ഒരു 'കോവിഡ് 19' രോഗിയുടെ സങ്കടങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

ഭാര്യ, മക്കള്‍ വീട്ടിലുണ്ട്; ഉമ്മ, ബാപ്പ ഹയാത്തിലുണ്ട്

നേരില്‍ ബന്ധമതുള്ള സ്വന്തക്കാര് പലരുണ്ട്-എന്നാല്‍

ആരെയും കാണാതെ ഇവിടെ ഞാന്‍ കിടപ്പുണ്ട്

 

കോവിഡെന്നില്‍ കുടിയിരിപ്പാ, ഐസോലേഷനില്‍ ഞാന്‍ കിടപ്പാ,

ആവതില്ലാതിവിടെ ഞാനെന്‍ മൗത്ത് കാത്തിരിപ്പാ-തെല്ലും

ഈവിധത്തില്‍ ആകുമെന്നത് ഓര്‍ത്തതില്ലുപ്പാ

 

പുറത്ത് പോകല്ലെന്ന വാക്ക്, കേട്ടിടാതുള്ളെന്റെ പോക്ക്

കുറച്ച് കച്ചറ ടീമുമൊത്തുള്ളെന്റെയൊരു കറക്ക്-ഇന്ന്

വിറച്ചു പനിച്ച് ഞാന്‍ കിടക്കാനുള്ളൊരു കുരുക്ക്

 

പൊന്നുമക്കളെ കണ്ടിടേണം, പ്രാണസഖിയെ നോക്കിടേണം

ഒന്നെനിക്കെന്‍ ഉമ്മബാപ്പമാരെ കണ്ടിടണം-പിന്നെ

ഒന്നു പുല്‍കിക്കൊണ്ട് തെറ്റിന് മാപ്പിരക്കേണം

 

ആശയെന്നുള്ളില്‍ മരിച്ചു, വാശിയെല്ലാമസ്തമിച്ചു

നാശപാതയില്‍ ഞാന്‍ നടന്നതിനാലെ വിഷമിച്ചു-ഇന്ന്

മോശമായൊരവസ്ഥയിലേക്കെന്നെയെത്തിച്ചു

 

ഒറ്റയാചനയുണ്ടെനിക്ക് നാട്ടുകാരോടായ്, ശ്രവിക്ക്

പറ്റുമെങ്കില്‍ വീടുവിട്ടിറങ്ങാതെ ശ്രദ്ധിക്ക്-എങ്കില്‍

ഉറ്റവര്‍ക്കത് രക്ഷയാകും എന്നതുമോര്‍ക്ക്

 

നോട്ടമെന്റ റബ്ബിലേക്ക്, കാവലേകുന്നോനിലേക്ക്

തേട്ടമെല്ലാം കേട്ടിടും റബ്ബേ വിളികേള്‍ക്ക് - എന്നെ

തൊട്ടുതീണ്ടിയ രോഗമില്‍നിന്നെന്നെ നീ കാക്ക്.