ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

(ഭാഗം 3)

എന്റെ അടുത്തിരുന്ന കൂട്ടുകാരന്‍ ഒരുപിടി മണല്‍ വാരി പൂജാകളത്തിലേക്ക് ഒറ്റ ഏറ്! മണല്‍ പൂജാവസ്തുക്കളിലും വേലന്റെ കാലിലും കൊണ്ട് ചിതറി. മലവേലന്‍ കലിതുള്ളി അട്ടഹസിക്കാന്‍ തുടങ്ങി: 'ങാഹാ...ഹും...നീ എന്നോടു കളിക്കാന്‍ തുടങ്ങിയോ? വിടില്ല നിന്നെ ഞാന്‍...'

ഈ സമയം വീട്ടുകാരെല്ലാം തൊഴുകൈകളുമായി അന്തംവിട്ടു നില്‍ക്കുകയാണ്. ഞാനും കൂട്ടുകാരനും ഇരുട്ടിന്റെ മറവില്‍ വായ് പൊത്തിപ്പിടിച്ചു പൊട്ടിച്ചിരിക്കുകയാണ്.  വില്ലാളിവീരന്റെ ശാസന മുറവിളിയായി ഉയര്‍ന്നു: 'നീ പോ...കിടാത്തിയെ ഒഴിഞ്ഞു വന്നവഴി പോ... പോ... വിട്ടുപോകാന്‍...'

ഈസമയം സുഹൃത്ത് എന്റെ ശ്രദ്ധയില്‍ പെടാതെ ഒരു ഉണങ്ങിയ മരക്കമ്പ് എടുത്ത് രണ്ടാമത്തെ ഏറ്! കമ്പ് വേലന്റെ കാലില്‍കൊണ്ട് പൂജാവസ്തുക്കളില്‍ ചിലത് തെറിച്ചുപോയി. ഇതുകൂടിയായപ്പോള്‍ അമ്മാവന്റെ (വേലന്‍) സമനില തെറ്റി. അദ്ദേഹം അലറിക്കൊണ്ട് കരിക്ക് ഉടക്കാന്‍ വച്ചിരുന്ന കല്ലിലേക്ക് സര്‍വശക്തിയുമെടുത്ത് ഒറ്റ ഏറ്. ലക്ഷ്യംതെറ്റി കരിക്ക് കല്ലിന്റെ മൂലയില്‍ക്കൊണ്ടു തെറിച്ചുപോയി. തൊഴുകൈകളായി നിന്ന രോഗിയായ പെണ്ണിന്റെ അമ്മയുടെ കാല്‍മുട്ടിലാണ് അത് പതിച്ചത്. അയ്യോ, എന്റെ കാല്‍ ഒടിഞ്ഞേ എന്നു പറഞ്ഞ് ആ സ്ത്രീ നിലത്തുവീണു പോയി. രംഗം ഭീകരമായി. കൂട്ടനിലവിളിയും ബഹളവും!

അന്നേരം ഞാനും കൂട്ടുകാരനും വെളിച്ചത്തില്‍ പ്രത്യക്ഷപ്പെട്ട് തൊഴുകൈകളുമായി നിന്നു. ഉരുണ്ടുപോയ തേങ്ങയെടുത്ത് വേലന്റെ കൈയില്‍ കൊടുത്തു. അദ്ദേഹം തേങ്ങ അടിച്ചുപൊട്ടിച്ചു. പൊട്ടിയ തേങ്ങയുടെ ലക്ഷണം നോക്കി വേലന്‍ വീട്ടുകാരോട് ഉറഞ്ഞു തുള്ളിക്കൊണ്ടു പറഞ്ഞു 'ങേ...ങേ... ഹും .. ഹും... ഉം.. ഇവന്‍ നിസ്സാരനല്ല. ഉഗ്രമൂര്‍ത്തിയാണ്, സൂക്ഷിക്കണം. പേടിക്കണ്ട... മൂന്നുദിവത്തെ അടക്കം (അവധി) വയ്ക്കുകയാണ്.'

കുറെ ചാരം എടുത്ത് രോഗിയായ പെണ്ണിന്റെ നാവില്‍ കൊടുത്തു; തലയിലും പൂശി. ശേഷം വീട്ടുകാരനോട് പറഞ്ഞു: 'ഉഗ്രമൂര്‍ത്തിയെ ഞാന്‍ തളക്കും. രക്തദാഹിയായ അവനെ തൃപ്തിപ്പെടുത്തണം. ഒരു പൂവന്‍ കരിങ്കോഴിയെ കൂടി കുരുതികൊള്ളണം.'

