ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

(ഭാഗം 5)

1990ല്‍ എന്റെ ആത്മീയഗുരുവും മലദേവസ്ഥാനം വഹിക്കുന്ന കൊച്ചുവേലനുമായ സ്വന്തം അമ്മാവനുമായി ഉള്ളുതുറന്നൊരു ചര്‍ച്ച നടന്നു: 'അമ്മാവാ, ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ ആരാധിക്കുന്ന ദൈവത്തിനു (ശ്രീ അയ്യപ്പന്‍) ചാര്‍ത്താനുള്ള തിരുവാഭരണ പേടകങ്ങള്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഒരു മണിക്കൂര്‍ സമയം വച്ച് പൂജിക്കുന്നതിന് നമ്മള്‍  കൊടുക്കുന്ന പന്തല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൊളിച്ചു കളയുന്നു. ഇത് സംരക്ഷേക്കേണ്ട ഉത്തരവാദിത്തം ഒന്നുകില്‍ അയ്യപ്പഭക്തരായ ഹിന്ദുക്കള്‍ക്കുണ്ട്. ഇല്ലെങ്കില്‍ തിരുവാഭരണ ഉടമയായ ശ്രീ അയ്യപ്പനുണ്ട്. ആര്‍ക്കുമില്ലെങ്കില്‍ തിരുവാഭരണത്തിന് മേലുള്ള ഒരു വിശ്വാസിയുടെ വിശ്വാസത്തിനെന്തു വിലയാണുള്ളത്? ആര്‍ക്കും സംരക്ഷണം കഴിയില്ലെങ്കില്‍ നിരാശ്രയരായ നമ്മള്‍, കാറ്റും മഴയും ഇരുളും പട്ടിണിയും ത്യാഗവും അനുഭവിച്ച് എന്തിനാണ് പീഡനങ്ങള്‍ അനുഭവിക്കുന്നത്? ആര്‍ക്കു വേണ്ടി? എന്തിനുവേണ്ടി? പന്തളം രാജാവ് ദക്ഷിണയായി തരുന്ന ഒരുപിടി പണവും (150/200 രൂപ) ചില സ്വാമിമാര്‍ കോട്ടക്കുള്ളില്‍ എറിഞ്ഞുതരുന്ന ചില്ലറ തുട്ടുകളും ഉടച്ച കുറെ നാളികേരവുമല്ലേ രണ്ടു മാസത്തെ അധ്വാനഫലം? പതിനായിരം രൂപയെങ്കിലും ഒരു വര്‍ഷമെങ്കിലും കിട്ടിയിട്ടുണ്ടോ? ശബരിമല അയ്യപ്പ സന്നിധിയില്‍ ഒരു ദിവസത്തെ വേണ്ടാ, ഒരു മണിക്കൂര്‍ ലഭിക്കുന്ന നേര്‍ച്ചത്തുക 99 മലദേവന്മാരുടെ നേതാവായ തലപ്പാറ മലദേവന് ഉത്തരവാദപ്പെട്ടവര്‍ നല്‍കിയാല്‍, വേലനും പട്ടിണിപ്പാവങ്ങളായ എത്രയോ ഊരുവാസികളും ദാരിദ്ര്യത്തില്‍നിന്നും രക്ഷപ്പെടും.' എന്റെയീ വാക്കുകള്‍ക്കു മുമ്പില്‍ അമ്മാവന്‍ മൗനം പാലിച്ചു!

അടിസ്ഥാനമില്ലാത്ത തോന്നലുകളെ വിശ്വാസമാക്കിയും ആചാരങ്ങളെ കര്‍മമാക്കിയും പിന്‍തലമുറയിലേക്ക് പകര്‍ന്നുകൊടുക്കേണ്ട ആചാരം എന്നില്‍കൂടിയും കടന്നുപോകേണ്ടതാണല്ലോ. ഹിന്ദുമതത്തിലെ ജാതീയ വേര്‍തിരിവുകളും വിവേചനവും വിഭാഗീയതയുമടക്കമുള്ള പലതിനെക്കുറിച്ചും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചിന്തിച്ചതിന്റെ ഫലമായി എന്റെ മനസ്സില്‍ ഉറഞ്ഞുകൂടിയ മുരടിപ്പും മരവിപ്പും അസഹനീയമായപ്പോള്‍ 1991ല്‍ ഹിന്ദുമതാചാരകര്‍മങ്ങളുടെ അധ്യായത്തില്‍നിന്നും ഞാന്‍ സ്വമേധയാ സ്വതന്ത്രനായി.      

