ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

(ഭാഗം 15)

ദിവസങ്ങള്‍ മാസങ്ങള്‍ക്കു വഴിമാറി. അഞ്ചുമാസത്തിനുള്ളില്‍ ഏഴു കുടുംബങ്ങളിലെ 37 പേര്‍ പരിശുദ്ധ ഇസ്ലാമിന്‍റെ കണ്ണികളായിമാറി. വേറെ ചില കുടുംബങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു. സമൂഹത്തില്‍ നിലയും വിലയുമുണ്ടാകാനും താഴ്ന്ന ജാതിക്കാരായി മുദ്രകുത്തപ്പെടാതാരിക്കാനും പ്രപഞ്ചനാഥനെ മാത്രം ആരാധിച്ചു ജീവിക്കാനും അവര്‍ ആഗ്രഹിച്ചു.

ഈ പരിവര്‍ത്തനം വലിയൊരു ദുരന്തത്തിലേക്കാണ് വഴുതിപ്പോകുന്നതെന്നു മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ല. കുറുമ്പന്‍റെ ഊരിലെ സംഭവവികാസം കണ്ടും അറിഞ്ഞും ഇബ്ലീസ് സടകുടഞ്ഞെഴുന്നേറ്റു. ചില പത്രങ്ങള്‍ സംഭവത്തിന് ദുരുദ്ദേശത്തോടെയുള്ള വ്യാഖ്യാനങ്ങള്‍ നല്‍കി വാര്‍ത്തകള്‍ കൊടുത്തു: 'ആദിവാസികളെ പ്രലോഭിപ്പിച്ചും പണം കൊടുത്തും മുസ്ലിംകള്‍ മതപരിവര്‍ത്തനം നടത്തുന്നു.'

പത്രവാര്‍ത്ത കണ്ടു സംസ്ഥാനത്തിന്‍റെ നാനാഭാഗത്തുനിന്നും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കോളനിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. കമ്മിറ്റികളും പൊതുയോഗങ്ങളും ധൃതിപിടിച്ചു നടക്കുകയാണ്. ദീന്‍ സ്വീകരിച്ചവരെയെല്ലാം തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും ശക്തമായി ആരംഭിച്ചു.

ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ അക്രമങ്ങള്‍ അരങ്ങേറി. ഞങ്ങള്‍ ജുമുഅ നമസ്കാരത്തിന് മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള പള്ളിയിലാണ് പോകുന്നത്.

"ഇനി മേലില്‍ നിങ്ങള്‍ പള്ളിയില്‍ പോയാല്‍ പിന്നീടുള്ള പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ലായിരിക്കും" ചിലരുടെ ഭീഷണി.

ഈ മുന്നറിയിപ്പും ഭീഷണിയും ഒരു വിരട്ടലായി തള്ളിക്കളഞ്ഞു. പക്ഷേ, അവരുടെ നടപടി ക്രൂരവും മനുഷ്യത്വരഹിതവുമായിരുന്നു.

അടുത്ത വെള്ളിയാഴ്ച എല്ലാവരും ജുമുഅ നമസ്കാരത്തിനായി പള്ളിയില്‍ പോയി. ജുമുഅക്കു ശേഷം പലരും പല വഴികളിലായാണ് മടങ്ങിപ്പോയത്. എന്‍റെ അച്ഛനും അനുജനും മടങ്ങിവന്ന റോഡരുകില്‍ പത്തോളം ആള്‍ക്കാര്‍ പതിയിരുന്നു. ഇരുവരെയും അതിക്രൂരമായി മര്‍ദിച്ചു. 78 വയസ്സുള്ള എന്‍റെ അച്ഛനെ അടിച്ച് പല്ലുകള്‍ കൊഴിച്ചു; ചവിട്ടി നട്ടെല്ലിനു ക്ഷതംവരുത്തി. അനുജന്‍റെ വാരിയെല്ലുകള്‍ ചവിട്ടേറ്റു വളഞ്ഞ് സ്ഥാനം തെറ്റി. ഇരുവരെയും എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാക്കിയ ശേഷം അക്രമികള്‍ റോഡില്‍ ഉപേക്ഷിച്ചുപോയി.

