ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 മാര്‍ച്ച് 13 1442 റജബ് 29

(ഭാഗം 13)

ഞാന്‍ പെട്ടെന്ന് അകത്തുപോയി ആ കുറിപ്പ് നിവര്‍ത്തിനോക്കി. 'ഉറച്ച തീരുമാനമാണെങ്കില്‍ മാര്‍ച്ച് 27ന് (അടുത്തയാഴ്ച) രാവിലെ അഞ്ചുമണിക്ക് ആറ്റുതീരത്ത് വന്നാല്‍ സഹായിക്കാം' എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. വിവരം മനസ്സിലാക്കിയപ്പോള്‍ ചങ്കിടിപ്പ് പത്തിരട്ടി വര്‍ധിച്ചു. തിരിച്ചുചെന്നപ്പോള്‍ കച്ചവടക്കാര്‍ സ്ഥലം വിട്ടിരുന്നു.

ഉറക്കം ഉപേക്ഷിച്ച ഒരാഴ്ച. എന്തു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങി നേരം വെളുക്കുന്നതിനു മുമ്പ് മറുകരയെത്തുക? തനിച്ചു പോയാലോ? കുടുംബം അന്ധകാരത്തിലാകും! അതുവേണ്ടാ... പിള്ളേരേം കൊണ്ടുപോയാലോ? ഭാര്യയെ നഷ്ടമാവും! അതും പറ്റില്ല. ഇനി എന്തു ചെയ്യും? ഒടുവില്‍ അവരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞു.

ഭാര്യയുടെ അനുജത്തിയുടെ വിവാഹം തീരുമാനിച്ച സമയമായിരുന്നു അത്. അങ്ങോട്ടെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി. വീടും നാടും വിട്ടിറങ്ങുമ്പോള്‍ വളരെ ഉറപ്പുള്ള ഒരു തിരിച്ചറിവ് ഉണ്ടായിരുന്നു; ഇത് ഇവിടെനിന്നുള്ള അവസാന യാത്രയാണെന്ന്.

പിറന്നുവീണു പിച്ചവെച്ചുനടന്ന ഊരും വിശപ്പിന് ആഹാരം നല്‍കി വളര്‍ത്തിയ വനവും മാമലകളുമെല്ലാം അവസാനമായി എന്നപോലെ നോക്കിക്കണ്ടു. ഹൃദയം വിങ്ങിപ്പൊട്ടുകയാണ്. എന്‍റെ ഗ്രാമമേ, അല്ലാഹുവിന്‍റെ വിധിയില്ലെങ്കില്‍ ഇനിയൊരിക്കലും നാം കാണുകയില്ല.

പ്രതീക്ഷിച്ച സഹായം ലഭിച്ചു. പൊന്നാനി ഇസ്ലാം സഭയിലെത്തി. ഞങ്ങളെ ഏതാനും ദിവസമായി കാണാതിരുന്നപ്പോള്‍ അന്വേഷണം തുടങ്ങിയിരുന്നു. ജന്മഭൂമി, മാതൃഭൂമി പത്രങ്ങളില്‍ വാര്‍ത്തവന്നു: 'ആദിവാസി നേതാവിനെയും കുടുംബത്തെയും കാണാനില്ല. മുസ്ലിം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.' പോലീസ് അന്വേഷണം തുടങ്ങി. (ഈ വാര്‍ത്ത ഞാന്‍ പിന്നീടാണ് അറിഞ്ഞത്, കണ്ടത്).

എന്നാല്‍ അവിടെയുള്ള ജീവിതത്തോട് മക്കള്‍ക്ക് പൊരുത്തപ്പെടാനായില്ല. അതിനാല്‍ പുറത്ത് വാടകക്ക് താമസിച്ച് ക്ലാസ്സില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ചു. അങ്ങനെയൊരു കീഴ്വഴക്കം അവിടെയില്ലായിരുന്നതിനാല്‍ അവര്‍ സമ്മതിച്ചില്ല. ഒടുവില്‍ ഞങ്ങളെ അവിടെയെത്തിച്ചവരെ വിളിച്ചുവരുത്തി.  അങ്ങനെ ഞങ്ങള്‍ അവിടെനിന്നും പുറത്തിറങ്ങി.