എന്റെ നാലുമക്കളെയും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും പെട്ടുപോകാതെ ദൈവവിശ്വാസികളായി പരിവര്‍ത്തനം ചെയ്ത് വളര്‍ത്താന്‍ വേണ്ടി ഞാന്‍ വളരെ ആഗ്രഹിച്ചു; അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനായി ആദ്യം യഥാര്‍ഥ ദൈവത്തെ കണ്ടെത്തണം. ആയതിനു മതങ്ങളെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ല.

ക്രിസ്തുമതത്തിലേക്ക്

അങ്ങനെ 1991ല്‍ ഞാന്‍ ക്രിസ്തുമതത്തിലേക്ക് ചേക്കേറി. ആദ്യംതന്നെ പട്ടികജാതിക്കാരുടെ 'പുതുക്രൈസ്തവര്‍ സഭ'യില്‍ കുടുംബസമേതം ചേര്‍ന്നു. ആദ്യദിവസം തന്നെ സഭാധ്യക്ഷനും അംഗങ്ങളും വളരെയധികം സ്‌നേഹാദരവോടെ ഞങ്ങളെ സ്വീകരിച്ചു. ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം, മനുഷ്യനുമേല്‍ ദൈവത്തിനുള്ള ഉത്തരവാദിത്തം, സ്വര്‍ഗനരകങ്ങള്‍, പുനര്‍ജന്മം തുടങ്ങിയ വിഷയങ്ങളില്‍ സഭാധ്യക്ഷന്റെ വാചാലമായ പ്രസംഗം, വാദ്യമേളത്തോടുകൂടിയ കൈയടിയും പാട്ടും... എന്തുകൊണ്ടും എല്ലാം വളരെയധികം ഇഷ്ടപ്പെടുകയും പ്രതീക്ഷകള്‍ ഉളവാക്കുകയും ചെയ്തു.

എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകാനും തുടങ്ങി. മതം മാറിയതിന് ബന്ധുക്കളില്‍നിന്നും ഊരുവാസികളിലും ചെറിയ എതിര്‍പ്പുകളും പുച്ഛവും കളിയാക്കലുമൊക്കെ ഉണ്ടായെങ്കിലും കാര്യമാക്കിയില്ല. ദൈവവചനങ്ങളും ബൈബിളും പഠിക്കാന്‍ തുടങ്ങി. സഭാധ്യക്ഷന്റെ പ്രസംഗവും പ്രബോധനവും ഓരോ ദിവസവും ആവേശം പകര്‍ന്നുകൊണ്ടിരുന്നു.

ദിവസങ്ങള്‍ കഴിയുന്തോറും ധൈര്യവും ആത്മബലവും ലഭിച്ചുകൊണ്ടിരുന്നു. പുതിയൊരു ലോകത്തെത്തിയ അനുഭൂതി. പള്ളിപിരിഞ്ഞശേഷം സഭാഅധ്യക്ഷനുമായി ദൈവകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പഠിക്കുന്നതും ആവേശമായിരുന്നു. സ്വയം ചിന്തിച്ചു; ഹോ, രക്ഷപ്പെട്ടു! ദൈവസന്നിധിയിലെത്തിയിരിക്കുന്നു. നേരത്തേ ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ മതിയായിരുന്നു! കഴിഞ്ഞകാല വിശ്വാസങ്ങളും ആചാരങ്ങളും ഓര്‍ത്തു കുറ്റബോധം തോന്നി.

സഭാധ്യക്ഷനോടു പല സംശയങ്ങളും ചോദിക്കുകയും തൃപ്തികരമായ മറുപടി ലഭിക്കുകയും ചെയ്തപ്പോള്‍, ഞങ്ങള്‍ പരസ്പരം വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയായി. ഈ ബന്ധം ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു.

