ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 ഏപ്രില്‍ 17 1442 റമദാന്‍ 05

(ഭാഗം 18)

അപകടവിവരം ഭാര്യയോടും ബന്ധുക്കളോടുമെല്ലാം വിശദമായിപ്പറഞ്ഞു. പിറ്റേന്ന് ഒരാള്‍ വന്ന് എന്നോടു പറഞ്ഞു: "കുഞ്ഞുമോന്‍ നിന്നെ ഇന്നുതന്നെ കാണണമെന്നു നിര്‍ബന്ധം പിടിക്കുന്നു. ആശുപത്രിവരെ ഒന്നു പോകണം."

"ശരി, ഞാന്‍ പോകാം" ഞാന്‍ സമ്മതിച്ചു.

പക്ഷേ, അടുത്തദിവസം പോകാന്‍ സാഹചര്യമുണ്ടായില്ല. മൂന്നാം ദിവസം ഞാന്‍ ആശുപത്രിയിലേക്ക് യാത്രതിരിച്ചു. ബസ്സ്റ്റാന്‍റില്‍ ആശുപത്രിയിലേക്കുള്ള ബസ്കാത്തുനില്‍ക്കുമ്പോള്‍ അടുത്ത പ്രദേശവാസികളായ രണ്ട് സുഹൃത്തുക്കള്‍ അടുത്തുവന്നു ചോദിച്ചു:

"ആശുപത്രിയിലേക്കാണോ? കുഞ്ഞുമോന്‍റെ അടുത്തേക്ക്?"

"അതെ, നിങ്ങള്‍ വരുന്നോ?"

"ഇല്ല. ഞങ്ങള്‍ രാവിലെ പോയി കണ്ട് മടങ്ങിവരികയാണ്. നിങ്ങള്‍ ഇനി ആശുപത്രിയിലേക്ക് പോകേണ്ട. അവന്‍ ഡിസ്ചാര്‍ജായി വീട്ടിലേക്ക് തിരിച്ചുപോയിട്ട് ഒരു മണിക്കൂര്‍ ആയിട്ടില്ല. നിങ്ങള്‍ അവരുടെ വീട്ടിലേക്ക് പോകുക."

ഹോ... സമാധാനമായി, ആള്‍ രക്ഷപ്പെട്ടല്ലോ!

"എങ്ങനെയുണ്ട് അളിയന്? പഴയ ആള്‍തന്നെയായോ?"

"ഇപ്പോള്‍ പഴയ ആളല്ല. പുതിയ ആളായി മാറി!" പെട്ടെന്നയാളുടെ മുഖഭാവം മാറി!

"എന്താ...? എന്തുപറ്റി? കുഞ്ഞുമോന് കുറവില്ലേ?"

"എല്ലാം ഭേദമായിരുന്നു; ഇന്നലെവരെ. സംസാരവും ചിരിയുമൊക്കെയായിരുന്നു. നാളെ ഡിസ്ചാര്‍ജായി വീട്ടില്‍ പോകാനിരുന്നതാണ്. പക്ഷേ..."

"ഒന്ന് തെളിച്ച് പറയൂ, എന്തുപറ്റി?"

"ഇന്ന് പുലര്‍ച്ചെ അയാള്‍ മരിച്ചു. ബോഡി വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്."

ഞാന്‍ ആകെ തകര്‍ന്നുപോയി. വാടകവീട്ടിലേക്കുതന്നെ തിരിച്ചു. എന്‍റെ ബന്ധുവും ബാല്യകാല കളിക്കൂട്ടുകാരനുമായ അളിയന്‍റെ ശവശരീരമെങ്കിലും അവസാനമായി കാണുക എന്നാഗ്രഹിച്ച്  ഞങ്ങളെല്ലാം നാട്ടിലേക്ക് തിരിച്ചു.