മലബാര്‍ മേഖലയിലെ ഒരു ടൗണില്‍നിന്ന് അല്‍പം അകലെയള്ള ഒരു വീടിന്‍റെ അടുത്തു വണ്ടി നിര്‍ത്തി. ഞങ്ങളെ പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്നവരില്‍ ഒരാള്‍ താക്കോല്‍ എന്നെ ഏല്‍പിച്ചിട്ട് പറഞ്ഞു: 'ഇതാണ് നിങ്ങള്‍ക്ക് താമസിക്കാനുള്ള വീട്. കയറിക്കോളൂ...'

എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട്. ഒരു കുടുംബത്തിനാവശ്യമായ സര്‍വവിധ സാധനങ്ങളും അവിടെ കരുതിയിരിക്കുന്നു. എല്ലാവര്‍ക്കും സന്തോഷമായി. ഭക്ഷണം കഴിച്ച് മനഃസമാധാനത്തോടുകൂടി സുഖമായി എല്ലാവരും ഉറങ്ങി.

ഒരു മനുഷ്യന്‍ അവന്‍റെ ഉടമസ്ഥനായ അല്ലാഹുവിന് പൂര്‍ണ സമര്‍പ്പണം ചെയ്തുകഴിഞ്ഞാല്‍ അവന്‍ സര്‍വമേഖലകളിലും വിജയിച്ചവനാകും. പിതാവിനോട് മകന്‍ അപ്പം ചോദിച്ചാല്‍ കല്ലു കൊടുക്കുമോ?  മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? യേശുവിന്‍റെ വചനം ഞാന്‍ അനുഭവിച്ചറിഞ്ഞു; പൂര്‍ണമായി.

പിറ്റേന്നു രാവിലെ വീടിന്‍റെ ഒരു മുറി പഠനവേദിയായി; ഞാനും ഭാര്യയും നാലു മക്കളും വിദ്യാര്‍ഥികളും.

ഭാര്യയും മക്കളും സംതൃപ്തരാണെന്ന് അവരുടെ സംസാരത്തില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും ബോധ്യപ്പെട്ടു. എങ്കിലുമൊരു ചെറിയ പരീക്ഷണം കൂടി നടത്തി. ഒരു ഇന്‍ലന്‍റ് വാങ്ങിക്കൊടുത്തിട്ട് ഭാര്യയോട് പറഞ്ഞു: 'നിങ്ങള്‍ അഞ്ചുപേരും കൂടിയിരുന്ന് വിവരങ്ങളെല്ലാം കാണിച്ച് അച്ഛനും അമ്മയ്ക്കും ഒരു കത്ത് എഴുതുക. അഡ്രസ്സ് എഴുതി ഞാന്‍ അയക്കാം.' കേട്ടപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷം.

അവര്‍ എഴുതി: 'പ്രിയപ്പെട്ട വല്ല്യച്ഛനും വല്ല്യമ്മയും എല്ലാവരും അറിയുവാന്‍. ഞങ്ങള്‍ സുഖമായി കഴിയുന്നു. നിങ്ങളെല്ലാം കരുതുന്നതുപോലെ അച്ഛന് ഭ്രാന്തും വട്ടുമൊന്നും ഇല്ല. ഞങ്ങള്‍ ഖുര്‍ആന്‍ വായിക്കാന്‍ പഠിച്ചു. അല്ലാഹു എന്ന ഏകദൈവത്തിലും ഇസ്ലാം എന്ന സത്യമതത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഇവിടുത്തെ ആള്‍ക്കാരെല്ലാം വളരെ നല്ലവരാണ്. ഇവിടുന്നു പോരാന്‍ തോന്നുന്നില്ല. ഞങ്ങള്‍ അങ്ങോട്ടു വന്നാല്‍ ആരേലും വഴക്കുണ്ടാക്കുമോ? പള്ളിക്കൂടം തുറക്കുമ്പോഴേക്കും ഞങ്ങള്‍ വരും- എന്ന് കൊച്ചു മക്കള്‍.' (കത്ത് ഞാന്‍ അയച്ചില്ല).

