ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 ഫെബ്രുവരി 20 1442 റജബ് 08

(ഭാഗം 10)

മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ നാലു ശിഷ്യന്മാരാണ് കുരിശുമരണം സ്ഥിരീകരിച്ചിട്ടുള്ളത്. വിശദീകരണങ്ങള്‍ നോക്കാം:

1. മത്തായി (27-32): യേശുവിനെ ക്രൂശിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനെക്കാരനെക്കൊണ്ടു കുരിശ് ചുമപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു.

2. മാര്‍ക്കോസ് (15-31): അവനെ കൊണ്ടുപോകുമ്പോള്‍ നാട്ടില്‍പുറത്തുനിന്നു വന്ന കുറേനക്കാരനായ ശീമോനെക്കൊണ്ട് കുരിശ് ചുമക്കാന്‍ നിര്‍ബന്ധിച്ചു.

3. ലൂക്കോസ് (23-26): അവനെ കൊണ്ടുപോകുമ്പോള്‍ നാട്ടിന്‍പുറത്തുനിന്നു വന്ന കുറേനക്കാരന്‍ ശീമോനെക്കൊണ്ടു കുരിശു ചുമപ്പിച്ചു. യേശുവിനെ പിന്നാലെ നടത്തി.

4. യോഹന്നാന്‍ (19-17): അവര്‍ യേശുവിനെ കയ്യേറ്റ് യേശു തന്നെത്താന്‍ കുരിശു ചുമന്നുകൊണ്ട് തലയോടിടം എന്ന സ്ഥലത്തേക്കു കൊണ്ടുപോയി.

മൂന്നു ശിഷ്യന്മാര്‍ പറഞ്ഞതിനെതിരായി നാലാമന്‍ പറയുന്നു. ഇതിലേതു വിശ്വസിക്കും? ആരാണ് സത്യം പറഞ്ഞത്?

യേശുവിനെ തന്നെയാണോ ക്രൂശിച്ചതെന്നു മനസ്സിലാക്കാന്‍ പൂര്‍വസംഭവ ചരിത്രങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.

യഹോവയായ ഏകദൈവം ഓരോ കാലഘട്ടത്തിലും ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍നിന്നും മനുഷ്യനെ ദൈവികശക്തികള്‍ നല്‍കി ദൂത് (സന്ദേശങ്ങള്‍) ജനങ്ങളില്‍ എത്തിക്കുന്നതിനും മനുഷ്യര്‍ ദൈവമാര്‍ഗത്തില്‍ ജീവിക്കുന്നതിനും ധര്‍മം നിലനിര്‍ത്തുന്നതിനും ദൂതന്മാരെ (പ്രവാചകന്മാരെ) നിയോഗിച്ചിട്ടുള്ളതായി ബൈബിളില്‍ ഉടനീളം കാണാന്‍ കഴിയും. എന്നാല്‍ യഹോവയാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും ബൈബിള്‍ പരിചയപ്പെടുത്തുന്നതുമായ ഒരു ദൂതനെപ്പോലും അപകടങ്ങളില്‍പ്പെടുത്തുന്നതും കൊലചെയ്യുന്നതുമായി കാണാന്‍ കഴിയില്ല. പിന്നെ ദയാലുവായ യേശുവിന് മാത്രം എങ്ങനെ ക്രൂരമായ മരണശിക്ഷ വിധിച്ചു?

മോശെ പ്രവാചകന്‍

ദുര്‍ഭരണാധികാരിയായ ഫറവോന്‍ ചക്രവര്‍ത്തിയുടെ അടിമത്തത്തില്‍നിന്നും അടിമകളായ ജനങ്ങളുമായി മോശെ അടുത്ത ദേശത്തേക്ക് ഓടിപ്പോയി. വിവരമറിഞ്ഞ ഫറവോനും സൈന്യവും പിന്‍തുടര്‍ന്നു. മോശെയും ജനങ്ങളും ചെങ്കടല്‍ത്തീരത്തെത്തി. തിരിഞ്ഞുനോക്കുമ്പോള്‍ ഫറവോനും സൈന്യവും! പിടിക്കപ്പെടുമെന്ന് ഉറപ്പായി. മോശെ പ്രവാചകന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. യഹോവ അരുളി: നിന്‍റെ കൈയില്‍ ഇരിക്കുന്ന വടി കടലില്‍ അടിക്കുക. മോശെ കടലില്‍ അടിച്ചു. ക്ഷണനേരം കടല്‍ രണ്ടായി പിളര്‍ന്നു. മോശെയും ജനങ്ങളും മറുകര കടന്നു. പിന്നാലെ ചെന്ന ഫറവോനും സൈന്യവും ഇറങ്ങിയപ്പോള്‍ കടല്‍ പൂര്‍വസ്ഥിതിയിലായി. അക്രമികളായ മുഴുവന്‍ പേരും മുങ്ങി മരിച്ചു.