ദിനരാത്രങ്ങള്‍ അതിവേഗം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ബൈബിള്‍ മിനക്കെട്ടിരുന്നു ശ്രദ്ധാപൂര്‍വം ഗ്രഹിക്കുമ്പോള്‍ ചില സംശയങ്ങള്‍ ഉള്ളില്‍ ഉടക്കിത്തുടങ്ങി. സാരമില്ല, ഏത് സംശയങ്ങളും തീര്‍ത്തുതരാന്‍ ആളുണ്ടല്ലോ! പതിവുപോലെ ആരാധന കഴിഞ്ഞു ഒത്തുകൂടി; ചില സംശയങ്ങള്‍ ചോദിച്ചു തുടങ്ങി.

ചോ: 'ദൈവം ഉണ്ടെന്ന് എനിക്ക് വിശ്വാസമായി. ദൈവം എവിടെയാണു നിലകൊള്ളുന്നത്?'

ഉ: 'ആകാശഗോളങ്ങള്‍ക്കപ്പുറം സ്വര്‍ഗലോകത്ത്.'

ചോ: 'ആരുടെ രൂപമാണ് (സാദൃശ്യമാണ്) ദൈവത്തിന്?'

ഉ: 'മനുഷ്യന്റെ (പുരുഷന്റെ) രൂപം.'

ചോ: 'മനുഷ്യന്‍ എങ്ങനെ ഉണ്ടായി?'

ഉ: 'കളിമണ്ണുകൊണ്ട് ആദം എന്ന പുരുഷനെ ആദ്യം ദൈവം സൃഷ്ടിച്ചു. എന്നിട്ട് ദൈവത്തിന്റെ ജീവശ്വാസം ഊതിയപ്പോള്‍ ജീവനുള്ള ദേഹിയായിത്തീര്‍ന്നു. ആദം ഉറങ്ങുമ്പോള്‍ ഒരു വാരിയെല്ല് എടുത്ത് ഹവ്വാ എന്ന സ്ത്രീയെ സൃഷ്ടിച്ചു. ജീവശ്വാസം ഊതി. ജീവനുള്ള ദേഹിയായിത്തീര്‍ന്നു, ഇണയായി.'

ചോ: 'അവര്‍ക്ക് മക്കള്‍ ഉണ്ടായോ?'

ഉ: 'ഉണ്ടായി; രണ്ട് ആണ്‍മക്കള്‍.'

ചോ: 'അവര്‍ക്കുശേഷം എത്ര മക്കളുണ്ടായി?'

ഉ: 'അത് ബൈബിള്‍ നോക്കിയിട്ടു പറയാം.'

ചോ: 'പിതാവും മാതാവും രണ്ട് ആണ്‍മക്കളും. പിന്നെ സന്താനപരമ്പര എങ്ങനെ ഉണ്ടായി?'

ഉ: 'ഒരു ദൈവിശ്വാസിക്കു പറ്റിയ ചോദ്യങ്ങളല്ല സഹോദരന്റെത്. ബൈബിള്‍ പഠിക്കാന്‍ ശ്രമിക്കൂ. എല്ലാം തനിയെ ബോധ്യപ്പെടും.'

അല്‍പം ജാള്യത തോന്നിയതുകൊണ്ട് പിന്നെ ഒന്നും ചോദിക്കാതെ അന്ന് പിരിഞ്ഞു. തുടര്‍ന്നു ബൈബിള്‍ സ്വയം വായിച്ചുപഠിക്കാന്‍ തുടങ്ങി. അതോടൊപ്പം സംശയങ്ങള്‍ വളരാനും തുടങ്ങി. ഓരോ ആഴ്ചയിലും മനസ്സുകുളിര്‍ക്കെ കേള്‍ക്കുന്ന പ്രഭാഷണ പ്രബോധനങ്ങളും ബൈബിള്‍ ചരിത്രങ്ങളും രണ്ടു ദിശകളിലേക്കു തിരിയുന്നതുപോലെ ഒരു തോന്നല്‍. എന്തായാലും വേണ്ടില്ല; ഈ ആഴ്ച മനസ്സില്‍ സംശയം തോന്നി രേഖപ്പെടുത്തിയ എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണം തേടണമെന്നു തന്നെ തീരുമാനിച്ചു. പതിവുപോലെ ഒത്തുകൂടി. സംശയങ്ങള്‍ ചോദിച്ചു തുടങ്ങി.