എല്ലാംകൊണ്ടും അതിയായ സന്തോഷവും സമാധാനവും ലഭിച്ചു. പക്ഷേ, നാട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി. എന്തും സംഭവിക്കാമെന്ന ഭയം ഉള്ളിലുണ്ട്.

റോഡിന്‍റെ സൈഡിലുള്ള ഇരുനില കെട്ടിടത്തിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഒരുദിവസം രാത്രി പത്തുമണിയായിക്കാണും. കുട്ടികള്‍ ഉറങ്ങി. അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഭാര്യ എന്നെ കൈയാട്ടി വിളിച്ചു. അടുത്തു ചെന്നപ്പോള്‍ അവള്‍ ഭയന്നു വിറയ്ക്കുന്നുണ്ട്. അവള്‍ പറഞ്ഞു:

'വീടിനു ചുറ്റും ആരോ പമ്മി നടക്കുന്നുണ്ട്. ഇന്നലെയും ഒരാള്‍ ഇരുട്ടിന്‍റെ മറവില്‍ ഒളിഞ്ഞുനടക്കുന്നത് ഞാന്‍ കണ്ടു; കാര്യമാക്കിയില്ല. ഇന്നും കണ്ടു. ഇത് കള്ളന്മാരാണ്.'

വിവരം കേട്ടു ഞാനും ഞെട്ടി. ഞങ്ങള്‍ ഉറങ്ങിക്കിടക്കുന്ന മക്കളെ ഒന്നാംനിലയയിലെത്തിച്ചു. ഒരു കറിക്കത്തിയും വിറകുകമ്പുമായി ഞാനും ഭാര്യയും കോണിപ്പടിയില്‍ നേരം വെളുക്കുവോളം ഉറങ്ങാതെയിരുന്നു. സുബ്ഹി ബാങ്ക് വിളിക്കുന്ന സമയമായപ്പോള്‍ രണ്ടുമൂന്നു പേര്‍ മതില്‍ചാടി പോകുന്നത് കൂടി കണ്ടപ്പോള്‍ കാര്യം ഉറപ്പായി. ഇതില്‍ അപകടം പതിയിരിക്കുന്നുണ്ട്. ഉടന്‍തന്നെ വീടുമാറണം. ഞാന്‍ സംരക്ഷണം നല്‍കിയവരെ കണ്ടു വിവരം പറഞ്ഞു.

'നിങ്ങള്‍ അതൊന്നും ശ്രദ്ധിക്കേണ്ട, ധൈര്യമായി ഇരുന്നോളൂ' എന്നായിരുന്നു മറുപടി!

വ്യക്തതയില്ലാത്ത മറുപടിയില്‍ എനിക്ക് തൃപ്തിയായില്ലെന്ന് ബോധ്യമായ ആ സഹോദരന്‍ പറഞ്ഞു: 'സഹോദരാ, നിങ്ങള്‍ ഇപ്പോള്‍ മുസ്ലിംകളാണ്. ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിനു വേദന ഉണ്ടായാല്‍ ശരീരം മൊത്തം വേദനിക്കില്ലേ? നിങ്ങള്‍ക്കെന്തെങ്കിലും വേദന വന്നാല്‍ അത് ഞങ്ങളുടെയും വേദനയാണ്. നിങ്ങള്‍ക്ക് ഒരാപത്തും വരില്ല; അല്ലാഹു കൂടെയുണ്ട്, ഞങ്ങളും കൂടെയുണ്ട്.'

ഞാന്‍ വിസ്മയിച്ചുപോയി. സര്‍വസ്തുതിയും ഏകനായ അല്ലാഹുവിന് മാത്രം!