തിരിച്ചുള്ള യാത്രാമധെ്യ അമ്മാവന്‍ എന്നോട് പറഞ്ഞു: 'നീ ഇതെല്ലാം കണ്ട് പഠിച്ചുകൊള്ളണം. ഉഗ്രകോപിയായ രക്തദാഹി പിശാചാണ് ആ പെണ്ണിനെ ബാധിച്ചിരിക്കുന്നത്. കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചുവേണം. മലയുടെ സഹായം ഉണ്ടായതുകൊണ്ട് തലപോയില്ല. സാരമില്ല, അവനെ ഞാന്‍ കൈകാര്യം ചെയ്‌തോളാം.' ഞങ്ങള്‍ എല്ലാം മൂളിക്കേട്ടു. ഞങ്ങള്‍ ചെയ്ത കുസൃതി ഒരിക്കലും മറ്റാരും അറിയരുതെന്നും ഉറപ്പിച്ചു.

കഴിഞ്ഞുപോയ സംഭവം എന്റെ തലയ്ക്കകത്ത് പുകയാന്‍ തുടങ്ങി. വല്ലാത്ത അസ്വസ്ഥത. ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാന്‍ പോകുന്നതുമെല്ലാം സത്യങ്ങളാണോ? മാടനും മര്‍ദയും മലയും മൂര്‍ത്തികളുമൊക്കെ ഉള്ളതാണോ? ഈവക ചിന്തയുമായി നിരാശയോടെ രണ്ടുദിവസം കഴിഞ്ഞു. രോഗിയായ പെണ്ണിന്റെ അപ്പനും അമ്മയും വീണ്ടും വന്നു. അവര്‍ എന്നോടു ചോദിച്ചു: 'വേലസ്വാമി എവിടെയാ? മകള്‍ക്കു വീണ്ടും അസുഖം കൂടിവരികയാണ്. ഇപ്പോള്‍ ചര്‍ദിയും തുടങ്ങിയിരിക്കുന്നു.'

അല്‍പനേരം ആലോചിച്ച ശേഷം ഞാന്‍ അവരോട് പറഞ്ഞു: 'നിങ്ങള്‍ മകളെയും കൂട്ടി 20 കിലോമീറ്റര്‍ ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി പെണ്ണിന്റെ പേരില്‍ ഒരു ചീട്ടെടുത്തു ഡോക്ടറെ കാണിക്കണം. രോഗമാണെങ്കില്‍ ഡോക്ടര്‍  മരുന്നുതരും. രോഗമൊന്നുമില്ലെങ്കില്‍ നമുക്ക് ബാധയെ ഒഴിപ്പിച്ചു കളയാം.' വണ്ടിക്കൂലി ഇല്ലാത്തതിനാല്‍ അവര്‍ മടിച്ചു. സാരമില്ല ഞാന്‍ തരാം വണ്ടിക്കൂലി എന്നു പറഞ്ഞ് ഉള്ള ചില്ലറയെല്ലാം കൂടി നുള്ളിപ്പെറുക്കി 90 രൂപ കൊടുത്തിട്ടു പറഞ്ഞു: 'ഞാന്‍ പറഞ്ഞിട്ടാണ് ആശുപത്രിയില്‍ പോയതെന്നു അമ്മാവന്‍ (വേലന്‍) അറിയരുത്.'

പിറ്റേദിവസം അവര്‍ ആശുപത്രിയില്‍ പോയി. മടങ്ങി വന്ന ശേഷം എന്റെയടുത്തു വന്ന് പെണ്ണിന്റെ അപ്പന്‍ എന്റെ രണ്ടുകൈകളിലും കൂട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു: 'ഞങ്ങള്‍ ആശുപത്രിയില്‍ പോയി. ഡോക്ടറെ കണ്ടു, പരിശോധിച്ചു.' 'എന്നിട്ട്?' ഞാന്‍ ചോദിച്ചു. ഒരു തേങ്ങലോടെ അയാള്‍ പറഞ്ഞു: 'എന്റെ... മകള്‍... അവള്‍ ഗര്‍ഭിണിയാണ്. രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. ഞങ്ങളെന്തു ചെയ്യും...ഇനി എന്തെല്ലാം സംഭവിക്കും...'