ചോ: 'പാസ്റ്ററേ, ദൈവം ഏകനാണെന്നു പറയുന്നുവല്ലോ. എന്നാല്‍ ചില പള്ളികളുടെ മുകളിലും പള്ളിക്കകത്തും ചില സ്ത്രീ-പുരുഷ പ്രതിമകളും രൂപങ്ങളും പ്രതിഷ്ഠിച്ച് അതിന്റെ മുമ്പില്‍ മെഴുകുതിരിയും നിലവിളക്കുമൊക്കെ കത്തിച്ചുവച്ച് വിശ്വാസികള്‍ തൊഴുകൈകളുമായി കണ്ണീര്‍തൂവിയും നെഞ്ചില്‍ കൈവച്ചുമൊക്കെ പ്രാര്‍ഥിക്കുന്നതും ഓരോ ആവശ്യങ്ങളും ആവലാതികളും പറയുന്നതും ഇതിനോടകം പലയിടത്തും ഞാന്‍ കണ്ടല്ലോ! ഇവിടെ പാസ്റ്റര്‍ എനിക്കു പറഞ്ഞുതന്നതും എല്ലാവരോടുമായി സ്ഥിരപ്പെടുത്തുന്നതുമായ ദൈവമായ ഏകകര്‍ത്താവിന് ലഭിക്കേണ്ട അംഗീകാരവും പ്രാര്‍ഥനയും മറ്റുപലരിലേക്കുമാണല്ലോ പോകുന്നത്!'

ഉ: 'ക്രിസ്തുമതത്തില്‍പെട്ട ശപിക്കപ്പെട്ടവരാണവര്‍. ക്രിസ്തുമതം പല സഭകളായി പിരിഞ്ഞു.'

ചോ: 'ക്രിസ്തുമതം എത്രയായി വിഭജിച്ചു?'

ഉ: 'കത്തോലിക്കാസഭ, യാക്കോബായസഭ, സുറിയാനിസഭ, സി.എം.എസ് സഭ, പെന്തക്കോസ്ത് സഭ, ഇങ്ങനെ പലതുമായി.'

ചോ: 'ദൈവമായ യേശുക്രിസ്തുവിന്റെ നിയോഗലക്ഷ്യവും മനുഷ്യന്റെ മേലുള്ള ദൗത്യവും എന്താണ്?'

ഉ: 'ലോകത്തുള്ള സര്‍വമനുഷ്യരും പാപികളായിട്ടാണ് ജനിച്ചുമരിക്കുന്നത്. പരിശുദ്ധമായ സ്വര്‍ഗരാജ്യത്ത് പാപികള്‍ക്കു പ്രവേശനമില്ല. സര്‍വമനുഷ്യരുടെയും പാപം പരിഹരിക്കുന്നതിനുവേണ്ടി യേശു രക്തംചിന്തി മരിക്കുകയും പിന്നീട് ദൈവമായിത്തന്നെ പുനര്‍ജനിക്കുകയും ചെയ്തു. യേശുവിന്റെ രക്തത്താല്‍ സര്‍വമനുഷ്യരും പാപമോചിതരായി.'

ഉത്തരം തൃപ്തികരമായി തോന്നി. മനുഷ്യരായ നമ്മള്‍ ഓരോരുത്തരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിനുവേണ്ടി ദൈവം രക്തംചിന്തി കുരിശില്‍ മരണപ്പെട്ടു. തലയില്‍ മുള്‍ക്കിരീടം അണിയിക്കപ്പെട്ട് മരക്കുരിശില്‍ കൈകാലുകളില്‍ ഇരുമ്പാണി അടിച്ചിറക്കപ്പെട്ട രംഗം മനഃക്കണ്ണാടിയില്‍ കാണുമ്പോള്‍ ഹൃദയമുള്ള ഏതു മനുഷ്യരാണ് ദുഃഖിക്കാതിരിക്കുക?