യോന പ്രവാചകന്‍

യഹോവയുടെ കല്‍പന ലംഘിച്ച് കപ്പലില്‍ കയറി യാത്ര പോയി. കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. ഏതോ സത്യനിഷേധി കപ്പലില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ട അധികാരികള്‍ യാത്രക്കാരുടെ പേരില്‍ കുറിയിട്ടു. യോനയുടെ പേര് കുറി വീണു. തല്‍ക്ഷണം യോനയെ നടുക്കടലില്‍ എറിഞ്ഞുകളഞ്ഞു. ഒരു വലിയ മത്സ്യം യോനയെ വിഴുങ്ങി. യഹോവ ഉദ്ദേശിച്ച ദേശത്ത് മത്സ്യം യോനയെ ചര്‍ദിച്ചിട്ടു.

ലോത്ത് പ്രവാചകന്‍

മനുഷ്യരുടെ പ്രകൃതിവിരുദ്ധ ലൈംഗിക അരാജകത്വം ദേശത്തു വര്‍ധിച്ചപ്പോള്‍ സോദേം എന്ന പട്ടണത്തുനിന്നും ദൈവദൂതനായ ലോത്തിനെയും കുടുംബത്തെയും അവിടെനിന്നും മാറ്റിയശേഷം ആകാശത്തില്‍നിന്നും അഗ്നിയിറക്കി പട്ടണം ചാരമാക്കി.

ജോസഫ് പ്രവാചകന്‍

ജോസഫിന്‍റെ പിതാവ് യാക്കോബ് മകനെ കൂടുതല്‍ സ്നേഹിക്കുന്നതില്‍ അസൂയ തോന്നിയ സഹോദരങ്ങള്‍ ജോസഫിനെ തന്ത്രപൂര്‍വം വിളിച്ചു കൊണ്ടുപോയി കിണറ്റില്‍ എറിഞ്ഞു. എന്നാല്‍ കച്ചവട യാത്രാസംഘത്തെക്കൊണ്ട് ജോസഫിനെ രക്ഷിച്ചു. അദ്ദേഹം പിന്നീട് ഭരണാധികാരിയും രാജാവുമായി.

അബ്രഹാം പ്രവാചകന്‍

വിഗ്രഹാരാധനയെ എതിര്‍ക്കുകയും വിഗ്രഹങ്ങളെ നശിപ്പിക്കുകയും ചെയ്തതിന് അബ്രഹാമിനെ തീച്ചൂളയില്‍ എറിഞ്ഞു. യഹോവയില്‍ ദൃഢവിശ്വാസമുണ്ടായിരുന്ന അബ്രഹാമിന്‍റെ ഒരു രോമം പോലും നശിക്കാതെ മൂന്നാം നാള്‍ പുറത്തുവന്നു.

എന്നാല്‍ യഹോവയുടെ പ്രിയപുത്രനായി സംരക്ഷിച്ച്, സ്നേഹിച്ച യേശുവാകട്ടെ ക്രൂരമരണത്തിനിടയായി പോലും!

യേശു പറയുന്നു: "യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ? മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കു നന്മ എത്ര അധികം കൊടുക്കും!" (മത്തായി 7:7-11).

യേശു വധിക്കപ്പെടുമെന്നു മുന്‍കൂട്ടി മനസ്സിലാക്കി. മരണത്തെ ഏറെ ഭയന്നു: "ആ സ്ഥലത്തു എത്തിയപ്പോള്‍ അവന്‍ അവരോടു: "നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി; പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടംതന്നെയാകട്ടെ' എന്നു പ്രാര്‍ത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി. പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്‍റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി" (ലൂക്കോസ് 22: 40-44).

യേശുവിന്‍റെ മനമുരുകിയുള്ള ഈ പ്രാര്‍ഥന തീര്‍ച്ചയായും യഹോവ സ്വീകരിക്കും. ഇല്ലെങ്കില്‍ യേശുവിന്‍റെ വചനം പൂര്‍ത്തീകരിക്കില്ല.

"ക്രിസ്തു തന്‍റെ ഐഹിക ജീവകാലത്തു തന്നെ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോടു ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു" (എബ്രായര്‍ 5:7).

