുന്ന നാരങ്ങ വെള്ളം കുടിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.

മനസ്സിളകി മറിയുന്ന നിമിഷങ്ങള്‍. ഒരു പ്രതികാരത്തിന്‍റെ തീജ്വാല പെരുവിരലില്‍നിന്നും എന്‍റെ തലച്ചോറിലെത്തി. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു:

'പാസ്റ്റര്‍! എന്‍റെ സംശയത്തിന് അങ്ങ് ഉത്തരം തന്നില്ലല്ലോ? അത് പറയൂ, എന്നിട്ട് വെള്ളം കുടിക്കാം.'

പാസ്റ്റര്‍ വളരെ ശാന്തനായി, സൗമ്യതയോടുകൂടി പറഞ്ഞു: 'സഹോദരാ, സത്യാന്മാവ് എന്ന കാര്യസ്ഥന്‍ യേശുവില്‍നിന്നുള്ള പ്രതിഭാസമാണ്. പരിശുദ്ധാത്മാവ് അരൂപിയായ പ്രതിഭാസവും. ഇവയൊന്നും നഗ്നനേത്രംകൊണ്ട് നമുക്ക് ദര്‍ശിക്കാന്‍ കഴിയില്ല. വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്ന ഓരോ വിശ്വാസിയിലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം ഉണ്ടാകും. പരിശുദ്ധാത്മാവിന്‍റെ പരിരക്ഷ ലഭിക്കുന്നവര്‍ അവിശ്വസനീയമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ഇതാണ് യേശു മുന്നറിയിപ്പ് തന്നിട്ടുള്ള സത്യാത്മാവ്. എന്തായി? ഇപ്പോള്‍ സംശയങ്ങള്‍  തീര്‍ന്നില്ലേ?'

ഈ സമയം ഭക്ഷണം കഴിക്കുവാനായി മുറിക്കുള്ളില്‍നിന്നും പോകാന്‍ ധൃതി കൂട്ടുകയാണ് മറ്റുള്ളവര്‍. എന്‍റെ അന്തരാത്മാവാകട്ടെ പുകഞ്ഞു പുകഞ്ഞ് ചൂടുപിടിച്ച് വരികയാണ്. നിരപരാധിയായ എന്നെ ഇയാള്‍ വല്ലാതെ വേദനിപ്പിച്ചു. മറ്റുള്ളവരുടെ മുമ്പില്‍വച്ചു കരയിപ്പിച്ചു, അവഹേളിച്ചു. കൈയില്‍ കിട്ടിയ ആയുധംകൊണ്ട് തന്നെ പൊരുതുക. ഞാന്‍ പറഞ്ഞു:

'പാസ്റ്ററേ, നിങ്ങള്‍ പറഞ്ഞ ഉത്തരം എനിക്കു വിശ്വസനീയമല്ല. ജീവനുള്ള സകല ആത്മാവിലും ആത്മാവ് എന്ന ഒന്ന് ഉണ്ട്. പക്ഷേ, കണ്ണുകൊണ്ടു കാണാന്‍ കഴിയില്ലല്ലോ. വായു, ചൂട്, തണുപ്പ്, സുഗന്ധം, ദുര്‍ഗന്ധം തുടങ്ങിയവയെല്ലാം പ്രപഞ്ചത്തിലുണ്ട്. ഇവയും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തവയാണ്. കണ്ണുകൊണ്ട് കാണാന്‍ പറ്റാത്ത ഒരു വസ്തുവിനെ 'അവന്‍,' 'അവള്‍' എന്നിങ്ങനെ സ്ത്രീലിംഗ- പുല്ലിംഗ രൂപത്തില്‍ ആരെങ്കിലും വിളിക്കുമോ? കാറ്റിനെ ആരെങ്കിലും അവന്‍ എന്ന് വിളിക്കുമോ? ചൂടിനെയോ തണുപ്പിനെയോ അങ്ങനെ വിളിക്കുമോ? (ബൈബിള്‍ നിവര്‍ത്തിക്കൊണ്ട് ഞാന്‍ തുടര്‍ന്നു). ഇതാ നോക്കൂ; പ്രഭു, കാര്യസ്ഥന്‍, സത്യാന്മാവ് എന്നൊക്കെ വിശേഷിപ്പിച്ചത് ആരെയാണോ അദ്ദേഹത്തെ ഇതില്‍ അവന്‍, എന്ന് പലതവണ പറഞ്ഞിരിക്കുന്നു. ഇത് താങ്കള്‍ പറയുന്ന അരൂപിയല്ല. ഇത് ഒരു മനുഷ്യനെക്കുറിച്ചാണ്. സത്യസന്ധനായ ഒരു പുരുഷനെക്കുറിച്ചാണ്. കാരണം യേശുവിന്‍റെ ഈലോകജീവിതം അവസാനിച്ചെന്നും യേശുവിന്‍റെ ദൗത്യം മറ്റൊരാള്‍ക്ക് കൈമാറുകയാണെന്നുമാണ് യേശുവിന്‍റെ ഉദ്ദേശ്യവും മുന്നറിയിപ്പും. വരാന്‍പോകുന്ന ആള്‍ ലോകത്തിന്‍റെ പ്രഭു ആണെന്നും കാര്യസ്ഥനാണെന്നും സത്യസന്ധനാണെന്നും പാപവും നീതിയും വേര്‍തിരിച്ച് ജനങ്ങളെ പഠിപ്പിക്കാന്‍ പ്രാപ്തനാണെന്നുമാണ് യേശു പറഞ്ഞിരിക്കുന്നത്. ഇയാള്‍ വന്നുപോയോ ഇല്ലേ എന്നാണ് എനിക്കറിയേണ്ടത്.'

