മലപ്പുറം മഹിമ

ഉമ്മു ഹംദ പറവണ്ണ

2020 ആഗസ്ത് 22 1442 മുഹര്‍റം 03

മലയാള മണ്ണിനെ മഹനീയമാക്കിയ

മലനാടിന്നഭിമാനമായ മക്കള്‍!

മഹാമാരി മറനീക്കി മണല്‍ക്കാട് താണ്ടിയോര്‍

മരണം മണത്ത മഹാദുരന്തം!

പൊട്ടിപ്പിളര്‍ന്നൊരു കൂറ്റന്‍വിമാനത്തിന്‍

അരികിലേക്കോടി പതറിടാതെ!

പെട്ടെന്നു തീയാളിപ്പടരുമെന്നുള്ളൊരു

പേടിയില്ലാതവര്‍ പാഞ്ഞടുത്തു.

ചോരയില്‍ ചിതറിക്കിടക്കുന്ന സഹജര്‍തന്‍

ചിത്രങ്ങളൊപ്പാന്‍ തുനിഞ്ഞതില്ല!

ചുരുങ്ങിയ നേരമില്‍ ചിട്ടയായ് കാര്യങ്ങള്‍

ചെയ്തവര്‍ ചരിതം കുറിച്ചെടുത്തു!

ദീനമായ് കരയുന്ന ജീവനെ രക്ഷിക്കാന്‍

വാരിയെടുത്തുകൊണ്ടോടി വേഗം!

കിട്ടിയ വണ്ടികളേതെന്നു നോക്കാതെ

കേറ്റുന്നു, വണ്ടി കുതിച്ചിടുന്നു!

കൂട്ടിപ്പിടിച്ചുകൊണ്ടാശ്വാസമേകുന്നു

കോവിഡ് പടരുന്ന പേടിയില്ല!

തോരാമഴയത്ത് ബ്ലഡ് ബാങ്കിന്‍ മുന്നിലും

അണിയായ് നിന്നവര്‍, അര്‍ധരാത്രി!

തട്ടിപ്പറിച്ചില്ല, കൊള്ളയടിച്ചില്ല

കട്ടെടുക്കാനും തുനിഞ്ഞതില്ല!

മലപോലെ വന്നത് മഞ്ഞുപോലാക്കുവാന്‍

മലപ്പുറം മക്കള്‍ കൈകോര്‍ത്തുനിന്നു!

മത, ജാതി നോക്കാതെ മാതൃകയായപ്പോള്‍

മാലോകര്‍ മന്ത്രിച്ചു, ശ്ലാഘനീയം!