ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 ഏപ്രില്‍ 10 1442 ശഅബാന്‍ 27

(ഭാഗം 17)

പോലീസുകാരന്‍ ചോദിച്ചു: "എങ്കില്‍ നിങ്ങള്‍ക്ക് ക്രിസ്തുമതത്തിലേക്ക് പോയിക്കൂടേ? എന്നാല്‍  പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നോ?"

"അതു ശരി. എങ്ങോട്ടു മാറിയാലും മതംമാറ്റം മാറ്റംതന്നെയല്ലേ? ക്രിസ്തുമതത്തിലേക്ക് പോയാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല; ഇസ്ലാം മതത്തിലേക്ക് പോയാല്‍ പ്രശ്നങ്ങള്‍! ഇതെന്തു ന്യായമാണ്? ക്രിസ്തുമതത്തിന്‍റെയും ഇസ്ലാം മതത്തിന്‍റെയും ഉറവിടം ഇന്ത്യയിലല്ല. രണ്ടും വിദേശത്തുനിന്നും വന്നതാണല്ലോ. അതില്‍ ഒന്ന് സ്വീകരിക്കാം. മറ്റേത് സ്വീകരിക്കാന്‍ പാടില്ല. ഇത് കൊള്ളാമല്ലോ! സാറേ, ഈ വീട് അഞ്ച് വര്‍ഷത്തോളം ക്രിസ്തീയ ആരാധനയും പ്രബോധനവും നടന്നിരുന്ന പള്ളിയായിരുന്നു. വേറെ രണ്ട് ക്രിസ്ത്യന്‍ പള്ളിയിലും പോയി ആരാധിച്ചിട്ടുണ്ട്. ഹിന്ദുമതാചാരവും ക്രിസ്തുമതാചാരവും രണ്ട് ഉടുപ്പുകള്‍, അകത്തിരിക്കുന്നത് ഒരാള്‍ തന്നെ. ഹിന്ദുവിശ്വാസത്തില്‍ ദൈവങ്ങളുടെ എണ്ണം കൂടുതലും ക്രിസ്തുമതത്തില്‍ ദൈവങ്ങളുടെ എണ്ണം കുറവും; ഈ വ്യത്യാസമെ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ."

"അപ്പോള്‍ മതംമാറ്റം തന്‍റെയൊരു പദ്ധതിയാണല്ലേ?"

"മതംമാറ്റം ഒരു പദ്ധതിയായി സ്വീകരിച്ചിട്ടില്ല. എല്ലാ മതങ്ങളും പറയുന്നു ദൈവം ഒന്നേയുള്ളൂവെന്ന്. ഏതിലെ കടന്നുചെന്നാലും പറയുന്ന ഒരു ദൈവത്തിന്‍റെ സാന്നിധ്യം കാണാന്‍ ചെല്ലുന്നിടത്തെല്ലാം വേറെ വേറെ ദൈവങ്ങളാ പ്രത്യക്ഷപ്പെടുന്നത്. അപകടങ്ങളും വേദനകളും വരുമ്പോള്‍ എല്ലാവരും വിളിക്കാറില്ലേ 'എന്‍റെ ദൈവമേ' എന്ന്? ആ ദൈവത്തിന്‍റെ സന്നിധിയിലെത്താന്‍ വല്ല വഴിയും ഉണ്ടോ എന്നറിയാന്‍ ഞാന്‍ നീണ്ടകാലം പരിശ്രമം നടത്തി നോക്കി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് നേരായ വഴി കണ്ടെത്തിയത്."

"നിങ്ങള്‍ ഇസ്ലാം മതത്തില്‍ ചെന്നതില്‍ എതിര്‍പ്പുള്ള മുസ്ലിംകളും ഉണ്ടല്ലോ?"

