ത്രിവര്‍ണം

സീനത്ത് അലി, എടത്തനാട്ടുകര

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

ചിന്തകളിലെ

തീയണയ്ക്കുന്നതിനു മുമ്പ്

പൊരുതുന്ന നെഞ്ചിനെ  

വെടിയുണ്ടകള്‍ കൊണ്ട്

നിശ്ശബ്ദമാക്കുന്നതിനു മുമ്പ്

ഒരു നാടിന്റെ ഭൂപടം വലിച്ചു കീറി  

മൂടുപടമണിയുന്നതിന് മുമ്പ്

രാജാവേ...

നിന്റെ കറപുരണ്ട

ശുഭ വസ്ത്രം ഊരിയെറിയുക

കിരീടവും ചെങ്കോലും

മാറ്റിവച്ച് പുറെേത്തക്കൊന്നു

നോക്കുക.

രാജപാതയ്ക്കു പുറത്ത്

തോളോടുതോള്‍

ചേര്‍ന്ന് പൊരുതുന്നത്

ഇനിയും പിന്നിപ്പോകാത്ത

ഒരു രാജ്യത്തിന്റെ

മതേതരത്വമാണ്

ഒറ്റ നിറത്തില്‍

പൊലിഞ്ഞു പോകാത്ത

ത്രിവര്‍ണ  സ്വപ്‌നങ്ങളാണ്‌