കടന്നല്‍ കുത്തേറ്റ വിഭ്രാന്തിയോടെ പാസ്റ്റര്‍ അട്ടഹസിച്ചു: 'നിര്‍ത്തെടാ നിന്‍റെ പ്രസംഗം! ഇവന്‍ അഹങ്കാരിയും സത്യനിഷേധിയുമാണ്; വിശ്വാസിയല്ല. ഇവന്‍ ശരിയല്ല. ഇവിടെ സഭയില്‍ ആള് കുറവൊന്നുമില്ല. ഇവനെപ്പോലുള്ളവര്‍ സഭയ്ക്ക് മഹാനാശമാണ്. നഷ്ടമാണ്. ഇറങ്ങിപ്പോടാ...'

ഞാനും ഒട്ടും വിട്ടില്ല: 'താങ്കള്‍ പറയുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കാന്‍ വന്നതല്ല ഞാന്‍. ഈ മഹാപ്രപഞ്ചത്തിന് ഒരു ഉടമസ്ഥന്‍ ഉണ്ടോ?  ഉണ്ടെങ്കില്‍ ആര്? എവിടെ? ആണോ പെണ്ണോ? മനുഷ്യനോ മൃഗമോ? ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമോ? സത്യം സത്യമായിത്തന്നെ തിരിച്ചറിയുകയാണ് എന്‍റെ ലക്ഷ്യം. ഞാന്‍ ശരിയല്ലെങ്കില്‍ അതുപോലെ താങ്കളും ശരിയല്ല. താങ്കളുടെ ഗ്രന്ഥവും ശരിയല്ല.'

ഞാന്‍ കൈയിലിരുന്ന ബൈബിള്‍ മേശപ്പുറത്തെറിഞ്ഞിട്ട് അടി കിട്ടുന്നതിനുമുമ്പ് മുറിക്ക് പുറത്തു ചാടി; പ്രതികാരം ചെയ്ത ആത്മസംതൃപ്തിയോടെ.

വിശന്ന് ഭക്ഷണം കഴിക്കാന്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്ന ഭാര്യയെയും മക്കളെയും വിളിച്ച് റോഡില്‍ ഇറങ്ങി. ഈ സമയം, എന്‍റെ വീട്ടില്‍ നാലു വര്‍ഷമായി വന്നുകൊണ്ടിരുന്ന പാസ്റ്റര്‍ പിറകെ ഓടി വന്നു. അയാള്‍ വിളിച്ചുപറഞ്ഞു:

'നില്‍ക്കൂ സഹോദരാ...തിരിച്ചുവരൂ. സ്നാനം മുങ്ങേണ്ടേ?'

ഞാന്‍ തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു: 'ഹോ. തന്‍റെയൊരു സ്നാനവും കുളിപ്പിക്കലും! പമ്പാനദി എന്‍റെ വീട്ടുപടിക്കല്‍ കൂടിയാണ് ഒഴുകുന്നത്. ഞങ്ങള്‍ അവിടെ മുങ്ങിക്കുളിച്ചോളാം. നിങ്ങള്‍ കുളിപ്പിച്ചതു മതി. ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം. ഇത്രനാളും നിങ്ങള്‍ പറഞ്ഞു പഠിപ്പിച്ച പാപപരിഹാര കള്ളക്കഥകളുമായി മേലില്‍ എന്‍റെ കോളനിയിലും വീട്ടിലും കയറിപ്പോയേക്കരുത്. നമ്മുടെ സകല വിശ്വാസബന്ധങ്ങളും ഇവിടെവച്ച് ഇന്ന് അവസാനിച്ചിരിക്കുന്നു.'

