ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്‍റെ അന്ത്യം

പി.എന്‍ സോമന്‍

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

(ഭാഗം 14)

ഞാന്‍ നമസ്കാരത്തില്‍നിന്നും വിരമിച്ചു. വേഷംമാറി നില്‍ക്കുന്ന അമ്മയെ കണ്ടപ്പോള്‍ ഇടിവെട്ടേറ്റതുപോലെ കണ്ണുംതള്ളി നോക്കി നില്‍ക്കുകയാണ് അച്ഛന്‍! ഞാന്‍ കിടുകിടാ വിറക്കാന്‍ തുടങ്ങി. യാതൊന്നും പ്രതികരിക്കരുതെന്നു അമ്മയോട് പറഞ്ഞു. ഞാന്‍ മുറ്റത്തേക്കു ചാടി.

ഒരു സംഘര്‍ഷം നൂറു ശതമാനവും പ്രതീക്ഷിച്ച് വീടിന്‍റെ ഭിത്തി മറപിടിച്ചു വിറച്ചു നില്‍ക്കുകയാണ് ഞാന്‍. കുറെ സമയം കഴിഞ്ഞിട്ടും സംസാരമോ അനക്കമോ കേള്‍ക്കുന്നില്ല. അമ്മ അച്ഛനു കാപ്പികൊടുത്തിട്ടു വാങ്ങിയില്ല. വിളിച്ചിട്ടു മിണ്ടുന്നുമില്ല. താടിക്കു കൈയ്യും ഊന്നി കട്ടിലില്‍ കുനിഞ്ഞിരിക്കുന്നു. കൈയിലുണ്ടായിരുന്ന വെട്ടുകത്തി കട്ടിലിന്‍റെ അടിയില്‍വച്ചു. അച്ഛന്‍റെ സ്വഭാവം എനിക്കറിയാം. സാമാധാനമായി അഭിനയിച്ച്, പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടയില്‍ പെട്ടന്നായിരിക്കും ആക്രമണം. ഓടാനോ തടയാനോ സമയം കിട്ടില്ല. ഇതു ഞങ്ങളെല്ലാം പലപ്പോഴും അനുഭവിച്ചിട്ടുള്ളതും അറിവുള്ളതുമാണ്.

കുറെ സമയം കഴിഞ്ഞപ്പോള്‍ അച്ഛന്‍ കിടന്നു. വെട്ടുകത്തി കൈയെത്തും ദുരത്തുണ്ട്. എനിക്കു ഭീതി വര്‍ധിച്ചു. ഇന്ന് ഉറക്കത്തില്‍ എല്ലാം കഴിയും. രാവിലെ ആരൊക്കെ ബാക്കി കാണും എന്നറിയില്ല.

രാത്രി ഏറെ കഴിഞ്ഞു. കുട്ടികള്‍ ഉറങ്ങി. ഭാര്യയെയും കുട്ടികളെയും കൂട്ടി ഈ രാത്രി പറമ്പില്‍ മരച്ചുവട്ടിലെങ്ങാനും പോയി കിടക്കാമെന്ന തീരുമാനത്തോടെ പതുങ്ങി വീട്ടിനുള്ളില്‍ കയറിയപ്പോള്‍ മുറിക്കുള്ളില്‍ എന്തോ അടക്കം പറയുന്നതായി കേട്ടു. എന്താണെന്നറിയാന്‍ കാതോര്‍ത്ത് കതകിനോടു ചേര്‍ന്നുനിന്നു.

പ്രിയപ്പെട്ട അമ്മ അച്ഛനെ കുലുക്കിവിളിച്ചു പറയുകയാണ്: "ദേ, ഞാന്‍ പറയുന്നത് കേട്ടിട്ട് നിങ്ങള്‍ എന്താണേല്‍ ചെയ്യൂ. അവന്‍ പറയുന്നതില്‍ സത്യമുണ്ട്. നമ്മള്‍ വിശ്വസിച്ചതും കണ്ടതുമായ മൂര്‍ത്തികളും ദേവീദേവന്‍മാരും യേശുവുമൊന്നുമല്ല ദൈവം. ഏകനായ ഒരു ദൈവം ഉണ്ട്. അത് അല്ലാഹുവാണ്."

"അത് നിനക്കെങ്ങനെ അറിയാം?" അച്ഛന്‍.

"അവന്‍ ഒരു മന്ത്രം പറഞ്ഞുതന്നു. ഞാന്‍ അത് ഏറ്റു പറഞ്ഞപ്പോള്‍ പുതിയ എന്തോ അനുഭവം ഉള്ളതായി തോന്നി."

"എന്താ നിനക്ക് തോന്നിയത്?"

"മുഖം നിലത്തുവച്ച് കമഴ്ന്നു കിടന്നപ്പോള്‍ ദേഹത്തുനിന്നു ഭാരം ഇറങ്ങിയതുപോലെ തോന്നി. നല്ല ധൈര്യവും കെല്‍പ്പും ഉണ്ടായപോലെ. ആ കര്‍മം ചെയ്യുമ്പോള്‍ വേറൊരു ലോകത്താണെന്നു തോന്നിപ്പോകും."