ബസുകള്‍ പലതും കയറിയിറങ്ങി കുഞ്ഞുമോന്‍റെ വീട്ടിലെത്തിയപ്പോള്‍ നിരാശനായി. അരമണിക്കൂര്‍ മുമ്പ് അയാളെ മറവുചെയ്തിരുന്നു. എങ്കിലും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞുമോന്‍റെ ഭാര്യയോട് ചോദിച്ചു:

"കുഞ്ഞുമോന് എന്ത് സംഭവിച്ചതാണ്?"

"എടാ... അളിയന്‍ കാട്ടില്‍ പോയി മദ്യം വാറ്റി ആവശ്യത്തിനു കുടിച്ചു തിരിച്ചുവന്നപ്പോഴാണ് ബാങ്ക് വിളിക്കുന്നതു കേട്ടത്. നിങ്ങള്‍ പള്ളി പൊളിച്ചില്ലെന്നു പറഞ്ഞാണ് അന്ന് ആ ചീത്തയെല്ലാം വിളിച്ചത്. ഞാന്‍ ചെന്നു വിളിച്ചതാ, എന്നെ ഓടിച്ചു. അളിയന്‍റെ സ്വഭാവം നിനക്കറിയാമല്ലോ. മഴ പെയ്തപ്പോള്‍ വീട്ടിലേക്ക് ഓടിപ്പോന്നതാണെന്നു പറഞ്ഞു. കാലുതെറ്റി കയ്യാലക്കുഴിയില്‍ വീണു. പിടലി ഒടിഞ്ഞിരുന്നു. രാത്രിയിലെ തുള്ളിതോരാത്ത മഴ മുഴുവന്‍ നനഞ്ഞു മരവിച്ചുപോയി. രാത്രി മുഴുവന്‍ ഞങ്ങള്‍ അയല്‍ വീടുകളിലെല്ലാം പോയി തിരക്കിയതാണ്. അളിയന്‍ കിടന്ന കയ്യാലക്കുഴിയുടെ മുകളിലൂടെയാ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോയത്. പക്ഷേ, ആരും കണ്ടില്ല. രാവിലെ കാണുമ്പോള്‍ നാക്ക് വെളിയില്‍ ചാടി കടിച്ചുപിടിച്ചിരിക്കുകയായിരുന് നു. നീറും ഉറുമ്പും വായിലും മൂക്കിലും കണ്ണിലുമെല്ലാം പൊതിഞ്ഞിരിക്കുകയായിരുന്നു. തൊണ്ടയില്‍ ചൂടുവെച്ചപ്പോഴാ കാല് അനക്കിയത്. ആശുപത്രിയില്‍വച്ച് എല്ലാം സുഖമായതാ. പിടലിക്ക് മാത്രമെ കുഴപ്പമുണ്ടായിരുന്നുള്ളൂ. ബെല്‍റ്റും ഇട്ടതാ. രണ്ടുദിവസം കഴിയുമ്പോള്‍ വീട്ടില്‍ പോകാമെന്നും ഡോക്ടര്‍ പറഞ്ഞതാ. ഇന്നലെ വെളുപ്പിന് എന്നെ വിളിച്ചു. എന്തോ പറയാന്‍ തുടങ്ങി. പക്ഷേ, പറഞ്ഞില്ല. പിടഞ്ഞു മരിച്ചു. ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ നിന്നെ കാണണമെന്ന് ഒരുപാട് തവണ പറഞ്ഞു. നീ ഒന്നു വന്നില്ലല്ലോ."

"സഹോദരീ, ഞാന്‍ വരാന്‍ താമസിച്ചത് മനഃപൂര്‍വ്വമല്ല. വണ്ടിക്കൂലി എടുക്കാനില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇന്നലെ പകുതിവഴി വന്നതാ."

"എടാ... നിങ്ങളെ ചീത്ത വിളിച്ചതിന് അളിയന് നല്ല വിഷമമുണ്ട്. എന്നോട് പറഞ്ഞു. നിങ്ങള്‍ രണ്ടും കൂടെപ്പിറപ്പുകളെപ്പോലെ നടന്നതല്ലേ? നീ മതം മാറിയതിന്‍റെ പിണക്കമായിരുന്നു."

