പെണ്ണ്

ഫാത്വിമ വഹീദ

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

കറിയില്‍ ഉപ്പ് കൂടിയെന്നവന്‍

പറഞ്ഞു ശകാരിക്കുമ്പോള്‍

നീ ചിരിച്ചേക്കണം, കാരണം

നീ പെണ്ണാണ്

കുറ്റങ്ങളെല്ലാം തലയില്‍

ചാര്‍ത്തിവെച്ചാലും

പരിഭവമേതുമില്ലാതെ നീ പുഞ്ചിരി തൂകണം,

കാരണം നീ പെണ്ണാണ്

അടുക്കളയിലെ പാത്രങ്ങള്‍ക്കൊപ്പം

നീ തേഞ്ഞുതേഞ്ഞില്ലാതാവണം

അടുപ്പിലിട്ട ചോറിനൊപ്പം ദുഃഖങ്ങളെ

തിളപ്പിച്ചേക്കണം

വേദനകളും വ്യഥകളും അരച്ചരച്ചു നീ

സ്വയം രൂചിക്കൂട്ടാവണം

അലക്കാനെടുക്കുന്ന വെള്ളത്തിനൊപ്പം നീ

അലിഞ്ഞു ചേരണം

അടുപ്പുപോലെ നീ പുകയണം

ആയിരം കവിതകളൊളിപ്പിച്ച പറുദീസയാണ്

നീയെന്ന് അടുക്കള നിന്നോട് പറയും

ഹൃദയം മുറിഞ്ഞാലും സ്‌നേഹം

മാത്രം വിളമ്പുന്ന അന്നമാകണം

വീടിനോടൊപ്പം ഒരേ ദിശയില്‍

കറങ്ങുന്ന ഉപഗ്രഹമാകണം

കരള്‍ പിടഞ്ഞാല്‍, ഇരുട്ടിന്റെ മറവില്‍

വീടുറങ്ങുമ്പോള്‍ മാത്രം നീ കരഞ്ഞാല്‍ മതി

അല്ലെങ്കില്‍ മുതലക്കണ്ണീരാണെന്ന് വെളിച്ചം

പോലും നിന്നെ പരിഹസിച്ചെങ്കിലോ!

ആകുലതകളൊന്നും വേണ്ട

ഇടയ്ക്കിടെ ചുറ്റുമുള്ളവര്‍ നിന്നെ

ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും

നീ പെണ്ണാണെന്ന്;

വെറുമൊരു പെണ്ണെന്ന്