പുറംനാട്ടില്‍നിന്നും ആദിവാസി ഭൂമിയില്‍ മരച്ചീനി കൃഷിക്ക് സ്ഥിരം വരാറുണ്ടായിരുന്ന ഒരു യുവാവ് മോഹനവാഗ്ദാനം നല്‍കി ഗര്‍ഭം സമ്മാനിച്ചിട്ട് മുങ്ങിയതാണ്. മാസങ്ങള്‍ക്കു ശേഷം ആ ആദിവാസിപ്പെണ്ണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഊരുനിയമപ്രകാരം വ്യഭിചാരം മാപ്പര്‍ഹിക്കാത്ത കുറ്റമായതിനാല്‍ വീട്ടുകാരും ബന്ധുക്കളുമെല്ലാം വെറുത്തു. ഒടുവില്‍ അമ്മയും മകളും കൊച്ചുമകളും ഉൗരുവിട്ടു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ അവര്‍ എവിടെയാണെന്നു പോലും ആര്‍ക്കുമറിയില്ല.

തീര്‍പ്പിനു പോകേണ്ട ദിവസമായി. എന്നെ പ്രതീക്ഷിച്ച് അമ്മാവന്‍ ഇരിക്കുകയാണ്. കാണാതെ വന്നപ്പോള്‍ അന്വേഷിച്ചു വന്നു. ബഹുമാനത്താല്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നേരെ നിന്നു സംസാരിച്ചിട്ടില്ലാത്ത ഞാന്‍ അന്ന് അദ്ദേഹവുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായി, പിണങ്ങേണ്ടതായി വന്നു.

'അമ്മാവാ, മനുഷ്യന് പുതിയ അറിവും തിരിച്ചറിവും ഉണ്ടായിരിക്കുന്ന കാലമാണിത്. നമ്മുടെ പൂര്‍വികര്‍ പഠിപ്പിച്ചുതന്നതും പിന്‍പറ്റുന്നതുമായ വിശ്വാസവും ആചാരങ്ങളും അതേപടി തുടരുന്നതല്ലാതെ ഇതിലെ സത്യങ്ങളും അസത്യങ്ങളും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല. അമ്മാവന് അക്ഷരജ്ഞാനമില്ല. പക്ഷേ, ചിന്താശക്തിയും ബുദ്ധിയും തിരിച്ചറിവുമില്ലേ? പൂജ അലങ്കോലപ്പെടുത്തിയ ഉഗ്രമൂര്‍ത്തിയെ അമ്മാവന്‍ തിരിച്ചറിഞ്ഞോ?'

'അറിയാമെടാ, അവനെ ഞാന്‍ തളക്കും.'

'ഇല്ലമ്മാവാ, അവനെ ഒരിക്കലും തളക്കാന്‍ കഴിയില്ല. അത് രക്തദാഹിയായ പിശാചല്ല. തന്ത്രശാലിയായ രണ്ട് പിശാചുക്കളാണ്. അവരെ കണ്ടുപിടിക്കാന്‍ അമ്മാവനു സാധ്യമല്ല. നിരപരാധികളായ മനുഷ്യമനസ്സുകളില്‍ നമ്മള്‍ വിത്തുമുളപ്പിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഊട്ടിയുറപ്പിച്ചു മുന്നോട്ടു പോകും മുമ്പ് എനിക്ക് കുറെക്കൂടി കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനുമുണ്ട്. ഇതുപോലുള്ള പൂജാകര്‍മങ്ങള്‍ക്കൊന്നും തല്‍ക്കാലം ഞാന്‍ വരില്ല.' എന്റെ സംസാരം വേലനെ അടിമുടി ചൊടിപ്പിച്ചു.