"ഇത് ആരാണ് സാറിനോട് പറഞ്ഞത്. എതിര്‍പ്പുണ്ടെങ്കില്‍ അയാള്‍ ഒരു യഥാര്‍ഥ മുസ്ലിം അല്ല. ചിലപ്പോള്‍ മുസ്ലിം പേര് കാണും എന്നുമാത്രം. സാറേ, ഇസ്ലാം എന്ന് പറയുന്നത് ലോകത്ത് ഇപ്പോള്‍ കാണുന്ന മുസ്ലിംകളുടെ മാത്രം കുത്തകയൊന്നുമല്ല. ലോകത്തുള്ള സര്‍വമനുഷ്യരുടെയും ഇഹപര ക്ഷേമത്തിനുവേണ്ടി പ്രപഞ്ചനാഥന്‍ നല്‍കിയ നിത്യനിയമവ്യവസ്ഥയാണത്. ഇത് ബോധ്യപ്പെടുന്നവര്‍ അതിന് കീഴ്പ്പെട്ട് ജീവിക്കുന്നു. ബോധ്യപ്പെടാത്തവര്‍ തോന്നിയതു പോലെയോ പൂര്‍വികര്‍ പിന്തുടര്‍ന്ന് വരുന്നതിനെയോ പിന്‍പറ്റിയും ജീവിക്കുന്നു. നമ്മളിന്ന് ഇന്ത്യയില്‍ കാണുന്ന മുസ്ലിംകളെല്ലാം വിദേശത്തു നിന്നും വന്നവരല്ല. അറബിനാട്ടില്‍ നിന്നും വന്ന ഏതാനും പേരുടെ പ്രബോധനഫലമായി മുന്‍ഗാമികളില്‍ പലരും മുസ്ലിംകളായി. അങ്ങനെ ഇന്നത്തെ അവസ്ഥയിലെത്തി. ഇസ്ലാമിലെ സാഹോദര്യവും സമത്വവും ഏകദൈവാരാധനയും കണ്ടും മനസ്സിലാക്കിയുമാണ് അവര്‍ ഇസ്ലാമിലേക്കുവന്നത്. സവര്‍ണ മേധാവിത്വത്തിന്‍റെ അടിച്ചമര്‍ത്തലില്‍നിന്നും ജാതിവേലിക്കെട്ടില്‍നിന്നും തൊട്ടുകൂടായ്മയില്‍നിന്നും രക്ഷനേടാനും തങ്ങളെ മനുഷ്യരായി കാണുന്ന അവസ്ഥയുണ്ടാകാനും അവര്‍ ആഗ്രഹിച്ചു. അതിന് ഇസ്ലാം മതത്തിനേ കഴിയൂ എന്നവര്‍ മനസ്സിലാക്കി. അങ്ങനെ കൂട്ടത്തോടെയും ഒറ്റക്കുമെല്ലാം ആളുകള്‍ ഇസ്ലാമിലേക്ക് ചേക്കേറി."

"മതി നിന്‍റെ പ്രസംഗം. നീ എന്തുവരെ പഠിച്ചു?"

"ആറാം ക്ലാസ്സ് വരെ."

"തുടര്‍ന്ന് പഠിക്കാതിരുന്നത് എന്തുകൊണ്ട്?"

"ദാരിദ്ര്യം തന്നെ. മാന്യമായി ധരിക്കാന്‍ ഉടുവസ്ത്രം പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ പഠനം എങ്ങനെ മുന്നോട്ടുപോകാന്‍!"

"ഇത് ഒരു ചെറിയ കേസല്ല. ഇവര്‍ക്ക് തീവ്രവാദികളുടെ നല്ല പിന്‍ബലമുണ്ട്. പാക്കിസ്താന്‍ വരവായിരിക്കും" എന്നും പറഞ്ഞ് പോലീസുകാര്‍ ഇറങ്ങിപ്പോയി.

രാവിലെ ഏഴു മണിയായപ്പോള്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പോലീസ് സംഘവും സ്ഥലത്തു വന്നു. സി.ഐ.എന്നോട് വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.

സി.ഐ.പറഞ്ഞു: "ഇവിടെ സംഘര്‍ഷാവസ്ഥയുള്ളതിനാല്‍ പോലീസ് ക്യാമ്പ് ഇടുകയാണ്. തനിക്ക് വധഭീഷണിയുള്ളതിനാല്‍ അറിയാവുന്ന ശത്രുക്കളുടെ പേരും അഡ്രസ്സും എഴുതി പരാതി തരിക."

"സര്‍, എനിക്ക് ശത്രുക്കളില്ല; വധഭീഷണിയില്‍ പരാതിയുമില്ല. എന്നെ വെറുതെ വിട്ടേര്."

