ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 മെയ് 22 1442 ശവ്വാല്‍ 10

( ഭാഗം 21)

ജീവനുള്ള ഒന്നിന്റെ 'ജീവന്‍' എവിടെയാണ് സ്ഥിതിചെയ്യുന്നത്? രക്തം വാര്‍ന്നുപോയാല്‍ ജീവന്‍ പോകും, അതുകൊണ്ട് രക്തത്തിലാണെന്നു പറയാമോ? വെള്ളത്തില്‍ മുങ്ങിമരിക്കുന്നയാളുടെ രക്തം വാര്‍ന്നുപോകുന്നില്ല. പാമ്പുകടിച്ചു മരിക്കുന്നയാളുടെ രക്തവും വാര്‍ന്നുപോകുന്നില്ല. യാഥാര്‍ഥ്യം സ്രഷ്ടാവിനേ അറിയൂ.

ഏതൊരു ജീവിയും ഇണചേരുമ്പോള്‍ അവയുടെ കുഞ്ഞിന്റെ രൂപത്തിലുള്ള ബീജമല്ല സ്രവിക്കുന്നത്. കേവലം കൊഴുത്ത ഒരു ദ്രാവകം മാത്രം. എന്നാല്‍ അതിലുള്ള ബീജങ്ങളില്‍ ഒന്ന് ഇണയിലെ അണ്ഡവുമായി കൂടിച്ചേര്‍ന്ന് ക്രമേണ ഒരു കുഞ്ഞായി മാറുന്നു. മാതാപിതാക്കള്‍ ഏതു ജീവിയാണോ അതേ രൂപത്തിലുള്ള കുഞ്ഞ്!

ഒരു വൃക്ഷവും ഇണചേരലിനായി മറ്റൊരു വൃക്ഷത്തെ സമീപിക്കുന്നില്ല. അതിനു സാധ്യവുമല്ല. എന്നാല്‍ അതാതിന്റെ വംശാവലി നിലനിര്‍ത്താന്‍ ശലഭങ്ങള്‍, പക്ഷികള്‍, കാറ്റ് എന്നിവയിലൂടെ പരാഗണം നടക്കുന്നു. ഇതൊക്കെ ആരാണ് സംവിധാനിച്ചിരിക്കുന്നത്?

ഇത്യാദി വിഷയങ്ങളെക്കുറിച്ചെല്ലാം മനസ്സുതുറന്നു ചിന്തിച്ചാല്‍ അവയുടെയെല്ലാം പിന്നില്‍ ഏകനായ ഒരു സ്രഷ്ടാവുണ്ടെന്ന് ബോധ്യപ്പെടാതിരിക്കില്ല. ഈ പ്രതിഭാസങ്ങളുടെയും പ്രകൃതിയുടെയുമെല്ലാം നിയന്ത്രണം ഒന്നില്‍ കൂടുതല്‍ ശക്തികളുടെ കരങ്ങളിലാണെങ്കില്‍ ഇത്ര കൃത്യവും സൂക്ഷ്മവുമായി അവയൊന്നും മുന്നോട്ടു പോകില്ല. മാത്രവുമല്ല, പ്രപഞ്ചത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും തകിടംമറിയുകയും ചെയ്യും.

മറ്റൊരു സൃഷ്ടിക്കും ലഭിച്ചിട്ടില്ലാത്ത രൂപവും ചിന്താശക്തിയും വിവേകവും ജ്ഞാനവും തിരിച്ചറിവും ഓര്‍മശക്തിയും സംസാരശേഷിയുമെല്ലാം നല്‍കപ്പെട്ട ഉന്നത സൃഷ്ടിയാണ് മനുഷ്യന്‍. എന്നാല്‍ ഇങ്ങനെയുള്ള ഉന്നതപദവിയും അനുഗ്രഹങ്ങളും ലഭിച്ച മനുഷ്യരിലെ ഭൂരിഭാഗം പേരും സ്രഷ്ടാവിനോട് നന്ദി കാണിച്ച് ജീവിക്കുന്നവരല്ല.

സര്‍വമേഖലകളിലും പ്രകാശം പരത്തുന്ന ഒരു കെടാവിളക്കായി നിലകൊള്ളാന്‍ ഒരു യഥാര്‍ഥ മുസ്‌ലിമിനു കഴിയും. കാരണം പ്രപഞ്ചനാഥന്റെ നിത്യനിയമ വ്യവസ്ഥകളാണ് അവനെ നയിക്കുന്നത്.

പ്രപഞ്ച സ്രഷ്ടാവിനെ മനസ്സിലാക്കി അവനില്‍ വിശ്വസിച്ചുകഴിഞ്ഞാല്‍ അവന്റെ നിയമ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നു ഗ്രഹിക്കേണ്ടതുണ്ട്.