"അളിയന്‍ ഏതെല്ലാം കാട്ടിലും പാറക്കെട്ടിലും പോകുന്നതാ.... ഒരു ചെറിയ വീഴ്ചയില്‍ ഇങ്ങനെ സംഭവിച്ചത്?"

"മഴ വന്നപ്പോള്‍ ഓടിയതാ. പൂസല്ലേ? ചവിട്ടിയ കല്ലും മറിച്ചോണ്ടാ കയ്യാലക്കുഴിയില്‍ വീണത്. പിടലി കല്ലിലാ അടിച്ചത്. ഒത്തിരി പ്രാവശ്യം തപ്പിപ്പിടിച്ച് എഴുന്നേറ്റപ്പോള്‍ തല നേരെ നില്‍ക്കുന്നില്ലായിരുന്നു. ഒരുപാട് നേരം വിളിച്ചെന്നും പറഞ്ഞു. ചതച്ചു കുത്തിപ്പെയ്യുന്ന പെരുമഴയത്ത് ആര് കേള്‍ക്കാനാ? നിങ്ങളാരേലും വല്ലതും ചെയ്തതാണോയെന്നു ചിലരൊക്കെ സംശയം പറഞ്ഞു. പറഞ്ഞവരെ നല്ല ചീത്തയാ അളിയന്‍ കേള്‍പിച്ചത്. നിങ്ങളെ അത്രയും ചീത്ത പറഞ്ഞിട്ടും ഒരക്ഷരം നിങ്ങളാരും തിരിച്ചു പറഞ്ഞില്ലല്ലോ? അതു പറഞ്ഞായിരുന്നു അളിയന്‍റെ സങ്കടം."

'എല്ലാം ദൈവവിധിയാണെന്നു സമാധാനിക്കാം' എന്ന ആശ്വാസവാക്കും പറഞ്ഞ് മടങ്ങി.

എല്ലാം ഏകനായ അല്ലാഹുവില്‍നിന്ന്

മുസ്ലിം ഏരിയയിലുള്ള നാലുവര്‍ഷക്കാല ജീവിതം ഒരു വഴിത്തിരിവായിരുന്നു. ഇസ്ലാമിനെയും മുസ്ലിംകളെയും കൂടുതല്‍ അടുത്തറിയാനും പഠിക്കാനും അവസരങ്ങള്‍ ലഭിച്ചു. മുഹമ്മദ് നബി ﷺ യെ നേരിട്ടു കണ്ടപോലുള്ള അനുഭവങ്ങളായിരുന്നു അവിടെനിന്നും ലഭിച്ച സ്നേഹവും  സഹകരണങ്ങളും സമ്മാനിച്ചത്.

'നിങ്ങള്‍ ഒരു ചീര്‍പ്പിന്‍റെ പല്ലുകള്‍ പോലെയാണ്. നിങ്ങളില്‍ ചെറിയവനും വലിയവനുമില്ല. കറുത്തവനോ വെളുത്തവനോ എന്നു നോക്കി പ്രത്യേക പരിഗണനയോ സ്ഥാനമാനങ്ങളോ ഇല്ല. നിങ്ങളെല്ലാം തുല്യരത്രെ' എന്നൊക്കെ നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ. പൗരോഹിത്യം ഇസ്ലാം അനുവദിക്കുന്നില്ല. നേര്‍ചകളും കാഴ്ചകളും സമര്‍പ്പിച്ച് ആരെയും തൃപ്തിപ്പെടുത്തേണ്ടതോ  വണങ്ങേണ്ടതോ ഇല്ല.