ഏകദൈവത്തെ ഹൃദയമറിഞ്ഞു വിശ്വസിക്കാത്ത ഒരു മനുഷ്യനും മരണശേഷം അല്ലാഹുവിന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് എനിക്കു ബോധ്യമായി. പ്രഗത്ഭരും ധനികരും പണ്ഡിതരും പാമരന്മാരും നേതാക്കളുമെല്ലാം മരണത്തോടുകൂടി മണ്ണിലലിയുന്നു. ഏകദൈവത്തില്‍ വിശ്വസിച്ച് അവന്‍റെ കല്‍പനകളും നിര്‍ദേശങ്ങളും അനുസരിച്ച് ജീവിച്ചവര്‍ക്കാണ് സ്വര്‍ഗരാജ്യം. അങ്ങനെ വരുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ കാര്യം എന്തായിരിക്കും?

അവര്‍ ഈ പരമസത്യം അറിയുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാന്‍ ഒരു സാധ്യതയുമില്ല. ഞങ്ങള്‍ രക്ഷപ്പെടുകയും അവരെല്ലാം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഓര്‍ക്കുവാനേ കഴിയുന്നില്ല. ഈ ഭൂമിയില്‍ അവര്‍ക്ക് എന്നും കഷ്ടപ്പാടാണ്. ആണും പെണ്ണുമായി പതിനൊന്ന് മക്കള്‍ക്ക് ജന്മം നല്‍കിയവര്‍. കാട്ടു കിഴങ്ങും ഫലങ്ങളും തേടിയലഞ്ഞ്, കിട്ടുന്നതെല്ലാം മക്കള്‍ക്ക് കൊടുത്തിട്ട് പച്ചവെള്ളം കുടിച്ച് വയര്‍ വരിഞ്ഞുകെട്ടുന്നത് ഞാനും കണ്ടിട്ടുള്ളതാണല്ലോ. അവരെയെങ്കിലും എനിക്ക് രക്ഷപ്പെടുത്തണം.

ഭാര്യയും ഞാനും മക്കളും കൂടെക്കൂടെ അച്ഛനെയും അമ്മയെയും സ്വപ്നത്തില്‍ കാണുന്നത് അല്ലാഹുവിന്‍റെ മുന്നറിയിപ്പാകുമോ?

സ്ഥിരമായ താമസസൗകര്യം ശരിയാക്കിത്തരണോ എന്ന് ചോദിച്ചവരോട് ഞാന്‍ പറഞ്ഞു: 'രണ്ടു മാസം ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ സഹിച്ച ബുദ്ധിമുട്ടും പ്രയാസങ്ങളുമെല്ലാം കരുണാനിധിയായ അല്ലാഹു കണ്ടുകൊണ്ടിരിക്കുകയാണ്. തക്കതായ പ്രതിഫലം നിങ്ങള്‍ക്കെല്ലാം അല്ലാഹു ഇരട്ടിയായി ഇവിടെയും പരലോകത്തും തരുമാറാകട്ടെ. ഞങ്ങള്‍ അതിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നു.'

ഞങ്ങളുടെ തീരുമാനം കേട്ടപ്പോള്‍ ചില സൃഹൃത്തുക്കളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്നെയും മക്കളെയും അവര്‍ ആലിംഗനം ചെയ്തു.

അവരില്‍ പ്രധാനപ്പെട്ടയാള്‍ പറഞ്ഞു: 'ഷംസുക്കാ, നിങ്ങളെ പറഞ്ഞുവിടാന്‍ ഞങ്ങള്‍ക്കാര്‍ക്കും താല്‍പര്യമില്ല. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍നിന്നും മറ്റെന്തോ ഉദ്ദേശവും ലക്ഷ്യവുമുണ്ടെന്നു ബോധ്യപ്പെടുന്നു. നിങ്ങള്‍ നാട്ടിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ പല പ്രയാസങ്ങളും ബന്ധുക്കളില്‍നിന്നും തന്നെ ഉണ്ടാകാന്‍ വളരെ സാധ്യതയുള്ളതായി ബോധ്യപ്പെട്ടതുകൊണ്ടാണ് നിങ്ങളെ സുരക്ഷിതമായി ഇവിടെ സ്ഥിരമാക്കാന്‍ ഞങ്ങള്‍ ആലോചിച്ചത്. നിങ്ങള്‍ തീരുമാനിച്ചുകൊള്ളുക. ഞങ്ങള്‍ക്ക് എന്തിനും സമ്മതമാണ്.'

