ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 മെയ് 15 1442 ശവ്വാല്‍ 03

(ഭാഗം 20)

തല കുനിച്ചിരുന്ന്, മുഖത്തു നോക്കാതെ അമ്മാവന്‍ പറഞ്ഞു: ''എടാ കുഞ്ഞേ, നീ എന്നോട് ക്ഷമിക്കണം. നിങ്ങളെയെല്ലാവരെയും തിരിച്ച് കൊണ്ടുവരാന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.  നിന്നോട് എനിക്ക് പകയായി. നിന്നെ വകവരുത്താന്‍ ചില ആലോചനകള്‍ നടന്നപ്പോള്‍ ഞാനും കൂട്ടുനിന്നു. നീ പൂജാകര്‍മങ്ങള്‍ ചെയ്യുന്ന പല ഫോട്ടോകളും ഇവിടെ ഉണ്ടായിരുന്നത് ചിലര്‍ക്ക് കൊടുത്തിട്ടുണ്ട്.''

''എന്തിന്?''

''നിന്നെ തിരിച്ചറിയാന്‍ വേണ്ടി.''

''ആരുടെ കൈയിലാ കൊടുത്തത്? എത്രയെണ്ണം കൊടുത്തു?''

''ആരാണെന്നറിയില്ല. അഞ്ചെണ്ണം കൊടുത്തിട്ടുണ്ട്. ഇവിടുത്തുകാരൊന്നുമല്ലായിരുന്നു.''

''അവര്‍ എന്തു പറഞ്ഞു?''

''സ്വാമി ഒന്നുംകൊണ്ടും വിഷമിക്കണ്ട. അവനെ അധികം താമസിക്കാതെ ഈ ഭൂമിയില്‍നിന്ന് പറഞ്ഞു വിട്ടേക്കാം എന്ന്. ഞാന്‍ ആശുപത്രിയില്‍നിന്നും തിരിച്ചുവന്നശേഷം അവരുമായി ബന്ധമുള്ള പലരുടെയും വീട്ടില്‍ പോയി കണ്ടിരുന്നു. അവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. ആരും അവനെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാലും നീ വളരെ സൂക്ഷിച്ചുകൊള്ളണം. രാത്രിയിലോ, ഒറ്റക്കോ എങ്ങും പോകരുത്...''

ഇത്രയും പറഞ്ഞിട്ട് അമ്മാവന്‍ പൊട്ടിക്കരഞ്ഞു.

''അബദ്ധം പറ്റിപ്പോയി...''

''അമ്മാവാ...സാരമില്ല എന്നെയോര്‍ത്ത് വിഷമിക്കേണ്ട. മരണത്തെ എനിക്കൊട്ടും പേടിയില്ല. അത് നടക്കേണ്ട സമയത്ത് വിധിപ്രകാരംതന്നെ നടക്കും. മരണത്തിന്റെ താക്കോല്‍ മനുഷ്യരുടെ കൈയിലല്ല. മരണശേഷം നിത്യമായ ഒരു നല്ലജീവിതം കിട്ടുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അമ്മാവന്റെ കാര്യത്തിലാണ് എനിക്കു വിഷമം. ഏകനായ ദൈവത്തെ അംഗീകരിക്കുകയും വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ക്കല്ലാതെ നിത്യമായ പരലോക ജീവിതവിജയം ലഭിക്കുകയില്ല.''

അന്നത്തെ ചര്‍ച്ച അവസാനിപ്പിച്ചു. ആഹാരം കഴിച്ചു സന്തോഷത്തോടെ ഞങ്ങള്‍ പിരിഞ്ഞു.

അന്നു സമയം വൈകിയതിനാല്‍ ഞാന്‍ വാടകവീട്ടിലേക്ക് പോയില്ല. സ്വന്തം വീട്ടില്‍ മാതാപിതാക്കളോടൊപ്പം കഴിഞ്ഞു. രാത്രി പതിനൊന്നു മണിയായപ്പോള്‍ വീട്ടുമുറ്റത്ത് വന്ന് ആരോ ഉറക്കെ വിളിച്ചു. ഞാന്‍ കതക് തുറന്നു. അമ്മാവന്‍ എടുത്തു വളര്‍ത്തുന്ന മകളാണ്.