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന് കീഴ്പ്പെട്ട് മുഹമ്മദ് നബി ﷺ യുടെ ചര്യകള്‍ പിന്‍പറ്റി ആര് ജീവിക്കുന്നുവോ അവന്‍തന്നെ ഉന്നതന്‍. നാലുവര്‍ഷം മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് താമസിച്ചിട്ട് ഞങ്ങളുടെ മുമ്പുള്ള ജാതിയെക്കുറിച്ച് ആരും ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. പുതു മുസ്ലിമെന്നോ അവശമുസ്ലിമെന്നോ ആരും പറഞ്ഞിട്ടില്ല. ആഹാരം പുറംതിണ്ണയിലിരുന്നു കഴിക്കുകയോ കഴിച്ച പാത്രം കഴുകിക്കൊടുക്കുകയോ ചെയ്യേണ്ടിവന്നിട്ടില്ല. ഏത് വേദികളിലും മുന്‍നിരയിലേക്ക് അടുപ്പിച്ച് നിര്‍ത്തിയിട്ടുള്ള അനുഭവങ്ങളേ ഓര്‍മിക്കാനും പറയാനുമുള്ളൂ.

പണ്ഡിതന്മാരും ഉന്നതന്മാരും നേതാക്കളുമെല്ലാം എന്‍റെ ഭാര്യ തയ്യാറാക്കിയ ഭക്ഷണം ഇഷ്ടാനുസരണം കഴിച്ചിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട സന്ദര്‍ഭങ്ങളില്‍ ചോദിക്കാതെ അറിഞ്ഞുതന്ന് സഹായിച്ചിട്ടുണ്ട്.

മറ്റൊരിടത്തും ലഭിക്കാത്ത അംഗീകാരവും സമത്വവും സ്നേഹാദരവുകളും ലഭിച്ചപ്പോള്‍ ഞങ്ങള്‍ ഒരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു; ഞങ്ങള്‍ അടിമകളല്ല, സ്വതന്ത്രരാണ്. സമസൃഷ്ടികളുടെ പാദസേവ ചെയ്യേണ്ടവരോ അവരെ വന്ദിക്കേണ്ടവരോ അല്ല, തൊഴുകൈ കൂപ്പേണ്ടവരല്ല, തലകുനിക്കേണ്ടവരല്ല. അടിമത്തത്തില്‍നിന്നും അനാചാരങ്ങളില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും വിവേചനങ്ങളില്‍നിന്നും മോചനം ലഭിച്ചിരിക്കുന്നു. അജ്ഞതകളുടെ പുകമറകള്‍ പുകഞ്ഞു മാറിയിരിക്കുന്നു.

വില്ലാളിവീരന്‍റെ ദുര്‍വിധി

എന്‍റെ അമ്മയുടെ മൂന്നു സഹോദരങ്ങളില്‍ ഇളയതാണ് രാമന്‍ തങ്കപ്പന്‍ എന്ന പിന്തുടര്‍ച്ചാവകാശി. ശബരിമലയുമായി ബന്ധപ്പെട്ട തലപ്പാറമല ദേവന്‍ കൊച്ചുവേലന്‍ (വില്ലാളി വീരന്‍-സ്വന്തം അമ്മാവന്‍). ഹൈന്ദവാചാര ഗുരു. കുടുംബാംഗങ്ങളുടെ മതംമാറ്റം ഒരുവിധത്തിലും അംഗീകരിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. ഞങ്ങളെയെല്ലാം തിരിച്ചുകൊണ്ടുപോകാനുള്ള ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ കലിപൂണ്ട് അടുത്ത പദ്ധതിയുമായി അയാള്‍ മുന്നിട്ടിറങ്ങും.

പുറത്തുനിന്ന് വരുന്ന അക്രമിസംഘത്തിന് ഭക്ഷണവും തമ്പടിക്കാനുള്ള സൗകര്യങ്ങളും ഞങ്ങളുടെ വിവരങ്ങളുമെല്ലാം കൊടുത്തിരുന്നത് അമ്മാവനാണ്. സമാധാന ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ അക്രമമാര്‍ഗത്തിന് തീകൊളുത്തുകയാണീ  സ്വാമി ഭക്തന്‍ ചെയ്തത്!

