വെളിച്ചത്തിലേക്ക്...

ഷറീന തയ്യില്‍, എടത്തനാട്ടുകര

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

ഇരുട്ട് യുദ്ധം ചെയ്യുന്ന

കറുത്ത കാലത്താണ്

മരുഭൂമിയിലേക്ക്

പ്രവാചകത്വത്തിന്റെ

വെള്ളി വെളിച്ചം

കടന്നു വന്നത്.

വാളുകള്‍ കഥപറയുന്ന

കാലത്തിന്റെ

ഇടുങ്ങിയ വഴികളില്‍

സമാധാനം പുലര്‍ന്നത്.

അതിര്‍ത്തി ഭേദിച്ച

ഒട്ടകത്തിന്റെ പേരിലുള്ള

യുദ്ധങ്ങളവസാനിച്ചത്.

അപമാനഭയത്താല്‍

പെണ്‍മക്കളെ ജീവനോടെ

കുഴിച്ചുമൂടുന്ന കരാതത്വം

ഇല്ലാതായത്.

ഇംറുല്‍ഖൈസിന്റെ,

കവിതകളെ

കഅ്ബയുടെ ചുമരില്‍നിന്നും

അടര്‍ത്തിമാറ്റിയത്.

ഇനി വരാനില്ല

ഒരൊറ്റ പ്രവാചകനും.

ആ പ്രവാചകന്‍ തെളിച്ച

വെളിച്ചം സ്വീകരിക്കാത്തവരുടെ

മനസ്സിന്റെ ഇരുണ്ടവഴികളെല്ലാം

ഇരുണ്ടു തന്നെ കിടക്കും,

വെളിച്ചം കടക്കാത്ത

തുരങ്കങ്ങളായി.

അതിനു മുമ്പേ...

ആ വിശുദ്ധ ഗ്രന്ഥത്തെ

എനിക്കൊന്നാഞ്ഞു പുല്‍കണം,

നാളെയിലേക്കുള്ള

വെളിച്ചത്തെ

ജീവിതത്തില്‍ ആവാഹിക്കണം.