അവള്‍ പറഞ്ഞു: ''വീട്ടിലേക്ക് പെട്ടെന്ന് വരണം. അച്ഛനെന്തോ പ്രയാസമുണ്ട്. ഞാനും അനുജനും കൂടി ഓടിയെത്തി. അമ്മാവന്‍ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് പുളയുകയാണ്. ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല.''

പെട്ടെന്ന് ഒരു വാടകവണ്ടി വിളിച്ചു ആശുപത്രിയിലേക്ക് പാഞ്ഞു. യാത്രാമധ്യെ എന്നോട് കൈ നീട്ടി എന്റെ കൈ ആവശ്യപ്പെട്ടു. എന്റെ കൈയില്‍, എനിക്ക് ഭക്ഷണം വാരിത്തന്നു വളര്‍ത്തിയ ആ കൈകള്‍ വരിഞ്ഞുമുറുകി...ഒടുവില്‍ നിശ്ചലമായി. ആശുപത്രിയിലെത്തി പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞു: ''ഇയാള്‍ മരണപ്പെട്ടിരിക്കുന്നു; പത്ത് മിനുട്ട് മുമ്പ്.''

ഞാന്‍ ഇടിവെട്ടേറ്റ അവസ്ഥയില്‍ സ്തംഭിച്ചുനിന്നു.

ദുഃഖത്തോടുകൂടി പറയുകയാണ്; സര്‍വലോക സൃഷ്ടികര്‍ത്താവില്‍ അഭയം കണ്ടെത്തുന്നവരും സൃഷ്ടികളില്‍ അഭയം കാണുന്നവരും തമ്മിലുളള അന്തരങ്ങള്‍ തിരിച്ചറിയുക. സത്യം തേടുന്നവര്‍ക്ക് ശത്രുത ഒരു സഹായമായേ അവസാനിക്കൂ. സത്യം മനസ്സിലാക്കി സത്യത്തില്‍ ലയിച്ചു ചേരുക. ഇല്ലെങ്കില്‍ സത്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ ഒഴിഞ്ഞുമാറുക. സത്യത്തിന്റെ താക്കോല്‍ തമ്പുരാന്റെ പക്കലാണുള്ളത്. സത്യം എത്രകണ്ടു ഞെരിഞ്ഞമര്‍ന്നാലും ശരി അവസാനം വിജയിക്കുക തന്നെ ചെയ്യും.

തിരിച്ചുവരവ്

നാലാം വര്‍ഷം. നാട്ടില്‍നിന്നും പോയവരെല്ലാം മടങ്ങിവന്നു. പലരുടെയും എതിര്‍പ്പുകള്‍ കുറഞ്ഞിരുന്നു.

ഇസ്‌ലാമിനെക്കുറിച്ചു ഞാന്‍ പഠിച്ചുമനസ്സിലാക്കിയ കാര്യങ്ങള്‍ ചുരുക്കിപ്പറയാന്‍ ആഗ്രഹിക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ ഇതര മതസ്ഥരായ ആരെങ്കിലും ഈ വാരിക വായിക്കുന്നുവെങ്കില്‍ അവരുടെ അറിവിലേക്കാണ് കുറിക്കുന്നത്.

