ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 മെയ് 01 1442 റമദാന്‍ 19

(ഭാഗം:19)

വിങ്ങിപ്പൊട്ടിക്കൊണ്ട് അവള്‍ ചോദിച്ചു:

''എന്തിനുവേണ്ടിയാണിത് ചെയ്തത്? ആദ്യം കൂട്ടുകാരനെയും ഇപ്പോള്‍ കുടുംബക്കാരനെയും അരുംകൊല ചെയ്തില്ലേ? ഇത്രയും ക്രൂരത ചെയ്യുന്ന മതത്തിലേക്ക് നിങ്ങള്‍ എന്തിനാണ് പോയത്? ഇനിയെത്ര പേരെ കൊല്ലും? മക്കളില്ലാത്ത ഇളയച്ഛന്‍ നിങ്ങളെയൊക്കെ എത്രമാത്രം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തതാണ്. എന്നിട്ടും നിങ്ങള്‍ അത് ചെയ്തല്ലോ! കൂടോത്രം ചെയ്തു മനുഷ്യരെ കൊല്ലുന്ന നീയൊക്കെ മുടിഞ്ഞുപോകുകയേയുള്ളൂ.''

അവള്‍ ശാന്തയായപ്പോള്‍ ഞാന്‍ സൗമ്യമായി പറഞ്ഞു:''സഹോദരി, നീ പറഞ്ഞതും വിശ്വസിക്കുന്നതുമെല്ലാം വെറും തെറ്റിദ്ധാരണകള്‍ മാത്രമാണ്. മന്ത്രവാദം കൊണ്ട് എന്തെങ്കിലും നേടാന്‍ കഴിയുമായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇവിടുന്ന് പേടിച്ച് ജീവരക്ഷാര്‍ഥം നാടുവിടേണ്ടി വരുമായിരുന്നോ? മനുഷ്യരെ കൊല്ലുന്ന ഒരു മന്ത്രവാദവും എനിക്കറിയില്ല.''

മൂന്ന് മണി കഴിഞ്ഞിട്ടും വേലന്റെ ബോഡി വന്നില്ല. പകരം ഒരു വാര്‍ത്ത വന്നു; 'വേലന്‍ മരിച്ചിട്ടില്ല, ജീവനുണ്ട്. മെഡിക്കല്‍ കോളേജിലാണ്.'

ഇതെന്തൊരത്ഭുതം! വിവരം അറിഞ്ഞയുടന്‍ വണ്ടിവിളിച്ച് ഞങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞു. അമ്മാവനെ നേരില്‍കണ്ടപ്പോള്‍ ഞെട്ടിപ്പോയി. കണ്ണുകള്‍ പുറത്തേക്ക് തള്ളി, താടിയെല്ലുകള്‍ സ്ഥാനം തെറ്റി, വായതുറന്ന്, ദേഹമാസകലം മുറിവുകളോടെയുള്ള വികൃതരൂപത്തെ തീയേറ്ററില്‍നിന്നും ഇറക്കിക്കൊണ്ടുവരുന്നു. മരണവുമായി മല്‍പ്പിടുത്തം നടത്തുകയാണ്!

സഹിക്കാനാവാത്ത കാഴ്ച കണ്ട് അല്ലാഹുവിനോട് യാചിച്ചു: 'നാഥാ... ഈ അവസ്ഥയില്‍ അമ്മാവനെ മരിപ്പിക്കരുത്. ഏകസത്യം അറിയിക്കുന്നതിനുള്ള ഒരവസരം കൂടി എനിക്കു തരേണമേ തമ്പുരാനേ...'

പിന്നീട് മാമിയെ വിളിച്ച് സംഭവങ്ങള്‍ ചോദിച്ചറിഞ്ഞു.

''മോനേ, ക്ഷേത്രത്തില്‍ സന്ധ്യാവിളക്ക് വെക്കുന്നതിന് മുമ്പ് മെയിന്റോഡിനു എതിര്‍വശത്തുള്ള കുളത്തില്‍ പോയി. കുളികഴിഞ്ഞു ക്ഷേത്രത്തിലേക്കു റോഡ് മുറിച്ചുകടക്കുമ്പോള്‍ ഒരു വാന്‍ പാഞ്ഞുവന്ന് അമ്മാവനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ കടന്നുപോയി. ഞങ്ങള്‍ ഓടിച്ചെല്ലുമ്പോള്‍ ചോരയില്‍കുളിച്ച് കിടന്ന് പിടയുകയാണ്. സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഒരു ജീപ്പ് വിളിച്ചുതന്നു. അപ്പോള്‍ അനക്കമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചകഴിഞ്ഞപ്പോഴാ അനക്കം ഉണ്ടായത്.''