മനഃസമാധാനത്തോടെ പിറന്നനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വെമ്പല്‍കൊള്ളുകയാണ്. പ്രായമായ മാതാപിതാക്കള്‍ മാത്രമെ നാട്ടിലുള്ളൂ. ഇസ്ലാം സ്വീകരിച്ചവരെല്ലാം നാടുവിട്ടിരുന്നു.

വര്‍ഷം 2000ലെ പരിശുദ്ധ റമദാന്‍ മാസം വന്നു. നോമ്പിന് കുറച്ചുദിവസം ഞങ്ങളുടെ ഒപ്പം താമസിക്കുവാന്‍ മാതാപിതാക്കളെ വിളിച്ചിരുന്നു. നോമ്പ് രണ്ടിന് ഞങ്ങളുടെ അടുത്തേക്കു വരാന്‍ അവര്‍ വീട്ടില്‍നിന്ന് യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ അതാ വരുന്നു ഊരിപ്പിടച്ച വാളുമായി, അട്ടഹസിച്ചുകൊണ്ട് കൊച്ചുവേലന്‍! വീട്ടുമുറ്റത്തു നിന്ന് ഉറഞ്ഞുതുള്ളുന്ന കൊച്ചുവേലന് അമ്മയുടെ വേഷം(പര്‍ദ)കൂടി കണ്ടപ്പോള്‍ കോപം ഇരട്ടിച്ചു. കയ്യിലിരുന്ന വാള്‍കൊണ്ട് അമ്മയുടെ മക്കന (തലയിലെ തട്ടം) കുത്തിമാറ്റാന്‍ ശ്രമിച്ചുകൊണ്ട് അലറി:

"ഊരെടീ നിന്‍റെ പുതിയ വേഷങ്ങളെല്ലാം."

പര്‍ദയില്‍ പിടിച്ചു വലിച്ചുകൊണ്ട് ഒരേ ഗര്‍ഭാശയത്തില്‍ പിറന്ന മൂത്ത സഹോദരിയെ തെറിയഭിഷേകം കൊണ്ട് പൊതിഞ്ഞു.

"നീ പോടാ! നീ പറയുമ്പോള്‍ ഊരാനുള്ളതല്ലീ വസ്ത്രം. അല്ലാഹുവിനെ അനുസരിച്ചാണിത് ധരിച്ചിരിക്കുന്നത്. നീ പോയി വേറെ പണി നോക്ക്."

"ആരാടീ... എവിടെയാടീ നിന്‍റെ അല്ലാഹു? കാണിച്ചു താടീ. ഈ വാളുകൊണ്ട് വെട്ടിയരിയുമെടീ" എന്ന് അലറിത്തുള്ളി വീടിനു ചുറ്റും അയാള്‍ ഓടിനടന്നു. ഭിത്തിയിലും തറയിലുമെല്ലാം തലങ്ങും വിലങ്ങും വെട്ടി. ബഹളം കേട്ട് ആള്‍ക്കാരെല്ലാം ഓടിക്കൂടി.

ഉറഞ്ഞുതുള്ളിക്കൊണ്ട് വേലന്‍ പമ്പാനദിയിലേക്കോടി. ചെന്നപാടെ, വാളും പിടിച്ച് മൂന്നുപ്രാവശ്യം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി. കിഴക്കുഭാഗത്തേക്ക് ദര്‍ശിച്ച് ആരാധനാമൂര്‍ത്തികളെയെല്ലാം വിളിച്ച് ആജ്ഞാപിക്കുകയായി:

"എന്‍റെ മൂര്‍ത്തികളേ, തലമുറ തലമുറകളായി നിങ്ങള്‍ക്കെല്ലാം പാദസേവ ചെയ്തും ആരാധിച്ചും വരുന്നവരാണ് ഞങ്ങള്‍. ഞാന്‍ ശബരിമല തലപ്പാറ മല കോട്ടയിലേക്കു പോകുകയാണ്. ഇന്ന് നിങ്ങള്‍ക്ക് സന്ധ്യാത്തിരി ഞാന്‍ കത്തിക്കണമെങ്കില്‍ എന്‍റെ കൂടെപ്പിറപ്പിനെയും മക്കളെയും മുസ്ലിമായിപ്പോയ എല്ലാറ്റിനെയും ഒന്നില്ലാതെ തകര്‍ത്തിരിക്കണം. ഇല്ലാത്തപക്ഷം ഇനി ഞാന്‍ നിങ്ങള്‍ക്ക് തിരി(ദീപം) കത്തിക്കില്ല. ഇത് സത്യം...സത്യം...സത്യം...! കൊച്ചുമലദേവന്‍റെ ശപഥം!"

സത്യംചെയ്ത ശേഷം പരിവാരങ്ങളുമായി ജീപ്പില്‍കയറി ശബരിമല തലപ്പാറ മലകോട്ടയിലേക്കു പോയി.

ഉച്ചയോടുകൂടി 50 കിലോമീറ്റര്‍ യാത്രചെയ്ത് മാതാപിതാക്കള്‍ ഞങ്ങളുടെ വീട്ടിലെത്തി. യാത്രാക്ഷീണമുള്ള ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് രഹസ്യമായി എന്തെങ്കിലും ഭക്ഷണം കൊടുക്കാന്‍ ഭാര്യയോട് പറഞ്ഞു.

"മോനെ, രണ്ടാമത്തെ നോമ്പല്ലേ? ്യൂഞങ്ങള്‍ ഇന്നലെയും നോമ്പ് പിടിച്ചിരുന്നു. ക്ഷീണം അല്ലാഹു മാറ്റും. നോമ്പ് തുറക്കാതൊന്നും വേണ്ട."

പിറ്റേദിവസം സ്വുബ്ഹി കഴിഞ്ഞു മടങ്ങിവരുമ്പോള്‍ എന്നും പത്രം നോക്കാറുള്ള ഒരു കാക്കയുടെ കടയില്‍ നിന്നും ദിനപത്രം വായിച്ചു. പേജുകള്‍ മറിക്കുമ്പോള്‍ ഒരു മരണവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീഴുമെന്നു തോന്നി. തലപ്പാറ മലവേലന്‍ വില്ലാളി രാമന്‍ തങ്കപ്പന്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചു!

എന്താണിത് നാഥാ? ഹൃദയം പടാപടാ ഇടിച്ചു. വീട്ടിലേക്ക് നടന്നു. ഒന്ന് കരയാന്‍പോലും അമ്മാവന് മക്കളില്ല. എന്നെ എത്രകണ്ട് സ്നേഹിച്ചിരുന്നതാണ്! ഈ വാര്‍ത്ത സത്യമായി പുലരരുത് നാഥാ! അമ്മാവന്‍ സത്യം ബോധ്യപ്പെടാതെ മരിക്കരുത്. ഞങ്ങളെ ഒത്തിരി തീറ്റിപ്പോറ്റിയതാണ്... ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ട് വീട്ടിലെത്തി.

എന്നെ കണ്ടപാടെ അമ്മ ചോദിച്ചു: "നിനക്കെന്തു പറ്റി? മുഖം വിളറിയിരിക്കുന്നു!"

"ഹോ, ഒന്നുമില്ല. ഉമ്മാ... ഇന്നലെ എന്താണ് വീട്ടില്‍ അമ്മാവനുമായി പ്രശ്നമുണ്ടായത്?"ഞാന്‍ ചോദിച്ചു. അപ്പോള്‍ നടന്ന സംഭവമെല്ലാം അവര്‍ വിവരിച്ചു. (അതാണ് മുകളില്‍ കൊടുത്തത്).

"ഉമ്മാ, അമ്മാവനെ ശപിക്കുകയോ മറ്റോ ചെയ്തിരുന്നോ?"