'ഇസ്‌ലാം' എന്ന പദത്തിന്റെ അര്‍ഥം 'സമാധാനം,' രക്ഷ എന്നൊക്കെയാണ്. ഒരാള്‍ ജയിലില്‍ അടക്കപ്പെട്ടാല്‍ ശിക്ഷ കഴിയുമ്പോള്‍ മോചനം ലഭിക്കുന്നു. വിശക്കുന്നയാള്‍ ആഹാരം കഴിക്കുമ്പോള്‍ വിശപ്പില്‍നിന്നും മോചിതനാകുന്നു. രോഗം പിടിപെട്ടയാള്‍ മരുന്നുകഴിച്ച് രോഗം മാറുമ്പോള്‍ രോഗത്തില്‍നിന്നും മോചിതനാകുന്നു. ഇങ്ങനെ മനുഷ്യസമൂഹത്തിനു സന്ദര്‍ഭോചിതമായി അനുഭവപ്പെടുന്ന ഒരു പ്രക്രിയയാണു മോചനം. എന്നാല്‍ ഇസ്‌ലാം നല്‍കുന്ന മോചനം അഥവാ രക്ഷ ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

പ്രപഞ്ച സ്രഷ്ടാവായ ഏക അസ്തിത്വത്തെ ഈശ്വരന്‍, യഹോവ, അല്ലാഹു... ഇങ്ങനെ പല പേരിലും ആളുകള്‍ വിളിക്കുന്നു. ഈ മഹാശക്തിക്ക് മാതാപിതാക്കളോ ഭാര്യാസന്തതികളോ ബന്ധുമിത്രാദികളോ ഇല്ല. അവന്‍ അനാദിയും അനന്തനുമാണ്. വിശപ്പോ ദാഹമോ ക്ഷീണമോ ഉറക്കമോ മയക്കമോ ബാധിക്കാത്ത അവന്‍ സൃഷ്ടിക്കപ്പെട്ടവനല്ല, എന്നാല്‍ സര്‍വതും അവനാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആ പരാശക്തിക്ക് പ്രപഞ്ചത്തിലുള്ള യാതൊന്നിന്റെയും സാദൃശ്യമോ രൂപമോ ഇല്ല.

ആ ഏകദൈവത്തെ അംഗീകരിക്കുകയും അവനെ മാത്രമെ ആരാധിക്കുകയുള്ളൂവെന്നും അവന്റെ മുമ്പില്‍ മാത്രമെ ശിരസ്സ് കുനിക്കുകയുള്ളൂവെന്നും അവന്റെ നിയമങ്ങള്‍ അനുസരിച്ചു മാത്രമെ ജീവിക്കുകയുള്ളൂ എന്നും അവനാല്‍ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്‍ ഹൃദയത്തില്‍ ഉറപ്പിച്ചു വിശ്വസിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്താല്‍ ആ വ്യക്തി സകല ദുര്‍മൂര്‍ത്തികളില്‍നിന്നും മോചിതനായി. അന്ധവിശ്വാസം, അനാചാരം, ബഹുദൈവാരാധന തുടങ്ങിയ അന്ധകാരങ്ങളില്‍നിന്നും അയാള്‍ രക്ഷനേടി. നിറം, ഭാഷ, ദേശം, തൊഴില്‍ തുടങ്ങിയ എല്ലാ രംഗത്തുമുള്ള വിവേചനത്തില്‍നിന്നും അയാള്‍ മോചിതനായി.

സൃഷ്ടികര്‍ത്താവിന്റെ കാല, ദേശ, ഭാഷകള്‍ക്കതീതമായ, മാറ്റത്തിരുത്തലുകള്‍ ആവശ്യമില്ലാത്ത നിത്യനൂതന നിയമങ്ങളുടെ മഹത്ത്വമാണിത് സൂചിപ്പിക്കുന്നത്. ആ നിയമങ്ങള്‍ മനുഷ്യര്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന മാറ്റമാണിത്.

മാനവരാശിയുടെ ഇഹപര വിജയത്തിനാവശ്യമായ കാര്യങ്ങള്‍ എന്തൊക്കെ, എന്താണ് ധര്‍മം, എന്താണ് അധര്‍മം എന്നൊക്കെ മനുഷ്യരെ സൃഷ്ടിച്ച സ്രഷ്ടാവിനേ പറഞ്ഞുതരാന്‍ കഴിയുകയുള്ളൂ. മനുഷ്യര്‍ക്കാര്‍ക്കും എല്ലായിടത്തും എല്ലാ കാലത്തും പ്രസക്തവും പ്രായോഗികവുമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധ്യമല്ല.