"പരാതി തരുന്നുണ്ടോ ഇല്ലേ?"

"ഇല്ല, സര്‍!"

"താന്‍ കുറച്ചുദിവസത്തേക്ക് കോളനിവിട്ട് പുറത്തേക്ക് യാത്രപോകരുത്. അഥവാ പോകുകയാണെങ്കില്‍ ക്യാമ്പിലുള്ള പോലീസുകാരുടെ അനുവാദം വാങ്ങണം."  

"ശരി സര്‍."

അന്നു മുതല്‍ പകല്‍ രണ്ടും രാത്രിയില്‍ മൂന്നും പോലീസുകാര്‍ എന്‍റെ വീടിനടുത്ത് ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ ക്യാമ്പ് തുടങ്ങി. സി.ഐ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്ഥലത്തു വന്ന് കറങ്ങിപ്പോകാനും തുടങ്ങി.

എന്‍റെ അമ്മയുടെ അമ്മാവന്‍റെ മകനാണ് കുഞ്ഞുമോന്‍. കാട്ടിറച്ചിയും ഫലങ്ങളും ഇഷ്ടാനുസരണം തിന്ന് ഒറ്റയാനായി വളര്‍ന്ന കുഞ്ഞുമോനെ 'കരടി കുഞ്ഞുമോന്‍' എന്നാണ് ചിലര്‍ വിളിക്കുന്നത്. കരടിയെപ്പോലെ ശരീരമാസകലം രോമവും ചുവന്ന കണ്ണുകളും വലിയ ശരീരവും അതിനൊത്ത ദൃഢതയുള്ള ശരീരവും. മദ്യലഹരിയില്‍ ആറാടി നടക്കുന്ന കുഞ്ഞുമോനെ ആരും എതിര്‍ക്കാറില്ല. അയാളെ അടിച്ചോ പിടിച്ചോ കീഴ്പ്പെടുത്തുക സാധ്യമല്ല. അത്രയും ശക്തനാണ്.

ഒരുദിവസം പമ്പാനദി തീരത്തുവച്ച് അയാളുടെ മുമ്പില്‍ ഞാന്‍ പെട്ടുപോയി. എന്‍റെ തുണിക്കുത്തിനു പിടിച്ച് നിഷ്പ്രയാസം പൊക്കിയിട്ട് അവന്‍ പറഞ്ഞു:

"ഇന്ന് നിന്നെ ഈ നദിയിലെറിഞ്ഞു കൊല്ലുകയാണ്."

മദ്യലഹരിയിലായിരുന്ന ഇയാളുടെ പിടിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടും? അടുത്തെങ്ങും ആരും ഇല്ല. അയാള്‍ പിടിമുറുക്കി ഉലക്കുകയാണ്. എതിര്‍ത്തിട്ടു കാര്യമില്ല. അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെടും.

ഞാന്‍ പറഞ്ഞു: "നമ്മള്‍ അളിയന്മാരാണ്. നമ്മുടെ പഴയ ബന്ധത്തിന് ഒരു കുറവും ഇപ്പോഴും ഇല്ല."

അളിയന്‍ പിടിവിട്ടു. വല്ലാതെ വേദനിക്കുന്നു. എനിക്കൊരു ബീഡി തരൂ എന്നു കുഞ്ഞുമോന്‍ പറഞ്ഞു. ഇസ്ലാം സ്വീകരിച്ചതോടെ പുകവലി നിറുത്തി എന്നു ഞാന്‍ പറഞ്ഞു.

അയാള്‍ ഒരു നിമിഷം സൂക്ഷിച്ചു നോക്കിയിട്ട് പിടിവിട്ടു. നിന്‍റെ മുഖത്ത് നോക്കിയിട്ട് കൊല്ലാന്‍ തോന്നുന്നില്ലെന്നു പറഞ്ഞു. ഞാന്‍ അയാളുടെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു:

"നമ്മള്‍ ശത്രുക്കളല്ല, മിത്രങ്ങളാണ്."