കുരിശുമരണത്തെക്കുറിച്ചു വിവരിക്കുന്ന മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ നാല് പേരും വിഭിന്ന വിവരണങ്ങളാണ് നല്‍കുന്നത്. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കുരിശുമരണത്തെക്കുറിച്ച് ഇവര്‍ക്ക് നേരിട്ടറിവില്ലെന്നും കേട്ടുകേള്‍വിയും ഊഹാപോഹങ്ങളും മാത്രമണ് എന്നുമാണ്.

ശീമോനെ നിര്‍ബന്ധിച്ചെന്നും കുരിശു ചുമപ്പിച്ചെന്നും മൂന്നുപേരും പറയുന്നു. അത് അംഗീകരിക്കാം. 'കുറ്റവാളി'യുടെ വിചാരണ പൂര്‍ത്തിയാക്കി അവര്‍ക്കുള്ള കൊലമരവും (കുരിശ്) ചുമന്നുകൊണ്ട് കോല്‍ഗത്ത മലയില്‍ ചെല്ലുന്ന 'കുറ്റവാളി'യോട് യാതൊരു ദയയും കാണിക്കാതെ പടയാളികള്‍ കുരിശില്‍ ആണിയടിച്ച് തൂക്കുന്നു!

യേശുവിന്‍റെ കുരിശുചുമന്നുകൊണ്ട് പോയ ശീമോന്‍ യേശുവിനെ കുരിശു തിരിച്ചേല്‍പിക്കുന്നതായും ശീമോനെ ഒഴിവാക്കിയതായും പറയുന്നില്ല. കുറ്റവാളിയാണ് കുരിശുചുമന്നു വരുന്നതെന്ന നിയമപ്രകാരം അയാളുടെ എതിര്‍പ്പുകള്‍ ഒന്നും വകവെക്കാതെ ശീമോനെയാണ് കുരിശില്‍ തൂക്കിയതെന്ന് വിശ്വസിക്കുന്നതില്‍ എന്താണു തെറ്റ്?

ഈ സമയം കരുണാനിധിയായ യഹോവ തന്‍റെ പ്രിയ പുത്രനെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി. ദയാലുവായ യേശു മരിച്ചിട്ടില്ല. ക്രൂരമരണത്തിനു യോഗ്യനുമല്ല. ആകാശലോകത്തുണ്ട്. ഇതാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഉയര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാരുടെ അടുത്തുചെന്ന യേശുവിനെ ശിഷ്യന്മാര്‍ സംശയിക്കുന്നതും യേശു ക്രൂശിക്കപ്പെട്ടില്ല എന്നതിലേക്കാണ് ചൂണ്ടുന്നത്. ശിഷ്യന്മാര്‍ക്കിടയില്‍ യേശു പ്രത്യക്ഷപ്പെട്ടു. അവനെ കണ്ടപ്പോള്‍ അവര്‍ ഭയന്നു:

"ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു: ('നിങ്ങള്‍ക്കു സമാധാനം' എന്നു പറഞ്ഞു). അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കു തോന്നി" ലൂക്കോസ് (24:36,37).

ശിഷ്യന്മാര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടു നിന്നു. അവര്‍ ഞെട്ടി ഭയപ്പെട്ടുപോയി. ഒരു ഭൂതത്തെ കാണുന്നു എന്നവര്‍ക്ക് തോന്നി. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. ശിഷ്യന്മാര്‍ യേശുവിനെ സംശയിച്ചപ്പോള്‍, യേശുതന്നെ പറയുന്നു; 'ഞാന്‍ ക്രിസ്തു ആകുന്നു. അവിശ്വസിക്കാതെ വിശ്വസിക്കുക' എന്ന്. മാത്രമല്ല യേശുവിന്‍റെ ശരീരത്തിലുണ്ടായ മുറിവുകള്‍ സ്പര്‍ശിച്ചു ബോധ്യപ്പെടുത്തേണ്ട ഗതികേടാണുണ്ടായത്.

വര്‍ഷങ്ങളോളം യേശുവിന്‍റെകൂടെ നടക്കുകയും ഭക്ഷണം കഴിക്കുകയും അന്തിയുറങ്ങുകയും ചെയ്തവര്‍ക്ക് യേശുവിന്‍റെ രൂപവും സംസാരവും ശബ്ദവുമെല്ലാം വളരെ പരിചിതമായിരിക്കും. അതിനാല്‍ ശിഷ്യന്മാര്‍ക്ക് ഒറ്റനോട്ടത്തില്‍തന്നെ തിരിച്ചറിയാം. ശബ്ദം മാത്രം മതിയല്ലോ തിരിച്ചറിയാന്‍. അടുത്തു വസിക്കുന്നവര്‍ക്ക് ഗന്ധം പോലും തിരിച്ചറിയാന്‍ കഴിയും. യേശുവിനെ കണ്ട സ്ത്രീകളും സംശയിക്കുന്നു. ശിഷ്യന്മാര്‍ അത് യേശുവോ, ഭൂതമോ എന്ന് സംശയിക്കുന്നുവെങ്കില്‍ ആ പ്രത്യക്ഷപ്പെട്ടത് യേശുവല്ല എന്നുള്ളതാവാം സത്യം.