നാം ഒരു ഇലക്‌ട്രോണിക് ഉപകരണം വാങ്ങുമ്പോള്‍ അത് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നും മറ്റും മനസ്സിലാക്കിത്തരുന്ന ഒരു ലഘുപുസ്തകം (കാറ്റലോഗ്) കൂടെ ലഭിക്കാറുണ്ട്. അതില്‍ പറയുന്നതിനു വിപരീതമായി നമ്മള്‍ ആ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനു കേടപാടുകള്‍ വരുമെന്നതില്‍ സംശയമില്ല. കാരണം നിര്‍മാതാക്കള്‍ക്കാണ് ഉല്‍പന്നത്തെക്കുറിച്ച് കൃത്യമായി അറിവുണ്ടാവുക. അതുപോലെയാണ് മനുഷ്യന്റെ കാര്യവും. അവന്റെ സ്രഷ്ടാവിനു മാത്രമെ അവന് ഉപകാരപ്രദമായതും ഉപദ്രവകരമായതും എന്തൊക്കെയെന്ന് കൃത്യമായും സൂക്ഷ്മമായും അറിയുകയുള്ളൂ. ആ സ്രഷ്ടാവിന്റെ നിയമങ്ങള്‍ക്കേ അവന്റെ ജീവിതത്തെ സമാധാനപൂര്‍ണമാക്കുവാന്‍ സാധിക്കുകയുള്ളൂ.

ഏതാണ് ആ നിയമങ്ങള്‍? അത് അന്വേഷിച്ച് കണ്ടെത്തുകതന്നെ വേണം. പല മതക്കാര്‍ക്കും അവര്‍ അംഗീകരിക്കുന്ന വേദഗ്രന്ഥങ്ങളുണ്ട്. രാമായണം, ഭഗവത്ഗീത, ഉപനിഷത്തുക്കള്‍, ബൈബിള്‍, ക്വുര്‍ആന്‍... ഇങ്ങനെ പലതും. ഇതില്‍ ഏതാണ് സമഗ്രമായും കൃത്യമായും മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ നിയമങ്ങളും വിധികളും വിലക്കുകളുമൊക്കെ പഠിപ്പിക്കുന്നത്? പഠനത്തിലൂടെയേ അത് മനസ്സിലാക്കാന്‍ സാധിക്കൂ.

നമ്മള്‍ ബസ്സ്റ്റാന്റില്‍നിന്നും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കു യാത്രതിരിക്കുന്നു എന്ന് കരുതുക. ധാരാളം ബസുകള്‍... രൂപത്തിലും വലിപ്പത്തിലും നിറത്തിലുമെല്ലാം ഒരുപോലെ. നമ്മള്‍ ബോര്‍ഡ് നോക്കി ബസില്‍കയറി ഇരിക്കുന്നു. ബോര്‍ഡ് വായിച്ച് കയറിയതാണെങ്കിലും നമുക്ക് സംശയം അവശേഷിക്കും. അപ്പോള്‍ അടുത്തിരിക്കുന്ന ആളോടു ചോദിക്കും; ഈ ബസ് ഇന്ന സ്ഥലത്തേക്കാണോ പോകുന്നത്? അയാള്‍ അതെ എന്നു പറയും. എന്നാലും കണ്ടക്ടര്‍ വരുമ്പോള്‍ നാം ചോദിക്കും; ഈ ബസ് ഇന്ന സ്ഥലത്തേക്ക് പോകില്ലേ? കണ്ടക്ടറില്‍നിന്നും ഉറപ്പുകിട്ടിയ ശേഷമെ നമുക്കു സമാധാനമാകൂ.