''ഇന്നലെ സന്ധ്യാവിളക്ക് കത്തിച്ചോ?''

''ഇല്ല മോനേ, ആരു കത്തിക്കാന്‍!.''

''ഞങ്ങള്‍ ചത്തില്ലെങ്കില്‍ ഇനിയും സന്ധ്യാവിളക്ക് കത്തിക്കുകയില്ലെന്നു പമ്പാനദിയില്‍ മുങ്ങിപ്പൊങ്ങി ശപഥം ചെയ്തിട്ടല്ലേ ഇന്നലെ പോയത്? ഞങ്ങളാരും മരിച്ചിട്ടില്ല.''

അതുകേട്ടപ്പോള്‍ മാമി വീണ്ടും പൊട്ടിക്കരഞ്ഞു. ഈ സമയം അമ്മയും അച്ഛനും മറ്റു ബന്ധുക്കളും എത്തി. അമ്മ പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, എന്റെ കുഞ്ഞിനെ ജീവനോടെ തിരിച്ചുതരേണമേ. അവന്‍ അറിവില്ലായ്മയാല്‍ ചെയ്ത തെറ്റുകള്‍ നീ ക്ഷമിച്ചു മാപ്പ് കൊടുക്കണേ....''

വിങ്ങിപ്പൊട്ടിയുള്ള അമ്മയുടെ പ്രാര്‍ഥന കേട്ട് അവിടെ കൂടിനിന്നവരെല്ലാം കരഞ്ഞുപോയി.

''ആരാ അമ്മായീ നിങ്ങളെ ഇവിടെ കൊണ്ടുവന്നത്?''

''ആരാണ്ട്... രണ്ടുവണ്ടി ആള്‍ക്കാര്‍ ഉണ്ടായിരുന്നു.''

''ആരാ അമ്മാവന്‍ മരിച്ചു എന്ന വാര്‍ത്ത കൊടുത്തത്?''

''എനിക്കറിയില്ല മോനേ... ഇടയ്ക്ക് വെള്ളം കൊടുത്തപ്പോള്‍ കുടിച്ചില്ല. അപ്പോഴേ അമ്മാവന്‍ മരിച്ചെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. ഇവിടെ വന്ന ആള്‍ക്കാര്‍ എന്തൊക്കെയോ എഴുതി കൊണ്ടു പോയി. മരിച്ച വാര്‍ത്ത കൊടുത്തത് ആരാണെന്ന് എനിക്കറിയില്ല. എനിക്ക് ബോധം ഇല്ലായിരുന്നു.''

''കഷ്ടം തന്നെ! ജീവനുള്ള മനുഷ്യനെ ശവമാക്കി.''

മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം ഒരുവിധം സുഖം പ്രാപിച്ചു സ്വാമി നാട്ടിലെത്തി.

ഈ സംഭവത്തോടുകൂടി പല ശത്രുക്കളുടെയും ശത്രുത വളരെ കുറഞ്ഞു. ഞങ്ങളെ പരസ്യമായി ഉപദ്രവിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ക്കൊക്കെ ഉടനടി അപകടങ്ങള്‍ വന്നതു ബോധ്യപ്പെട്ടതു കൊണ്ടായിരിക്കാം ചില ബദ്ധശത്രുക്കള്‍പോലും ലോഹ്യം പറഞ്ഞ് അടുക്കുവാന്‍ തുടങ്ങി! (എന്റെ ഒരു നിഗമനം).

ഞങ്ങള്‍ ഇടയ്ക്കിടെ നാട്ടിലേക്കു പോകാനും വരാനും തുടങ്ങി. അമ്മാവന്‍ ശത്രുതയൊക്കെ ഉള്ളിലൊതുക്കി എന്റെ വീട്ടില്‍ വരാനും തുടങ്ങി.

ഒരുദിവസം നല്ല അവസരമുണ്ടാക്കി അമ്മാവനുമായി പലതും ചര്‍ച്ച ചെയ്തു.