എന്നെ വധിക്കാന്‍ തീരുമാനിച്ചു വന്നവര്‍ക്ക് എന്നെ കിട്ടാതെ വന്നപ്പോള്‍ കിട്ടിയവരോടു ദേഷ്യം തീര്‍ത്തു. അവരോടൊപ്പം മടങ്ങിപ്പോകേണ്ട എന്നെ അല്ലാഹു അപ്രതീക്ഷമായി മറ്റൊരാവശ്യം ഉണ്ടാക്കി തിരിച്ചുവിട്ടു. അച്ഛനോടും അനുജനോടുമൊപ്പം ഞാനും ഉണ്ടായിരുന്നെങ്കില്‍ ഈ ലേഖനം എഴുതാന്‍ കാണില്ലായിരുന്നു. എല്ലാം അല്ലാഹുവിന്‍റെ വിധി.

അത് വളരെ ആസൂത്രിതമായി പ്ലാന്‍ ചെയ്ത ആക്രമണമായിരുന്നു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍വരെ ആള് റെഡിയായിരുന്നുവെന്ന് പിന്നീടു അറിയാന്‍ കഴിഞ്ഞു. പക്ഷേ, സ്രഷ്ടാവിനെ മറികടക്കാന്‍ സൃഷ്ടികള്‍ക്കാവില്ലല്ലോ!

അച്ഛനും അനുജനും ആശുപത്രിയിലായി. കോളനിയിലും പരിസരത്തും ഭീകരാന്തരീക്ഷം നിറഞ്ഞുനിന്നു. അക്രമിസംഘം കോളനിയില്‍ കയറിയും ഇറങ്ങിയും തമ്പടിച്ചും അവരുടെ പദ്ധതികള്‍ തുടര്‍ന്നു. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് എന്‍റെ അമ്മാവനും (കൊച്ചുവേലന്‍) ചില ബന്ധുക്കളുമായിരുന്നു.

അക്രമം ഭയന്നു കുറെപ്പേര്‍ ഇസ്ലാം ഉപേക്ഷിച്ചു മടങ്ങിപ്പോയി. എന്നെ തീര്‍ക്കാനുള്ള രഹസ്യ പദ്ധതികള്‍ ഓരോന്നും പലരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. അടുത്ത പ്രദേശവാസികളായ ചില മുസ്ലിംകളുടെ സ്വൈരജീവിതം നഷ്ടമായി. നിരപരാധികള്‍ക്ക് ഭീഷണിയായി. അടുത്ത പ്രദേശത്തുള്ള മുസ്ലിംകള്‍ക്കിടയില്‍ ഞങ്ങളെക്കുറിച്ച് ഭിന്നാഭിപ്രായം ഉടലെടുത്തു. ഭൂരിപക്ഷവും ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നു. കുറച്ചുപേര്‍ സ്വൈരജീവിതം തിരിച്ചുകിട്ടാനായി ഗത്യന്തരമില്ലാതെ ഞങ്ങളെ തള്ളിപ്പറഞ്ഞു.

 ഭീഷണിയും ചര്‍ച്ചകളും പോലീസ് നടപടികളും അതാതിന്‍റെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കട്ടെ. നേതൃത്വത്തില്‍ നിലകൊണ്ടിരുന്ന ഞാന്‍ ഒരു വിഷയത്തിലും കൂടുതല്‍ ശ്രദ്ധിക്കാനോ മിനക്കെടാനോ പോയില്ല. എന്‍റെ പ്രബോധന ദൗത്യത്തില്‍ ഞാന്‍ മുഴുകി.

ഓരോ ദിവസം കഴിയുംതോറും വീണ്ടും അന്തരീക്ഷം സംഘര്‍ഷത്തിലേക്ക് തിരിയുന്നതായി തോന്നിത്തുടങ്ങിയപ്പോള്‍ ഇസ്ലാം സ്വീകരിച്ച എല്ലാവരുമായി ഒരു ചര്‍ച്ച നടത്തി. അപ്പോള്‍ ചില അഭിപ്രായങ്ങള്‍ പൊന്തിവന്നു. ബന്ധുക്കളും സ്വജനങ്ങളുമെല്ലാം ശത്രുപക്ഷത്തായിക്കൊണ്ടിരിക്കുകയാണ്. ചില മുസ്ലിംകളും തള്ളിപ്പറയുന്നു. ആരും സഹായിക്കാനില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. ആയതുകൊണ്ട് നമുക്കെല്ലാം ഇസ്ലാം ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഞാന്‍ പറഞ്ഞു: "മുമ്പ് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വെറുക്കുകയും പേടിക്കുകയും ചെയ്തിരുന്ന മതവും മനുഷ്യരുമായിരുന്നു ഇസ്ലാമും മുസ്ലിംകളും. ലോകത്തുള്ള ഒരു മുസ്ലിം പോലും വിളിച്ചിട്ടോ പറഞ്ഞിട്ടോ; പണമോ മറ്റു സഹായങ്ങളോ പ്രതീക്ഷിച്ചോ അല്ല ഞാന്‍ ഇസ്ലാം സ്വീകരിച്ചത്. ഈ മഹാപ്രപഞ്ചത്തിന് ഒരു ഉടമസ്ഥന്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആര്? ഈ സത്യം കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി പന്ത്രണ്ടു വര്‍ഷത്തോളം കഷ്ടപ്പെടുകയും പലയിടത്തും നിന്ദിക്കപ്പെടുകയും പല ചതിക്കുഴികളില്‍ ചാടി നിരാശപ്പെടുകയും ചെയ്തു. നിരീശ്വരവാദിയായി മുന്നേറുമ്പോള്‍ ഒരു ബീഡിപ്പെട്ടിയില്‍ നിന്നുമാണ് ഏകദൈവത്തിന്‍റെ വെളിച്ചം ഞാന്‍ കണ്ടെത്തിയത്." അതോടെ എല്ലാവരും അടങ്ങി.