ഏഴു കിലോ മീറ്റര്‍ ദൂരം വിശപ്പുസഹിച്ച് നടന്നു വീട്ടിലെത്തിയ ഉടന്‍ ദൈവത്വം വിശ്വസിച്ചു വീട്ടില്‍ അലങ്കരിച്ചിരുന്ന യേശുവിന്‍റെയും മാതാവിന്‍റെയും ഫോട്ടോകളും പടങ്ങളുമെല്ലാം എടുത്തുമാറ്റി.

ഈ സമയം എന്‍റെ അമ്മയും ഭാര്യയും തമ്മില്‍ നടന്ന സംഭാഷണം:

ഭാര്യ: 'ഞങ്ങള്‍ സ്നാനം മുങ്ങാന്‍ പോയതാ. ഞങ്ങള്‍ക്കുവേണ്ടി അവര്‍ ഭക്ഷണമെല്ലാം ഉണ്ടാക്കിയതാ.'

അമ്മ: 'എന്നിട്ട് ഭക്ഷണം കഴിച്ചില്ലേ?'

ഭാര്യ: 'ഹോ! എങ്ങനെ കഴിക്കാന്‍. ഇദ്ദേഹത്തിന്‍റെ കാര്യം എന്തു പറയാനാ! ബൈബിളിന്‍റെ വചനക്കാര്യം പറഞ്ഞു വാക്കുതര്‍ക്കം ഏതാണ്ട് ഉണ്ടാക്കിയിട്ടു വന്നതാ. അടുത്ത ആഴ്ച മുതല്‍ ആ പാവം ഉപദേശിമാര്‍ ഇവിടെ കയറിപ്പോകരുതെന്നും പറഞ്ഞു. അവര്‍ ഇനി വരത്തില്ല.'

അമ്മ എന്‍റെ നേരെ തിരിഞ്ഞു: 'നിനക്കെന്താടാ... വട്ടുപിടിച്ചോ? എവിടെയെങ്കിലും വിശ്വസിച്ച് ഉറച്ചു നില്‍ക്കത്തില്ലേ? ഇപ്പോള്‍ എത്ര പള്ളിയായി? മൂന്നാലുവര്‍ഷം വീട് പള്ളിയാക്കിയിട്ടു. ഇനി അതും വേണ്ടെന്നോ? നാണക്കേട്! വല്ല മനുഷ്യരും അറിഞ്ഞാല്‍ എന്തു മറുപടിപറയും? ഞങ്ങളെയെല്ലാം കൂട്ടി ഇത്രനാളും വിശ്വസിച്ച് ആരാധിച്ചിട്ട് ഇപ്പോള്‍ ഇതൊന്നും വേണ്ടെന്നോ എന്ന് മറ്റുള്ളവര്‍ ചോദിച്ചാല്‍ എന്തുപറയും? ഛെ! ഇനി മനുഷ്യന്‍റെ മുഖത്തെങ്ങനെ നോക്കും. എന്തു സന്തോഷവും സമാധാനവുമായിരുന്നു. വേറെ ധാരാളം കുടുംബങ്ങള്‍ കൂടാനായിരിക്കുകയായിരുന്നു. നാളെപ്പോയി പാസ്റ്ററന്മാരോട് ക്ഷമപറഞ്ഞു തിരിച്ചുവിളിക്കണം. ആരാധന തുടരണം. ഇതൊന്നും കുഞ്ഞുകളിയല്ല. ദൈവകോപം ഉണ്ടാകും.'

ഇതെല്ലാം കേട്ട് ആകെ അസ്വസ്ഥനായി തലറങ്ങി നില്‍ക്കുമ്പോള്‍ അടുത്ത ബോംബ് പൊട്ടി!