"കാര്യമൊക്കെ ശരിതന്നെ. പക്ഷേ, നീ തിരിച്ചുവരണം. ഇല്ലെങ്കില്‍ നിന്നെ കൊല്ലും. തലപ്പാറ മലയാണെ സത്യം!"

ഞാന്‍ അത് അത്ര കാര്യമാക്കിയില്ല.

"ശരി അളിയാ... ഞാന്‍ പോകട്ടെ" എന്നും പറഞ്ഞ് ഒരു അപകടത്തില്‍നിന്നും രക്ഷപ്പെട്ട  ആശ്വാസത്തോടെ ഞാന്‍ നടന്നു.

രണ്ടുദിവസം കഴിഞ്ഞു. പതിവുപോലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്തുവന്നു. മദ്യലഹരിയില്‍ ഉറഞ്ഞുനിന്ന കുഞ്ഞുമോന്‍ 'ഇവിടെ വച്ചിരിക്കുന്ന പള്ളി പൊളിച്ചുകളയാതെ സാറിനെ വിടില്ല' എന്നു പറഞ്ഞുകൊണ്ട് സി.ഐയുടെ മുമ്പില്‍ കയറിനിന്നു.

"നീ മാറ്, ഞാന്‍ പള്ളിയൊന്ന് കാണട്ടെ."

സി.ഐ.പള്ളിമുറ്റത്തേക്ക് കയറി. ഈ സമയം തീപ്പൊരിപോലെ വാര്‍ത്ത പരന്നു. 'പോലീസ് പള്ളി പൊളിക്കുന്നു.' വാര്‍ത്തകേട്ട ആള്‍ക്കാര്‍ സന്തോഷത്തോടെ ഓടിക്കൂടി.

ഹൈന്ദവ വിശ്വാസിയായ സി.ഐ. ചെരുപ്പ് ഊരിയിട്ട ശേഷം പള്ളിക്കുള്ളില്‍ കയറി. വിശദമായി പരിശോധിച്ചിറങ്ങി. എന്നോട് ചോദിച്ചു:

"ഇത് പണിയുന്നതിന് ആരെങ്കിലും പണം തന്നിരുന്നോ? ആരാ തന്നത്?"

"ഇല്ല സാര്‍, ഞാന്‍ സ്വര്‍ണം വിറ്റാണ് ഉണ്ടാക്കിയത്. അതിന്‍റെ ബില്ല് വേണമെങ്കില്‍ കൊണ്ടുവരാം."

സി.ഐയുടെ മുഖഭാവത്തില്‍നിന്നും മനസ്സിലായി; ഷെഡ് പൊളിക്കുമെന്ന്. ആശങ്കയോടെ ഞാന്‍ സി.ഐയുടെ അടുത്തു ചെന്നു.

"സാര്‍, ഇപ്പോള്‍ ഇത് തള്ളിമറിച്ചിടരുത്. ഇത്രയും ആള്‍ക്കാരുടെ മുമ്പില്‍വച്ച് ഞങ്ങളെ ആക്ഷേപിക്കരുത്. ഞങ്ങള്‍ തന്നെ ഇന്നു പൊളിച്ചു മാറ്റിക്കോളാം."

"ഇത് ഇവിടെ ഇരിക്കുന്നിടത്തോളം പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇത് പൊളിച്ചുമാറ്റിയേ പറ്റൂ. ഞാന്‍ ഇപ്പോള്‍ പൊളിക്കുന്നില്ല. നിങ്ങള്‍തന്നെ ഇന്ന് പൊളിച്ചുമാറ്റുമോ?"്യൂ

ഞാന്‍ പറഞ്ഞു: "ഇന്‍ശാ അല്ലാഹ്."

സി.ഐ.ചോദിച്ചു: "എന്താണ് പറഞ്ഞത്?"

"ദൈവം ഉദ്ദേശിച്ചാല്‍."

സി.ഐ.അല്‍പനേരം ആലോചിച്ചുനിന്നിട്ട് തടിച്ചുകൂടിയ ആളുകളോടായി പറഞ്ഞു:

"എല്ലാവരും പിരിഞ്ഞു പോകുക. അവര്‍ തന്നെ പൊളിച്ചു മാറ്റിക്കൊള്ളും. ഇതിന്‍റെ പേരില്‍ ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവനൊന്നും പിന്നെ വെട്ടം കാണില്ല."