ഒരു മാതാവ് ഹൃദയവേദനയോടെ അല്ലാഹുവോടു പ്രാര്‍ഥിച്ചു; നാഥാ എനിക്ക് ഒരേയൊരു ആണ്‍തരിയാണുള്ളത്. അവനെ നീ ഏകദൈവമാര്‍ഗത്തില്‍ ആക്കിത്തരണേമേ. ദിവസങ്ങള്‍ക്കുള്ളില്‍ ആ മാതാവിന്‍റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചു. യാതൊരു പ്രബോധനമോ പ്രേരണയോ കൂടാതെ സ്വമനസ്സാലെ മകന്‍ ഇസ്ലാം സ്വീകരിച്ചു. വാമനന്‍ സുലൈമാനായി രംഗപ്രവേശം ചെയ്തു. അതോടൊപ്പം മാസങ്ങള്‍ക്കകം പരിശുദ്ധ ക്വുര്‍ആന്‍ സ്വന്തമായി ഓതാന്‍ പഠിച്ചുവെന്നത് മറ്റൊരത്ഭുതം.

സുലൈമാന്‍റെ വരവ് എല്ലാവര്‍ക്കും വലിയ പിന്‍ബലമായി. എന്തിനെയും നേരിടാനുള്ള ചങ്കുറപ്പുള്ള വ്യക്തി. ഒരു കൂട്ടായ്മ വേണം. ഒരുമിച്ചുകൂടാനും ആരാധനകള്‍ നിര്‍വഹിക്കാനും ഒരു പള്ളി വേണം. അതിനായി ഒരു ഷെഡ് നിര്‍മിച്ചാലോ? ഒരു തീരുമാനത്തിലെത്താന്‍ അടുത്തുള്ള പള്ളിക്കമ്മറ്റിയുമായി വിഷയം ചര്‍ച്ച ചെയ്തു.

അവരുടെ പ്രതികരണം നിരാശ നല്‍കുന്നതായിരുന്നു: "പള്ളിക്കമ്മിറ്റി! ഇനി അതിന്‍റെ കുറവുകൂടിയേ ഉള്ളൂ. അതിന്‍റെ പേരിലും പ്രശ്നങ്ങളുണ്ടാക്കി ഞങ്ങളെയും സ്വസ്ഥമായി ജീവിക്കാന്‍ നിങ്ങള്‍ അനുവദിക്കില്ലേ? ആദ്യം ഉണ്ടായ പ്രശ്നം തന്നെ ഇതുവരെ തീര്‍ന്നിട്ടില്ല..."

എന്‍റെ ദയനീയാവസ്ഥ കണ്ട് ഉസ്താദ് സമാധാനിപ്പിച്ചു: "സഹോദരാ, നിങ്ങളുടെ ആഗ്രഹം തെറ്റല്ല. പക്ഷേ, ഇപ്പോള്‍ അതെക്കുറിച്ച് ആലോചിക്കരുത്. പള്ളിയുണ്ടാക്കിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. ഉണ്ടാക്കിയാലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക എളുപ്പമല്ല. ഈ പള്ളിയില്‍നിന്നും ഒരുവിധ സഹായങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയും വേണ്ടാ..."

നിരാശനായി മടങ്ങി. രണ്ടാഴ്ച പിന്നിട്ടു. സുലൈമാന്‍ പറഞ്ഞു: "ഇങ്ങനെ പോയാല്‍ എല്ലാവരും കഷ്ടത്തിലാകും. ഇനിയും ആരുടെയും സഹായം കാത്തിരിക്കേണ്ടതില്ല. നമുക്ക് ചെറിയൊരു ഷെഡ് വയ്ക്കാം."

