ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

(ഭാഗം 7)

വെള്ളിയാഴ്ചയെന്ന 'സുദിനം' പ്രത്യക്ഷപ്പെട്ടു. 9 മണിയായപ്പോള്‍തന്നെ മൂന്നു പുതുമുഖങ്ങളുമായി അതിഥികള്‍ വന്നു; ഹസ്തദാനത്തോടെ സ്വീകരിച്ചു. പ്രസന്നവദനരായ പുതുമുഖങ്ങളെ പരിചയപ്പെട്ടു. മൂവരും പണ്ഡിതര്‍ തന്നെ.

എന്റെ ആവശ്യപ്രകാരം ചില വിഷയങ്ങള്‍ ചര്‍ച്ചചെയ്തശേഷം ഇന്നത്തെ ആരാധന തുടങ്ങാം എന്നായി. ആദ്യചര്‍ച്ചയ്ക്കുള്ള വിഷയം അവര്‍ തന്നെ തുടക്കമിട്ടു: 'ഇന്നു ഞങ്ങള്‍ വന്ന പ്രത്യേക കാരണം ഇതാണ്; സഹോദരന്റെ വീട്ടില്‍ ആരാധന തുടങ്ങിയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞില്ലേ? ഇനിയും അതു വേണ്ടാ. പത്തു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങണം. സാമാന്യം കൊള്ളാവുന്ന ഒരു പള്ളി ഷെഡ് 15000 രൂപക്ക് തീരുന്നതു പണിയണം.'

സ്ഥലം വാങ്ങുന്നതിന് 25000 രൂപയും പള്ളി ഷെഡിന് 15000 രൂപയും എനിക്ക് ശമ്പള അഡ്വാന്‍സ് എന്ന നിലയില്‍ 10000 രൂപയും അടക്കം മൊത്തം 50000 രൂപ എന്നെ ഏല്‍പിക്കാന്‍ അവര്‍ ശ്രമിച്ചു. കൂടാതെ സഭയുടെ ചെലവില്‍ യെരുശലേമില്‍ യേശുവിന്റെ കല്ലറ സന്ദര്‍ശിക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫറും!

ഞാന്‍ പറഞ്ഞു: 'ശരി...ശരി... സഹോദരങ്ങളേ, നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ സമ്മതിച്ചു. അതിനുമുമ്പായി എനിക്ക് ചില സംശയങ്ങള്‍ പരിഹരിച്ചുകിട്ടേണ്ടതുണ്ട്.'

'ശരി, എന്താണു സംശയം? ചോദിച്ചുകൊള്ളുക.'

പഴയ ചോദ്യം തന്നെ ആവര്‍ത്തിച്ചു.

ചോ: 'യേശു ആരാണ്?'

ഉ: 'ദൈവപുത്രന്‍!'

ചോ: 'ദൈവം ആരാണ്?'

ഉ: 'യഹോവ!'

ചോ: 'ഈ ഉത്തരം ശരിയല്ല. യേശു ദൈവംതന്നെയാണ്. ഇതാ, ബൈബിള്‍ വായിച്ചുനോക്കൂ. യേശുവിന്റെ പ്രധാന ശിഷ്യന്‍ യോഹന്നാന്‍ പറയുന്നു: 'ആദിയില്‍വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. വചനം ജഡമായിത്തീര്‍ന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു.' ഇത് യേശുവല്ലേ?

ഉ: 'അതെ, യേശുതന്നെ!'