''അമ്മാവാ... നമ്മുടെ സംസാരവിഷയം അവസാനിക്കുന്നതുവരെ ഒഴിഞ്ഞുമാറുകയോ എതിര്‍ക്കുകയോ ചെയ്യരുത്.''

''ഇല്ല, പറഞ്ഞോളൂ.''

നമ്മള്‍ തലമുറകളായി തലപ്പാറ മലദേവ കൊച്ചുവേല കുടുംബക്കാര്‍ മലദൈവങ്ങളെയും ശ്രീ അയ്യപ്പനെയും വിശ്വസിച്ചും സേവിച്ചും ആരാധിച്ചും വരികയും പിന്‍തലമുറകളിലേക്കു പകര്‍ന്നുകൊടുക്കുകയുമാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് മലവേല കുടുംബങ്ങളുടെയും സ്ഥിതിഗതികള്‍ ഞാന്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടതാണ്. അമ്മാവനുള്‍പ്പെടെ ആര്‍ക്കെങ്കിലും ഒരു പുരോഗതിയുള്ളതായി പറയാനുണ്ടോ? ദാരിദ്ര്യവും അവഹേളനവുമല്ലാതെ എന്താണ് നേട്ടം? ശബരിമല ശ്രീ അയ്യപ്പസന്നിധിയില്‍ ഓരോ വര്‍ഷവും കോടാനുകോടി രൂപയും ഇതരസമ്പത്തുക്കളും കുമിഞ്ഞു കൂടുന്നു. ശ്രീ അയ്യപ്പന് ലഭിക്കുന്ന ഒരു ദിവസത്തെ വരുമാനം വളര്‍ത്തച്ഛനു കിട്ടിയാല്‍ നമ്മുടെ എത്ര കുടുംബങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടും?! തിരുവാഭരണ പൂജ മലവേലന്‍ ചെയ്തുകഴിയുമ്പോള്‍ പന്തളം രാജാവ് ദക്ഷിണയായി ഇട്ടുതരുന്ന ഒരുപിടി പണവും (അഞ്ഞൂറ് രൂപയില്‍ താഴെ മാത്രം) അയ്യപ്പന്മാര്‍ നേര്‍ച്ചയായി വലിച്ചെറിയുന്ന ചില്ലിക്കാശും എല്ലാംകൂടി ഒരു വര്‍ഷം ഒരു പതിനായിരം രൂപ കിട്ടിയ സംഭവമുണ്ടോ? ആര്‍ക്കുവേണ്ടി, എന്ത് നേട്ടത്തിനു വേണ്ടിയാ നമ്മള്‍ കൊടുംവനത്തില്‍ മഴയും തണുപ്പും പട്ടിണിയും സഹിച്ച് ഈ ത്യാഗം ചെയ്യുന്നത്? തലമുറ തലമുറയായി നമ്മള്‍ എന്തുനേടി? വരും തലമുറ എന്ത് നേടും? ഒരിക്കലെങ്കിലും ഇതേക്കുറിച്ച് അമ്മാവന്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോഴത്തെ ഈ അവസ്ഥയിലെങ്കിലും ചിന്തിച്ച് ഒരു പരിവര്‍ത്തനത്തിന് തയ്യാറായിക്കൂടേ?''

''പണവും സമ്പത്തും ആഗ്രഹിച്ചാണോ നമ്മള്‍ തലമുറ തലമുറയായിട്ട് ഈ ആചാരങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നത്? നമ്മുടെ അവകാശവും അധികാരവും അറിയാവുന്ന ദേവസ്വംബോര്‍ഡോ, പന്തളം കുടുംബമോ അറിഞ്ഞുതരേണ്ടതല്ലേ?''

''നമ്മള്‍ ചോദിച്ചാല്‍ തരില്ല, പിന്നെയാ അറിഞ്ഞ് തരുന്നത്!''

''മലദേവനും പൂജാരിയുമായ അമ്മാവന് പുണ്യസ്ഥലത്തുവച്ച് ഇത്രവലിയ അപകടം സംഭവിച്ചപ്പോള്‍ ഏതെങ്കിലും ആരാധനമൂര്‍ത്തികള്‍ തടഞ്ഞോ? ആരെങ്കിലും സാമ്പത്തികമായി സഹായിച്ചോ? രക്ഷിച്ചോ?''

''എന്നെ ദൈവം രക്ഷിച്ചു. അതുകൊണ്ടാ മരിച്ച ഞാന്‍ വീണ്ടും ജീവിച്ചു വീട്ടില്‍ വന്നത്.''