"നീ പോടാ... എനിക്ക് അതിനു കഴിയുമോ? എന്‍റെ ഏറ്റവും ഇളയ കൂടെപ്പിറപ്പല്ലേ? അവന്‍റെ അറിവു കേടുകൊണ്ടു പറഞ്ഞതൊക്കെ ഞാന്‍ അപ്പോഴേ മറന്നു."

അല്ലാഹുവേ, സ്വന്തം സഹോദരന്‍റെ ദുര്‍മരണ വാര്‍ത്ത എങ്ങനെ സ്വന്തം സഹോദരിയോട് പറയും?

മാതാപിതാക്കളെയും മക്കളെയും വീട്ടിലാക്കി ഞാന്‍ നാട്ടിലേക്കു തിരിച്ചു. ഗ്രാമത്തിനടുത്തുള്ള ഒരു കവലയില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് ഹൈന്ദവ വിശ്വാസികളും കൊച്ചുവേലന്‍റെ ആരാധകരും ബോഡി വരുന്നതും കാത്ത് കൂടിനില്‍ക്കുകയാണ്.

ഞാന്‍ കടന്നുപോകുന്നത് കണ്ടപ്പോള്‍ അവിടെ നിന്ന ഉസ്താദ് എന്നെ വിളിച്ചു രഹസ്യമായിപ്പറഞ്ഞു:

"ഇപ്പോള്‍ നിങ്ങള്‍ പോകേണ്ടാ. ബോഡി കടന്നുപോയിട്ട്, ആള്‍ക്കാരെല്ലാം പിരിഞ്ഞുപോയതിനുശേഷം പോയാല്‍ മതി."

"എന്താ ഉസ്താദ്... പ്രശ്നം വല്ലതും ഉണ്ടോ?"

"പ്രശ്നം ഉണ്ട്. ഇന്നലെ രാവിലെ കൊച്ചുവേലന്‍ നിങ്ങളുടെ വീട്ടില്‍ വന്നു പ്രശ്നങ്ങളുണ്ടാക്കുകയും വൈകീട്ട് മരിക്കുകയും ചെയ്തപ്പോള്‍ ചിലര്‍ക്കെങ്കിലും അമര്‍ഷം കാണാതിരിക്കില്ല. നമ്മളായിട്ട് ഒന്നിനും പോകേണ്ടാ. ഒഴിഞ്ഞു മാറുന്നതല്ലേ നല്ലത്? മാത്രമല്ല, കുഞ്ഞുമോന്‍റെ ദുര്‍മരണവും വേലന്‍റെ ദുര്‍മരണവും കൂട്ടിവായിക്കേണ്ടതുണ്ട്."

"ശരി, ഞാന്‍ ഇപ്പോള്‍ പോകുന്നില്ല."

ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ബോഡി എത്തിയില്ല. എന്തും വരട്ടെയെന്നു കരുതി ഞാന്‍ നടന്നു. ആള്‍കൂട്ടത്തിനു നടുവിലൂടെ മുന്നോട്ടുപോയി. പെട്ടെന്നതു സംഭവിച്ചു! കൊച്ചുവേലന്‍റെ ആരാധകനും സ്ഥിരം സന്ദര്‍ശകനുമായ ഒരാള്‍ എന്‍റെ ഷര്‍ട്ടില്‍ കടന്നുപിടിച്ചു നിര്‍ത്തി.

"നീ എവിടെ പോകുവാ? സ്വാമിയുടെ(വേലന്‍റെ)

കൂടെ നിന്നെയും ഇന്ന് കുഴിച്ചുമൂടുകയാടാ..."

 പിടി വിടുവിപ്പിക്കുന്നതിനുള്ള ബലപ്രയോഗം നടക്കുമ്പോള്‍ ആള്‍ക്കാര്‍ വട്ടംകൂടാന്‍ തുടങ്ങി. രംഗം വഷളാകുന്നതുകണ്ട് കുറെ മുസ്ലിം യുവാക്കള്‍ അടുത്തുവന്നപ്പോള്‍ തിരിച്ചുപോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ബലപ്രയോഗത്തില്‍ അവന്‍ പിടിവിട്ടു.