ഒരു ഈശ്വരവിശ്വാസിയായതുകൊണ്ടാവാം സി.ഐ മാന്യമായി ഇടപെട്ടു. പോലീസുകാര്‍ പള്ളി പൊളിക്കാതെ പോയതില്‍ ചിലര്‍ കലിതുള്ളി.

ദിവസങ്ങള്‍ കഴിഞ്ഞു. പോലീസ് പറഞ്ഞിട്ടും പള്ളി പൊളിക്കാത്തതില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. സ്വന്തം അമ്മാവനും കുഞ്ഞുമോനും സംഘവും സജീവമായി രംഗത്തുണ്ട്. പോലീസിനെ മറികടന്നുകൊണ്ട് പ്രശ്നങ്ങള്‍ ഉരുണ്ടുകൂടുകയാണ്. ചില അപരിചിതര്‍ കോളനിയില്‍ തമ്പടിച്ചു വിഹരിക്കുന്നു.

അവര്‍ വീട്ടില്‍വന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. പരസ്യമായി വടിവാള്‍ കല്ലില്‍ വെട്ടി തീപ്പൊരി പറപ്പിച്ചിട്ടുള്ള മുന്നറിയിപ്പ്; ഇതുപോലെ മകനെയും കൊച്ചുമകനെയും അരിയും. പല കുടുംബങ്ങളുടെയും നിരപരാധികളുടെയും സമാധാനം നഷ്ടപ്പെട്ടു. അവര്‍ ഭയവിഹ്വലരായി.

ചില ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിച്ചു: 'നിങ്ങളെല്ലാം കുറെക്കാലത്തേക്ക് ഇവിടംവിട്ടു എങ്ങോട്ടെങ്കിലും പോകുക. മറ്റുള്ളവരെങ്കിലും സമാധാനമായി ജീവിക്കട്ടെ.'

ചില മുസ്ലിം സഹോദരങ്ങളും  ഇതേ ആവശ്യം ഉന്നയിച്ചിട്ടും ഞാന്‍ ഗൗനിച്ചില്ല. അവസാനം പ്രിയപ്പെട്ട അമ്മയുടെ ഉപദേശം: "മോനേ... അല്ലാഹുവിന്‍റെ വിധിയെന്തോ അത് സംഭവിക്കുകതന്നെ ചെയ്യും. എങ്കിലും പറയുകയാ... ജീവിച്ചിരുന്നെങ്കില്‍ മാത്രമെ എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഓരോ ദിവസം കഴിയുന്തോറും പ്രശ്നങ്ങള്‍ കൂടുകയാണല്ലോ. കുറെക്കാലത്തേക്ക് നീയും കുട്ടികളും മതം സ്വീകരിച്ചവരുമെല്ലാം എവിടെയെങ്കിലും പോകണം. ഞാനും അച്ഛനും ഇവിടെ താമസിക്കാം. ഞങ്ങളെ ആരും ഉപദ്രവിക്കില്ല. ഞാന്‍ പറയുന്നത് നീ അനുസരിക്കണം."

"ശരി ഉമ്മാ... രണ്ടുദിവസത്തിനകം എങ്ങോട്ടെങ്കിലും പോകാം. വണ്ടിക്കൂലിക്ക് പോലും കൈയില്‍ പൈസയില്ല. കുറച്ച് പൈസ ഉണ്ടാക്കട്ടെ."

പിറ്റേദിവസം മഗ്രിബിന് ശേഷം കുറച്ച് ദൂരെനിന്നും ഒരു അലര്‍ച്ചയും അട്ടഹാസവും തെറിയഭിഷേകവും. അളിയന്‍ കുഞ്ഞുമോന്‍ തന്നെ! ഉടുതുണി അഴിച്ച് വീശിക്കൊണ്ട് അവന്‍ പറയുന്നു:"പൊളിക്കെടാ നിന്‍റെ പള്ളി, ഇല്ലെങ്കില്‍ ഇന്നു ഞാന്‍ പൊളിക്കുമെടാ."