ഞാന്‍ പറഞ്ഞു: 'ഈ ബൈബിളില്‍ 27 പ്രാവശ്യം 'ഞാന്‍ മനുഷ്യപുത്രനാണ്' എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തുന്നതായി ഞാന്‍ കണ്ടു. നിങ്ങള്‍ പറയുന്നതും പഠിപ്പിക്കുന്നതുമായ യേശു ദൈവവും ദൈവപുത്രനും പരിശുദ്ധാത്മാവുംകൂടിയ ഒന്നാണെന്ന് എങ്ങനെ വിശ്വസിക്കും? ഇവിടെ ഒരു സഭയുണ്ടാക്കി ഞാന്‍ അതിന്റെ അധ്യക്ഷനായി ഇരിക്കുമ്പോള്‍ ഏതെങ്കിലുമൊരാള്‍ ദൈവം ആരാണെന്നു ചോദിച്ചാല്‍ യേശുതന്നെ എന്നു അടിസ്ഥാനമില്ലാത്ത ന്യായം പറഞ്ഞു വിശ്വസിപ്പിക്കാന്‍ എനിക്ക് കഴിയുകയില്ല. ഞാന്‍ അതിനു തയ്യാറുമല്ല. മരിച്ചു കല്ലറയില്‍ അടക്കം ചെയ്ത ലാസറിനെ മൂന്നാം നാള്‍ യേശു പുനര്‍ജീവിപ്പിക്കുന്നു. കുരുടന്‍മാര്‍ക്ക് കാഴ്ചകൊടുക്കുന്നു. രോഗികള്‍ക്കു സൗഖ്യം കൊടുക്കുന്നു. എന്നിട്ട് യേശു പറഞ്ഞു: 'ഞാന്‍ ചെയ്യുന്ന അത്ഭുതപ്രവൃത്തികള്‍ ഒന്നും എന്റെതല്ല, എന്റെ പിതാവില്‍നിന്നുള്ളതത്രെ.' തീര്‍ന്നില്ല; ഒരു യോഗസ്ഥലം. അയ്യായിരം പേരുള്ള വേദി; യേശുവിന്റെ ഉപദേശം കേള്‍ക്കാന്‍ വന്ന ജനങ്ങള്‍. എല്ലാവര്‍ക്കും വിശന്നു. യേശു ചോദിച്ചു: 'ആരെങ്കിലും ഭക്ഷണം എന്തെങ്കിലും കരുതിയിട്ടുണ്ടോ?' ഒരാള്‍ പറഞ്ഞു: 'ഗുരൂ, എന്റെ പക്കല്‍ അഞ്ച് അപ്പവും രണ്ടു മീനും ഉണ്ട്.' കൊണ്ടുവരാന്‍ യേശു പറഞ്ഞു. അപ്പവും മീനും ആകാശവിതാനത്തിലേക്ക് ഉയര്‍ത്തിപ്പിടിച്ചു പിതാവിനോടു അപേക്ഷിച്ചു പ്രാര്‍ഥിച്ചു. യേശുവിന്റെ പ്രാര്‍ഥന സ്വീകരിച്ച പിതാവ് അപ്പവും മീനും വര്‍ധിപ്പിച്ചു കൊടുത്തു. 5000 പേരും മതിയാവോളം ഭക്ഷിച്ചു തൃപ്തരായി. അപ്പവും മീനും കൈയില്‍ വാങ്ങിയ യേശു ഇതു വര്‍ധിക്കട്ടെ എന്ന് ഉത്തരവിടുകയോ ആജ്ഞാപിക്കുകയോ ചെയ്തിട്ട് അതു വര്‍ധിച്ചുവെങ്കില്‍ നിങ്ങള്‍ പഠിപ്പിക്കുന്നതുപോലെ പിതാവും പരിശുദ്ധാത്മാവും പുത്രനില്‍ നിലകൊള്ളുന്നുവെന്നും ത്രിത്വത്തിലെ ഏകദൈവവിശ്വാസം ശരിവയ്ക്കുകയും ചെയ്യാമായിരുന്നു. അതുപോലെ യേശുവിന്റെ ഓരോ വാക്കിലും പിതാവ് എന്ന് മറ്റൊരു വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നുണ്ട്.

യേശു പറയുന്നു: 'എന്റെ പിതാവും നിങ്ങളുടെ പിതാവും ഏകനായ ഒരു പിതാവാകുന്നു.' മാത്രമല്ല ഒരു സ്വര്‍ഗരാജ്യത്തെക്കുറിച്ചു പരിചരിയപ്പെടുത്തുന്നുണ്ട്. സ്വര്‍ഗത്തില്‍ പിതാവ് ഉള്ളതായി യേശു ഖണ്ഡിതമായി പറയുകയും പല സന്ദര്‍ഭങ്ങളിലും പിതാവിനോട് മുട്ടിന്മേല്‍നിന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നത് വ്യക്തമല്ലേ? യേശു ഏകദൈവവിശ്വാസം, സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ നന്മകള്‍മാത്രം വിളംബരം ചെയ്യുകയും സൃഷ്ടികളെയും ബിംബങ്ങളെയും ആരാധിക്കുന്നതില്‍നിന്നും ജനങ്ങളെ തടഞ്ഞ് പിതാവിങ്കലേക്കു തിരിച്ചുവിടുകയും ചെയ്യുന്നു.'