"നിനക്കെന്താ പ്രശ്നം?"

"ഹും... പ്രശ്നമോ? ആ പാവം മനുഷ്യനെയും നിങ്ങള്‍ കൊന്നില്ലേ?"

"എങ്ങനെ, ആരു കൊന്നു?"

"നിനക്കൊന്നും അറിയില്ലല്ലേ? നിന്നെയൊക്കെ ആര് എതിര്‍ത്താലും അവരെയെല്ലാം മന്ത്രവാദം ചെയ്ത് വകവരുത്തുമല്ലേടാ? സ്വാമി വേലന്‍ ഇന്നലെ നിന്‍റ വീട്ടില്‍ വന്നു സഹോദരിയോട് കാര്യമല്ലേ പറഞ്ഞുള്ളൂ? ആരെയും കൊന്നില്ലല്ലോ? വൈകീട്ട് അയാളെ വകവരുത്തിയല്ലേടാ?"

ഞാനും പ്രതികരിച്ചു: "ശരിയാടാ...തുടങ്ങിയിട്ടേയുള്ളൂ . ഇനിയും ഇതുപോലെ നിങ്ങളില്‍ പലരും അപ്രതീക്ഷിതമായി ചാകുമെടാ. ഞങ്ങളുടെ മന്ത്രവാദി അതീവ ശക്തനാ! ആ മന്ത്രവാദിക്ക് മുട്ടയും തകിടും നൂലും ചെമ്പോലയും ഒന്നും വേണ്ടെടാ. ആവശ്യങ്ങള്‍ പറഞ്ഞാല്‍ മതി. മന്ത്രശക്തി അപ്പോള്‍ നേരിട്ടിങ്ങു വരുമെടാ... നിനക്കെന്നല്ല, നിന്‍റെ കൂടെയുള്ള ഏത് ശക്തനും തടയാന്‍ കഴിയില്ലെടാ. മരിക്കാന്‍ ധൈര്യമുള്ളവന്മാരുണ്ടെങ്കില്‍ കടന്നുവാടാ...എന്നെ എന്തുവേണമെങ്കിലും ചെയ്യെടാ. ഇതു തീക്കട്ടയാ... കളിക്കുന്നത് സൂക്ഷിച്ചു വേണം. ഞങ്ങള്‍ നിന്നോടൊക്കെ എന്തു ഉപദ്രവമാടാ ചെയ്തത്? ആര്‍ക്കും വേണ്ടാത്ത ആദിവാസികള്‍ മതംമാറിയതിന് ആദിവാസിയല്ലാത്ത നിനക്കൊക്കെ എന്താടാ ഇത്ര സുഖക്കേട്?"

എന്‍റെ ഗൗരവത്തിലുള്ള പ്രതികരണം കണ്ട് ഓരോരുത്തരും പിന്‍വലിയാന്‍ തുടങ്ങി. പിന്നെ അധികം പറയേണ്ടി വന്നില്ല. പറയാന്‍ ഞാനും കേള്‍ക്കാന്‍ എന്നെ പിടിച്ചവനുമായി കളം കാലിയായി.

ഞാന്‍ കോളനിയിലേക്ക് കടന്നുചെല്ലുമ്പോള്‍ ഗ്രാമത്തലവന്‍റെ ശവശരീരവും പ്രതീക്ഷിച്ച് ആബാലവൃദ്ധം ജനങ്ങളും തടിച്ചുകൂടിയിട്ടുണ്ട്. ചിലരെല്ലാം മുഖം തിരിച്ചു. ചിലര്‍ സങ്കടം പറഞ്ഞു കരയുന്നു.

ആ സമയത്താണ് മൂത്ത അമ്മാവന്‍റെ മകള്‍ അടുത്തുവന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു അവളുടെ പ്രതികരണം. അതിനുമുമ്പില്‍ ഒരുനിമിഷം ഞാന്‍ സ്തംഭിച്ചുപോയി.

(അവസാനിച്ചില്ല).