തിരിച്ച് ഒരു അക്ഷരം പറയാന്‍പോലും ആരും ധൈര്യപ്പെട്ടില്ല. നിശ്ശബ്ദമായ പ്രതികരണം. ഇശാഅ് ബാങ്ക് കൂടി മൈക്കില്‍ വിളിച്ചാല്‍ വീണ്ടും ശൗര്യം കൂടുമെന്നു ബോധ്യമുള്ളതിനാല്‍ മൈക്കില്‍ ബാങ്ക് വിളിച്ചില്ല. ഇശാഅ് നമസ്കാരം നടക്കുമ്പോഴും പൂരപ്പാട്ടുതന്നെ. പ്രപഞ്ചനാഥനെപ്പോലും അസഭ്യവര്‍ഷത്തില്‍നിന്നും ഒഴിവാക്കിയില്ല.

ശാന്തമായ അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്ന അസഭ്യവര്‍ഷം അവസാനിപ്പിക്കുന്ന ലക്ഷണമില്ലെന്നു വന്നപ്പോള്‍ അനന്തരവന്‍ സുലൈമാന്‍ പ്രതികരിക്കാന്‍ തയ്യാറായി:

"മാമാ... നമ്മളിങ്ങനെ പേടിച്ചിരുന്നിട്ടു കാര്യമില്ല. രണ്ടു മണിക്കൂറായില്ലേ അവന്‍ നമ്മളെ ചീത്ത പറയാന്‍ തുടങ്ങിയിട്ട്; ഞാന്‍ അങ്ങോട്ടു ചെല്ലാം."

ഉമ്മയും ഞാനും അവനെ തടഞ്ഞു. 'വേണ്ടാ... ഒരക്ഷരം മിണ്ടരുത്.'

പൂട്ടിയ പള്ളി തുറന്ന് എല്ലാവരും അകത്തുകയറി വട്ടംകൂടിയിരുന്നു. അല്ലാഹുവിനോട് സങ്കടം പറഞ്ഞു:

"നാഥാ, സമാധാനത്തോടുകൂടി നമസ്കരിക്കാന്‍പോലും ഞങ്ങള്‍ക്ക് കഴിയുന്നില്ല. അല്ലാഹുവേ, നിന്നെ ആരാധിക്കുവാന്‍ വേണ്ടി ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഈ പള്ളി പൊളിക്കാത്തതിന്‍റെ പ്രതിഷേധമാണ് ഈ കേള്‍ക്കുന്നത്. ഞങ്ങള്‍ ന്യൂനപക്ഷവും ബലഹീനരുമാണെന്ന് നിനക്കറിയാം. നീയല്ലാതെ ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ഇത്തരം അക്രമികളെ  തടയാന്‍ ഞങ്ങള്‍ക്കാവില്ല. തമ്പുരാനേ, നീ ഞങ്ങളെ സഹായിക്കണമേ."

എല്ലാ കണ്ണുകളും നിറഞ്ഞൊഴുകി; ആമീന്‍ പറഞ്ഞു. പ്രാര്‍ഥന കഴിഞ്ഞു ഞങ്ങളെല്ലാവരും വെളിയിലിറങ്ങി. പള്ളി അടച്ചു. ഈ സമയം കുഞ്ഞുമോന്‍ അലര്‍ച്ച നിര്‍ത്തി.

സമാധാനമായി. അവന്‍ പാതിരാവില്‍ വന്നു പള്ളി നശിപ്പിക്കുമോ? ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അമ്മ പറഞ്ഞു: "പള്ളി അല്ലാഹുവിന്‍റെതാ...പള്ളി അവന്‍ നോക്കിക്കൊള്ളും."

ആകാശം ഇരുണ്ടുമൂടി. ശക്തമായ മിന്നല്‍; ഇടിമുഴക്കം. മഴ ചീറി പെയ്തുവരുന്നു. ഞങ്ങളെല്ലാം വീടുകളില്‍ ഓടിയെത്തി. അന്നു രാത്രി മഴ തുള്ളിതുവര്‍ന്നില്ല. ചന്നംപിന്നം പെയ്തുകൊണ്ടിരുന്നു. രാത്രിയുടെ അവസാനയാമമായി. കാട്ടുപക്ഷികള്‍ കീര്‍ത്തനങ്ങളുയര്‍ത്തി. മലമുകളില്‍നിന്നും കാട്ടുകോഴികള്‍ കൂവി വിളിക്കുന്നു.