''സമ്മതിച്ചിരിക്കുന്നു. രക്ഷിച്ചത് ദൈവം തന്നെ. സംശയമില്ല. രക്ഷിച്ച ആ ദൈവത്തെ തിരിച്ചറിഞ്ഞു വിശ്വസിച്ച് ഇനിയുള്ള കാലം മുന്നോട്ട് പോകാമോ? നമ്മുടെ പൂര്‍വികര്‍ മുതല്‍ ചുമന്നുകൊണ്ട് നടന്നതും തോളിലേക്ക് വച്ചുതന്നതും യഥാര്‍ഥ ദൈവത്തെയാണെന്ന് അമ്മാവന്‍ വിശ്വസിക്കുന്നുണ്ടോ?''

അമ്മാവന്റെ മറുപടി മൗനമായിരുന്നു.

''ഈ മഹാപ്രപഞ്ചവും നമ്മള്‍ കാണുന്ന സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് യാതൊന്നിന്റെയും രൂപമില്ല. സാദൃശ്യമില്ല. അവനെ നമ്മള്‍ കണ്ണുകൊണ്ട് കാണുന്നില്ലെങ്കിലും നമ്മളെ അവന്‍ സദാ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഹൃദയത്തിന്റെ മിടിപ്പുപോലും എത്രയെന്നു ദൈവം അറിയുന്നുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന പൂജാവസ്തുക്കളൊന്നും ആ ദൈവത്തിന് ആവശ്യമില്ല. നമ്മള്‍ എന്ത് ചോദിച്ചാലും, നമുക്ക് ആവശ്യമുള്ളതും അല്ലാത്തതും ആ ദൈവത്തിന് അറിവുള്ളതുകൊണ്ട് ആവശ്യമുള്ളത് മാത്രമെ അവന്‍ തരികയുള്ളൂ. അതുകൊണ്ട് നമ്മെ സൃഷ്ടിച്ച ദൈവത്തിന്റെ മുമ്പില്‍ തന്നെ നമുക്ക് പോകണം.''

''ഞാന്‍ എന്തു ചെയ്യണം?'' അമ്മാവന്‍ മൗനംവെടിഞ്ഞു.

''ഒന്നാമതായി പന്തളം രാജാവ് നമ്മുടെ പൂര്‍വികരെ കല്‍പിച്ചേല്‍പിച്ച വാള്‍, അരപ്പട്ട, ശംഖ്, തൃശൂലം മുതലായ എല്ലാ സാധനങ്ങളും തിരികെ കൊടുക്കുകയും ഇനി മുതല്‍ ഞങ്ങള്‍ ഈ ആചാരം നിര്‍ത്തുകയാണെന്നും മറ്റാരെയെങ്കിലും ഏല്‍പിച്ചോളൂ എന്നു പറയുകയും വേണം. ഞാനും കൂടെ വരാം. പിന്നെ അമ്മാവനും മാമിയും ഞാന്‍ വിശദീകരിച്ചുതന്ന ആ ഏകദൈവത്തില്‍ ഉറച്ചു വിശ്വസിക്കണം. തുടര്‍ന്ന് ദിവസവും രാത്രിയും പകലും, ആ ദൈവം നിങ്ങളുടെ മുമ്പിലുണ്ട് എന്ന വിശ്വാസത്തോടുകൂടി അവന്റെ മുമ്പില്‍ തലകുനിച്ചു നമസ്‌കരിക്കണം. അവനോടു മാത്രം പ്രാര്‍ഥിക്കണം. തയ്യാറാണോ?''

''എടാ കുഞ്ഞേ... നീ പറയുന്നതാണ് സത്യം. എനിക്കു മനസ്സിലായി. പക്ഷേ...''

''അമ്മാവാ, ഇനി ഒന്നും ആലോചിക്കേണ്ട. മക്കളും മരുമക്കളുമായി ഞങ്ങള്‍ മാത്രമെ നിങ്ങള്‍ക്കുള്ളൂ. ഒരു വീഴ്ച വരുമ്പോള്‍ നമ്മള്‍ പൂജിക്കുന്ന ഒരു മലമൂര്‍ത്തികളും സഹായിക്കില്ലെന്നു ബോധ്യപ്പെട്ടില്ലേ? യഥാര്‍ഥ ദൈവത്തെ കൈവിട്ട് മിഥ്യാമൂര്‍ത്തികളെ സേവിച്ച് ജീവിക്കുന്നവര്‍ക്ക് ഒരു വിജയവും ഉണ്ടാകില്ല.''