മൂന്നാം ക്ലാസ്സുകാരനായ ഇളയ മകന്‍ എന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു: 'ചാച്ചേ, (മക്കളെല്ലാം എന്നെ ചാച്ചേ എന്നാണ് വിളിക്കുന്നത്) ശിവഭഗവാന്‍ ദൈവത്തിനെയും അയ്യപ്പന്‍ ദൈവത്തിനെയും കളഞ്ഞു. ഇപ്പോള്‍ യേശു ദൈവത്തിനെയും മറിയം ദൈവത്തിനെയും കളഞ്ഞു. ഇനി ഏതാ നമ്മുടെ ദൈവം?'

തലക്ക് ഇരുമ്പുചുറ്റികകൊണ്ട് അടിച്ച ഷോക്ക്! ഇവനോട് എന്തുപറയും? ഒരു നിമിഷം പകച്ചു നിന്നുപോയി. പിന്നെ അവന്‍റെ കുഞ്ഞുകൈയില്‍ പിടിച്ചുകൊണ്ട് 'ഇങ്ങോട്ട് വാടാ' എന്നു പറഞ്ഞു. മകന്‍ ഒന്ന് പരുങ്ങി.

'എടാ, ശബരിമലയില്‍വച്ച് അയ്യപ്പവിഗ്രഹത്തില്‍ നോക്കി നീ വിളിച്ചിട്ടു മിണ്ടിയില്ലെന്നും, നീ ചിരിച്ചിട്ട് നിന്നോട് ചിരിച്ചില്ലെന്നും, പണംവച്ച് നീട്ടിയിട്ടു മേടിച്ചില്ലെന്നും ദൈവം അനങ്ങിയതുപോലും ഇല്ലെന്നും ഇതാണോ ചാച്ചേ ദൈവം എന്നൊക്കെ നീ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? ദൈവം സൈക്കിള്‍ തരുമെന്ന് ചാച്ച പറഞ്ഞിട്ട് തന്നില്ലല്ലോ, മിണ്ടാത്ത ദൈവത്തിനു ഞാന്‍ പൈസ കൊടുക്കില്ല എന്നു പറഞ്ഞ് നീ കരഞ്ഞത് മറന്നുവോ? അന്നു തുടങ്ങിയതാ മിണ്ടുന്ന ദൈവത്തിനെ തിരക്കി നടക്കല്‍. എനിക്കു മടുത്തു. എന്നെയിട്ട് വെള്ളം കുടിപ്പിക്കുവാ എല്ലാരും. നിനക്കിന്നു ദൈവത്തിനെ കാണിച്ചു തരാം. അതാ ഒരു ദൈവം കിടക്കുന്നു. (വാറ്റുചാരായം അടിച്ചു ഫിറ്റായി ബെഞ്ചില്‍ ചുരുണ്ടുകിടക്കുന്ന എന്‍റെ അച്ഛനെ ചൂണ്ടിയിട്ട്) ആ... കിടക്കുന്നതാ ഇവിടുത്തെ ഏറ്റവും വലിയ ദൈവം. (വെറ്റില മുറുക്കിക്കൊണ്ടിരിക്കുന്ന എന്‍റെ അമ്മയെ ചൂണ്ടിയിട്ട്) ഇത് ഇവിടുത്തെ വല്ല്യമ്മ ദൈവം. ഞാന്‍ തന്ത ദൈവം. അതു നിന്‍റെ തള്ള ദൈവം. മകളെ ചൂണ്ടിയിട്ട് അത് ചെറു പെണ്‍ ദൈവം. നീ ഏറ്റവും കുഞ്ഞുദൈവം. കേട്ടോടാ? മേലില്‍ എന്നോട് വേറെ ദൈവത്തെ ചോദിച്ചേക്കരുത്.'

എന്‍റെ ദേഷ്യം കണ്ടിട്ടായിരിക്കാം. ഞാന്‍ കാണിച്ചതും പറഞ്ഞതുമെല്ലാം മകന്‍ തലകുലുക്കി സമ്മതിച്ചു. ഹോ എന്തൊരു വിഡ്ഢിത്തം! പത്തു പന്ത്രണ്ടു വര്‍ഷത്തോളമായ കഠിനാദ്ധ്വാനം ഒരിടത്തും എത്താതെ പര്യവസാനിച്ചിരിക്കുന്നു.

'ദൈവത്തിന്‍റെ കുഞ്ഞാടേ, എന്തു പറ്റി, തനിക്കെന്താ വല്ല മാനസിക രോഗവുമുണ്ടോ' എന്ന് ചില സുഹൃത്തുക്കള്‍ പരിഹാസത്തോടെ ചോദിക്കാന്‍ തുടങ്ങി. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസവും അടക്കംപറച്ചിലും! പരാജയങ്ങളും നഷ്ടബോധവും വല്ലാതെ വിഷമിപ്പിച്ചു. ഞാന്‍ ഒരുതരം മാനസിക വിഭ്രാന്തിയിലായി.