എല്ലാവരും സമ്മതിച്ചു. എല്ലാവരും ചേര്‍ന്ന് രണ്ടു ദിവസംകൊണ്ട് കാട്ടുകമ്പുകളും മുളയും ഈറ്റയുമെല്ലാം സംഘടിപ്പിച്ചു. പക്ഷേ, ഒരു സംശയതര്‍ക്കം പൊങ്ങിവന്നു. ആരാധനാലയം തോന്നിയതുപോലെ തോന്നിയ സ്ഥലത്ത് വയ്ക്കാന്‍ പറ്റില്ലല്ലോ. അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതില്ലേ?

രണ്ടു ദിവസം രണ്ടു സ്ഥലങ്ങളില്‍ തൂണും കഴകളുമെല്ലാം മാറിമാറി ചുമന്നുകൊണ്ടിട്ടു. സ്ഥിരതയില്ല. രാത്രിയില്‍ ആരെങ്കിലും വന്നു തള്ളിക്കളയും. ചിന്താകുഴപ്പത്തില്‍ നാലാംദിവസവും സ്ഥലം സ്ഥിരമാകാതെ അവസാനിച്ചു.

അഞ്ചാം ദിവസം പുലര്‍ച്ചെ സുലൈമാന്‍റെ ഉമ്മ സുമയ്യ ഓടിക്കിതച്ചുവന്നു എന്നോടു പറഞ്ഞു: "എടാ, സ്ഥലവും പള്ളിയും ഞാന്‍ കണ്ടു. നമ്മുടെ പള്ളിയിലെ ബാങ്കുവിളികേട്ടാണു ഞാന്‍ ഉണര്‍ന്നത്. ഒരു വെളുത്ത ചെറിയ പള്ളിയാ... രണ്ട് മൈക്ക് കിഴക്കോട്ടും പടിഞ്ഞാറോട്ടും പ്ലാവിന്‍റെ മുകളില്‍ കെട്ടിവെച്ചിരിക്കുന്നതും ഒരുപാട് ആള്‍ക്കാര്‍ വന്നു നമസ്കരിക്കുന്നതും ഞാന്‍ കണ്ടു."

ആദ്യം തമാശയായി തോന്നിയെങ്കിലും പല സ്വപ്നങ്ങളും യാഥാര്‍ഥ്യമായതിന്‍റെ അനുഭവമുള്ളതുകൊണ്ട് സംശയിച്ചില്ല. സഹോദരി ചൂണ്ടിക്കാട്ടിയ സ്ഥലവും ഉയരമുള്ള പ്ലാവും ശ്രദ്ധിച്ചപ്പോള്‍ സുരക്ഷിതമായ സ്ഥലമെന്ന് തോന്നി.

എല്ലാവരും ചേര്‍ന്ന് രണ്ടു ദിവസംകൊണ്ട് ഷെഡിന്‍റെ പണി പാതിയും പൂര്‍ത്തീകരിച്ചു. എന്തുകൊണ്ട് ഷെഡ് മേയുകയും ചുറ്റും മറക്കുകയും ചെയ്യും? പുല്ലോ ഈറയുടെ ഇലയോ? ചര്‍ച്ചയായി. ഇവ രണ്ടും അപകടമാണ്. ആരെങ്കിലും രാത്രിയില്‍ തീ വച്ചു നശിപ്പിക്കും. അങ്ങനെ പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു.

ചണ ഷീറ്റ് വാങ്ങാന്‍ തീരുമാനമായി. പക്ഷേ, കാശിന് വഴിയില്ല. എന്തു ചെയ്യും? ചര്‍ച്ച കേട്ടിരിക്കുകയായിരുന്ന എന്‍റെ ഭാര്യ ആകെയുണ്ടായിരുന്ന 4 ഗ്രാം സ്വര്‍ണം (രണ്ടു കമ്മല്‍) ഊരിത്തന്നിട്ടു പറഞ്ഞു: "ഇതു കൊണ്ടുപോയി പണയംവച്ചിട്ട് ഷീറ്റ് വാങ്ങുക."

മുങ്ങിത്താഴുന്നവന് കച്ചിത്തുരുമ്പും ആശ്രയം. കിട്ടിയതും കൊണ്ട് ഞാന്‍ ഷീറ്റു വാങ്ങാന്‍ പോയി. പണയംവച്ചാല്‍ ആയിരം രൂപയില്‍ താഴെയേ ലഭിക്കുകയുള്ളൂ. അത് അറിഞ്ഞപ്പോള്‍ ആയിരത്തി അഞ്ഞൂറു രൂപക്ക് വിറ്റു.