'ഞാന്‍ പറഞ്ഞല്ലോ... പോകാന്‍ അനുവദിക്കണം.'

'ശരി... ശരി. രണ്ടു ദിവസം കൂടി കഴിഞ്ഞു പോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം. നാട്ടില്‍ ചെല്ലുമ്പോള്‍ നില്‍ക്കാന്‍ വയ്യാത്ത സാഹചര്യമാണെങ്കില്‍ പ്രതികരിക്കാന്‍ നില്‍ക്കാതെ ഇങ്ങോട്ടുതന്നെ മടങ്ങിവരാം.'

അന്നുരാത്രി വളരെ നേരം ഭാര്യയുമായി സംസാരിച്ചിരുന്നു. ഭാര്യയുടെ വായില്‍നിന്നും പ്രതീക്ഷിക്കാത്ത ചില വാക്കുകള്‍ ഒഴുകിവന്നപ്പോള്‍ സന്തോഷം തോന്നി:

'ഈ മുസ്ലിംകളെല്ലാം സ്നേഹമില്ലാത്തവരാ, ഭീകരന്മാരാ, മന്ത്രവാദികളാ എന്നൊക്കെ നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ പറഞ്ഞുനടക്കുന്നതൊക്കെ എത്ര വലിയ കള്ളക്കഥയാ... ഇവരെപ്പോലെ സ്നേഹമുള്ള നല്ല മനുഷ്യരായി വേറെ ആരാ ഉള്ളത്? മറ്റുള്ള ജാതിക്കാരുടെ വീട്ടില്‍ ചെന്നാല്‍ നമ്മളെയൊക്കെ വീട്ടിനുള്ളില്‍ കയറ്റുമോ? അഥവാ പാത്രത്തില്‍ വല്ല ആഹാരവും തന്നാല്‍ പാത്രം നമ്മള്‍ കഴുകിക്കൊടുക്കണം. നമ്മള്‍ ഇവിടെ വന്നതിനുശേഷം പോയ വീടുകളിലെയെല്ലാം പെണ്ണുങ്ങള്‍ വന്ന് എന്നെയും കൊച്ചിനെയും (മകളെ) പിടിച്ചു വലിച്ചോണ്ടാണ് ഉള്ളില്‍ കയറ്റിയിരുത്തുന്നത്. സ്വന്തം വീടുപോലാ... ഞങ്ങളുടെ കൂടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. ഇപ്പാഴാണ് നമ്മളും മനുഷ്യരാണ് എന്ന തോന്നലുണ്ടായത്. ആദ്യമൊക്കെ എനിക്കു പേടിയായിരുന്നു; നമ്മുടെ ജാതി വല്ലോം ചോദിക്കുമോ, അറിയുമോയെന്ന്. ഇവര്‍ക്കൊന്നും താണജാതി, ഉയര്‍ന്നജാതി എന്ന ചിന്തയേയില്ല.'

അച്ഛനും അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതും അതിനിടയില്‍ പോലീസുകാര്‍ വന്ന് എന്നെ പിടിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഞാന്‍ ബലം പിടിച്ച് എതിര്‍ക്കുന്നതുമൊക്കെ സ്വപ്നം കാണുന്ന നേരത്താണ് ഭാര്യ കുലുക്കി വിളിച്ചത്:

'ബാങ്ക് വിളിക്കുന്നു, എഴുന്നേല്‍ക്കൂ... പള്ളിയില്‍ പോകൂ...' പെട്ടെന്ന് ഞാന്‍ എഴുന്നേറ്റു. സമയം നോക്കി; രാത്രി 3 മണി കഴിഞ്ഞിട്ടേയുള്ളൂ.