ദൈവവിശ്വാസികളെ കാണുന്നതും കേള്‍ക്കുന്നതും അസഹ്യം. റേഡിയോ ശബ്ദം, കോഴി കൂവുന്നത്, പക്ഷികള്‍ ചിലയ്ക്കുന്നത്, പട്ടി കുരക്കുന്നത് എല്ലാം അസഹനീയമായി! അടുക്കളയില്‍ പാത്രങ്ങള്‍ ഉരസിയാലുണ്ടാകുന്ന ശബ്ദത്തിന് ഭാര്യക്ക് പീഡനം! ഈ ദുരവസ്ഥ കുറെക്കാലം തുടര്‍ന്നു. പുറത്തേക്കുള്ള യാത്രയും ജനസമ്പര്‍ക്കവുമെല്ലാം അത്യാവശത്തിനു മാത്രം. ആരോടും ബന്ധപ്പെടാതെ ഒരു രഹസ്യജീവിതം. കഴിവതും ഒറ്റക്കു കഴിയുവാന്‍ ശ്രമിച്ചു. താമസംവിനാ നിരീശ്വരവാദിയായി.

ദൈവം എന്നത് വെറും സാങ്കല്‍പികവും കുതന്ത്രശാലികളുടെ കണ്ടുപിടുത്തവുമാണെന്നും മതങ്ങള്‍ ഒരു ജാലവിദ്യയാണെന്നും പ്രപഞ്ചത്തില്‍ കാണുന്നതും കേള്‍ക്കുന്നതും വെറും മായയും തോന്നലുകളുമാണെന്നും ഉറപ്പിച്ചു. ഇഷ്ടാനുസരണം പണമുണ്ടെങ്കില്‍ എല്ലാം വരുതിയില്‍ വരുത്താമെന്ന തോന്നല്‍. കുറുക്കുവഴിയിലൂടെ പണം ധാരാളം കണ്ടെത്തണം. പല വഴികളും ചിന്തിച്ചു നോക്കി. ഒരിടത്തും എത്തിയില്ല.

വെറുതെയിരുന്ന് കാലം തള്ളിനീക്കുമ്പോള്‍ അടുപ്പില്‍ തീ പുകയുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി. മക്കളുടെ വിദ്യാഭ്യാസം, വീട്ടുചെലവ്... എല്ലാം അവതാളത്തിലായപ്പോള്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതനായി. വീണ്ടും വനത്തിലെ ജോലികള്‍ ചെയ്യുന്നതിനും ചെയ്യിക്കുന്നതിനും തയ്യാറായി.

മലയാളം ഒരുവിധം വശമുള്ളതുകൊണ്ടും എന്തുകിട്ടിയാലും വായിക്കുക എന്ന ശീലം ഉള്ളതു കൊണ്ടും ജീവിതത്തില്‍ പല വഴിത്തിരിവുകളും ഉണ്ടായിട്ടുണ്ട്. വാര്‍ത്തകളും പ്രസംഗങ്ങളും ചര്‍ച്ചകളും പുതിയ അറിവുകള്‍ കണ്ടെത്തുന്നതുമെല്ലാം വളരെ താല്‍പര്യമുള്ളവയാണിപ്പോഴും.

ഏതൊരു മനുഷ്യനും പൂര്‍വകാലസംഭവങ്ങള്‍ അയവിറക്കുക സ്വാഭാവികമാണല്ലോ. ഈ ലോകം എന്താണ്? രാത്രിയും പകലും മാറി മാറി വരുന്നു.

'ഒരിടത്തു ജനനം

ഒരിടത്തു മരണം

ചുമലില്‍ ജീവിതഭാരം

ഈ യാത്ര തുടങ്ങിയതെവിടെനിന്നോ?

ഇനിയൊരു വിശ്രമം എവിടെ ചെന്നോ?

മോഹങ്ങള്‍ അവസാന നിമിഷംവരെ.

മനുഷ്യബന്ധങ്ങള്‍ ചുടലവരെ'

ഈ റേഡിയോ ഗാനത്തെ വളരെയെറെ ചിന്തിച്ചു വിശകലനം ചെയ്തിട്ടുണ്ട്.

