പുറപ്പാട്

ഉസ്മാന്‍ പാലക്കാഴി

2020 ജൂണ്‍ 13 1441 ശവ്വാല്‍ 21

സഖി നീ കരം പിടിച്ചെന്‍കൂടെ നടക്കുക

സുഖമായ് നാട്ടിലെത്താം എന്നാശ വെടിയുക

ജീവിതമൊരു നീണ്ട നാടകം, അറിയുക

ജീവിക്കാന്‍ പല വേഷം കെട്ടുവാന്‍ തുനിയുക

ജീവിത മാര്‍ഗം തേടിവന്നതാണിവിടെ നാം

ജീവനും കൊണ്ടോടുവാന്‍ കോവിഡ് നിമിത്തമായ്

ആയിരം കാതം താണ്ടി എത്തണം സ്വഗേഹത്തില്‍

ആയതിനായി വണ്ടിയില്ലല്ലോ വഴിയെന്ത്?

കനിയാന്‍ തയ്യാറില്ല ഭരിക്കും മഹാരഥര്‍

കനമില്ലല്ലോ കീശ, നടന്നേ പോകാവൂ നാം!

കോവിഡ് കൊടുങ്കാറ്റായ് വീശുമ്പോള്‍ പലവക

കോലവും കെട്ടിയാടും കാഴ്ചകള്‍ മറക്കുക

ഭരണച്ചെങ്കോലുകാര്‍ രാഷ്ട്രീയം കളിക്കുമ്പോള്‍

മരണച്ചുഴികളില്‍ പാവങ്ങള്‍ ഒടുങ്ങുന്നു.

നടക്കും വഴി സഖീ, കാണുന്ന കാഴ്ച തെല്ലും

നയനം കൊതിക്കുന്നതാകില്ല സഹിക്കുക.

പാദങ്ങള്‍ പൊട്ടി, തൊണ്ട വരണ്ടു മരിച്ചതാം

പാവത്തിന്‍ ജഡം മാര്‍ഗെ കണ്ടിടാം കണ്‍ചിമ്മണം

വെയിലില്‍ തളര്‍ന്നുവീണൊടുവില്‍ ജീവന്‍പോയ

കുഞ്ഞിന്റെയച്ഛനമ്മ കരയും കാഴ്ച കാണാം

നടന്നു ക്ഷീണിച്ചവര്‍ തളര്‍ന്നുമയങ്ങവെ

തീവണ്ടിച്ചക്രം കേറിയോരുടെ രക്തം കാണാം

ജനിച്ച നാട്ടില്‍ നമ്മള്‍ അഭയാര്‍ഥികള്‍ ഇന്ന്

ജയിക്കാനില്ല മോഹം ജീവിക്കാന്‍ മാത്രം ദാഹം

സഖി നീ കരം പിടിച്ചെന്‍കൂടെ നടക്കുക

മരിച്ചു വീഴും വരെ മുറുകെ പിടിക്കും ഞാന്‍.