"എടീ, ഇതൊക്കെ നാണക്കേടല്ലേ? കുറച്ചുകാലം പാട്ടും ഭജനയും ശബരിമലക്കുപോക്കും... എന്തൊക്കെ പ്രകടനമായിരുന്നു! പിന്നെ വീട്ടില്‍ പാട്ടും പ്രസംഗവും തുള്ളലും ഉപദേശിമാരും... ഇപ്പോള്‍ നാണംകെട്ട മുസ്ലിംകളുടെ കൂടെ കൂടിയിരിക്കുന്നു. ഇതൊക്കെ നാണക്കേടും പ്രശ്നങ്ങളുമുണ്ടാക്കും. മൂത്തമകനാണെന്നു പറഞ്ഞ് കാണിക്കുന്ന തോന്ന്യാസത്തിനെല്ലാം നമ്മളും കൂട്ടിനില്‍ക്കണോ? ഞാനാ പള്ളിയില്‍ ചെന്ന് ഇവന്മാരുടെ ഒരു നേതാവിനോട് (ഉസ്താദിനെയാണ് ഉദ്ദേശിക്കുന്നത്) എന്‍റെ പിള്ളേര് എവിടാന്നു ചോദിച്ചപ്പോള്‍ അവന്‍ ചോദിക്കുവാ ഞാന്‍ പിള്ളേരെ അവനെ ഏല്‍പിച്ചിട്ടുണ്ടോന്ന്! അവനെയങ്ങു തീര്‍ക്കാന്‍ തോന്നിയതാ. പിന്നെ പിള്ളേരുടെ വിവരമൊന്നറിയട്ടെ എന്നു കരുതി ക്ഷമിച്ചു പോന്നതാ. ഇനി വല്ലവനും ഇങ്ങോട്ടു വന്നാല്‍ അരിഞ്ഞു ചെതറിക്കും എല്ലാത്തിനേം."

"ഇല്ലാന്ന്... ഒരു കുഴപ്പവുമുണ്ടാകത്തില്ല. ഇത് നല്ലതിനു വേണ്ടിയാണെന്നെനിക്കുറപ്പുണ്ട്. അവര് തിരിച്ചുവന്നിട്ട് എത്ര ദിവസമായിപ്പോള്‍? നിങ്ങള്‍  ഇതുവരെയും അവനോടു മിണ്ടുകപോലും ചെയ്തില്ലല്ലോ! നമ്മുടെ മകനല്ലേ... അവന്‍റെ കോലം കണ്ടില്ലേ? എല്ലുംതൊലിയുമായി എന്‍റെ കുഞ്ഞ്. കരഞ്ഞുകൊണ്ട് നിങ്ങള്‍ക്കുവേണ്ടി അവന്‍ പ്രാര്‍ഥിക്കുന്നതു കണ്ടിട്ട് ഞാനും കരഞ്ഞുപോയി."

പിണങ്ങിക്കിടന്ന അച്ഛന്‍ എഴുന്നേറ്റ് അത്താഴം എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഈ രംഗവീക്ഷിച്ച എന്‍റെ മനസ്സ് ശാന്തമായി. നല്ലതു സംഭവിക്കട്ടെ എന്നു പ്രാര്‍ഥിച്ചു.

പിറ്റേന്ന് അച്ഛന്‍ എന്നെ നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്തു; അല്‍ഹംദുലില്ലാഹ്.

അന്നത്തെ ഞങ്ങളുടെ ദുഹ്ര്‍ നമസ്കാരവും നിറകണ്ണുകളോടെയുള്ള പ്രാര്‍ഥനയും അച്ഛന്‍ നോക്കി നിന്നു.

അസ്വ്ര്‍ നമസ്കാര സമയമായപ്പോള്‍ അച്ഛന്‍ ചോദിച്ചു: "ഞാനും നിസ്കരിക്കട്ടെ?"

സന്തോഷവും സങ്കടവും ഒന്നിച്ചു അണപൊട്ടിയ സന്ദര്‍ഭം! കുളിച്ചു ശുദ്ധിയാകുവാന്‍ പറഞ്ഞു. പിന്നീട് വെള്ളം കൊണ്ടുവന്നു വുദൂഅ് ചെയ്യിപ്പിച്ചു.

ഞാന്‍ ചൊല്ലിക്കൊടുത്തു: 'അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്." അച്ഛന്‍ അത് ഏറ്റു പറഞ്ഞു.

ഈ ലോകത്തെ അസുലഭമായ ഒരു സന്ദര്‍ഭം. വിവരണാതീതമായ സന്തോഷം പകര്‍ന്ന പുണ്യകര്‍മം. ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനും അമ്മയും മണ്‍കട്ട ഭിത്തികളുള്ള മുറിക്കുള്ളില്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ തങ്ങളുടെ ഏക രക്ഷിതാവായി അംഗീകരിച്ചുകൊണ്ട് സൂജുദില്‍ വീണു.