ഒരു ബസ് യാത്രക്ക് ഇത്രയും അങ്കലാപ്പും സംശയവും തിരച്ചിലുമെങ്കില്‍ മനുഷ്യന്‍ അവന്‍ വിശ്വസിച്ചു പിന്തുടരുന്ന മതഗ്രന്ഥത്തിന്റെ സത്യസന്ധതയും ദൈവികതയും അന്വേഷിക്കലും അറിഞ്ഞിരിക്കലും അത്യാവശ്യമല്ലേ?

അങ്ങനെ നമ്മള്‍ സത്യാന്വേഷണത്തിന് തിരിയുമ്പോള്‍ മര്‍മപ്രധാനമായ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

1. നമുക്ക് സ്വതന്ത്രമായി ലഭിച്ച ജന്മാവകാശം.

2. നമ്മുടെ സ്വതന്ത്രമായ ചിന്തകള്‍.

3. നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും അവകാശവും.

ഇവ മൂന്നും ഒരാള്‍ക്കു മുമ്പിലും പണയം വയ്ക്കരുത്, അടിമപ്പെടരുത്. എന്തും കേള്‍ക്കാം, പക്ഷേ, പൂര്‍ണമായി വിശ്വസിക്കരുത്. ഏതാണു പരമസത്യം എന്ന് തിരിച്ചറിഞ്ഞു ഹൃദയത്തില്‍ ഉറക്കുന്നതുവരെ അന്വേഷണം തുടരണം. ഈ തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടാണ് ഈ ലേഖനം എഴുതാന്‍ എനിക്കു കഴിഞ്ഞത്.

ഈ അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ദൈവം ഏകനും പരാശ്രയമുക്തനുമാണെന്നു ബോധ്യപ്പെടും. ആ ഏകദൈവത്തിന്റെ നിത്യനിയമ വ്യവസ്ഥകളെ പൂര്‍ണമായി മനസ്സിലാക്കുമ്പോള്‍ പ്രപഞ്ചനാഥന്റെ നിയമം ഉള്‍ക്കൊണ്ടു കഴിയുന്ന ഏതൊന്നും മുസ്‌ലിം ആണെന്ന് തിരിച്ചറിയും. 'മുസ്‌ലിം' എന്ന പദത്തിന്റെ അര്‍ഥം 'കീഴ്‌പ്പെട്ടവന്‍,' 'സമര്‍പ്പിച്ചവന്‍' എന്നൊക്കെയാണ്. അങ്ങനെ നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനുമെല്ലാം മുസ്‌ലിം ആണ്.

സ്രഷ്ടാവ് സൂര്യനുമേല്‍ ഒരു നിത്യനിയമം വച്ചു. അതിനനുസരിച്ച് അത് വെളിച്ചം നല്‍കി നിര്‍ണിതമായ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെവരുമ്പോള്‍ സ്രഷ്ടാവിന്റെ കല്‍പനയനുസരിച്ച് ഒരു അണുവിട തെറ്റാതെ നിലനില്‍ക്കുന്ന സൂര്യന്‍ മുസ്‌ലിമാണ്. പ്രകാശം പ്രതിഫലിപ്പിച്ച് ഭൂമിയെ കുളിര്‍മയുള്ളതാക്കുന്ന ചന്ദ്രനും ദൈവകല്‍പന അനുസരിക്കുന്നതിനാല്‍ മുസ്‌ലിമാണ്.

നമ്മുടെ ശരീരത്തില്‍ വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന വ്യത്യസ്ത അവയവങ്ങളുണ്ട്. അവയും ദൈവകല്‍പനയനുസിക്കുന്നതിനാല്‍ മുസ്‌ലിം എന്ന വിശേഷണത്തിന് അര്‍ഹമാണ്. കണ്ണിനോടുള്ള ദൈവകല്‍പന കാണുക എന്ന ധര്‍മം നിര്‍വഹിക്കലാണ്. ചെവിയുടേത് കേള്‍ക്കലും. ചെവികൊണ്ട് ആരും കാണാറില്ല. കണ്ണുകൊണ്ട് ആരും കേള്‍ക്കാറുമില്ല.

(അവസാനിച്ചില്ല)