ദുര്‍ബലന്‍

മുഹമ്മദ് സലീം.പി.എം

2020 മെയ് 02 1441 റമദാന്‍ 09

അറിയുന്നു ഞാനിന്ന്

തടവിലാക്കപ്പെടുന്നവന്റെ നൊമ്പരം.

താഴ്‌വരയുടെ തേങ്ങലുകള്‍

ഇന്നെന്റെ കാതുകളെ അസ്വസ്ഥമാക്കുന്നു.

നിസ്സഹായന്റെ നിലവിളികള്‍

നിര്‍വികാരതയോടെ നോക്കി നിന്നതും

കത്തുന്ന വീടുകള്‍

സ്‌നേഹത്താല്‍ കെടുത്താതിരുന്നതും

തടങ്കല്‍ പാളയങ്ങള്‍

അന്യനെ പാര്‍പ്പിക്കാനാണെന്ന് നിനച്ചതും

ഭീതിയാല്‍ വിരണ്ട മുഖങ്ങളെ

പരിഹസിച്ച് അവഗണിച്ചതും

ക്രൂരമാം നിശ്ശബ്ദതയാല്‍

അനീതിക്ക് വളം വെച്ചതും

എല്ലാമെല്ലാം ഇന്ന് തിരിച്ചറിയുന്നു;

പക്ഷേ, വൈകിപ്പോയിരിക്കുന്നു!

അറിയുന്നു ഞാന്‍ ഇന്ന്

ഏകാന്തത ഭീതിതമാണെന്ന്,

ഇന്നെന്റെ കരം പിടിക്കുവാന്‍

ആരാരുമില്ലെന്ന്,

കാരുണ്യത്തിന്റെ ചെറു കണികയെങ്കിലും

പ്രതീക്ഷിക്കേണ്ടതില്ലെന്ന്!

മൗനത്തിന്റെ പ്രതിഫലം

മരണമാണെന്നോ....?