ഈ സമയം ഭാര്യ എന്നെ വിളിച്ചുണര്‍ത്തി: "ബാങ്ക് വിളിക്കാന്‍ പോകൂ. സമയമായി."

മണ്ണെണ്ണവിളക്ക് തെളിച്ചുകൊണ്ട് പള്ളിയിലേക്കു പോയി. പള്ളിയുടെ എതിര്‍കരയിലുള്ള കുഞ്ഞുമോന്‍റെ വീട്ടിലേക്ക് കണ്ണ് പോയി. ചൂട്ടുകറ്റകളും വിളക്കുകളുമായി ആള്‍ക്കാര്‍ നടക്കുന്നതും സംസാരങ്ങളും ശ്രദ്ധിച്ചെങ്കിലും ഗൗനിച്ചില്ല. ബാങ്ക് വിളിച്ചു. നമസ്കാര സമയവും പ്രതീക്ഷിച്ചു പള്ളിയിലിരുന്നു. നിലം കാണാവുന്നവിധം നേരം വെളുത്തുവരുന്നു.

അന്നേരം അതാ കേള്‍ക്കുന്നു കാത് പൊട്ടുന്ന ഒരു അലര്‍ച്ച: "അയ്യോ, ഓടിവായോ. കുഞ്ഞുമോന്‍ മരിച്ചുകിടക്കുന്നേ... ഓടിവായോ..."

ആള്‍ക്കാര്‍ ഓടിക്കൂടിക്കൊണ്ടിരിക്കുന്നു.

"എന്‍റെ ഭര്‍ത്താവിനെ കൊന്നേ..." എന്ന നിലവിളികേട്ടപ്പോള്‍ കാര്യം വ്യക്തമായി. എന്‍റെ ശ്വാസം നിലച്ചുപോകുന്നത് പോലെ. കൈകാലുകള്‍ ബലഹീനമായി. നമസ്കാരപ്പായയില്‍ കമഴ്ന്നു വീണുപോയി. ഈ സമയം അമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു.

"മോനേ, എന്താടാ സംഭവിച്ചത്? കുഞ്ഞുമോന് എന്തുപറ്റിയെടാ.?"

അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:"യാചിച്ചാല്‍ അല്ലാഹു സ്വീകരിക്കും. കുഞ്ഞുമോന്‍റെ എന്തുപറ്റി എന്നറിയില്ല. അവന് എന്തുപറ്റിയാലും ആളുകള്‍ നമ്മെ കുറ്റവാളികളാക്കും. പ്രാര്‍ഥിക്കുകയല്ലാതെ വേറൊരു വഴിയും നമ്മുടെ മുമ്പിലില്ല."

ഞാനും ഉമ്മയും ചങ്ക് പൊട്ടുമാറ് പ്രാര്‍ഥിച്ചു: "നാഥാ, കുഞ്ഞുമോന് അപകടമാന്നും വരുത്തരുതേ. ഞങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ സഹായിക്കേണമേ."

ഈ സമയം ഏതാനുംപേര്‍ ചേര്‍ന്ന് കുഞ്ഞുമോനെ എടുത്തുക്കൊണ്ട് അവന്‍റെ വീട്ടിലേക്ക് പോകുന്നു. കൂട്ടനിലവിളിയും അട്ടഹാസവും. എല്ലാവരും ആ വീട്ടിലേക്ക് ഓടി. ഇതിനോടകം കുഞ്ഞുമോന്‍ മരിച്ചതായി വിളിച്ചറിയിക്കുന്നതും കേട്ടു.

രാത്രി എട്ടുമണിവരെ മുസ്ലിംകളെയും പള്ളിയെയും അല്ലാഹുവിനെയും കുഞ്ഞുമോന്‍ ചീത്ത പറഞ്ഞ് അട്ടഹസിക്കുന്നതിന് ദൃക്സാക്ഷികള്‍ ഒട്ടേറെയുണ്ട്. അതിനാല്‍ കുറ്റം ഞങ്ങളില്‍ ചാത്തുമെന്ന് ഉറപ്പാണ്.

