ലോക്ക്

അഫ്‌നാന്‍ അന്‍വര്‍.ഒ, എടത്തനാട്ടുകര

2020 ഏപ്രില്‍ 25 1441 റമദാന്‍ 02

ലോക്കിലായിന്ന് ലോകവാസികള്‍

ആപ്പിലായതോ ആശുപത്രികള്‍!

അതിനൊപ്പം കുറെ പാവങ്ങളും.

കളിചിരികള്‍ മാഞ്ഞുപോയ്

വിദ്യാലയമുറ്റങ്ങള്‍ നിശ്ശബ്ദമായ്

ക്ലാസ്മുറികള്‍ വിജനമായ്!

മുത്തശ്ശിക്കഥകള്‍ക്ക് ഡിമാന്റേറി

മുത്തശ്ശനൊത്ത് കളി ചിരിയായി

കുഞ്ഞുങ്ങള്‍ക്കിത് ലോക്കേയല്ല!

കുസൃതികള്‍ അണ്‍ലോക്കാക്കി

സന്തോഷ നിമിഷങ്ങളെ.

വീടുകളിലിന്നാനന്ദപ്പേമാരി!

മങ്ങിയ ബന്ധങ്ങള്‍ക്ക് നിറംവച്ചു തുടങ്ങി

ലോക്ക് വീണ കവലകള്‍

ഏകാന്തതയുടെ നോവ് പേറി.

ലോക്കിനിടയിലും വിലസുന്നവര്‍

ലാത്തിയടിവാങ്ങി ലോക്കപ്പിലായി!

ദേഹങ്ങളകലം തീര്‍ത്തുവെങ്കിലും

നന്മതന്‍ ലോക്കുകള്‍ തുറന്നു ഒരായിരം

കരുണയായ്, കരുതലായ്,

കാരുണ്യ വര്‍ഷമായ്....

സ്‌നേഹത്തിന്‍ മാതൃക തീര്‍ത്തു നമ്മള്‍

അകലങ്ങള്‍ തീര്‍ക്കുന്നൊരു മഹാമാരിക്കും

മാനവ നന്മയെ ലോക്കിടാനാവില്ല.


മനുഷ്യന്‍...

അവന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

അവന്‍ ഹാക്ക് ചെയ്ത പ്രകൃതി

തന്റെ പ്രതികാരം അവനില്‍

ഇന്‍സര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു!

മഴയുടെ ഡാന്‍സ് ഷോ

അവന്റെ ജീവിതം പെരുവഴിയിലാക്കി!

അവന്റെ മേല്‍ ദുരന്തമഴ പെയ്തിറങ്ങി.

ഏകാന്തതയുടെ തടവറയില്‍

പ്രതീക്ഷയുടെ പുതുകിരണവും കാത്ത്

അവനിരുന്നു.

പരോളിലിറങ്ങിയ അവന്‍ ആദ്യം ചെയ്തത്

താന്‍ ഡിലീറ്റ് ചെയ്ത

പുഴകളെയും കുന്നുകളെയും മരങ്ങളെയും

റീസ്‌റ്റോര്‍ ചെയ്യുകയായിരുന്നു.