കൊടുമ്പിരികൊള്ളുന്ന സംസാരവേദിയില്‍ എന്റെ കൈകാലുകള്‍ വിറച്ചു; തളര്‍ന്നുവീഴുമോ? ഹൃദയമിടിപ്പു വര്‍ധിച്ചു. എന്റെ വാദഗതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ? സംശയമായി. സകല മലദൈവങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് ആത്മധൈര്യം സംഭരിച്ചുകൊണ്ട് ആവര്‍ത്തിച്ചു:

''പാപികളായ മനുഷ്യവര്‍ഗത്തിന്റെ പാപമോചനത്തിനുവേണ്ടിയാണ് ദൈവം മനുഷ്യജന്മമെടുത്തു ഭൂമിയില്‍ വന്നതെന്നും ക്രൂശില്‍ മരിച്ചതെന്നും നിങ്ങള്‍ പറയുന്നുവല്ലോ? എന്നാല്‍ ഇതുകൂടി അറിയുക. കുറ്റം ആരോപിച്ചു യേശു ബന്ധിക്കപ്പെട്ടു. ശിക്ഷ വിധിക്കുന്നതിനുവേണ്ടി ഭരണാധികാരി പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ യേശുവിന്റെ പേരിലുള്ള കുറ്റം എന്താണെന്നു ചോദിച്ചു. പരിശക്തന്‍മാരും പ്രമാണികളും 'ഇയാള്‍ (യേശു) ദൈവമാണെന്നും ദൈവപുത്രനാണെന്നും ദൈവദൂഷണം പറഞ്ഞു ജനങ്ങളെ തെറ്റുദ്ധരിപ്പിച്ചു വഴിതെറ്റിക്കുന്നു' എന്ന് ആരോപിച്ചു. അങ്ങനെ യേശുവിനെ വിചാരണ ചെയ്യുന്നു. 'ഇവര്‍ ആരോപിക്കുന്ന കുറ്റം നിങ്ങള്‍ ചെയ്തിട്ടുണ്ടോ' എന്ന് ചോദിച്ചു. 'ഞാന്‍ ദൈവമല്ല. ദൈവപുത്രനുമല്ല. മനുഷ്യപുത്രനായ ഞാന്‍ എന്റെ പിതാവിന്റെ ആജ്ഞയല്ലാതെ ഒന്നും ചെയ്യുന്നില്ല' എന്നായിരുന്നു മറുപടി.''

പറയുന്ന ഞാനും കേള്‍ക്കുന്ന പാസ്റ്റര്‍മാരും ഒരുപോലെ വിയര്‍ക്കുകയാണ്. എന്തോ അപകടം സംഭവിക്കാന്‍ പോകുന്ന അങ്കലാപ്പോടെ സഭാംഗങ്ങളും! ഇതുകൂടി പറഞ്ഞു ഞാന്‍ അവസാനിപ്പിക്കുകയാണ്:

''മനുഷ്യന്റെ പാപമോചനത്തിനുവേണ്ടിയാണ് ദൈവം മനുഷ്യനായി (യേശുവായി) ഭൂമിയില്‍ അവതരിച്ചതെങ്കില്‍ തന്റെ നിയോഗം അറിവുള്ളതിനാല്‍ ഭംഗിയായി പൂര്‍ത്തീകരിച്ചു മടങ്ങുകയല്ലേ വേണ്ടിയിരുന്നത്? കര്‍മം പൂര്‍ത്തീകരിക്കുന്നതിനു പകരം യേശു മരണത്തെ ഭയക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു! രക്ഷക്കായി തന്റെ പിതാവിനോടു കരഞ്ഞു പ്രാര്‍ഥിക്കുന്നു. അതും സാധാരണ കരച്ചിലല്ല; ഹൃദയം നുറുങ്ങി വേദനയോെടയുള്ള പ്രാര്‍ഥന! അന്നേരം രക്തത്തുള്ളികളാണു കണ്ണീരായി പുറത്തുവന്നത്. ഞാന്‍ അവസാനിപ്പിക്കുകയാണ്. നിങ്ങള്‍ പഠിപ്പിക്കുന്ന ത്രിത്വത്തിലെ ദൈവവും ദൈവവിശ്വാസവും എനിക്ക് ഉള്‍ക്കൊള്ളാനും വിശ്വസിക്കാനും സാധ്യമല്ല. നാലുവര്‍ഷത്തോളമായി തുടരുന്ന നമ്മുടെ കൂട്ടായ്മയും ബന്ധങ്ങളുമെല്ലാം ഇന്നോടെ അവസാനിക്കുകയാണ്. നമുക്കു പിരിയാം. ഇന്നു മുതല്‍ എന്റെ വീട്ടില്‍ ആരാധന വേണ്ട.''