അല്ലാഹുവിന്‍റെ അടിമയായ എന്‍റെ ആഗ്രഹം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. അല്ലാഹുവിനത്രെ സര്‍വസ്തുതിയും.

തുടര്‍ന്ന് ചെറിയ ഇസ്ലാമിക ലേഖനങ്ങള്‍ വായിച്ചു പഠിപ്പിച്ചു തുടങ്ങി. നഴ്സറിക്കുട്ടികളെ പോലെ അവര്‍ കേട്ടുകൊണ്ടിരുന്നു. അനുഗൃഹീതമായ രംഗം. (അവരുടെ പരലോകയാത്രക്കു ശേഷം ഇന്നും മനസ്സില്‍ ആ രംഗങ്ങള്‍ പ്രകാശിച്ചു നില്‍ക്കുകയാണ്).

ഇബ്ലീസിന്‍റെ അടുത്ത പദ്ധതി

അച്ഛനും അമ്മയും നമസ്കരിക്കുന്നതും ദീന്‍ പഠിക്കുന്നതുമെല്ലാം ബോധ്യപ്പെട്ട ഇളയ അനുജന്‍ കലിപൂണ്ടു. ശേഷിക്കുന്ന പത്തു സഹോദരങ്ങളെയും വിളിച്ചുകൂട്ടി. 'ചേട്ടന്‍ അച്ഛനെയും അമ്മയെയും

വളച്ചെടുത്തിരിക്കുന്നു. നമുക്കൊന്നും ഇനി മനഃസമാധാനമായി ഇവിടെ ജീവിക്കാന്‍ പറ്റില്ല. ഇത് ഇന്ന് അവസാനിപ്പിക്കണം' എന്ന് പ്രഖ്യാപിച്ചു. സന്ധ്യയായപ്പോള്‍ മക്കളും കൊച്ചുമക്കളുമായി ഒരു ജനക്കൂട്ടം മുറ്റത്ത്. ഒരു കുടുംബകലഹത്തിനുള്ള കളമൊരുങ്ങി. എതിര്‍പ്പും വാക്കുതര്‍ക്കവും എന്നോടായി.

"ഭീകരവാദികളുടെയും മന്ത്രവാദികളുടെയും ഒപ്പംകൂടി നീ നശിച്ചുവെന്നത് ഞങ്ങള്‍ക്കറിയാം. എന്തിനാണ് ഞങ്ങളുടെ അച്ഛനെയും അമ്മയെയും കൂടി വളച്ചെടുത്ത് നശിപ്പിക്കുന്നത്? ഇന്നുകൊണ്ട് നിര്‍ത്തിക്കോണം പരിപാടികള്‍."

ഞാന്‍ ശാന്തനായി മറുപടി നല്‍കി: "സഹോദരങ്ങളേ, മാതാപിതാക്കള്‍ എല്ലാ മക്കള്‍ക്കും തുല്യമാണ്. ഞാന്‍ അവരെ പ്രേരിപ്പിച്ചിട്ടില്ല, നിര്‍ബന്ധിച്ചിട്ടില്ല. അവരോടുതന്നെ ചോദിക്കൂ."

അതോടെ അവര്‍ മാതാപിതാക്കളുടെ നേരെ തിരിഞ്ഞു: "എന്താ രണ്ടു പേരുടെയും ഉദ്ദേശം? ഇപ്പോള്‍ പറയണം."

അമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു: "എന്‍റെ മകന്‍ ഒരു നാശത്തിന്‍റെ വഴിയിലല്ല പോയിരിക്കുന്നത്. സത്യത്തിന്‍റെയും രക്ഷയുടെയും വഴിയിലാണ്; എനിക്കുറപ്പുണ്ട്. ഞാന്‍ മരിക്കുന്നതുവരെ മറ്റെല്ലാം ഉപേക്ഷിക്കേണ്ടിവന്നാലും ആ വഴിയില്‍ ഉറച്ചു നില്‍ക്കും. ആരും എന്നെ തടയാന്‍ വരണ്ടാ."

ഒരു സഹോദരി പറഞ്ഞു: "ഈ തള്ള അവന്‍റെ കൂടോത്രം ശരിക്കും കഴിച്ചു. കണ്ടോ കണ്ടോ... ഒരാഴ്ചകൊണ്ട് ഈ തള്ളേടെ മനസ്സുമാറിയ മാറ്റം, എന്നാ കൂടോത്രമാടാ നീ കൊടുത്തു മയക്കി എടുത്തത്?"

അച്ഛന്‍ പറഞ്ഞു: "ഇതൊക്കെയൊന്നു പഠിക്കട്ടെ, എന്നിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്. ഇപ്പോള്‍ എല്ലാവരും വീടുകളില്‍ പൊയ്ക്കോളൂ."

അതോടെ മലപോലെവന്ന ഭീകരാന്തരീക്ഷം മഞ്ഞുപോലെ ഉരുകിപ്പോയി!

(അവസാനിച്ചില്ല)