30 കിലോമീറ്റര്‍ ദൂരെ എരുമേലിയില്‍ ചെന്നു. ഷീറ്റുകടയില്‍ ആവശ്യത്തിനുള്ള ഷീറ്റിന്‍റെ കണക്കുകൂട്ടിയപ്പോള്‍ 2100 രൂപയാകും. 600 രൂപ കുറവുണ്ട്.

എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോള്‍ കടക്കാരന്‍ ചോദിച്ചു: "പശുത്തൊഴുത്ത് മേയാനാണോ ചണഷീറ്റ്? വെയില്‍ ആകുമ്പോള്‍ നല്ല ചൂടായിരിക്കും. പശുവിനു ക്ഷീണമാകും. ഓട് വേണമെങ്കില്‍ തരാം. എന്താ വേണ്ടത്?"

"ഷീറ്റു മതി, ഓടു വേണ്ടാ"- എന്തും വരട്ടെയെന്നു കരുതി ഞാന്‍ പറഞ്ഞു.

"സാറേ, കുറച്ചുരൂപാ കുറവുണ്ട്. അടുത്താഴ്ച കൊണ്ടുത്തരാം."

"നിങ്ങളെ പരിചയമില്ലല്ലോ. എവിടെ വീട്?"

"പമ്പാനദിക്ക് അക്കരെ, കുറുമ്പന്‍ മൂഴിയില്‍."

"അവിടെ, ആദിവാസി കോളനിയില്‍ കുറെ ആള്‍ക്കാര്‍ ഞങ്ങളുടെ മതത്തിലേക്ക് വന്നതായിട്ടും അതിന്‍റെ പേരില്‍ പ്രശ്നങ്ങളുണ്ടായതായും പത്രത്തില്‍ കണ്ടിരുന്നു. അവരെ അറിയുമോ? എന്താ അവരെല്ലാം ഇങ്ങനെ മാറാന്‍ കാരണം?" കടക്കാരന്‍റെ ചോദ്യം കേട്ട് ആദ്യമൊന്നു പരുങ്ങി. പിന്നെ ഒന്നും മറച്ചുവച്ചില്ല. സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു.

അയാളുടെ മുഖം പ്രസാദിച്ചു. എഴുന്നേറ്റ് എന്‍റെ കൈയില്‍ പിടിച്ചുകൊണ്ടു സ്വയം പരിചയപ്പെടുത്തി. എന്‍റെ പേര് ചോദിച്ചു. ആ നല്ല മനുഷ്യന്‍ പറഞ്ഞു: "ചണഷീറ്റുകൊണ്ട് പള്ളി മേയേണ്ടാ. ഇവിടെ ടിന്‍ ഷീറ്റുണ്ട്. 100 രൂപയേ വിലയുള്ളൂ."

ഷെഡിന്‍റെ അളവ് അയാള്‍ ചോദിച്ചറിഞ്ഞു. പിന്നെ കാര്യങ്ങള്‍ എന്‍റെ കൈവിട്ടുപോയി. അയാള്‍ കണക്കുകൂട്ടി ആവശ്യമായ സാധനങ്ങളെല്ലാം ഒരു വാന്‍ വിളിച്ച് അതില്‍ കയറ്റാന്‍ ഏര്‍പ്പാടാക്കി. എന്നിട്ട് പറഞ്ഞു: "പോയിക്കോളൂ, വണ്ടിക്കൂലി ഞാന്‍ കൊടുത്തുകൊള്ളാം."

കൈയിലുണ്ടായിരുന്ന രൂപാ കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: "അത് കൈയില്‍ വച്ചോ. പണിക്കൂലി കൊടുക്കാം."

അല്ലാഹുവേ, നിന്‍റെ കണ്ണില്‍പെടാത്തതായി പ്രപഞ്ചത്തില്‍ ഒന്നുമില്ലല്ലോ. നീയെത്ര വലിയവന്‍! സര്‍വസ്തുതിയും നിനക്ക് മാത്രം.

പ്രാര്‍ഥന നിറഞ്ഞ മനസ്സോടെ സാധനങ്ങളുമായി ഊരിലെത്തി. സംഭവിച്ച കാര്യങ്ങള്‍ എല്ലാവരോടും പറഞ്ഞപ്പോള്‍ അവരുടെ സന്തോഷം വിവരണാതീതമായിരുന്നു. അവരുടെ വിശ്വാസത്തിന് ഒന്നുകൂടി ദൃഢത വരാന്‍ അത് കാരണമായി.

(അവസാനിച്ചില്ല)