അടുത്ത നിമിഷം അരങ്ങേറിയ അത്ഭുതം.

എന്റെ നാലു വര്‍ഷത്തെ അന്വേഷണവും കണ്ടെത്തലുകളും വിശ്വാസവും വാദഗതികളുമെല്ലാം പത്തുമിനുട്ടിനുള്ളില്‍ തൂത്തെറിഞ്ഞ് തകിടംമറിച്ച് മറ്റൊരുവിശ്വാസത്തില്‍ എന്നെ തറക്കാന്‍ വന്നവര്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു! ഞാന്‍ പരാജയപ്പെട്ട് ഭയവിഹ്വലനായി അവര്‍ക്ക് കീഴ്‌പ്പെട്ടു! അവരോട് അനുസരണയുള്ള ശിശുവായി പുനര്‍ജനിച്ചു!

സംഭവം ഇങ്ങനെ: എന്റെ വിശദീകരണം കേട്ട പാസ്റ്റര്‍മാര്‍ ഒന്നടങ്കം പൊട്ടിത്തെറിച്ചു. വളരെ ശബ്ദത്തില്‍ 'ഹല്ലേലുയ്യാ... സ്‌തോത്രം, സ്‌തോത്രം' എന്നു വിളിച്ചുപറയുകയും അട്ടഹസിച്ച് ഉറഞ്ഞുതുള്ളിക്കൊണ്ടും മനസ്സിലാകാത്ത അന്യഭാഷ സംസാരിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും ഒരാള്‍ എന്റെ തലയില്‍ രണ്ടുകൈകളും അമര്‍ത്തിപ്പിടിച്ച് ശാസിക്കുകയാണ്.

'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആജ്ഞാപിക്കുന്നു. ദുര്‍ഭൂതമേ സഹോദരനെ വിട്ടുപോകൂ... പോകൂ... ഒരു നിമിഷം നിനക്കിനി സ്ഥാനമില്ല. വിട്ടുപോകൂ ഭൂതമേ...'

മറുഭാഷയുടെ കാഠിന്യവും കൈയടിയും തുള്ളലും ചാട്ടവും നൃത്തവും എന്റെ ശരീരത്തില്‍ പ്രവേശിച്ച ദുര്‍ഭൂതത്തിനെ തപ്പിയും തടവിയും തല്ലിയും ശാസിച്ചും പുറത്താക്കാനുള്ള പിടിവലിയും...അധികം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പകുതി ബോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്നു. ഒരുപാട് വെള്ളം അകത്താക്കി. ക്രമേണ സഭ ശാന്തമായി. ഭയത്തോടെ ഞാന്‍ ചോദിച്ചു: 'എന്താണിത് പാസ്റ്ററേ?'

ഉ: 'സ്വന്തം ഇഷ്ടപ്രകാരമോ, ജഡത്തിന്റെ (ശരീരത്തിന്റെ) ക്ഷണപ്രകാരമോ അല്ല. ജ്ഞാനിയായ, ദൈവപുത്രനെ തന്ത്രകുതന്ത്രങ്ങള്‍കൊണ്ടു സാത്താന്‍ വലയില്‍ വീഴ്ത്തി. എന്നിട്ടും അവന്‍ (സാത്താന്‍) അടങ്ങിയില്ല. കുടുംബാംഗങ്ങളില്‍ ഛിദ്രവും ഭിന്നിപ്പും കലഹവുമുണ്ടാക്കി ചിതറിച്ചുകളയും. വിശുദ്ധ ബൈബിള്‍ ഉയര്‍ത്തിക്കാട്ടിയ മുന്നറിയിപ്പുകള്‍... ദൈവഗ്രന്ഥം ഒരിക്കലും കള്ളംപറയുകയില്ല സഹോദരാ. ഭൂതബാധയില്‍ അകപ്പെട്ട നിങ്ങളുടെ അന്ത്യം ഭയാനകമായിരിക്കും.'