യേശു പറഞ്ഞു: 'സമാധാനമുള്ളവര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും.' അപ്പോള്‍ യേശു മാത്രമല്ല; കോടിക്കണക്കിനു ദൈവപുത്രന്മാര്‍ ഭൂമിയിലുണ്ടല്ലോ!

യേശു പറഞ്ഞു: 'ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാന്‍ വഴിയാണ്; നേരായ വഴി. ഞാന്‍ സത്യമാണ്. ദൈവദൂതനായ എനിക്ക് ഒരു അസത്യവും പ്രവര്‍ത്തിക്കുക സാധ്യമല്ല.'

ഞാന്‍ പറയുന്നത് സത്യമായി വിശ്വസിച്ച് ഞാന്‍ കാണിച്ച വഴികളിലൂടെ മാത്രം സഞ്ചരിച്ചാല്‍ അങ്ങനെയുള്ളവര്‍ക്ക് (ഏകദൈവമായ യഹോവയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക്) നിത്യമായ ജീവനുണ്ട് (സ്വര്‍ഗരാജ്യം) എന്നതല്ലേ ഇപ്പറഞ്ഞതിനര്‍ഥം?

യേശു ലോകജനതയുടെ മുഴുവന്‍ രക്ഷിതാവോ? ഇതുകൂടി പരിശോധിക്കേണ്ടതുണ്ട്.  

"ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കര്‍ത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ, വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. അതിന്നു അവന്‍: 'യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല' എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ അവള്‍ വന്നു: കര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ: 'മക്കളുടെ അപ്പം എടുത്തു നായക്കൂട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല' എന്നു ഉത്തരം പറഞ്ഞു. അതിന്നു അവള്‍: അതേ, കര്‍ത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയില്‍നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു" മത്തായി (15:22-27).

"ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോള്‍ അവരോടു ആജ്ഞാപിച്ചതെന്തെന്നാല്‍: 'ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍. നിങ്ങള്‍ പോകുമ്പോള്‍: സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിന്‍" (മത്തായി 10:5-7).

"എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്കു ഓടിപ്പോകുവിന്‍. മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍ പട്ടണങ്ങളെ സഞ്ചരിച്ചുതീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു" (മത്തായി 10:23).

നിങ്ങള്‍ ഇസ്രായേല്‍കാരുടെ ഇടയിലും അവരുടെ പട്ടണത്തിലും മാത്രമെ പോകാവൂ. അന്യജാതിക്കാരുടെ ഇടയിലും പട്ടണത്തിലും പോകരുത് എന്നാണ് യേശു ശിഷ്യന്മാര്‍ക്ക് കൊടുക്കുന്ന മുന്നറിയിപ്പ്. യേശു ഇസ്രായേല്‍ ജനതയിലേക്ക് മാത്രം വന്നയാളാണെന്നു സ്വയം പറയുകയും ശിഷ്യന്മാരെ ബോധ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ യേശുവിനെ ലോകരക്ഷിതാവാക്കിയത് ആര്? ഇത് അംഗീകരിക്കാന്‍ കഴിയുമോ?

യേശു ജീവിച്ചിരുന്നപ്പോള്‍ നിരോധിച്ച കാര്യം ചെയ്യാന്‍ ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാരോടു കല്‍പിച്ചുപോലും!

'നിങ്ങള്‍ പോയി എന്‍റെ നാമം ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കുകയും രോഗശാന്തിയും അത്ഭുതപ്രവൃത്തികളും സ്നാനം മുക്കലും എല്ലാം ചെയ്യുവിന്‍' എന്ന് ഉയിര്‍ത്തെഴുന്നേറ്റ ശേഷം പറഞ്ഞുവെന്ന് എങ്ങനെ അംഗീകരിക്കാനും വിശ്വസിക്കാനും കഴിയും?

ഇപ്പോള്‍ നാം കാണുന്ന; യേശുവിന്‍റെ പലവിധ രൂപങ്ങളുടെയും കുരിശാരാധനയുടെയും യാഥാര്‍ഥ്യമെന്ത്?

