നാം പിറന്ന നാടിത്

ഉസ്മാന്‍ പാലക്കാഴി

2020 ഫെബ്രുവരി 01 1441 ജുമാദല്‍ ആഖിറ 02

(മാര്‍ച്ച് പാസ്റ്റ് )

ഇന്ത്യ സ്വന്തം രാജ്യമാം

നാം പിറന്ന മണ്ണിത്

നാം കളിച്ച, നാം വളര്‍ന്ന

മാതൃരാജ്യമാണിത്

 

ഇവിടെ നിന്ന് ഞങ്ങളെ

തുരത്തിടുന്നോനാരെടോ

ഇല്ലയില്ല ഞങ്ങളിവിടം

വിട്ടുപോകയില്ലെടോ

 

വെള്ളക്കാരന്‍ വന്നിവിടെ

കൊള്ള ചെയ്ത നേരമില്‍

കഞ്ഞിവച്ച് കോരി നല്‍കി

കൂറ് കാട്ടിയ കൂട്ടരേ

 

വെള്ളക്കാരെ ഉയിരുനല്‍കി

ആട്ടിയോടിച്ചോരുടെ

തലമുറതന്‍ രാജ്യസ്‌നേഹം

ചോദ്യം ചെയ്യും മൂഢരേ

നാസിയങ്കിള്‍  കാട്ടിയുള്ള

നീചവഴി നീങ്ങുവാന്‍

നാണമില്ലേ സങ്കികളേ

നാടിന്‍ ശാപ സംഘമേ

 

തലമുറകള്‍ക്കപ്പുറത്തെ

രേഖതേടിയോടുവാന്‍

രേഖകിട്ടിയില്ലയെങ്കില്‍

തടവറയില്‍ പോകുവാന്‍

 

ശാസനയുമായി വന്ന്

കൊലവിളിക്കും കൂട്ടരേ

ഇന്ത്യ നിങ്ങള്‍ക്കാരു പതി-

ച്ചേകി സ്വന്തം പേരിലായ്?

 

ഭരണഘടന തച്ചുടച്ച്

ഭോഷ്‌ക് കാട്ടും കൂട്ടമേ

മരണവാറണ്ടാക്കി മാറ്റി-

ടല്ലെ നിയമമൊന്നുമെ

 

ജാതി മതം നോക്കി പൗരന്‍-

മാരെ വേര്‍തിരിച്ചിടാന്‍

ഇഷ്ടമില്ലാത്തോരെ നാട്ടില്‍

നിന്നുമെ തുരത്തിടാന്‍

 

ആശവെച്ച് ബില്ല് ചുട്ടെ-

ടുത്തിടുന്ന ദുഷ്ടരേ

ഒത്തൊരുമിച്ചിന്നു ഞങ്ങള്‍

സമരമുഖത്താണെടോ

 

ചില്ലുകൂടാരത്തില്‍നിന്ന്

താഴെയൊന്ന് നോക്കിടൂ

കടലിരമ്പം കേട്ടിടുന്നോ

കാതുകള്‍ തുറന്നിടൂ

 

ആര്‍ത്തിരമ്പി വന്നിടുന്ന

പൗരജാഥ കാണെടോ

ഓര്‍ത്തിരുന്നോ തൂത്തെറിയും

രാജ്യമിന്നുണര്‍ന്നെടോ

 

ദുര്‍ഭരണം കാഴ്ചവച്ച്

നാടിനെ മുടിച്ചിടും

സര്‍വനാശകാരികള്‍ക്ക്

പാരിലെന്നും ശാപമാം

 

ഫാസിസത്തിന്‍ തേറ്റകാട്ടി

ഭീതിവിതക്കേണ്ടെടോ

തോക്കു കണ്ട് തോറ്റ് പായും

എന്ന് ധരിക്കേണ്ടെടോ

 

ഹിന്ദു മുസ്‌ലിം ക്രിസ്ത്യനും

സിഖ് ബൗദ്ധന്‍ ജൈനനും

പിറവി കൊണ്ട ദേശമിതില്‍

സ്‌നേഹമോടെ വാണിടും

 

പുഷ്പവാടി തന്നില്‍ ഭിന്ന

പൂക്കളെ നാം കണ്ടിടും

ഇഷ്ടമല്ലതെങ്കില്‍ നിങ്ങള്‍

നാട് വിട്ട് പോകെടോ...