'നിനക്കെന്നാടീ? മൂന്ന് മണിക്ക് ഏത് പള്ളിയിലാണ് ബാങ്ക് വിളിക്കുക?' ഞാന്‍ അല്‍പം നീരസത്തോടെ ചോദിച്ചു.

'ശ്ശോ, ഞാന്‍ സ്വപ്നം കണ്ടതായിരുന്നോ? ഞാന്‍ ബാങ്ക് കേട്ടതാണ്. നമ്മുടെ വീടിനടുത്തുള്ള പള്ളിയില്‍നിന്നാണ് ബാങ്ക് കേട്ടത്. വീടിനടുത്ത് ഒരു ചെറിയ പള്ളിയും കുറെ ആളുകളും ഉള്ളതായും ആ പള്ളിയില്‍ ബാങ്ക് വിളിക്കുന്നതുമെല്ലാം ഞാന്‍ സ്വപ്നം കണ്ടതാ...'

'അറിഞ്ഞ വിവരംവെച്ച് നമുക്ക് നമ്മുടെ ഗ്രാമത്തില്‍ കാലുകുത്താന്‍ കഴിയുമോ എന്ന സംശയത്തിലാണിപ്പോള്‍. പിന്നല്ലേ പള്ളിയും ബാങ്കും! പാഴ്കിനാവു കാണാതെ കിടന്നുറങ്ങൂ.'

അടുത്ത ദിവസം നാട്ടിലേക്കു മടക്കയാത്രയായി. എന്‍റെ ഗ്രാമത്തിന്‍റെ 3 കിലോമീറ്റര്‍ അടുത്തുള്ള പള്ളിയില്‍ അപ്രതീക്ഷിതമായി എത്തിയപ്പോള്‍ കമ്മിറ്റിക്കാര്‍ അങ്കലാപ്പിലായി. അവര്‍ പറഞ്ഞു:

'കുറെ കാലം കഴിഞ്ഞിട്ടു നിങ്ങള്‍ക്ക് വന്നാല്‍പോരായിരുന്നോ? നിങ്ങളുടെ മതംമാറ്റം ഞങ്ങള്‍ക്കിവിടെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പോലീസ് പലതവണ ഇവിടെ വന്നു. പലരെയും ചോദ്യം ചെയ്തു. നിന്‍റെ അച്ഛനും ബന്ധുക്കളുമെല്ലാം ഇവിടെ വന്നു. വാക്കുതര്‍ക്കവും ഭീഷണിയും ഉണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങള്‍ മടങ്ങിപ്പോകുന്നതാണ് നല്ലത്. രണ്ടുമൂന്ന് വര്‍ഷം കഴിയുമ്പോള്‍ പ്രശ്നങ്ങള്‍ തണുക്കും. അപ്പോള്‍ വന്നാല്‍ മതി. നിങ്ങള്‍ ഇവിടെ വന്ന വിവരം അറിഞ്ഞാല്‍ ഇന്നുതന്നെ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പത്രവാര്‍ത്തയൊക്കെ നിരപരാധികളായ മുസ്ലിം സമൂഹത്തെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടാണ്. ഹിന്ദു സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. പോലീസും അവര്‍ക്കൊപ്പമാണ്. ഒരു വര്‍ഗീയകലാപത്തിനൊന്നും ഞങ്ങളില്ല. ഒരു സാധാരണ മതം മാറ്റമായിട്ടല്ല പലരും ഇതിനെ കാണുന്നത്. നിങ്ങള്‍ ശബരിമല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. നിങ്ങള്‍ ഇവിടെ താമസിക്കാനാണ് തീരുമാനമെങ്കില്‍ അതിനു പിന്നിലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ തനിയെ നേരിടേണ്ടി വരും.'

എല്ലാവരും ഞങ്ങളെ കയ്യൊഴിഞ്ഞതായും ഇസ്ലാമില്‍ നിന്നുതന്നെ മടങ്ങുവാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും എനിക്ക് ബോധ്യപ്പെട്ടു.