കുഞ്ഞുമോന്‍ നിന്ന് അട്ടഹസിച്ചതും മരിച്ചുകിടന്നതുമായ, പള്ളിക്ക് എതിര്‍ദിശയിലുള്ള ഭൂമി ഞങ്ങളുടെതാണ്. ഞങ്ങളുടെ സ്ഥലത്തുനിന്നും നൂറു മീറ്റര്‍ ദൂരെയാണ് കുഞ്ഞുമോന്‍റെ വീട്. എന്താണു സംഭവിച്ചതെന്നറിയില്ലല്ലോ.

കുഞ്ഞുമോന്‍റെ വീട്ടില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ നാടന്‍ ചികിത്സാ പ്രയോഗം നടത്തി. തേങ്ങയുടെ തൊണ്ട് തീയില്‍ ചൂടാക്കി കുഞ്ഞുമോന്‍റെ മഴനനഞ്ഞു മരവിച്ച ശരീരത്തില്‍ അമര്‍ത്തി തിരുമ്മി ശരീരം ചൂടാക്കിക്കൊണ്ടുള്ള പ്രയോഗം നടത്തി. അരമണിക്കൂര്‍ പിന്നിട്ടു. മരിച്ചു മരവിച്ച ശരീരത്തില്‍ കെട്ടിപ്പിടിച്ചു ഭാര്യ കരയുമ്പോള്‍ നോക്കിനില്‍ക്കുകയായിരുന്ന ഒരാള്‍ വിളിച്ചു പറയുന്നു:

"അയ്യോ... ആള്‍ മരിച്ചിട്ടില്ല. ജീവനുണ്ട്. കാല്‍ അനക്കുന്നു." താമസിയാതെ കസേരയില്‍ ചുമന്ന് കുഞ്ഞുമോനെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഇതിനോടകം കുപ്രചാരണം പരന്നുകഴിഞ്ഞു. ഇത് മുസ്ലിംകളുടെ പരിപാടി തന്നെ. ഒന്നുകില്‍ അടിച്ചുവീഴ്ത്തിയത്. അല്ലെങ്കില്‍ കൂടോത്രം. എന്തായാലും ആള്‍ രക്ഷപ്പെടുമോ എന്നറിയട്ടെ.   ബാക്കികാര്യം പിന്നെ നോക്കാം എന്നായി ചിലര്‍.

'എല്ലാം അറിയുന്ന അല്ലാഹുവേ... കുഞ്ഞുമോനെക്കൊണ്ടു സംസാരിപ്പിക്കേണമേ' എന്ന പ്രാര്‍ഥനയോടെ ഞങ്ങളെല്ലാം നിശ്ശബ്ദരായി.

ഇനിയും ഇവിടെ താമസിക്കുന്നത് അപകടമാണ്. രക്ഷപ്പെടാന്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ ഇസ്ലാമായവരെല്ലാം ഇവിടംവിട്ടു പോകുക. അല്ലെങ്കില്‍ ഇസ്ലാം ഉപേക്ഷിച്ചു മടങ്ങുക. ഏതു വേണമെന്നു ഉടന്‍ തീരുമാനത്തിലെത്താന്‍ സമയമായി. അന്നു ഉച്ചയോടുകൂടി അഞ്ച് കുടുംബങ്ങള്‍ സാധനങ്ങളെല്ലാം കെട്ടിയെടുത്ത് പിറന്നുവീണ മണ്ണില്‍ നിന്നും പേടിച്ചു നാടുവിടുകയായി. അമ്പത് കിലോ മീറ്റര്‍ ദൂരെ ഒരിടത്ത് അഭയം ലഭിച്ചു. ഞങ്ങള്‍ക്കെല്ലാം സുരക്ഷിതമായ താമസവും സംരക്ഷണങ്ങളുമെല്ലാം അല്ലാഹു സജ്ജമാക്കിത്തന്നു.

ആശുപത്രിയിലായ കുഞ്ഞുമോന് മൂന്നാം ദിവസം ബോധം തിരികെവന്നു. അയാള്‍ക്ക് സംഭവിച്ചതെന്ത് എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംക്ഷയായി. (അവസാനിച്ചില്ല)