ഏകനായ ദൈവത്തെ മാത്രമെ ആരാധിക്കാവൂ, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുത്, അന്യായമായി ആരെയും കൊലചെയ്യരുത്, വ്യഭിചരിക്കരുത്, മാതാപിതാക്കളെ ധിക്കരിക്കരുത്, മോഷ്ടിക്കരുത്, ചതിക്കരുത്... ഇങ്ങനെ തുടങ്ങി നഖം മുറിക്കുന്നതുമുതല്‍ നാടുഭരിക്കേണ്ടതുവരെ എങ്ങനെയെന്നു സ്രഷ്ടാവ് അന്തിമദൂതന്‍ മൂഖേന മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്.

ഒരു മനുഷ്യന്‍ ഇഹലോകത്തു ജീവിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ടതായ യാതൊന്നും വിട്ടുപോകാതെ ബോധ്യപ്പെടുത്തുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. മറ്റൊരു ഗ്രന്ഥത്തിനും ഇത് അവകാശപ്പെടാനാവില്ല.

സ്രഷ്ടാവ് പല കാലങ്ങളിലായി പല പ്രവാചകന്മാരിലൂടെ മനുഷ്യര്‍ക്കാവശ്യമായ നിയമങ്ങള്‍ വേദഗ്രന്ഥങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അവയില്‍ അവസാനത്തെതാണ് വിശുദ്ധ ക്വുര്‍ആന്‍. 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യയില്‍ ജീവിച്ചിരുന്ന  മുഹമ്മദ് ﷺ എന്ന വ്യക്തിയെ അല്ലാഹു പ്രവാചകനായി നിയോഗിച്ചു. അദ്ദേഹത്തിലൂടെ മാനവരാശിക്ക് നല്‍കപ്പെട്ട വേദഗ്രന്ഥമാണ് പരിശുദ്ധ ക്വുര്‍ആന്‍. പ്രപഞ്ചനാഥന്റെ നിയമവ്യവസ്ഥകള്‍ പല ഘട്ടങ്ങളിലായി മുഹമ്മദ് നബി ﷺ യിലൂടെ അവതരിപ്പിച്ചു. അദ്ദേഹം അത് ജനങ്ങളിലേക്കും എത്തിച്ചുകൊടുത്തു.

അങ്ങനെ ലോകത്തിന് ആവശ്യമുള്ള നിയമവ്യവസ്ഥകള്‍ ഇരുപത്തി മൂന്ന് വര്‍ഷംകൊണ്ട് പ്രവാചകനിലൂടെ അല്ലാഹു പൂര്‍ത്തീകരിച്ചു. ഓരോ നിയമവും നിര്‍ദേശവും അവതരിക്കുമ്പോള്‍ അതു പ്രവാചകന്‍ അനുചരന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനോടൊപ്പം സ്വന്തം ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു.

ശഹാദത്ത് കലിമ (സാക്ഷ്യവാക്യം), നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളായി അറിയപ്പെടുന്നു.

ലോകത്തുള്ള ഏതു മതവേദഗ്രന്ഥവും പരിശോധിച്ചാല്‍ അതിന് മനുഷ്യനായ ഒരു രചയിതാവ് ഉള്ളതായി കാണാം. എന്നാല്‍ പരിശുദ്ധ ക്വുര്‍ആനിന്റെ രചന ഒരു മനുഷ്യന്റയും പേരില്‍ ചേര്‍ക്കപ്പെട്ടതായി കാണുകയില്ല. കാരണം അത് പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളാണ്. ഇത് ലോകരക്ഷിതാവിങ്കല്‍നിന്ന് അവതീര്‍ണമായതാണ് എന്ന് ക്വുര്‍ആനില്‍ വ്യക്തമായി പറയുന്നുമുണ്ട്.

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുമ്പോള്‍ മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചു സംശയരഹിതമായ അറിവു ലഭിക്കുന്നു. മനുഷ്യന്‍ സ്വയംഭൂ അല്ലെന്നും കുരങ്ങില്‍നിന്ന് പരിണമിച്ചുണ്ടായതല്ലെന്നും പ്രത്യുത ദൈവം സൃഷ്ടിച്ചതാണെന്നും മനസ്സിലാക്കാന്‍ കഴിയും. അഗ്നിജ്വാലകൊണ്ട് മലക്കുകളെയും അഗ്‌നിയില്‍നിന്ന് ജിന്നുകളെയും കളിമണ്ണുകൊണ്ട് ആദിമനുഷ്യനെയും ദൈവം സൃഷ്ടിച്ചതായി ഇസ്‌ലാം പഠിപ്പിക്കുന്നു.