ഞാന്‍ ഗ്രാമത്തിലേക്കുതന്നെ പോകാന്‍ തീരുമാനിച്ചപ്പോള്‍, ആ പള്ളിയിലുണ്ടായിരുന്ന ഉസ്താദ് ഇടപെട്ടു:

'നിങ്ങള്‍ ഒരു കാരണവശാലും പമ്പാനദിയുടെ മറുകരക്ക് പോകരുത്. പ്രശ്നത്തിന്‍റെ ഗൗരവം ഞാന്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.'

അങ്ങനെ അവരെല്ലാവരും കൂടി ഞങ്ങള്‍ക്ക് അവിടെ താമസിക്കാനുള്ള സൗകര്യം ചെയ്തുതന്നു. രണ്ടു ദിവസത്തിനകം ഞങ്ങള്‍ തിരിച്ചെത്തിയ വിവരം നാട്ടിലറിഞ്ഞു. കണ്ടിട്ടില്ലാത്ത ഒരു പുതിയ വസ്തുവിനെ കാണുന്നതുപോലെ പരിചയക്കാര്‍പോലും എന്നെ വീക്ഷിക്കാന്‍ തുടങ്ങി!

ഒരാഴ്ച കഴിഞ്ഞു. സ്വയം ചിന്തിച്ചു. ആരെ ഭയക്കണം? എന്തിനു മറ്റുള്ളവരുടെ സമാധാനവും കളഞ്ഞ് അവരുടെ സംരക്ഷണ വലയത്തില്‍ ബുദ്ധിമുട്ടി ഭീരുവായി ജീവിക്കണം? മരണം ഒരു പ്രാവശ്യമേയുള്ളൂ. ജീവന്‍ തന്നവന്‍റെ കൈയിലാണ് അതിന്‍റെ നിയന്ത്രണം. ഉറച്ച ഒരു തീരുമാനത്തിലെത്തി.

ജുമുഅ നമസ്കാരത്തിനു ശേഷം ഉസ്താദിനോടും കമ്മിറ്റിക്കാരോടും പറഞ്ഞു: 'ഞങ്ങളിന്ന് എന്‍റെ വീട്ടിലേക്കു പോകുകയാണ്.'

അവരെല്ലാം അന്തംവിട്ടു. എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. ഞാന്‍ ഗൗനിച്ചില്ല. നാലു മണിയായപ്പോഴേക്കും സാധനങ്ങളെല്ലാം എടുത്ത് വീട്ടിലേക്ക് ഞങ്ങള്‍ മടക്കയാത്രയായി. മൂന്നു കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തി.

ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ വലിയൊരു പ്രതിഷേധവും മര്‍ദനവുമൊക്കെയുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ഞങ്ങളെക്കണ്ട് അച്ഛനും അനുജനും വീട്ടില്‍നിന്നും കലികയറി ഇറങ്ങിപ്പോയി. അമ്മ തലകുനിച്ചിരിക്കുന്നു. കുട്ടികളോടും ഭാര്യയോടും പിണക്കമുള്ളതായി കണ്ടില്ല. പക്ഷേ, എന്‍റെ സംസാരങ്ങളില്‍നിന്നെല്ലാം അമ്മ മുഖംതിരിച്ചു ഒഴിഞ്ഞുമാറുകയാണ്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടെപ്പിറപ്പുകള്‍ മുഖത്തുനോക്കിയില്ല. ഊരില്‍ കുടുംബാംഗങ്ങള്‍തന്നെ 150ഓളം ആള്‍ക്കാരുണ്ടായിരുന്നിട്ടും ഒരാള്‍ പോലും വന്നില്ല; മിണ്ടിയില്ല. ആരോടും ബന്ധമില്ലാതെ രണ്ടാഴ്ചയോളം വീട്ടുതടങ്കലില്‍ കഴിയുന്ന അവസ്ഥയായി.്യൂ

