അവസാന നിമിഷങ്ങള്‍

ജംഷീര്‍ ഇബ്‌നു ഹൈദ്രോസ്

2020 മാര്‍ച്ച് 07 1441 റജബ് 12

പറഞ്ഞു തുടങ്ങിയത് പാതി മുറിഞ്ഞു

അക്ഷരങ്ങളുതിര്‍ന്നു വീണു പൊട്ടി

ഉയരത്തിലേക്ക് തുറിക്കുന്നു കണ്‍കള്‍

ചുറ്റിലുമായെന്തോ തിരയുന്നു കൈകള്‍

ഉമ്മാനെയുപ്പാനെ, തന്റെ നല്‍പാതിയെ

കൊഞ്ചിച്ചിരിക്കുന്ന ഓമല്‍ കിടാങ്ങളെ

സ്വന്തമെന്നഹങ്കരിച്ച സ്വത്തുക്കളെ

ഉറ്റവരായിട്ടുള്ളോരെയൊക്കെ!

അവസാനമാണെന്ന ബോധ്യം വരുമ്പോള്‍

അവസാനമായൊന്നു ചോദിച്ചു പോകും:

'തെല്ലൊന്നു നീട്ടിത്തരുമോ ഈ ജീവിതം?'

കൊഞ്ചിച്ചിരിക്കുന്ന പിഞ്ചു പൈതങ്ങള്‍ക്ക്

അവസാന മുത്തം നല്‍കുവാനല്ല,

ജീവന്റെ പാതിയായ് കൂടെക്കഴിഞ്ഞോളെ

വാരിപ്പുണര്‍ന്നൊന്ന് യാത്ര പറയാനല്ല,

വെട്ടിപ്പിടിച്ചു സമ്പാദിച്ചതെല്ലാമെ

എത്രയുണ്ടെന്നെണ്ണി നോക്കുവാനല്ല,

സ്രഷ്ടാവിലേക്കൊന്ന് ഖേദിച്ച് മടങ്ങുവാന്‍!    

ചെയ്ത പാപങ്ങളെ കഴുകിക്കളയുന്നൊരാ

തൗബ തന്‍ നീര്‍ചാലിലൊന്നു മുങ്ങീടുവാന്‍!

ചെയ്യാതെ പോയുള്ള സല്‍കര്‍മമിത്തിരി-

യെങ്കിലും ചെയ്‌തൊന്ന് ശുദ്ധിവരുത്തുവാന്‍!

ഇല്ല നീട്ടിത്തരില്ലല്‍പ നേരവും

എന്നറിയുന്നൊരാ നിമിഷമോര്‍ത്തീടണം.

കണ്‍ചിമ്മി തുറക്കുന്ന നേരത്തിനുള്ളില്‍

തീരുന്നതല്ലയോ ഈ ലോകജീവിതം?

ഓര്‍ക്കണം നമ്മള്‍ മറക്കാതിരിക്കണം

നമ്മെയും കാത്തിരിക്കുന്നുണ്ട് മരണം.

നിനച്ചിരിക്കാത്തൊരു നേരത്തിലായ്

വിളിക്കാതെയെത്തുമാ വിരുന്നുകാരന്‍

മടക്കയാത്രയ്ക്ക് മുമ്പു തന്നെ നാം

മടങ്ങണം ഖേദമാല്‍ റബ്ബിലേക്ക്

നാഥന്റെ തൃപ്തി നേടാനുള്ള മാര്‍ഗമില്‍

നിലകൊണ്ട് മരണത്തെ പുല്‍കിടേണം.