ആദ്യം സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ആദം(അ) ആണ്. ശേഷം അദ്ദേഹത്തിന്റെ ഇണ ഹവ്വയും. അവരിലൂടെ ഭൂമിയില്‍ മനുഷ്യപരമ്പര വ്യാപിച്ചു. ആദ്യ പ്രവാചകനും ആദം(അ) ആണ്. അവര്‍ ആരാധിച്ചത് ഏകനായ ദൈവത്തെയാണ്. ആദം സന്തതികളെ ഭൂമിയില്‍ അല്ലാഹു വര്‍ധിപ്പിച്ചു. പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടി അവരെ വ്യത്യസ്ത ഗോത്രങ്ങളും വിഭാഗങ്ങളുമാക്കി.

ദൈവം ഇല്ലെന്നു പറയുന്നവരും ദൈവത്തിന് വ്യത്യസ്ത രൂപങ്ങള്‍ സങ്കല്‍പിച്ച് ആ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി അവയെ ആരാധിക്കുന്നവരുമൊക്കെ തങ്ങളുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം വിസ്മരിക്കുകയാണ് ചെയ്യുന്നത്. മനുഷ്യരെ ഭൂമിയില്‍ സൃഷ്ടിച്ചിരിക്കുന്നത് എന്തിനെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക: ''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (ക്വുര്‍ആന്‍ 51:56).

നമ്മള്‍ ഈ കടമ കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ?

മനുഷ്യസമൂഹത്തെ ദൈവം സൃഷ്ടിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ മനുഷ്യരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി, സ്വര്‍ഗപ്രാപ്തിക്ക് അര്‍ഹമാക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടി മനുഷ്യരുടെ ഇടയില്‍നിന്നും ദൈവം നിയോഗിക്കുന്നവരാണ് പ്രവാചകന്മാര്‍. പല പ്രവാചകന്മാരിലൂടെയും അത്ഭുതദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിവാക്കിയിട്ടുണ്ട്. ആ പ്രവാചകന്മാര്‍ വ്യാജവാദികളല്ലെന്നും ദൈവം നിയോഗിച്ചവരാണ് എന്നും വ്യക്തമാക്കുകയാണ് അതിന്റെ ലക്ഷ്യം. ഈ അത്ഭുത പ്രവര്‍ത്തനങ്ങളൊന്നും തങ്ങളുടെ വകയല്ലെന്നും അല്ലാഹുവിന്റെ ഇടപെടലാണെന്നും ആ പ്രവാചകന്മാര്‍ ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്.

പ്രവാചകന്മാരെയും മറ്റു ചില നല്ല മനുഷ്യരെയും ഓര്‍ക്കുവാന്‍ വേണ്ടി മാത്രം അവരുടെ രൂപങ്ങള്‍ ജനങ്ങളില്‍ ചിലര്‍ ഉണ്ടാക്കുകയും തലമുറകള്‍ പലതും കടന്നുപോയപ്പോള്‍ അവയെ ആരാധിക്കുന്ന അവസഥ സംജാതമാകുകയും ചെയ്തു. ഇങ്ങനെയാണ് ലോകത്ത് വിഗ്രഹാരാധനയുടെ ഉത്ഭവം.

ദൈവം നല്‍കുന്ന എണ്ണമറ്റ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിക്കുമ്പോഴും ആ സ്രഷ്ടാവിനെ ആരാധിക്കാതെ സൃഷ്ടികളെ ആരാധിച്ച് ജീവിക്കുന്നത് കടുത്ത നന്ദികേടാണെന്നതില്‍ സംശയമില്ല.

എല്ലാ ദൂതന്‍മാരും ഏതെങ്കിലും ദേശത്തേക്കോ, ഗോത്രത്തിലേക്കോ മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നുവെങ്കില്‍ മുഹമ്മദ് നബി ﷺ അന്ത്യനാള്‍വരെയുള്ള, ലോകത്തെ എല്ലാ മനുഷ്യരിലേക്കുമുള്ള പ്രവാചകനാണ്. അദ്ദേഹം പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണിയാണ്.  

അറബി, അനറബി, കറുത്തവന്‍, വെളുത്തവന്‍ എന്ന വ്യത്യാസം ഇസ്‌ലാമിലില്ല. ദേശത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ ആര്‍ക്കും ഒരു മഹിമയും മുന്‍ഗണനയുമില്ല. ലോകത്തുള്ള സര്‍വ മനുഷ്യരും കണ്ണില്‍ തുല്യരാണ്. ഏകദൈവത്തിന്റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കുന്നവന്‍ ആരോ അവന്‍ മാത്രമാണ് ഉന്നതന്‍.