ഒരു മുറിക്കുള്ളില്‍ രഹസ്യമായി നമസ്കാരവും പ്രാര്‍ഥനയുമായി എത്രകാലം കഴിയേണ്ടിവരുമെന്ന ചിന്താഭാരവുമായി കഴിയവെ, ഒരു ദിവസം സുബ്ഹി ബാങ്ക് വളരെ ശബ്ദംകുറച്ച് വിളിക്കാന്‍ ഇളയ മകനോട് (യൂസഫ്) പറഞ്ഞു. പ്രശ്നങ്ങളുടെ ഗൗരവങ്ങളൊന്നും തിരിച്ചറിവില്ലാത്ത മകന്‍ താന്‍ ബാങ്ക് വിളിക്കാന്‍ പഠിച്ചെന്ന ഗമയോടുകൂടി ബാങ്ക് ഉറക്കെ വിളിച്ചു. അടുത്തമുറിയില്‍നിന്നും ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തില്‍ അച്ഛന്‍റെ ചോദ്യം:

'ആരാടാ ബഹളം വയ്ക്കുന്നത്. ഞാന്‍ അങ്ങോട്ട് വരണോ?' മകന്‍ ബാങ്ക് പൂര്‍ത്തീകരിച്ചില്ല.

ഞങ്ങളുടെ നമസ്കാരങ്ങളും പ്രാര്‍ഥനയുമെല്ലാം എന്‍റെ പ്രിയപ്പെട്ട അമ്മ മറഞ്ഞുനിന്നു വീക്ഷിക്കുകയും കണ്ടു മനസ്സിലാക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. പിന്നീട് അവര്‍ അടുത്തുവന്നുതന്നെ കണ്ടു മനസ്സിലാക്കാന്‍ മനസ്സുകാണിച്ചു!

അടുത്ത ദിവസം അസ്വ്ര്‍ നമസ്കരിക്കാന്‍ തയ്യാറാകുമ്പോള്‍ അമ്മ എന്നോട് ചോദിച്ചു:

'ഇപ്പോള്‍ ഞാനും നിങ്ങളുടെ കൂടെ കൂടിക്കൊള്ളട്ടെ?'

ഞാന്‍ സ്തബ്ധനായിപ്പോയി. എന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

എന്‍റെ മറുപടി കാണാത്തപ്പോള്‍ അമ്മ പറഞ്ഞു:

'എന്തുവന്നാലും വേണ്ടില്ല; ഞാനും കൂടുകയാണ്.'

വരുന്നതു വരട്ടെ. ഞാന്‍ അവരേട് കുളിച്ചു ശുദ്ധിയാവാന്‍ ആവശ്യപ്പെട്ടു. പിന്നെ വുദൂഅ് ചെയ്യിപ്പിച്ചു. ഭാര്യയുടെ നമസ്കാരക്കുപ്പായം അണിയിപ്പിച്ചു. ശഹാദത്ത് ചൊല്ലിക്കൊടുത്തു.

മഗ്രിബ് നമസ്കാര സമയമായപ്പോള്‍ ഞാന്‍ പറഞ്ഞു: 'അമ്മേ, അച്ഛന്‍ പണികഴിഞ്ഞു വരാന്‍ സമയമായതുകൊണ്ട് ഇപ്പോള്‍ അമ്മ കൂടേണ്ട. നടന്നതൊന്നും തല്‍ക്കാലം അച്ഛന്‍ അറിയരുത്.'

അമ്മ സമ്മതിച്ചില്ല. ഞാന്‍ കൂടുകയാണെന്നു പറഞ്ഞ് അംഗസ്നാനം നടത്തി എന്‍റെ പുറകില്‍ ഭാര്യയുടെയും മക്കളുടെയും കൂടെനിന്നു. നമസ്കാരം പകുതിയായപ്പോള്‍ അച്ഛന്‍ മുറ്റത്തു വന്നതിന്‍റെ ഒച്ചയനക്കം കേട്ടു. പുറത്ത് ആരെയും കാണാതെ വന്നപ്പോള്‍ ചാരിക്കിടന്ന കതക് തള്ളിത്തുറന്ന്  മുറിയില്‍ കയറി വന്നു. (അവസാനിച്ചില്ല)