നാമെത്ര നിസ്സാരര്‍!

ഉസ്മാന്‍ പാലക്കാഴി

2020 മാര്‍ച്ച് 21 1441 റജബ് 26

അറിയാം കൊറോണയെ, ജാഗ്രത പാലിച്ചിടാം

അലസമിരിക്കല്ലേ, വിപത്തിങ്ങടുത്തെത്തി!

നാളുകള്‍ നീങ്ങുന്തോറും പടര്‍ന്നു പിടിക്കുന്നു

ആളുകള്‍ ബോധമറ്റ് വീണതാ മരിക്കുന്നു!

 

ചൈനയില്‍ പ്രകടമായ്, പിന്നത് പരക്കലായ്

ഇന്നത് മിക്ക ലോകരാജ്യത്തും ഭയപ്പാടായ്

കുറഞ്ഞ കാലംകൊണ്ട് കൊടിയ വിപത്തായി

കൊറോണ എന്നു കേട്ടാല്‍ ജനങ്ങള്‍ ഞെട്ടലായി

 

വൃത്തി പാലിക്കാന്‍ മത കല്‍പനയുണ്ട് പാരില്‍

വൃത്തി ദീനതിന്‍ പാതി എന്നുണ്ടേ തിരുമൊഴി

സോപ്പിട്ട് കഴുകണം ഇരുകൈകളും നന്നായ്

സാധ്യതയുണ്ട് രോഗം പകരാന്‍ സ്പര്‍ശനത്താല്‍

 

പകര്‍ച്ചവ്യാധിയുള്ള നാട്ടിലായ് പോയിക്കൂടാ

അവിടെയുള്ളോരാരും പുറത്തും പോയിക്കൂടാ

നബിതന്‍ വാക്കിതിന്ന് ഉച്ചത്തില്‍ കേള്‍ക്കുന്നു നാം

നമുക്ക് ദിശ നല്‍കും വാക്കിതില്‍ പിടിക്ക നാം

 

ചികുന്‍ഗുനിയ പിന്നെ നിപയും ശമിച്ചപ്പോള്‍

നിലവില്‍ കൊറോണയും പക്ഷിപ്പനിയും കാണ്‍മൂ

മഹാമാരികളോരോന്നിങ്ങനെ വരുന്നേരം

മനുഷ്യന്‍ ചിന്തിക്കണം ദുര്‍ബലരാണേ നമ്മള്‍!

 

പാണികളുയര്‍ത്തി നാം പ്രാര്‍ഥന ചെയ്തീടുക

പ്രാര്‍ഥന കേള്‍ക്കുന്നോനാം നാഥനോടിരക്കുക

പടച്ചോനവന്‍ സര്‍വശക്തനാണറിയുക

പാരിതിലവന്‍ വിധി പോലല്ലോ നടക്കുക.