എന്തെങ്കിലും പ്രത്യേകത തോന്നുന്ന വസ്തു കണ്ടാല്‍ അതിന് ദിവ്യത്വം കല്‍പിച്ച് ആരാധിക്കുന്ന തിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. വനത്തില്‍നിന്നും പാറക്കെട്ടുകളില്‍ കൂടി ഉരുണ്ട് തോട്ടില്‍കൂടി മലവെള്ളത്തില്‍ ഒഴുകിവന്ന ഒരു കല്ല് അമ്മാവന്റെ ശ്രദ്ധയില്‍പെട്ടു. ഈ കല്ലിന് മനുഷ്യന്റെ വായ, മൂക്ക്, കണ്ണ്, ചെവി എന്നിവ ഉള്ളതായി കാഴ്ചയില്‍ തോന്നും. ഇതു കണ്ടയുടന്‍ എന്നോട് അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞ് അമ്മാവന്‍ ആളയച്ചു. ഞാന്‍ ചെന്നു. നാലഞ്ചുപേര്‍ കൂടി ആ കല്ല് ചാക്കില്‍ കെട്ടി ചുമന്ന് കുടുംബക്ഷേത്രത്തില്‍ കൊണ്ടു കുടിയിരുത്തി. ശേഷം നെയ്യ്, എണ്ണ എന്നിവകൊണ്ട് ശുദ്ധിചെയ്തു തിരിതെളിച്ചു പൂജിക്കാന്‍ തുടങ്ങി.

മറ്റൊരിക്കല്‍ ഞങ്ങള്‍ ഒരു സംഘം കൊടുംവനത്തിലൂടെ യാത്രചെയ്തു മലകയറി വിശ്രമിക്കുകയായിരുന്നു. അന്നേരം ഒരു പടുകൂറ്റന്‍ മരത്തിലേക്ക് വേലന്‍ തുറിച്ചുനോക്കുന്നതു കണ്ടു. ശേഷം ധൃതിയില്‍ മരച്ചുവട്ടിലെത്തി. കൂടെയുണ്ടായിരുന്നവരെ മരച്ചുവട്ടിലേക്കു ക്ഷണിച്ചു. വേലന്‍ ഭാണ്ഡക്കെട്ടുകള്‍ അഴിച്ച് പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ ആരംഭിക്കുകയാണ്. എന്താണ് സംഭവിച്ചതെന്നറിയാന്‍ എല്ലാവരും ജിജ്ഞാസയോടെ നില്‍ക്കുമ്പോള്‍ മരമുകളിലേക്ക് വിരല്‍ചൂണ്ടി കാണിച്ചു. വളഞ്ഞുനില്‍ക്കുന്ന മരത്തടിയുടെ വളവുള്ള ഭാഗത്ത് ഒരു വലിയ മുഴ. മനുഷ്യത്തലയോളം വലിപ്പമുള്ള മുഴക്ക് കാഴ്ചയില്‍ കണ്ണ്, മൂക്ക്, വായ, ചെവി എന്നിവയുള്ളതായി തോന്നും. മരമുഴക്ക് എന്തോ ദിവ്യത്വമുണ്ടെന്ന വേലന്റെ വിശ്വാസത്തെ അംഗീകരിക്കുകയല്ലാതെ രക്ഷയില്ല. അവിടെ പൂജാകര്‍മങ്ങള്‍ ചെയ്ത ശേഷമാണ് യാത്ര തുടര്‍ന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ആ വഴി പോകേണ്ടിവന്നപ്പോള്‍ കണ്ടത് ആ മരം കടപുഴകി വീണ് ഉണങ്ങി ദ്രവിച്ചു കിടക്കുന്നതാണ്.

ഈ വിശ്വാസങ്ങളിലും ആചാരങ്ങളിലും എനിക്ക് പൂര്‍ണ തൃപ്തിയില്ലെങ്കിലും കൂടെ കൂടുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. മുമ്പ് മുത്തുസ്വാമി പഠിപ്പിച്ചുതന്ന ഇശ്വരവിശ്വാസം ഇതാണ്: ഈശ്വരന്‍ ജലം പോലെയാണ്. ജലം ഏതൊന്നില്‍ നിറക്കുന്നുവോ നിറക്കപ്പെടുന്ന രൂപത്തിലാണ് ഈശ്വരരൂപം. മരത്തിലോ മലയിലോ കല്ലിലോ കരയിലോ കടലിലോ തുടങ്ങി എന്തിലാണോ നാം ഹൃദയത്തില്‍ ഉറപ്പിച്ചുവിശ്വസിക്കുന്നത് ആ വസ്തുവിന്റെ രൂപമാണ് ഈശ്വരന്‍. അപ്പോള്‍ പിന്നെ കല്ലിലും മരമുഴയിലും ദിവ്യത്വം കാണുന്നതില്‍ അവിശ്വാസം പ്രകടിപ്പിക്കേണ്ടതില്ലല്ലോ! (തുടരും)