ഇസ്‌ലാം അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അസൂയ, പക, വിദ്വേഷം തുടങ്ങിയ എല്ലാവിധ ദുര്‍ഗുണങ്ങളെയും തൂത്തെറിഞ്ഞു. കുടുംബബന്ധങ്ങളും അയല്‍പക്കബന്ധങ്ങളും ദൃഢമാക്കാന്‍ കല്‍പിച്ചു. ഭോഗവസ്തുവായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഉന്നതപദവിയും ആരാധനാസ്വാതന്ത്ര്യവും സ്വത്തില്‍ അനന്തരാവകാശവും അനുവദിച്ചുനല്‍കി.

അങ്ങനെ 23 വര്‍ഷംകൊണ്ട് മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു ഇസ്‌ലാംമതം പൂര്‍ത്തിയാക്കി.

''...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...'' (ക്വുര്‍ആന്‍ 5:3).

മാനവരാശിക്ക് മാതൃകാപുരുഷനായി ജീവിക്കുകയും ഒരു ഉത്തമസമുദായത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തശേഷം അന്തിമദൂതനെ അല്ലാഹു തന്നിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.

ക്വുര്‍ആനിന്റെ തിളക്കം

പരിശുദ്ധ ക്വുര്‍ആനില്‍ വ്യാജമോ, കെട്ടുകഥകളോ, ഊഹാപോഹങ്ങളോ കണ്ടെത്തുക സാധ്യമേയല്ല. ക്വുര്‍ആന്‍ എങ്ങനെ അവതരിച്ചുവോ, അതേപോലെതന്നെ ലോകാവസാനംവരെ അത് നിലനില്‍ക്കും. കാരണം അതിന്റെ സംരക്ഷകന്‍ അല്ലാഹുവാണ്. ഇന്ന് ലോകത്ത് പല മതക്കാരും തങ്ങളുടെ വേദഗ്രന്ഥമായി പരിഗണിക്കുന്ന ധാരാളം ഗ്രന്ഥങ്ങളുണ്ട്. ഇവയില്‍ ഏതു ഗ്രന്ഥമാണ് വള്ളിപുള്ളി മാറ്റമില്ലാതെ, തെറ്റുകൂടാതെ മുഴുവനായും മനഃപാഠമാക്കപ്പെടുന്നത്? ഏതു ഗ്രന്ഥമാണ് തെറ്റുകൂടാതെ വായിക്കപ്പെടുന്നത്?  

അതിനുള്ള ഒരേയൊരു ഉത്തരം ക്വുര്‍ആന്‍ എന്നതാണ്. 114 അധ്യായങ്ങളും ആറായിരത്തില്‍പരം വചനങ്ങളുമുള്ള വേദഗ്രന്ഥം. അത് മുഴുവനായും മനഃപാഠമുള്ളവരായി അഞ്ചുവയസ്സുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ അടക്കമുള്ള ലക്ഷക്കണക്കിനാളുകളുണ്ട്.

ഏതെങ്കിലുമൊരു ഭരണാധികാരി ലോകത്തുള്ള സകല വേദഗ്രന്ഥങ്ങളും കത്തിച്ചുകളയാന്‍ ഉത്തരവിടുകയാണെന്നു കരുതുക. ഡിജിറ്റലായി സൂക്ഷിക്കപ്പെട്ടതടക്കം എല്ലാം നശിപ്പിക്കപ്പെട്ടാല്‍ ഒരു ഗ്രന്ഥവും അതേരൂപത്തില്‍, തെറ്റുകുറ്റങ്ങള്‍ ഇല്ലാത്ത രീതിയില്‍ പുനഃസൃഷ്ടിക്കാന്‍ സാധ്യമല്ല.

എന്നാല്‍ പരിശുദ്ധ ക്വുര്‍ആന്‍ തനിമയോടുകൂടി മടങ്ങിവരും. കാരണം ക്വുര്‍ആന്‍ മനഃപാഠമാക്കിയ ലക്ഷക്കണക്കിനു മനുഷ്യര്‍ ഭൂമിയിലുണ്ട്. അതിന്റെ സമ്പൂര്‍ണ നിയമങ്ങള്‍, അക്ഷരങ്ങളും അടയാളങ്ങളുമടക്കം തെറ്റാതെ മനഃപാഠമുള്ള പണ്ഡിതന്മാരുണ്ട്.

(അവസാനിച്ചില്ല)