ചോ: 'യേശുവിന്റെ മാതാപിതാക്കള്‍ ആരെല്ലാമാണ്?'

ഉ: 'മാതാവ് മറിയം, പിതാവ് ഔസേപ്പ് (യൗസേപ്പ്). യഥാര്‍ഥ പിതാവല്ല; യേശു ജനിച്ചശേഷം രക്ഷിച്ചു വളര്‍ത്തിയ ആളാണ്.

ചോ: 'യഥാര്‍ഥ പിതാവ് ആരാണ്?'

ഉ: 'ദൈവം.'

ചോ: 'ങേ...?'

ഉ: 'മറിയത്തിന്റെ ഭര്‍ത്താവ് ദൈവമാണ് എന്നല്ല ഇപ്പറഞ്ഞിതനര്‍ഥം. ദൈവത്തിന്റെ കൃപയാല്‍ പരിശുദ്ധാത്മാവിനാല്‍ യേശു ജനിച്ചു. യേശു ദൈവപുത്രനാണ്. യേശുവില്‍ കൂടിയല്ലാതെ ആരും സ്വര്‍ഗരാജ്യത്തു കടക്കുകയില്ല.'

ചോ: 'യേശുവിന് വേറെ സഹോദരങ്ങള്‍ ഉണ്ടോ?'

ഉ: 'രണ്ടു സഹോദരങ്ങള്‍ യൗസേപ്പ് പിതാവില്‍നിന്നും പിന്നീട് ഉണ്ടായിട്ടുണ്ട്.'

ചോ: 'അവര്‍ എവിടെ?'

ഉ: 'അതേക്കുറിച്ചറിയില്ല.'

ചോ: 'എന്റെ ഇഷ്ട ദൈവമായിരുന്ന പരമശിവന് മൂന്നു മക്കളുണ്ട്; അയ്യപ്പന്‍, ഗണപതി, മുരുകന്‍. ഇതുപോലെ അല്ലേ?'

അന്നത്തെ സംഭാഷണം അവസാനിച്ചു. ഭക്ഷണവും കഴിച്ച് സന്തോഷമായി പിരിഞ്ഞു.

ബൈബിള്‍ നന്നായി വായിക്കുക, പഠിക്കുക എന്ന നിര്‍ബന്ധാവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. യേശു കാണിച്ചിട്ടുള്ള അത്ഭുതപ്രവൃത്തികളും യേശുവിന്റെ സ്‌നേഹവും കാരുണ്യവും ദയയും എല്ലാംകൂടി മനസ്സിലാക്കി കഴിഞ്ഞപ്പോള്‍, മനസ്സും ഹൃദയവും വീണ്ടും ബലപ്പെട്ടു. എല്ലാം യേശുവില്‍ സമര്‍പ്പിച്ചുകൊണ്ട്; യേശുവിന്റെയും മാതാവ് മറിയത്തിന്റെയും പലരൂപത്തിലുള്ള ഫോട്ടോകള്‍കൊണ്ട് വീട് അലങ്കരിക്കപ്പെട്ടു. ഒരു യുദ്ധത്തില്‍ വിജയിച്ച ആത്മസംതൃപ്തിയുമായി തുടര്‍ന്നു.

ദിവസങ്ങള്‍ കഴിഞ്ഞുകൊണ്ടേയിരുന്നു. യേശുവിലൂടെയുള്ള ജൈത്രയാത്ര മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ദിവസം ഇടിവെട്ടേറ്റതുപോലെ, എല്ലാ പ്രതീക്ഷകളെയും വിശ്വാസത്തെയും തകിടംമറിച്ചുകൊണ്ട് വിശ്വസിച്ചുവന്ന വിശുദ്ധഗ്രന്ഥമായ ബൈബിളിലെ ചില വചനങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. അതോടെ ഞാന്‍ ആശങ്കയിലായി. ഇതെന്തു കഥ? ഇത് വാസ്തവമാണെങ്കില്‍ യഥാര്‍ഥത്തില്‍ യേശു ആരാണ്?