(പിന്നീട് ബൈബിള്‍ അരിച്ചുപെറുക്കിയിട്ടും ഇങ്ങനെ ഒരു സംഭവം ഞാന്‍ കണ്ടിട്ടില്ല)

ഇതിനെതെിരെ പ്രതികരിക്കാനോ മറുചോദ്യം ചോദിക്കാനോ ഉള്ള മനക്കരുത്ത് ചോര്‍ന്നുപോയിരുന്നു. ഇവരുടെ പ്രവചനം ഫലിച്ചാലോ? ഒരു നിമിഷം ചിന്തിച്ചു. കൊടുംചൂടേറ്റു തളര്‍ന്ന തളിരിലപോലെ കുറ്റബോധത്തോടു ഇടറി താഴ്ന്നിരുന്നു.

ചോദ്യം: 'ഞാന്‍ എന്ത് ചെയ്യണം?'

ഉത്തരം: 'ഉപവസിക്കണം.'

ചോദ്യം: 'അതെന്താണ്?'

ഉത്തരം: 'അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, ലൗകിക ചിന്തകള്‍ വെടിഞ്ഞ് മൂന്നുദിവസം ഏകനായി ഉപവസിക്കുക. മൂന്നാംനാള്‍ സ്‌നാനം ഏല്‍ക്കുകയും ചെയ്യുക. അതോടുകൂടി നിങ്ങളിലുള്ള പ്രേതബാധ ഒഴിഞ്ഞുപോകുകയും പരിശുദ്ധാത്മാവിനാല്‍ സുഖപുളകിതനാവുകയും ചെയ്യും. പിന്നെ ഏതു അത്ഭുതസിദ്ധികള്‍ കാണിക്കാനും പ്രവചിക്കാനും കഴിയും. ഒരു സംശയവും വേണ്ട. ഞങ്ങള്‍ വര്‍ഷങ്ങളായി ഇതുപോലുള്ള എത്രപേരെ കണ്ടിരിക്കുന്നു! പ്രശ്‌നങ്ങള്‍ പരിഹരിച്ചിരിക്കുന്നു.'

ചോദ്യം: 'ഞാന്‍ എന്താണ് പ്രാര്‍ഥിക്കേണ്ടത്?'

ഉത്തരം: 'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അപേക്ഷിക്കുന്നു. കര്‍ത്താവേ, പരിശുദ്ധാത്മാവിനെ പ്രാപിച്ചു ഈ എളിയ സഹോദരനെ അനുഗ്രഹിക്കേണമേ.'

ഒരു കൊച്ചുകുട്ടിയെപ്പോലെ അവര്‍ പറഞ്ഞതെല്ലാം അനുസരിക്കാനേ ആ സന്ദര്‍ഭത്തില്‍ എനിക്കു കഴിഞ്ഞുള്ളൂ. അവര്‍ പോയിക്കഴിഞ്ഞശേഷം വളരെയധികം ചിന്തിച്ചു. അവര്‍ പറഞ്ഞതു ശരിയാണല്ലേ? സ്വബോധം നഷ്ടപ്പെട്ടതുപോലെയായി, നല്ല ക്ഷീണവും തളര്‍ച്ചയുമെല്ലാം ഉണ്ടല്ലോ!

ഞാന്‍ എന്താണീ ചെയ്യുന്നത്? ലോകത്തു വലിയൊരു സമൂഹം വിശ്വസിച്ച് ആരാധിക്കുന്ന അടിസ്ഥാന ഗ്രന്ഥമായ ബൈബിളിനെ ചോദ്യം ചെയ്യുന്നതും തര്‍ക്കിക്കുന്നതും പലര്‍ക്കും തലവേദനയും ശത്രുതയും ഉണ്ടാക്കുന്നതും ശരിയാണോ? ആത്മസുഹൃത്തുക്കളായി കിട്ടിയ എത്രപേര്‍ പിണങ്ങി ശത്രുക്കളായി! ഹോ, ഇനി ഒന്നും വേണ്ടാ. അവര്‍ പറഞ്ഞപോലെ ഉപവസിക്കുക, സ്‌നാനം ഏല്‍ക്കുക, വിശ്വസിക്കുക. അവര്‍ കൊണ്ടുവന്ന പണം വാങ്ങി പള്ളിയുംവച്ച് മുന്നോട്ട് പ്രവര്‍ത്തിച്ചു പോകുക. ഒരു തീരുമാനം സ്വയം എടുത്തു.