2012 വര്‍ഷം മുമ്പ് ശാസ്ത്രം ഇന്നത്തെ പോലെ വികസിച്ചിട്ടില്ല. കമ്പ്യൂട്ടര്‍ കണ്ടെത്തിയിട്ടില്ല. നാം കാണുന്നതും ആരാധിക്കപ്പെടുന്നതുമായ യേശുവിന്‍റെ ഭംഗിയുള്ള ചിത്രങ്ങള്‍ എവിടെനിന്നു കിട്ടിയതാണ്? ഏതു ക്യാമറയില്‍ (സ്റ്റുഡിയോയില്‍) പകര്‍ത്തിയതാണ്?

തനിക്ക് ഏറ്റവും പ്രിയപ്പെട്ട യേശു തറയ്ക്കപ്പെട്ട കുരിശിന്‍റെ രൂപം സ്വര്‍ണത്തിലും വെള്ളിയിലും തടിയിലുമൊക്കെ രൂപപ്പെടുത്തി അതിനെ പൂജിച്ചും ശരീരത്തില്‍ അണിഞ്ഞും വാഴ്ത്തുമ്പോള്‍ എന്താണ് അര്‍ഥമാക്കേണ്ടത്? തന്‍റെ പിതാവിനെ ഒരാള്‍ വെടിവെച്ചു കൊന്നാല്‍ പിന്നീട് മകന്‍ തോക്കിനെ പുണ്യവസ്തുവായി ശരീരത്തിലണിഞ്ഞും ആരാധിച്ചും നടക്കുന്നുവെങ്കില്‍ അയാളെക്കുറിച്ചു നാം എന്താണ് പറയുക?

കുരിശ് ശാപത്തിന്‍റെ ചിഹ്നമാണെന്നും ക്രൂശിക്കപ്പെട്ടവര്‍ ശപിക്കപ്പെട്ടവരാണെന്നും ബൈബിള്‍ പറയുന്നുണ്ട് എന്നത് മറക്കാതിരിക്കുക.

യേശു ചെയ്തിട്ടുള്ള അത്ഭുതപ്രവൃത്തികള്‍ മനുഷ്യര്‍ക്കിടയില്‍ ഉയര്‍ത്തിക്കാണിച്ചും അതു വിശ്വസിച്ചുമാണ് പല പുതുവിശ്വാസികളും ക്രൈസ്തവതയിലേക്ക് കടന്നുചെല്ലുന്നത്. മരിച്ചവരെ ജീവിപ്പിക്കുന്നു, കുഷ്ഠരോഗികള്‍ക്ക് ശമനം നല്‍കുന്നു, കുരുടന് കാഴ്ച നല്‍കുന്നു... ഇങ്ങനെ പലതും. എന്നാല്‍ ഇതിനെല്ലാം യേശുവിന് ഒറ്റ മറുപടിയേയുള്ളൂ; 'ഞാന്‍ ചെയ്യുന്ന അത്ഭുതപ്രവൃത്തികളൊന്നും എന്‍റെതല്ല; എന്നെ അയച്ച പിതാവില്‍നിന്നുള്ളതത്രെ.'

ദൈവനിഷേധികളായ ഇസ്രായേല്‍ ജനതയെ ദൈവമാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം യേശുവിനായിരുന്നു. അപ്പോള്‍ യേശു പറയുന്നതും പ്രവര്‍ത്തിക്കുന്നതും സത്യമാണെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെടുന്നതിനു വേണ്ടിയും വിശ്വസിക്കുന്നതിനു വേണ്ടിയും പല അത്ഭുതപ്രവൃത്തികളും യേശുവില്‍ കൂടി യഹോവ നടപ്പിലാക്കി. ഇതാണ് സത്യം.

ശാസ്ത്രലോകം അവകാശപ്പെടുന്നു; 400 കോടി വര്‍ഷം പഴക്കമുണ്ട് ഭൂമിക്ക് എന്ന്. എന്നാല്‍ വെറും 2020 വര്‍ഷമെ ആയിട്ടുള്ളൂ യേശു ജനിച്ചിട്ടും അപ്രത്യക്ഷമായിട്ടും! അപ്പോള്‍ 2020ന് മുമ്പും പിമ്പും കോടാനുകോടി മനുഷ്യര്‍ ഭൂമിയില്‍ ജനിച്ചിട്ടുണ്ട്; മരിച്ചിട്ടുണ്ട്. യേശുവിനെക്കുറിച്ച് കേള്‍ക്കുക പോലും ചെയ്യാത്തവര്‍. ഇവരുടെയെല്ലാം പാപത്തിന്‍റെ അവസ്ഥയെന്ത്? ആരാണ് അത് ഏറ്റെടുത്തത്?

(തുടരും)