''നീ പറഞ്ഞതെല്ലാം ശരിയാണ്. ഞാന്‍ ഇപ്പോള്‍ ഇതെല്ലാം വിട്ടൊഴിഞ്ഞാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. തിരുവാഭരണങ്ങള്‍ക്ക് പൂജചെയ്ത് തലപ്പാറമല കോട്ടയില്‍നിന്നും ആനയിച്ചില്ലെങ്കില്‍ മലവേലന്റെ തല വെട്ടിക്കളയുമെന്നാണ് രാജകല്‍പന.''

''ഇത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കല്‍പനയല്ലേ? ഇപ്പോള്‍ രാജഭരണമല്ല. രാജാവിന്റെ പിന്‍ഗാമികള്‍ക്കൊന്നും തല വെട്ടാനുള്ള അധികാരമില്ല. ഈ ആചാരം മുന്നോട്ട് കൊണ്ട്‌പോകാന്‍ നമുക്ക് താല്‍പര്യമില്ലെന്നു പറഞ്ഞാല്‍ ആരും നിര്‍ബന്ധിക്കുകയില്ല. ധൈര്യമായി ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ട് പോകാം. ഒന്നും ഭയപ്പെടേണ്ട.''

''എന്തായാലും ഞാന്‍ ഇതുവരെ അനുഷ്ഠിച്ചുവന്ന ആചാരങ്ങള്‍ ഒഴിഞ്ഞുകളയാന്‍ തയ്യാറല്ല. എന്റെ കാലശേഷം ഇത് നിലനിര്‍ത്തി തുടര്‍ന്നുപോകേണ്ട ഉത്തരവാദിത്തം നിനക്കാണ്. നീ ഇപ്പോള്‍ സ്വീകരിച്ച മുസ്‌ലിം വിശ്വാസം ഒഴിഞ്ഞ് പൂര്‍വികര്‍ കൈമാറിത്തന്ന ആചാരം മുന്നോട്ട് കൊണ്ടുപോകണം. ഇല്ലെങ്കില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകും.''

''രക്ഷയും ശിക്ഷയും എവിടെനിന്നു ലഭിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത് നിങ്ങളെയും ബോധ്യപ്പെടുത്തി. ഏകനായ ദൈവത്തെ ഉപേക്ഷിച്ചിട്ട് ഭൂമിയിലുണ്ടെന്നു വിശ്വസിക്കുന്നതും ആരാധിക്കുന്നതുമായ ഒന്നിന്റെയും പിന്നാലെ ഞാന്‍ വരില്ല. അത് പ്രതീക്ഷിക്കുകയും വേണ്ടാ... പക്ഷേ, അമ്മാവന് അപകടം ഉണ്ടായ വിവരമറിഞ്ഞപ്പോള്‍ ഇപ്പോള്‍ പറഞ്ഞ സത്യങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി  ഒരവസരം തരണമെന്ന് ദൈവത്തോട് വളരെ വിഷമത്തോടുകൂടി ഞാന്‍ യാചിച്ചിരുന്നു. ദൈവം അതിനുള്ള അവസരവും തന്നു. പക്ഷേ, അമ്മാവന്‍ അത് അംഗീകരിക്കുന്നില്ല. അമ്മാവനെ രക്ഷിച്ചതു ദൈവമാണെന്നു സമ്മതിക്കുന്നു. എന്നാല്‍ രക്ഷിച്ച ദൈവത്തെ ഇനിയും അംഗീകരിക്കാന്‍ വയ്യ! ഒന്നുകൂടി ആലോചിക്കൂ... മരണം പിടികൂടിയാല്‍ പിന്നെ ദുഃഖിച്ചിട്ടു കാര്യമില്ല.''

''ഇല്ല കുഞ്ഞേ, ഞാന്‍ ഈ പ്രായംവരെ സേവിച്ചതൊന്നും ഉപേക്ഷിക്കില്ല. പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...''

''എന്താണെങ്കിലും പറയൂ അമ്മാവാ.''

തലയുയര്‍ത്താതെ അമ്മാവന്‍ ആ ഞെട്ടിക്കുന്ന രഹസ്യം പറഞ്ഞുതുടങ്ങി. (തുടരും)