അടുത്ത വെള്ളിയാഴ്ച്ച ശുദ്ധിയുള്ള വസ്ത്രം ധരിച്ചു. വെളുപ്പിനുതന്നെ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. പായില്‍ ഇരുന്നു. രണ്ടു കൈയും ഉയര്‍ത്തിപ്പിടിച്ചു. പരിശുദ്ധാത്മാവിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. സഹിക്കാന്‍ വയ്യാത്ത വിശപ്പും ദാഹവുമെല്ലാം സന്ധ്യവരെ കടിച്ചമര്‍ത്തി. വീണ്ടും രാത്രിയില്‍ ഉറക്കമൊഴിഞ്ഞു പ്രാര്‍ഥനയും കാത്തിരിപ്പും. മൂന്നാം നാള്‍ സ്‌നാനം ഏല്‍ക്കുന്നതിനുവേണ്ടി (പുഴയില്‍ മുങ്ങിപ്പൊങ്ങുക) 7 കിലോ മീറ്റര്‍ കൊടുംവനത്തില്‍കൂടി നടന്നു; കുടുംബാംഗങ്ങള്‍ക്കൊപ്പം.ഉദ്ദേശിച്ച പള്ളിയിലെത്തി. ഞങ്ങളെ പ്രതീക്ഷിച്ചിരുന്നവര്‍ സ്വാഗതം ചെയ്ത് സ്വീകരിച്ചു. പള്ളിക്കുള്ളില്‍ കയറ്റിയിരുത്തി.

ഹാളിനുള്ളില്‍ ഒന്ന് കണ്ണോടിച്ചു. നൂറോളം വരുന്ന സ്ത്രീ-പുരുഷ വിശ്വാസികള്‍ ഹാളിലുണ്ട്. പത്തുമണി ആരാധന സമയമായി. നാല്‍പതു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന സുമുഖനായ ഒരു പുരോഹിതന്‍ കൈയില്‍ ബൈബിളുമായി പ്രവേശിച്ചു. എല്ലാവരും എഴുന്നേറ്റു സ്‌തോത്രം പറഞ്ഞു; ഇരുന്നു.

പാസ്റ്റര്‍ ചോദിച്ചു: 'ദൈവകൃപയാല്‍ തിരഞ്ഞെടുത്ത ഒരു കുടുംബം സ്‌നാനം ഏല്‍ക്കുന്നതിന് വേണ്ടി നമ്മുടെ സഭയില്‍ വന്നിട്ടുണ്ട്. അവര്‍ ഒന്ന് എഴുന്നേറ്റു നില്‍ക്കുക.'

ഞങ്ങള്‍ എഴുന്നേറ്റു നിന്നു. പാസ്റ്റര്‍ പറഞ്ഞു: 'ഈ ദമ്പതികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി രണ്ടു വാക്ക് പ്രാര്‍ഥിപ്പിന്‍.'

പാസ്റ്റര്‍ ഞങ്ങളെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. എല്ലാവരും സ്‌തോത്രം പറഞ്ഞ് ഇരുന്നു. സഭ ആരംഭിച്ചു. തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി. പാസ്റ്റര്‍ ഇടി കല്ലിന് ആസ്പദമാക്കി രണ്ടുമണിക്കൂറോളം വാചാലമായി പ്രസംഗിച്ചു. ഹോ...! എന്തൊരു പ്രസംഗം! വല്ലാത്ത സ്ഫുടതയും വാചാലതയും! ആരെയും ആകര്‍ഷിക്കുന്ന ഇടപെടല്‍. എനിക്ക് വളരെ തൃപ്തിയും സന്തോഷവും ആത്മധൈര്യവും ഉണ്ടായി. സമയം പോയതറിഞ്ഞില്ല. 12 മണിക്ക് സഭ പിരിയുന്നതിനു മുമ്പായി പാസ്റ്ററുടെ മുന്നറിയിപ്പ്: 'നാടുചുറ്റി സഞ്ചരിക്കുന്ന വിശ്വാസികളെല്ലാം ബൈബിള്‍ പണ്ഡിതന്മാര്‍ ആയിരിക്കില്ല. ബൈബിള്‍പരമായോ വിശ്വാസപരമായോ എന്തെങ്കിലും സംശയങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ചോദിക്കാനുള്ള സമയമാണിത്.'

