ഐക്യകാഹളം

ഉസ്മാന്‍ പാലക്കാഴി

2020 ഫെബ്രുവരി 08 1441 ജുമാദല്‍ ആഖിറ 09

(രീതി: ഹഖാന കോന്‍ അമറാല്‍)

മുത്തായ ഭാരതത്തില്‍ മൗത്തോളം ഒത്തൊരുമയോടൊത്ത് വാണിടുവാനായ്

മന്നാനവന്റെ തുണയല്ലാതെയില്ല തണി പാണികള്‍ നീട്ടിരവോതാം

മോഡിജി നാട് വാഴും കാലത്തിലിന്ത്യയിലെ ജനമാകെ കണ്ണുനീരിലാ

തൊഴിലും വരുമാനമില്ല തൊഴിയും പഴിയേറെയുണ്ട് കുഴയുന്നു നാടിനവസ്ഥ

(മുത്തായ...)

അന്നേരമെത്തിടുന്നു പൗരത്വ ഭേദഗതി ബില്ലൊന്ന് പത്തിവിടര്‍ത്തി

കത്തുന്ന തീയിലെണ്ണ പാരുന്ന പോലെയെത്തി എന്‍ആര്‍സി എന്നൊരു കത്തി

അധികാരത്തിന്റെ ഹുങ്ക് കടിഞ്ഞാണില്ലാത്ത പോക്ക് ഈ രാജ്യമിന്നെവിടേക്ക്

ലോകത്തിന്‍ മുന്നിലിന്ന് നാണംകെട്ടുള്ള നില്‍പ് കാണുന്നോര്‍ക്കുണ്ട് വെറുപ്പ്

(മുത്തായ...)

പരദേശികള്‍ക്ക് നാട്ടില്‍ പൗരത്വം കിട്ടുവാനായ് നെറികെട്ട നിയമമുണ്ടാക്കി

മുസല്‍മാനെ മാറ്റിനിര്‍ത്തി മനസിന്റെയുള്ളിലുള്ള വിഷപ്പാമ്പ് പത്തിവിടര്‍ത്തി

ഗീബല്‍സിന്‍ തന്ത്രവുമായ് നുണകള്‍തന്‍ കോട്ടകെട്ടി സത്യത്തെ കൊഞ്ഞനം കുത്തി

ഗോള്‍വാള്‍ക്കര്‍ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാക്കുവാനായ് ഇന്നവര്‍ മുണ്ട് മുറുക്കി

(മുത്തായ...)

മുതലാളിമാര്‍ക്ക് വേണ്ടി ഭരണം നടത്തിടുന്നു നാട്ടാര്‍ക്ക് ദുരിതമേകുന്നു

മതജാതി വേര്‍തിരിവ് കാണിച്ച് തലതിരിഞ്ഞ നിയമങ്ങള്‍ വാര്‍ത്ത് വിടുന്നു

സ്വാതന്ത്ര്യം നേടുക നാം നെറികെട്ട ഭരണകൂടം പരിധികളൊക്കെ കടന്നു

സമരത്തിന്‍ പാതയില്‍ നാം ഒന്നിച്ച് നീങ്ങിടുക ഐക്യത്തിന്‍ നാദമുയര്‍ന്നു

(മുത്തായ...)