ചടങ്ങ്

മുംതസിര്‍ പെരിങ്ങത്തൂര്‍

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

പിറകില്‍നിന്ന്

പാലംവലിച്ചും

വാക്കുകളാല്‍

ഹൃദയത്തെ പിളര്‍ത്തിയും

ജനമധ്യത്തില്‍

മാനംകെടുത്തിയും

അതിസമര്‍ഥമായി

സ്വത്ത് അപഹരിച്ചും

നാനാവിധം

തോല്‍പിക്കാന്‍ ശ്രമിച്ചവന്‍

എന്നെയും കുടുംബത്തെയും

നൊമ്പരച്ചുഴിയിലാഴ്ത്തിയവന്‍,

അവന്‍ ഇന്നലെയെന്നെ

കാണാന്‍ വന്നിരുന്നു!

ഫോണിലെ നോട്ടിഫിക്കേഷുകള്‍

മാറി മാറി നോക്കുന്നതിനിടയില്‍,

മുമ്പേ ഫിറ്റ് ചെയ്തുവെച്ച

പാതിവെന്ത ചിരിയുമായി

അയാള്‍ ബോധിപ്പിച്ചു:

'എന്തേലും അനിഷ്ടമുണ്ടെങ്കില്‍

പൊരുത്തപ്പെടണം,

ഞാന്‍ ഇത്തവണയും

ഹജ്ജിനു പോകുന്നു...'

ഞാന്‍ ആലോചനയില്‍നിന്നും

ഞെട്ടിയുണരും മുമ്പ്

അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു!

പാവം!

അയാള്‍ വീണ്ടും ഹജ്ജിന് പോയിട്ടുണ്ട്.