ഒരാള്‍ എഴുന്നേറ്റു ചോദിച്ചു: 'കര്‍ത്താവായ യേശുവിനെ ഹൃദയത്തില്‍ സ്ഥിരപ്പെടുത്തി സ്‌നാനകര്‍മം ചെയ്യാതെ, ആര്‍ക്കെങ്കിലും പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ കഴിയുമോ?'

ഉ: 'സ്‌നാപകയോഹന്നാന്‍ മുഖാന്തിരം ദൈവപുത്രന്‍ ജ്ഞാനസ്‌നാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തു. തുടര്‍ന്ന് വിശ്വാസികള്‍ പുരോഹിതന്മാര്‍ മുഖാന്തിരം സ്‌നാനം ഏല്‍ക്കല്‍ തുടര്‍ന്നുവരുന്നു. ലോകാവസാനംവരെയും ഇത് തുടരും. സ്‌നാനം ഏറ്റ് പാപക്കറകള്‍ കഴുകിക്കളഞ്ഞു കര്‍ത്താവായ യേശുവിനെ പിന്‍പറ്റുവോളം ആരും വിശ്വാസിയാകുകയില്ല.'

ചോദ്യങ്ങളും കൃത്യമായ മറുപടിയും കേട്ട് എനിക്ക് ആവേശമായി. എനിക്ക് പലപ്പോഴും ചോദിക്കണമെന്ന് തോന്നി; ബൈബിള്‍ വാചകങ്ങളുടെ അടിയില്‍ വരയിട്ടുവച്ചിരുന്നതും ചോദിക്കാന്‍ അവസരം ലഭിക്കാതെപോയതുമായ ഒരു വചനത്തെക്കുറിച്ച്.

രണ്ടാമത് ആരും ചോദ്യവുമായി എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ വളരെ ആവേശത്തോടുകൂടി ബൈബിളും ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ എഴുന്നേറ്റുനിന്നു ചോദിച്ചു: ''യോഹന്നാന്‍ അധ്യായം 16ല്‍ 7 മുതല്‍ 17 വരെയുള്ള വചനങ്ങളില്‍ യേശു ശിഷ്യന്മാരോട് പറയുന്നു: 'ഞാന്‍ സത്യം പറയുന്നു. ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുത്തു വരികയില്ല. ഞാന്‍ പോയാല്‍ അവന്‍ നിങ്ങളുടെ അടുത്ത് വരും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യംവരുത്തും. ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കുന്നു. ഇനിയും വളരെ പറയാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്കു താങ്ങാനാവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകലസത്യത്തിലും വഴി നടത്തും. അവന്‍ സ്വന്തമായി സംസാരിക്കാതെ കേള്‍ക്കുന്നതൊക്കെയും പറഞ്ഞു തരും. അവന്‍ എനിക്കുള്ളതില്‍നിന്നും എടുത്തു തരുന്നതിനാല്‍ എന്നെയും മഹത്ത്വപ്പെടുത്തും.' ഈ ആള്‍ ആരാണ്? ഇയാള്‍ വന്നുപോയോ?''

ചോദ്യംകേട്ടതോടെ പാസ്റ്ററുടെ മുഖഭാവം പെട്ടെന്നു മാറി. മുഖത്ത് കോപം വന്നതുപോലെ എനിക്കു തോന്നി. എന്നോട് ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ പെട്ടെന്ന് ഇരുന്നു. ചിലരൊക്കെ രൂക്ഷമായി എന്നെ നോക്കുന്നു. പാസ്റ്റര്‍ മറുപടി പറയാതെ ഒരു പാട്ടുപാടി അവസാനിപ്പിച്ചു. സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു.

എനിക്ക് അങ്കലാപ്പായി. ഉള്‍ഭയമുണ്ടായി. വല്ല വിഡ്ഢിത്തവുമാണോ ചോദിച്ചത്? ഒന്നും വേണ്ടായിരുന്നു. എന്റെ ചോദ്യം പാസ്റ്റര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നു മുഖഭാവം വ്യക്തമാണ്. പള്ളിമൂലയില്‍ ഇരുന്നുകൊണ്ട്, ചോദിച്ച ഭാഗം വീണ്ടും വായിച്ചുകൊണ്ടിരുന്നു; സംഭവിച്ചതെന്തെന്ന് തിരിച്ചറിയാന്‍.

(തുടരും)