'ഈശ്വരചിന്തയിതൊന്നേ മനുജന് ശാശ്വതമീ ഉലകില്‍.' ഈശ്വരന്‍ ഒന്നാണെന്നു ചിന്തിച്ച് ജീവിക്കുന്നവര്‍ക്ക് നിലനില്‍പുള്ള ജീവിതമുണ്ട് ഭൂമിയില്‍! ഏകനായൊരു പരശക്തിയെ ഹൈന്ദവതയിലും ഈശന്‍ എന്ന ഏകനായൊരു പരശക്തിയെ ക്രൈസ്തവതയില്‍ യഹോവയായും മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, ഈ രണ്ടുപേരില്‍ പറയുന്ന ഒന്നായ പരാശക്തിയെ നേരിട്ട് ദര്‍ശിക്കുക അസാധ്യമാണ്. ഏകനായ ഈശ്വരന്‍ അനേക മനുഷ്യരൂപത്തിലും ഏകനായ യഹോവ മനുഷ്യരൂപത്തില്‍ യേശുവായും പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്നായ പരാശക്തിയെ എങ്ങനെ കണ്ടെത്തും?

സാക്ഷാല്‍ യഹോവ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നതും മനുഷ്യനായി രൂപാന്തരപ്പെടുന്നതുമായ ചരിത്രസംഭവങ്ങള്‍ ഒന്നുകൂടി സ്വയം അന്വേഷിക്കണമെന്ന തോന്നല്‍ മറ്റു പല നഗ്നസത്യങ്ങളും കണ്ടെത്താന്‍ കാരണമായി. അതില്‍ പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ പറയാതെ വയ്യ.

ഒരു സത്യവിശ്വാസിക്ക് തന്‍റെ വിശ്വാസത്തിന് ആധാരമായ വേദഗ്രന്ഥത്തെക്കുറിച്ച് (ദൈവവചനം) അറിവും വിശ്വാസവും ഉള്‍ക്കാഴ്ചയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണല്ലോ. അത് ബോധ്യപ്പെടാത്തവര്‍ വിശ്വാസികളല്ല, കൂടെക്കൂടികളാണ്. ഏതു വസ്ത്രം കിട്ടിയാലും ഉടുക്കുകയും ഏതു ഭക്ഷണം കിട്ടിയാലും കഴിക്കുകയും ഏതു കിടക്കയിലും കിടക്കുകയും ചെയ്യുന്നവര്‍ വിശ്വാസികളുടെ പട്ടികയിലില്ല.

ബിഷപ്പ്, പാതിരിമാര്‍, പള്ളിവികാരികള്‍, പണ്ഡിതന്‍മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളും ഉപദേശങ്ങളും ഉത്തരവുകളും വേഷവും അധികാരവുമെല്ലാം വിശ്വാസത്തിന്‍റെ അടിത്തറയും അംഗീകാരവുമായി സ്വീകരിച്ചുകഴിയുമ്പോള്‍ ലക്ഷ്യവും സത്യവും രണ്ടു ദിശകളിലേക്കാണെന്ന് തിരിച്ചറിയണം. താന്‍ പോകുന്നവഴി, താന്‍ എടുക്കുന്ന ചുമട്, തന്‍റെ സുഹൃത്ത് തന്‍റെ ജീവിതം അര്‍പ്പിച്ചിരിക്കുന്ന ദൈവിക നിയമഗ്രന്ഥം എന്നിവയെക്കുറിച്ച് പ്രായപൂര്‍ത്തിയാകുമ്പോഴെങ്കിലും ബോധ്യപ്പെടണം.

'കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. എല്ലാം കേട്ടു തലകുലുക്കി വിശ്വസിക്കുന്നവരും ഭാഗ്യവാന്മാര്‍.' കാരണം ഒന്നും അന്വേഷിക്കുകയോ, മെനക്കെടുകയോ വേണ്ടല്ലോ! ഏറ്റുപറഞ്ഞു തലകുലുക്കി അംഗീകരിക്കുന്നതോടുകൂടി എല്ലാം പൂര്‍ത്തിയായി!

യേശു പറഞ്ഞു: 'നിങ്ങള്‍ അന്വേഷിക്കുവിന്‍, കണ്ടെത്തും.' യേശുവിന്‍റെ മുന്നറിയിപ്പു സദയം സ്വീകരിച്ചതാണ് ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. (അവസാനിച്ചില്ല)